ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഒരാള്‍ കൂടി അറസ്റ്റില്‍

ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഒരാള്‍ കൂടി അറസ്റ്റില്‍

കാസർകോട്: കാസർകോട് ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയന്റ് മാനേജറായ പടന്ന സ്വദേശി അഹമ്മദിനെയാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. അതേസമയം, സ്ഥാപന ഉടമ കുഞ്ഞഹമ്മ​ദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും. കേസിൽ നാലാം പ്രതിയാണ് കുഞ്ഞഹമ്മദ്.

സംഭവത്തിൽ നേരത്തെ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ആശുപത്രിയിലായവ‍ർ ഷവർമ്മ കഴിഞ്ഞ ഐഡിയൽ ഫുഡ് പോയിൻ്റ് എന്ന സ്ഥാപനത്തിൻ്റെ മാനേജിം​ഗ് പാ‍ർട്ണർ മുല്ലോളി അനെക്സ്​ഗ‍ർ, ഷവർമ്മ തയ്യാറാക്കുന്ന നേപ്പാൾ സ്വദേശി സന്ദേശ് റായ് എന്നിവരാണ് നേത്തെ അറസ്റ്റിലായത്. സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം പ്രാഥമിക റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്കും ജില്ലാ കളക്ടർക്കുമാണ് റിപ്പോർട്ട് കൈമാറിയത്. സ്ഥാപനത്തിന് ലൈസൻസ് ഇല്ലെന്ന് റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. കടയിൽ നിന്ന് ശേഖരിച്ച വെളളവും ഭക്ഷ്യ വസ്തുക്കളും വിശദ പരിശോധനയ്ക്ക് അയക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ദേശീയപാതയിൽ വാഹനാപകടം; വൃദ്ധ ദമ്പതികൾ മരിച്ചു

ദേശീയപാതയിൽ വാഹനാപകടം; വൃദ്ധ ദമ്പതികൾ മരിച്ചു

പാരിപ്പള്ളി: ദേശീയപാതയിൽ പാരിപ്പള്ളി മുക്കടയിൽ വാഹന അപകടത്തിൽ വൃദ്ധ ദമ്പതികൾ മരിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. മൂതല ക്ഷേത്രദർശനം കഴിഞ്ഞു മുക്കടയിൽ നിന്ന് വർക്കല ഭാഗത്തേക്ക് തിരിച്ച വൃദ്ധദമ്പതികൾ സഞ്ചരിച്ചിരുന്ന ആക്ടീവ സ്കൂട്ടറും തിരുവനന്തപുരത്തു നിന്നും കൊല്ലം ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ലോഫ്ലോർ വോൾവോ ബസുമാണ് അപകടത്തിൽപെട്ടത്,, സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന മുട്ടപ്പലം പൊയ്കവിള വീട്ടിൽ വാസുദേവൻ ഉണ്ണിത്താൻ (75) ഭാര്യ കമലമ്മ അമ്മ (70) എന്നിവരാണ്‌ മരണപ്പെട്ടത്.

വാണിംഗ് ലൈറ്റുകളോ ഡിവൈഡറുകളോ ഇല്ലാത്തതുകൊണ്ടാണ് ഇവിടെ അപകടം പതിവായി സംഭവിക്കുന്നതെന്നും, മുക്കടയിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറ പ്രവർത്തനരഹിതം ആയിട്ട് കാലങ്ങളായെന്നും നാട്ടുകാർ ആരോപിക്കുന്നു.

വീരകേരളപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്ര മഹോത്സവത്തിന് ഇന്ന് തുടക്കം

വീരകേരളപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്ര മഹോത്സവത്തിന് ഇന്ന് തുടക്കം

ആറ്റിങ്ങൽ: വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറ്റ്. മാടൻ നടയിൽ ചിറപ്പും വിളക്കോടും കൂടി ഉത്സവം മെയ്‌ 12ന് സമാപിക്കും.

