വി ജാനമ്മ (92) അന്തരിച്ചു

വി ജാനമ്മ (92) അന്തരിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ കണ്ണങ്കരകോണം പനമൂട്ടിൽ വീട്ടിൽ വി ജാനമ്മ (92), കഴക്കൂട്ടം ആറ്റിൻകുഴി കിഴക്കതിൽ വീട്ടിൽ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെ 10 മണിക്ക് ആറ്റിൻകുഴിയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

ഭർത്താവ്: പരേതനായ പി കെ ശ്രീധരൻപിള്ള (തങ്കപ്പൻപിള്ള)
മക്കൾ: എസ് ജെ ശ്രീകുമാർ(ആൽഫബെറ്റ്സ്), എസ് ജെ ഹരികുമാർ.
മരുമകൾ: ബി ജയകല.
ചെറുമകൾ: എസ് ജെ ശ്രീലക്ഷ്മി(യുകെ)

വഖ്‌ഫ് ഭേദഗതി: അടൂർ പ്രകാശ് എം.പിക്ക് നിവേദനം നൽകി.

വഖ്‌ഫ് ഭേദഗതി: അടൂർ പ്രകാശ് എം.പിക്ക് നിവേദനം നൽകി.

കല്ലമ്പലം: നിലവിലെ വഖ്ഫ് നിയമം മുഴുവനായും മാറ്റിമറിക്കുന്ന രീതിയിൽ പാർലിമെന്റിൽ അവതരിപ്പിക്കപ്പെട്ട വഖ്ഫ് ഭേദഗതി ബില്ലിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് വഖ്ഫ് ആക്ടിനെ സംബന്ധിച്ചുള്ള നിവേദനം കേരള മുസ്‌ലിം ജമാഅത്ത് ആറ്റിങ്ങൽ പാർലമെൻ്റ് മെമ്പർ അടൂർ പ്രകാശിന് നൽകി. ജില്ലാ പ്രസിഡൻറ് ഹാഷിം ഹാജി, ജില്ലാ സെക്രട്ടറി മുഹമ്മദ് റാഫി, നിജാസ് ആലംകോട്, മുഹമ്മദ്‌ റാഫി എസ്, നൗഫൽ മദനി, സകീർ കല്ലമ്പലം, ജാബിർ അസ്ഹരി എന്നിവർ സംബന്ധിച്ചു.

കണ്ടെയ്നർ കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

കണ്ടെയ്നർ കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

ആറ്റിങ്ങൽ: കണ്ടെയ്നർ കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരിയായ അഭിഭാഷക മരിച്ചു. കൊല്ലം പൂയപ്പള്ളി സ്വദേശിനി കൃപയാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 3. 40 നായിരുന്നു അപകടം. തിരുവനന്തപുരത്ത് ഇന്റർവ്യൂ കഴിഞ്ഞു ഭർത്താവിന് ഒപ്പം മടങ്ങി വരികയായിരുന്നു കൃപ. ദേശീയ പാതയിൽ മാമത്തു വെച്ച് സ്കൂട്ടർ കണ്ടെയ്നറിൽ തട്ടി മറിഞ്ഞു. റോഡിലേക്ക് വീണ കൃപയുടെ ദേഹത്ത് കൂടി ലോറി കയറി ഇറങ്ങി. യുവതി തൽക്ഷണം മരിച്ചു. മൃതദേഹം വലിയ കുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

അൻവറിനെ നേരത്തെ സംശയമുണ്ടായിരുന്നു, പാർട്ടി ശത്രുക്കളുടെ വാദം അദ്ദേഹം ഏറ്റുപറയുന്നു: മുഖ്യമന്ത്രി

അൻവറിനെ നേരത്തെ സംശയമുണ്ടായിരുന്നു, പാർട്ടി ശത്രുക്കളുടെ വാദം അദ്ദേഹം ഏറ്റുപറയുന്നു: മുഖ്യമന്ത്രി

