സംസ്ഥാനത്ത് മഴ കനക്കും

സംസ്ഥാനത്ത് മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. സംസ്‌ഥാന വ്യാപകമായി മിതമായ മഴ കിട്ടിയേക്കും. ഇടുക്കിയിൽ യെല്ലോ അലർട്ടാണ്. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. നാളെയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപപ്പെടും. പിന്നീടുള്ള 48 മണിക്കൂറിൽ ഇത് ന്യൂനമർദമായി മാറും. തിങ്കളാഴ്ചയോടെ കൂടുതൽ ഇടങ്ങളിൽ മഴ പ്രതീക്ഷിക്കാം. തിരുവനന്തപുരം അടക്കം അഞ്ച് ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു; കടുവയിൽ  റസിഡൻസ് അസോസിയേഷൻ

ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു; കടുവയിൽ റസിഡൻസ് അസോസിയേഷൻ

കടുവയിൽ റസിഡൻസ് അസോസിയേഷന്റെ (KRA) നേതൃത്വത്തിൽ കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും ഭക്ഷ്യ കിറ്റുകൾ അംഗങ്ങൾക്കിടയിൽ വിതരണം ചെയ്തു. ഭക്ഷ്യ കിറ്റിന്റെ വിതരണ ഉദ്ഘാടനം സെക്രട്ടറി മുകുന്ദൻ ബാബു നിർവഹിച്ചു. ട്രഷറി അനിൽകുമാർ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കിരൺ നാഥ്, സജിത്ത്, വിപിൻ, ജയശ്രീ, അഞ്ജലി, രവീന്ദ്രൻ എന്നിവർ സന്നിതരായി.

കെഎസ്ആര്‍ടിസിയുടെ ആസ്തി മൂല്യനിര്‍ണയം നടത്തണം; ഹൈക്കോടതി

കെഎസ്ആര്‍ടിസിയുടെ ആസ്തി മൂല്യനിര്‍ണയം നടത്തണം; ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസിയുടെ ആസ്തി മൂല്യനിര്‍ണയം നടത്തണമെന്ന് ഹൈക്കോടതി. സ്വകാര്യ ഏജന്‍സി മൂല്യനിര്‍ണയം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വായ്പ്പയ്ക്കായ് പണയം വെച്ചിട്ടുള്ള ആസ്തികളുടെ വിവരങ്ങള്‍ നല്‍കണമെന്നും ജസ്റ്റിസ് ടി ആര്‍ രവി ഉത്തരവിട്ടു.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സൊസൈറ്റികളില്‍ നിന്ന് ലോണെടുക്കാന്‍ അവസരമുണ്ട്. ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന പണം കെഎസ്ആര്‍ടിസിയാണ് സൊസൈറ്റികള്‍ക്ക് പലിശയായി നല്‍കുന്നത്. എന്നാല്‍, ശമ്പളത്തില്‍ നിന്ന് തുക പിടിക്കുന്നതല്ലാതെ, കെഎസ്ആര്‍ടിസി പണം സൊസൈറ്റികളില്‍ അടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ചാലക്കുടിയിലെ സൊസൈറ്റി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

മാസം പത്തുലക്ഷം രൂപ വീതം സൊസൈറ്റിയില്‍ അടയ്ക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഇത് പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സൊസൈറ്റി അധികൃതര്‍ കോടതിയലക്ഷ്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജിയിലാണ് കെഎസ്ആര്‍ടിസിയുടെ ആസ്തികളുടെ മൂല്യനിര്‍ണയം ഒരുമാസത്തിനകം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.

കോളജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി പിടിയില്‍

കോളജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി പിടിയില്‍

കോഴിക്കോട്: തൊട്ടില്‍പാലത്ത് കോളജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം അടച്ചിട്ട വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ട സംഭവത്തില്‍ പ്രതി പൊലീസ് പിടിയില്‍. ഒളിവിലായിരുന്ന കുണ്ടുതോട് ഉണ്ണിത്താന്‍കണ്ടി ജുനൈദ് (26) ആണ് വടകരയില്‍നിന്ന് പിടിയിലായത്. ഇയാള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

