സെപ്റ്റിക് ടാങ്കില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

സെപ്റ്റിക് ടാങ്കില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

തൃശൂര്‍: കുന്നംകുളം അഞ്ഞൂരില്‍ സെപ്റ്റിക് ടാങ്കില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. അഞ്ഞൂരില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ സെപ്റ്റിക് ടാങ്കിലാണ് അജ്ഞാതമൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞദിവസം പ്രദേശത്ത് മറ്റൊരു വ്യക്തിയെ കാണാനില്ലെന്ന് പറഞ്ഞ് കുന്നംകുളം പൊലീസില്‍ പരാതി ലഭിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു അന്വേഷണം നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഈ സെപ്റ്റിക് ടാങ്ക് കഴിഞ്ഞദിവസം വൃത്തിയാക്കിയതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സെപ്റ്റിക് ടാങ്കില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് കുന്നംകുളം അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ സി ആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിന് അധികം പഴക്കമില്ലെന്നാണ് ലഭിക്കുന്ന വിവരം.

കുടുംബാംഗങ്ങളെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍

കുടുംബാംഗങ്ങളെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍

പാലക്കാട്: പട്ടാമ്പി കിഴായൂരില്‍ ഭാര്യയേയും മകളെയും അമ്മയെയും യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. പട്ടാമ്പി കീഴായൂര്‍ സ്വദേശി സജീവ് ആണ് കുടുംബാംഗങ്ങളെ ആക്രമിച്ചത്. തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച സജീവിന്റെ നില ഗുരുതരമായി തുടരുകയാണ്.

സജീവിന്റെ ആക്രമണത്തില്‍ അമ്മ സരോജിനി, ഭാര്യ ആതിര, എട്ട് വയസുള്ള മകള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുപേരും അപകടനില തരണം ചെയ്‌തെന്നാണ് വിവരം.

സജീവന്‍ മാനസികരോഗത്തിന് ചികിത്സ തേടിയിരുന്ന ആളാണെന്ന് പൊലീസ് പറയുന്നു. സജീവന്‍ കുടുംബാംഗങ്ങളെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു എന്നും പൊലീസ് പറയുന്നു.

ഒപ്പം പോകാന്‍ താത്പര്യമില്ലെന്ന് പെണ്‍സുഹൃത്ത്; ഹൈക്കോടതിയില്‍ കൈ ഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം

ഒപ്പം പോകാന്‍ താത്പര്യമില്ലെന്ന് പെണ്‍സുഹൃത്ത്; ഹൈക്കോടതിയില്‍ കൈ ഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം

കൊച്ചി: ഹൈക്കോടതിയില്‍ യുവാവിന്റെ ആത്മഹത്യാശ്രമം. തൃശൂര്‍ സ്വദേശിയായ വിഷ്ണുവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവാവ് ഉള്‍പ്പെട്ട ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കോടതി പരിഗണിക്കുന്നതിനിടെയാണ് സംഭവം നടന്നത്.

ഹേബിയസ് കോര്‍പ്പറസ് ഹര്‍ജികള്‍ പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചിലാണ് സംഭവം ഉണ്ടായത്. വിഷ്ണുവും നിയമ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. യുവതിയെ വിട്ടുകിട്ടണമെന്ന് പറഞ്ഞ് മാതാപിതാക്കള്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍ എതിര്‍കക്ഷിയായിരുന്നു യുവാവ്.