കൊച്ചി: പി വി അൻവറിന്റെ ആരോപണങ്ങളെ തള്ളുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി വി അൻവറിനെ നേരത്തെ സംശയമുണ്ടായിരുന്നു. എൽ‌ഡിഎഫിന്റെ ശത്രുക്കൾ വ്യാപകമായി പ്രചരിപ്പിക്കാനുദ്ദേശിക്കുന്ന കാര്യങ്ങൾ അദ്ദേഹം ഇന്നലെ പറയുന്നത് കേട്ടു. ഉദ്ദേശ്യം വ്യക്തമാണെന്നും ആരോപണങ്ങളിൽ പിന്നീട് പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘പി വി അൻവർ നേരത്തെ ചില ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ എന്താണ് അതിന്റെ പിന്നിലെന്ന സംശയം ഉണ്ടായിരുന്നു. ആ ഘട്ടത്തിൽ സംശയങ്ങളിലേക്കല്ല പോയത്. ഒരു എംഎൽഎ എന്ന നിലയിൽ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങൾ കേരളത്തിൽ അന്വേഷിക്കാവുന്നതിൽ ഏറ്റവും മികച്ച സംവിധാനം ഏർപ്പെടുത്തി അന്വേഷിക്കുന്നതിനാണ് നടപടി സ്വീകരിച്ചത്. അതിൽ തൃപ്തനല്ലെന്ന് ഇന്നലെ അദ്ദേഹം പറഞ്ഞിരുന്നു.

‘നേരത്തെ സംശയിച്ചതുപോലെ തന്നെയാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. അദ്ദേഹം പാർട്ടിക്കും എൽഡിഎഫിനും സർക്കാരിനുമെതിരായ കാര്യങ്ങളാണ് ഇന്നലെ പറഞ്ഞത്. മാത്രമല്ല എൽ‌ഡിഎഫിന്റെ ശത്രുക്കൾ വ്യാപകമായി പ്രചരിപ്പിക്കാനുദ്ദേശിക്കുന്ന കാര്യങ്ങൾ അദ്ദേഹം ഇന്നലെ പറയുന്നത് നാം കേട്ടു. ഉദ്ദേശം വ്യക്തമാണ്. അദ്ദേഹം തന്നെ അത് തുറന്നുപറഞ്ഞു, എൽഡിഎഫിൽ നിന്നും വിട്ടുനിൽക്കുന്നു, നിയമസഭാ പാർട്ടിയിൽ പങ്കെടുക്കില്ല.. എല്ലാ കാര്യങ്ങളും അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു. പറഞ്ഞ കാര്യങ്ങളെ കുറിച്ച് വിശദമായി പറയേണ്ടതുണ്ട്. ആ കാര്യങ്ങളിലേക്ക് ഇപ്പോൾ പ്രതികരിക്കുന്നില്ല. വിശദമായി പിന്നീട് പ്രതികരിക്കും. സർക്കാരിനും പാർട്ടിക്കുമെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളുകയാണ്. ഇത് പൂർണമായും സർക്കാരിനെയും പാർട്ടിയേയും അപകീർത്തിപ്പെടുത്താനുള്ള ശ്രമം മാത്രമാണ് നടക്കുന്നത്. ഇത് നേരത്തെ അന്വേഷിക്കാൻ എൽപിച്ച സംവിധാനത്തിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. നിഷ്പക്ഷ അന്വേഷണം തുടരും’, മുഖ്യമന്ത്രി പറഞ്ഞു.അതേസമയം മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കുമെതിരെ കടന്നാക്രമണം നടത്തിയ അൻവറിനെതിരെ പാർട്ടി എന്ത് നിലപാട് സ്വീകരിക്കും എന്നതിലും ഇന്ന് തീരുമാനമുണ്ടായേക്കും.

ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിന് പിന്നാലെ പി വി അൻവറിനെ പൂർണമായി തള്ളിയാണ് പാർട്ടി രം​ഗത്തെത്തിയത്. എഡിജിപി, പൊളിറ്റിക്കൽ സെക്രട്ടറി തുടങ്ങി പലർക്കുമെതിരെ ആരോപണങ്ങൾ ഉന്നയിച്ച് അൻവർ എത്താൻ തുടങ്ങിയിട്ട് ആഴ്ചകൾ പിന്നിട്ടെങ്കിലും യഥാർത്ഥ ലക്ഷ്യം ആരെന്നത് സംബന്ധിച്ച് വ്യക്തതയുണ്ടായിരുന്നില്ല. ഈ അവ്യക്തതയ്ക്ക് വിരാമമിട്ടാണ് കഴി‍ഞ്ഞ ദിവസം നടത്തിയ വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി വി അൻവർ തിരിഞ്ഞത്.

