‘മഹത്തായ ശാസ്ത്രനേട്ടം, ഐഎസ്ആര്‍ഒ കൈയടി അര്‍ഹിക്കുന്നു’; ചന്ദ്രയാന്‍ വിജയത്തില്‍ വൈകി പ്രതികരിച്ച് പാകിസ്ഥാന്‍

‘മഹത്തായ ശാസ്ത്രനേട്ടം, ഐഎസ്ആര്‍ഒ കൈയടി അര്‍ഹിക്കുന്നു’; ചന്ദ്രയാന്‍ വിജയത്തില്‍ വൈകി പ്രതികരിച്ച് പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ചന്ദ്രയാന്‍ മൂന്നിന്റെ വിജയം മഹത്തായ ശാസ്ത്രനേട്ടമാണെന്ന് പ്രതികരിച്ച് പാകിസ്ഥാന്‍. വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോഴാണ്, പാക് വിദേശകാര്യ വക്താവ് മുംതാസ് സാറയുടെ വൈകിയുള്ള പ്രതികരണം. ചന്ദ്രയാന്റെ വിജയത്തിനു പിന്നാലെ ലോകരാജ്യങ്ങള്‍ അഭിനന്ദനവുമായി എത്തിയപ്പോഴൊന്നും പാകിസ്ഥാന്‍ പ്രതികരിച്ചിരുന്നില്ല.

”അത് മഹത്തായ ശാസ്ത്ര വിജയമാണെന്നു മാത്രമേ പറയാനാവൂ. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ കൈയടി അര്‍ഹിക്കുന്നു”- മുംതാസ് സാറ പറഞ്ഞു.

പാകിസ്ഥാന്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ വിസമ്മതിച്ചെങ്കില്‍ക്കൂടി പാക് മാധ്യമങ്ങള്‍ വലിയ വാര്‍ത്താ പ്രാധാന്യമാണ് ചന്ദ്രയാന്റെ വിജയത്തിനു നല്‍കിയത്. ചരിത്രപരമായ വിജയം എന്നാണ് ഡോണ്‍ പത്രം മുഖപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടത്.

അമേരിക്കയും സോവിയറ്റ് യൂണിയനും ചൈനയും പരാജയപ്പെട്ടിടത്ത് വിജയിച്ച് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങാന്‍ ഇന്ത്യയ്ക്കായെന്ന് എക്‌സ്പ്രസ് ട്രിബ്യൂണ്‍ പറഞ്ഞു. പാക് സാമൂഹ്യ മാധ്യമങ്ങളിലും ഒട്ടേറെപ്പേര്‍ ഇന്ത്യയ്ക്ക് അഭിനന്ദനവുമായി വന്നു.

വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ചു ​ഗർഭിണിയാക്കി; 61കാരൻ അറസ്റ്റിൽ

വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ചു ​ഗർഭിണിയാക്കി; 61കാരൻ അറസ്റ്റിൽ

കൊല്ലം: കിളിക്കൊല്ലൂരില്‍ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 61കാരന്‍ പിടിയില്‍. ചാത്തിനാംകുളം സ്വദേശി വിജയനാണ് പിടിയിലായത്.

നാല് മാസം മുന്‍പാണ് സംഭവം. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് അതിക്രമിച്ച് കയറി ഇയാള്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്ത് പറയരുതെന്ന് യുവതിയെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു.

എന്നാല്‍ പിന്നീട് യുവതിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്. യുവതിയുടെ പരാതിയില്‍ ഇയാളെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും ആരോപണം ഇയാള്‍ നിഷേധിച്ചു. തുടര്‍ന്ന് ഡിഎന്‍എ പരിശോധന നടത്തിയാണ് ഇയാള്‍ തന്നെയാണ് പ്രതിയെന്ന് ഉറപ്പിച്ചത്.

മാസപ്പടിയില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി കോടതി തള്ളി

മാസപ്പടിയില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി കോടതി തള്ളി

കൊച്ചി: സിഎംആര്‍എല്ലില്‍നിന്നു മുഖ്യമന്ത്രിയുടെ മകളും മറ്റു രാഷ്ട്രീയ നേതാക്കളും മാസപ്പടി വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി മുവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. ആരോപണവുമായി ബന്ധപ്പെട്ട വസ്തുതകളൊന്നും ഹാജരാക്കാന്‍ ഹര്‍ജിക്കാരനായ ഗിരീഷ് ബാബുവിനു കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍, ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

നേരത്തെ ഹര്‍ജി മതിയായ രേഖകളില്ലെന്നു ചൂണ്ടിക്കാട്ടി കോടതി മടക്കിനല്‍കിയിരുന്നു. വീണ്ടും സമര്‍പ്പിച്ച ഹര്‍ജിയാണ് തെളിവില്ലെന്നു വ്യക്തമാക്കി കോടതി തള്ളിയത്.

ഹര്‍ജിക്കാരന്റെയും സര്‍ക്കാരിന്റെ അഭിഭാഷകര്‍ ഹാജരായിരുന്നെങ്കിലും കോടതി നേരെ ഹര്‍ജി തള്ളുകയായിരുന്നു.