രണ്ടാം ദിവസം രാവിലെ 9ന് ഗണിപതി ഭഗവാന് കലശവും 12 ന് അന്നദാനവും ഉണ്ടാകും. അന്നേദിവസം 6.45 ന് കരോക്കെ ഭക്തിഗാനമേള. മൂന്നാം ദിവസം രാവിലെ 9 ന് ഹനുമാൻ സ്വാമിക്ക് കലശാട്ടവും വൈകുന്നേരം 6.45ന് ശിവനടനം ഡാൻസ് അക്കാദമി അവതരിപ്പിക്കുന്ന നടന വിസ്മയം. നാലാം ദിവസം രാവിലെ 9ന് ഉത്സവബലി ആരംഭം, വൈകുന്നേരം 6.45 ന് ശ്രീദുർഗ്ഗാ കലാവേദി അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ. അഞ്ചാം ദിവസം രാവിലെ 9ന് ശ്രീധർമ്മ ശാസ്താവിന് കലശാഭിഷേകവും വൈകിട്ട് 6.45 ന് ആത്മീയ പ്രഭാഷണവും ഉണ്ടായിരിക്കും. ആറാം ദിവസം രാവിലെ 8.30ന് പാൽപായസസമർപ്പണവും, 11.30ന് പൊങ്കാല തളിക്കലും. അന്ന് വൈകുന്നേരം 6.45ന്ആറ്റിങ്ങൽ മാധ്വ തരംഗിണി അവതരിപ്പിക്കുന്ന ഭജൻ. ഏഴാം ദിവസം രാവിലെ 9.30ന് ആയില്യ പൂജയും വൈകുന്നേരം 6.45ന് നൃത്തനൃത്യങ്ങൾ. എട്ടാം ദിവസം 9.15ന് സമൂഹ അരായാൽപൂജ ഉണ്ടാകും, വൈകുന്നേരം 6.45 ന് ഭക്തിഗാനാഞ്ജലി. ഒൻപതാം ദിവസം രാവിലെ 9ന് ഗോപൂജയും വൈകുന്നേരം 6.45ന് 2022ലെ നൃത്ത അരങ്ങേറ്റമായ നൂപുരധ്വനി. അവസാന ദിവസമായ മെയ് 12 വ്യാഴാഴ്ച 10.30ന് തൃക്കൊടിയിറക്കവും, വൈകുന്നേരം 6.45 ന് തിരുവാതിരക്കളിയും.

വർക്കല ബീച്ചിൽ ഡോൾഫിൻ കരയ്ക്കടിഞ്ഞു

വർക്കല ബീച്ചിൽ ഡോൾഫിൻ കരയ്ക്കടിഞ്ഞു

വർക്കല: ഇന്ന് വൈകിട്ട് 4 മണിയോട് കൂടി വർക്കല ബീച്ചിൽ ഡോൾഫിൻ കരയ്ക്കടിഞ്ഞു. കോസ്റ്റ് ഗാർഡും മത്സ്യത്തൊഴിലാളികളും ഉൾപ്പടെയുള്ളവരുടെ നേതൃത്വത്തിൽ ഡോൾഫിനെ കടലിലേക്ക് വിട്ടെങ്കിലും തിരികെ വരികയായിരുന്നു. ഡോൾഫിനു പരിക്കുള്ളതായാണ് പ്രാഥമിക നിഗമനം. ഡോൾഫിനെ കാണാൻ നിരവധി പേർ ബീച്ചിലെത്തിയിട്ടുണ്ട്.

മണിയൻ (76) അന്തരിച്ചു

മണിയൻ (76) അന്തരിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ കടുവയിൽ കോട്ടറവിള വീട്ടിൽ മണിയൻ (76) അന്തരിച്ചു.
ഭാര്യ- ശ്യാമള
മക്കൾ_ ലൗജി, ലൗലി, ലൗന
മരുമക്കൾ _ പ്രസാദ് , ബിന്ദു

പഴയകുന്നുമ്മേൽ പറയുന്നു ‘ഞങ്ങളും കൃഷിയിലേക്ക്’

പഴയകുന്നുമ്മേൽ പറയുന്നു ‘ഞങ്ങളും കൃഷിയിലേക്ക്’

കിളിമാനൂർ: ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിക്ക് പഴയകുന്നുമ്മേൽ പഞ്ചായത്ത്‌ തുടക്കം കുറിച്ചു. മുഖ്യമന്ത്രിയുടെ രണ്ടാം നൂറ്ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയായ ഞങ്ങളും കൃഷിയിലേക്ക് പഴയകുന്നുമ്മേൽ പഞ്ചായത്തിലെ അടയമൺ ഏലയിൽ ഒ.എസ്. അംബിക എം.എൽ.എ നിർവഹിച്ചു.

ഓരോ കേരളീയനിലും കാർഷിക സംസ്കാരം ഉണർത്തി അത് വഴി സ്ഥായിയായ നിലനിൽക്കുന്ന ഒരു കാർഷിക മേഖല കേരളത്തിൽ സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിഷരഹിത ജൈവ പച്ചക്കറി ഉത്പാദിപ്പിച്ച് സ്വയം പര്യാപ്തത ആർജിക്കുകയാണ് ലക്ഷ്യം. പരിപാടിക്ക് പ്രസിഡന്റ്‌ കെ. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ എസ്. വി. ഷീബ, സ്ഥിരസമിതി അദ്ധ്യക്ഷന്മാരായ ജി.എൽ.അജീഷ്, എസ്.സിബി, എൻ.സലിൽ, ശ്യാം നാഥ്‌, സുമ സുനിൽ, ഗിരിജ കുമാരി, ഷീജ സുബൈർ, പി.ഹരീഷ്, കൃഷി ഓഫീസർ ബീന അശോക്, അടയമൺ മുരളി, സുമാനസൻ എന്നിവർ പങ്കെടുത്തു.