എട്ട് വർഷത്തെ എൽഡിഎഫ് ഭരണത്തിന്റെ സംഭാവന പൊതുപ്രവർത്തകരുടെ മിണ്ടാനുള്ള സ്വാതന്ത്ര്യത്തിന് മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടതാണ്. സഖാക്കൾ എല്ലാം സഹിക്കണം എന്നതാണ് അവസ്ഥയെന്നും കേരളത്തെ എങ്ങോട്ടാണ് മുഖ്യമന്ത്രി കൊണ്ടുപോകുന്നതെന്നുമടക്കം ​ഗുരുതര ആരോപണങ്ങളാണ് മുഖ്യമന്ത്രിക്ക് നേരെ അൻവർ ഉന്നയിച്ചത്.

പാചകവാതക സിലിണ്ടര്‍ ചോര്‍ന്നതറിയാതെ സ്വിച്ചിട്ടു; പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു

പാചകവാതക സിലിണ്ടര്‍ ചോര്‍ന്നതറിയാതെ സ്വിച്ചിട്ടു; പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു

കൊല്ലം: ഗ്യാസ് കുറ്റി ചോര്‍ന്നതറിയാതെ സ്വിച്ചിട്ടപ്പോള്‍ തീ ആളിപ്പടര്‍ന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. മയ്യനാട് കാരിക്കുഴി സുചിത്രമുക്ക് പള്ളിപ്പുരയഴികം വീട്ടില്‍ എന്‍ രത്‌നമ്മ(74)യാണ് മരിച്ചത്.

തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. വീടിന്റെ ഹാളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ഇവര്‍ ചായ തയ്യാറാക്കുന്നതിന് അടുക്കളവാതില്‍ തുറന്ന് ലൈറ്റിന്റെ സ്വിച്ചിട്ടപ്പോള്‍ മുറിക്കുള്ളില്‍ തങ്ങിനിന്ന വാതകത്തിന് തീപിടിക്കുകയായിരുന്നു. തീ ദേഹത്ത് ആളിപ്പടര്‍ന്ന് ഇവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.

അടുക്കളയില്‍നിന്ന് ഹാളിലേക്ക് നിലവിളിച്ചുകൊണ്ടോടിയ രത്‌നമ്മ ഉടന്‍ കുഴഞ്ഞുവീണു. സമീപത്തെ മുറിയില്‍ ഉറങ്ങുകയായിരുന്ന മകന്റെ ഭാര്യ ചിത്ര വെള്ളമൊഴിച്ച് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നാലെ ഓടിയെത്തിയ കൊച്ചുമക്കള്‍ ചേര്‍ന്ന് രത്‌നമ്മയുടെ ശരീരത്തിലേക്ക് ചാക്ക് നനച്ചിട്ട് തീ കെടുത്തി.

ഉടന്‍തന്നെ പാലത്തറയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമികചികിത്സ നല്‍കി. 50 ശതമാനത്തിലേറെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച അര്‍ധരാത്രിയാണ് മരിച്ചത്.

മൈനാഗപ്പളളിയിൽ കാറിടിച്ച് സ്കൂട്ടർ യാത്രിക മരിച്ച സംഭവം; ഡോ. ശ്രീക്കുട്ടിയുടെ അറസ്റ്റും രേഖപ്പെടുത്തി

മൈനാഗപ്പളളിയിൽ കാറിടിച്ച് സ്കൂട്ടർ യാത്രിക മരിച്ച സംഭവം; ഡോ. ശ്രീക്കുട്ടിയുടെ അറസ്റ്റും രേഖപ്പെടുത്തി

കൊല്ലം: മൈനാഗപ്പളളിയിൽ കാറിടിച്ച് സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികളായ കരുനാഗപ്പളളി സ്വദേശി അജ്മലിന്റെയും നെയ്യാറ്റിൻകര സ്വദേശി ഡോ. ശ്രീക്കുട്ടിയുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇരുവർക്കുമെതിരെ നരഹത്യാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇതിനിടെ, കേസിൽ പ്രതിയായ ഡോ. ശ്രീക്കുട്ടിയെ ജോലിയിൽ നിന്ന് ആശുപത്രി അധികൃതർ പുറത്താക്കി. കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ താൽക്കാലിക ഡോക്ടറായിരുന്നു ശ്രീക്കുട്ടി. യുവതിയെ ഇടിച്ചിട്ട ശേഷവും കാ‍ര്‍ മുന്നോട്ടെടുക്കാൻ അജ്മലിനോട് ആവശ്യപ്പെട്ടത് ഡോ. ശ്രീക്കുട്ടിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.