കോഴിക്കോട് നിന്നും ബുധനാഴ്ച രാവിലെ മുതല്‍ കാണാതായ പെണ്‍കുട്ടിയെ പിറ്റേദിവസമാണ് ജുനൈദിന്റെ വീട്ടില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ വീട്ടില്‍നിന്ന് 5.47 ഗ്രാം എംഡിഎംഎയും കണ്ടെത്തി. തട്ടിക്കൊണ്ട് വന്ന് പീഡിപ്പിച്ചശേഷം ഭീഷണിപ്പെടുത്തി നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ടു പോകല്‍, മാനഹാനി വരുത്തല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

പെണ്‍കുട്ടിയെ കാണാനില്ല എന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ വീട്ടിലുണ്ടെന്ന് കണ്ടെത്തിയത്. മാതാപിതാക്കള്‍ ഗള്‍ഫിലായതിനാല്‍ പ്രതി ജുനൈദ് ഒറ്റയ്ക്കാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്.

ഓണത്തിന് വീട്ടിലേക്ക് ‘സ്വർണ’ മിക്‌സി; പ്രവാസി കസ്റ്റംസ് പിടിയിൽ

ഓണത്തിന് വീട്ടിലേക്ക് ‘സ്വർണ’ മിക്‌സി; പ്രവാസി കസ്റ്റംസ് പിടിയിൽ

കൊച്ചി: ഓണത്തിന് വീട്ടിലേക്ക് ‘സ്വര്‍ണ’ മിക്‌സിയുമായി വന്ന പ്രവാസി കസ്റ്റംസിന്റെ പിടിയില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദാണ് കസ്റ്റംസ് പിടിയിലായത്. ഈ മാസം 20നാണ് കുവൈറ്റില്‍ നിന്നും കൊച്ചിയിലേക്ക് ഇന്‍ഡിഗോ വിമാനത്തിൽ ഇയാള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്.

ചെക്ക് ഇന്‍ ബാഗിന്റെ എക്‌സ്‌റേ പരിശോധനയിൽ പുതിയ മിക്‌സി സംശയാസ്പദമായി കസ്റ്റംസ് കണ്ടെത്തി. ചോദ്യം ചെയ്തപ്പോള്‍ നാട്ടില്‍ നിന്ന് വാങ്ങാന്‍ സമയമില്ലാത്തതിനാല്‍ കുവൈറ്റില്‍ നിന്നും വീട്ടിലേക്ക് ഓണ സമ്മാനമായി കൊണ്ടു വന്നതാണെന്നും മുഹമ്മദ് പറഞ്ഞു.

തുടര്‍ന്ന് സീല്‍ പൊട്ടിക്കാത്ത മിക്‌സി തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ കസ്റ്റംസ് കൗണ്ടറില്‍ ബഹളമുണ്ടാക്കി. പാവപ്പെട്ട പ്രവാസികളെ കസ്റ്റംസ് ബോധപൂര്‍വം ദ്രോഹിക്കുകയാണെന്നും ഇയാൾ ആരോപിച്ചു.

മുഹമ്മദിനെ അന്ന് പോകാന്‍ അനുവദിച്ചെങ്കിലും മിക്‌സി തിരികെ നല്‍കിയില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം മിക്‌സി തുറന്ന് നടത്തിയ പരിശോധനയിലാണ് മിക്‌സിയുടെ മോട്ടറില്‍ ചുറ്റിയിരുന്ന ചെമ്പ് പൂശിയ സ്വര്‍ണക്കമ്പികള്‍ ആണെന്ന് കണ്ടെത്തിയിത്. 423 ഗ്രാം സ്വര്‍ണം ഇതില്‍ നിന്നും കണ്ടെത്തി. മുഹമ്മദിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

ഓണക്കിറ്റ് റേഷൻകടകളിൽ ഇന്നെത്തും; നാളെയും മറ്റന്നാളുമായി വിതരണം പൂർത്തിയാക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ്

ഓണക്കിറ്റ് റേഷൻകടകളിൽ ഇന്നെത്തും; നാളെയും മറ്റന്നാളുമായി വിതരണം പൂർത്തിയാക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ്

തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം ചെയ്യുന്നതിലേക്കായി മൂന്ന് ലക്ഷത്തോളം കിറ്റുകളുടെ പാക്കിങ് പൂർത്തിയായതായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. പൂർത്തിയായ കിറ്റുകൾ ഇന്ന് തന്നെ റേഷൻ കടകളിൽ എത്തിച്ച് വിതരണം നടത്തും. നാളെയും മറ്റന്നാളുമായി കിറ്റ് വിതരണം പൂർത്തിയാക്കും. നാളെയോടെ എല്ലാ കടകളിലും കിറ്റ് എത്തിക്കാനും കർശന നിർദേശം നൽകിയിട്ടുണ്ട്.