കോടതി ആവശ്യപ്പെട്ടത് അനുസരിച്ച് യുവതിയും യുവാവും കോടതിയില്‍ എത്തി. വാദത്തിനിടെ യുവാവിനൊപ്പം പോകാന്‍ താത്പര്യമുണ്ടോ എന്ന് കോടതി പെണ്‍കുട്ടിയോട് ആരാഞ്ഞു. ആ ഘട്ടത്തില്‍ യുവാവിനൊപ്പം പോകാന്‍ താത്പര്യമില്ലെന്ന് പെണ്‍കുട്ടി മറുപടി നല്‍കി. ഇതിന് പിന്നാലെ ചേംബറിന് മുന്നില്‍ നില്‍ക്കുകയായിരുന്ന യുവാവ് പുറത്തേയ്ക്ക് പോകാന്‍ ഒരുങ്ങി. അപ്പോള്‍ യുവാവിനോട് എവിടേയ്ക്ക് പോകുന്നുവെന്ന് അഭിഭാഷകര്‍ അടക്കം ചോദിച്ചു. പെണ്‍കുട്ടിയുടെ ചില വസ്തുക്കള്‍ തിരികെ ഏല്‍പ്പിക്കുന്നതിന് എടുക്കാന്‍ പോകുന്നു എന്നാണ് മറുപടി നല്‍കിയത്. വാതിലില്‍ എത്തിയ സമയത്ത് കൈവശം ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് യുവാവ് കൈ ഞരമ്പ് മുറിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

അവിടെ ഉണ്ടായിരുന്ന പൊലീസുകാരും മറ്റും ചേര്‍ന്ന് വീണ്ടും സ്വയം ആക്രമിക്കുന്നതില്‍ നിന്ന് യുവാവിനെ തടഞ്ഞു. തുടര്‍ന്ന് പരിക്കേറ്റ യുവാവിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന്റെ നില ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന് പിന്നാലെ കോടതി അല്‍പ്പനേരം നിര്‍ത്തിവെച്ചു.

പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്ത്രങ്ങളൊരുക്കാന്‍; അടിയന്തര കോണ്‍ഗ്രസ് നേതൃയോഗം വിളിച്ച് സോണിയാഗാന്ധി

പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്ത്രങ്ങളൊരുക്കാന്‍; അടിയന്തര കോണ്‍ഗ്രസ് നേതൃയോഗം വിളിച്ച് സോണിയാഗാന്ധി

ന്യൂഡല്‍ഹി: പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ഈ മാസം 18 ന് വിളിച്ചു ചേര്‍ത്ത പശ്ചാത്തലത്തില്‍ സോണിയാഗാന്ധി കോണ്‍ഗ്രസ് പാര്‍ലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പിന്റെ യോഗം വിളിച്ചു ചേര്‍ത്തു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് യോഗം. പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാനാണ് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണായ സോണിയ യോഗം വിളിച്ചിട്ടുള്ളത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി എംപിമാരുടെ യോഗവും വിളിച്ചിട്ടുണ്ട്. പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്രത്തിനെതിരെ ഒറ്റക്കെട്ടായി നീങ്ങുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം കേന്ദ്രസര്‍ക്കാര്‍ വിളിച്ചിട്ടുള്ളത്.

പാര്‍ലമെന്റ് സമ്മേളനത്തില്‍ ചോദ്യോത്തര വേള ഉണ്ടായിരിക്കില്ലെന്ന് ലോക്‌സഭ, രാജ്യസഭ സെക്രട്ടേറിയറ്റുകള്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സമ്മേളനത്തിന്റെ അജണ്ട വെളിപ്പെടുത്തിയിട്ടില്ല. ഒരു രാജ്യം ഒറ്റതെരഞ്ഞെടുപ്പ് സംബന്ധിച്ച് സംബന്ധിച്ച വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായി പ്രത്യേക സമിതിയെയും കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചിരുന്നു.

സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു

സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു

തിരുവനന്തപുരം: സോളര്‍ തട്ടിപ്പ് കേസിലെ പ്രതിയെ പീഡിപ്പിച്ച കേസില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. സിബിഐ യൂണിറ്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തിരുവനന്തപുരം സിജെഎം കോടതിയാണ് അംഗീകരിച്ചത്. കേസില്‍ പരാതിക്കാരിയുടെ വാദം കൂടി കേട്ടിരുന്നു. റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ ആവശ്യം കോടതി തള്ളി.