ഓണക്കിറ്റ് വിതരണം വേഗത്തിലാക്കുമെന്ന് സപ്ലൈക്കോ അറിയിച്ചിരുന്നു. ഇന്നലെ പല ജില്ലകളിലും ഒരു കിറ്റ് പോലും നൽകാനാകാതിരുന്ന സാഹചര്യത്തിലാണ് സപ്ലൈക്കോയുടെ നടപടി.

കിറ്റിലെ മിൽമയുടെ പായസക്കൂട്ട് സമയത്തിന് എത്താതിരുന്നതായിരുന്നു പ്രധാന പ്രശ്നം. തിരുവനന്തപുരം, കോട്ടയം, പാലക്കാട്, മലപ്പുറം, ജില്ലകളിലാണ് ഭാഗികമായെങ്കിലും കഴിഞ്ഞ ദിവസം കിറ്റ് വിതരണം ചെയ്യാൻ കഴിഞ്ഞത്. ഇന്നലെ മുതൽ ഓരോ ജില്ലകളിലേയും കിറ്റ് വിതരണത്തിന്റെ പുരോഗതി അറിയിക്കാൻ ഭക്ഷ്യമന്ത്രി ഉദ്യോഗസ്ഥ‍ർക്ക് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന ഭക്ഷ്യ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി നിർദ്ദേശം നൽകിയത്.

അതേ സമയം, ഓണക്കിറ്റ് ഇത്തവണ എല്ലാവര്‍ക്കും ഇല്ല. സംസ്ഥാനത്ത് 5.84 ലക്ഷം മഞ്ഞക്കാര്‍ഡ് ഉടമകൾക്ക് മാത്രമായി കിറ്റ് വിതരണം പരിമിതപ്പെടുത്താനുള്ള തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. 32 കോടി രൂപ സപ്ലെയ്കോക്ക് മുൻകൂറായി നൽകും.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കിറ്റ് വിതരണം ഇത്തവണ സര്‍ക്കാര്‍ പരിമിതപ്പെടുത്തുകയാണ്. മഞ്ഞകാര്‍ഡുള്ളവര്‍ക്ക് പുറമെ അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും കഴിയുന്ന 20000 പേര്‍ക്കും കൂടി ഓണക്കിറ്റുണ്ടാകും.

തേയിലയും വെളിച്ചെണ്ണയും പായസക്കൂട്ടും മുതൽ പൊടിയുപ്പു വരെ 13 ഇനങ്ങൾ. തുണി സഞ്ചിയുൾപ്പെടെ പതിനാലിനം കണക്കാക്കിയാണ് കിറ്റ് തയ്യാറാക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ഓണ വിപണിക്ക് മുന്നിൽ പകച്ച് നിൽക്കുന്ന സപ്ലെയ്കോക്ക് കിറ്റ് തയ്യാറാക്കാൻ മാത്രം 32 കോടി മുൻകൂര്‍ അനുവദിക്കാനും മന്ത്രിസഭായോഗം നിര്‍ദ്ദേശം നൽകി.

റേഷൻകടകൾ വഴിയാണ് വിതരണം. 93 ലക്ഷം കാര്‍ഡ് ഉടമകളിൽ 87 ലക്ഷം കാര്‍ഡുടമകൾക്ക് കഴിഞ്ഞ വര്‍ഷം കിറ്റ് നൽകിയിരുന്നു. കൊവിഡിന് ശേഷമുള്ള ആദ്യ ഓണക്കാലവും അതിന്‍റെ ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് അത്ര വിപുലമായ രീതിയിൽ കിറ്റ് നൽകിയതെന്നും ഇത്തവണ അ ഒരു സാഹചര്യം ഇല്ലെന്നുമുള്ള വാദമാണ് ഭക്ഷ്യ വകുപ്പിന്.