ഇതേ കേസില്‍ നേരത്തെ കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലിനെ കുറ്റവിമുക്തനാക്കിയ നടപടി കോടതി അംഗീകരിച്ചിരുന്നു. വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐയുടെ റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയായിരുന്നു. സിബിഐയുടെ കണ്ടെത്തലിനെതിരെ പരാതിക്കാരി നല്‍കിയ ഹര്‍ജി തള്ളുകയും ചെയ്തിരുന്നു. ഇതേ ആരോപണത്തില്‍ അടൂര്‍ പ്രകാശിനെയും കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

2012 സെപ്റ്റംബര്‍ 19ന് ക്ലിഫ് ഹൗസില്‍വച്ച് ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചു എന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. സംഭവം നടന്നെന്നു പരാതിക്കാരി പറയുന്ന ദിവസം ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. തുടര്‍ന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു.

കൃത്യം, സൂക്ഷ്മം; ആദിത്യ ഭ്രമണപഥത്തില്‍, ഇനി 125 ദിവസത്തെ സൂര്യ യാത്ര

കൃത്യം, സൂക്ഷ്മം; ആദിത്യ ഭ്രമണപഥത്തില്‍, ഇനി 125 ദിവസത്തെ സൂര്യ യാത്ര

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍ വണ്‍ പേടകം വിക്ഷേപണ വാഹനമായ പിഎസ്എല്‍വിയില്‍നിന്നു വിജയകരമായി വേര്‍പെടുത്തിയതായി ഐഎസ്ആര്‍ഒ. ആദിത്യയുടെ സൂര്യനെ ലക്ഷ്യമാക്കിയുള്ള 125 ദിവസം നീളുന്ന യാത്രയ്ക്കു തുടക്കമായതായും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് അറിയിച്ചു.

പേടകത്തെ നിര്‍ദിഷ്ട ഭ്രമണ പഥത്തില്‍ എത്തിക്കാനായി. വളരെ കൃത്യതയോടെ തന്നെ പിഎസ്എല്‍വി ഇതു നിര്‍വഹിച്ചു. ഇനി സൂര്യനു നേര്‍ക്കുള്ള സഞ്ചാരമാണ്. ആദിത്യയുടെ 125 ദിവസത്തെ യാത്രയ്ക്കു തുടക്കമായി – ശ്രീഹരിക്കോട്ടയിലെ മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു.

യാതൊരു തടസ്സവുമില്ലാതെയാണ് പിഎസ്എല്‍വി ആദിത്യയെ ഭ്രമണപഥത്തില്‍ എത്തിച്ചതെന്ന് പ്രൊജക്ട് ഡയറക്ടര്‍ നിഗര്‍ ഷാജി പറഞ്ഞു.

സൂര്യശോഭയുള്ള നിമിഷമാണ് ഇതെന്ന് ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്തുകൊണ്ട്, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. രാജ്യത്തിന്റെ ബാഹ്യാകാശ ഗവേഷണത്തിനു നല്‍കുന്ന പിന്തുണയില്‍ പ്രധാനമന്ത്രി നേരന്ദ്ര മോദിക്കു ജിതേന്ദ്ര സിങ് നന്ദി പറഞ്ഞു.

സൂര്യന് പരമാവധി സമീപം എത്താവുന്ന പോയിന്റായ ലെഗ്രാഞ്ചേ പോയിന്റ് ലക്ഷ്യമാക്കിയാണ് ആദിത്യയുടെ യാത്ര. ഇവിടെ ഹാലോ ഭ്രമണപഥത്തില്‍നിന്ന് ആദിത്യ സൂര്യനെ ചുറ്റും. സൂര്യനെ ബാഹ്യാകാശത്തുനിന്നു പഠിക്കുന്ന ആദ്യ നിരീക്ഷണ കേന്ദ്രമാവും ആദിത്യയെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.