തിരുവറാട്ടുകാവ് ദേവീക്ഷേത്രത്തിനു മുന്നിൽ അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം അഡ്വ അടൂർ പ്രകാശ് നിർവഹിച്ചു

തിരുവറാട്ടുകാവ് ദേവീക്ഷേത്രത്തിനു മുന്നിൽ അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം അഡ്വ അടൂർ പ്രകാശ് നിർവഹിച്ചു

എംപി ഫണ്ടിൽ നിന്നും തിരുവറാട്ടുകാവ് ദേവീക്ഷേത്രത്തിനു മുന്നിൽ അനുവദിച്ച
ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം അഡ്വ അടൂർ പ്രകാശ് എം പി നിർവഹിച്ചു.

നഗരസഭ കൗൺസിലർ പി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച വേദിയിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്പനി ചെയർപേഴ്സൺ എസ് ഗിരിജ, തിരുവാതി ദേവീക്ഷേത്രം ഉപദേശ സമിതി പ്രസിഡണ്ട് ബി എസ് രാധാകൃഷ്ണൻ നായർ, ഫ്രണ്ട്സ് അസോസിയേഷൻ ലൈബ്രറി സെക്രട്ടറി എസ് വേണുഗോപാൽ, മുൻ കൗൺസിലർ ആർഎസ് പ്രശാന്ത് എന്നിവർ പങ്കെടുത്തു.

ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടു തവണ, പ്ലസ് വണ്‍ മുതല്‍ രണ്ടു ഭാഷ പഠിക്കണം: പുതിയ പാഠ്യപദ്ധതി ചട്ടക്കൂട്

ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടു തവണ, പ്ലസ് വണ്‍ മുതല്‍ രണ്ടു ഭാഷ പഠിക്കണം: പുതിയ പാഠ്യപദ്ധതി ചട്ടക്കൂട്

ന്യൂഡല്‍ഹി: ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടു തവണ നടത്തണമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ പുതിയ പാഠ്യപദ്ധതി ചട്ടക്കൂടില്‍ നിര്‍ദേശം. ഇവയില്‍ ഉയര്‍ന്ന സ്‌കോര്‍ ഏതാണോ അതു നിലനിര്‍ത്താന്‍ വിദ്യാര്‍ഥികളെ അനുവദിക്കണമെന്നും ചട്ടക്കൂടില്‍ പറയുന്നു. പുതിയ വിദ്യാഭ്യാസ നയം അനുസരിച്ചുള്ള പാഠ്യപദ്ധതി ചട്ടക്കൂടിനെ അടിസ്ഥാനമാക്കി അടുത്ത അധ്യയന വര്‍ഷം പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കും.

പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ രണ്ടു ഭാഷ നിര്‍ബന്ധമായും പഠിക്കണം. ഇതില്‍ ഒന്ന് ഇന്ത്യന്‍ ഭാഷയായിരിക്കണമെന്നും പാഠ്യപദ്ധതി രേഖകളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

വാര്‍ഷിക പരീക്ഷ വിഷയത്തിലുള്ള വിദ്യാര്‍ഥിയുടെ ധാരണയെ അളക്കുന്നതായിരിക്കണമെന്നാണ് ചട്ടക്കൂട് നിര്‍ദേശിക്കുന്നത്. ഓര്‍മയെയും മാസങ്ങളായുള്ള പരിശീലനത്തെയും വിലയിരുത്തുന്നതാവരുത് പരീക്ഷ. വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട പ്രകടനം നടത്തുന്നതിന് അവസരമൊരുക്കി ബോര്‍ഡ് പരീക്ഷ രണ്ടു തവണ നടത്തണം. രണ്ടു തവണ പരീക്ഷയെഴുതി അവയില്‍ മെച്ചപ്പെട്ട മാര്‍ക്ക് നിലനിര്‍ത്താന്‍ അനുവദിക്കണം.

പ്ലസ് വണ്‍, പ്ലസ് ടു തലങ്ങളില്‍ വിഷയം തെരഞ്ഞെടുക്കാന്‍ കൂടുതല്‍ അവസരമുണ്ടാവണം. സ്ട്രീമുകള്‍ ആര്‍ട്‌സ്, സയന്‍സ്, കൊമേഴ്‌സ് എന്നിങ്ങനെ മാത്രമാവരുത്.

ക്ലാസ് റൂമുകളില്‍ ടെക്സ്റ്റ് പുസ്തകങ്ങള്‍ മുഴുവന്‍ പഠിപ്പിക്കുന്ന പതിവ് അവസാനിപ്പിക്കണമെന്നും പാഠ്യപദ്ധതി ചട്ടക്കൂട് നിര്‍ദേശിക്കുന്നു.

ആറ് മണി മുതല്‍ അത്യാവശ്യ ഉപകരണങ്ങള്‍ മാത്രം; നിയന്ത്രണം ഒഴിവാക്കാന്‍ സഹകരിക്കണം; അഭ്യര്‍ഥിച്ച് കെഎസ്ഇബി

ആറ് മണി മുതല്‍ അത്യാവശ്യ ഉപകരണങ്ങള്‍ മാത്രം; നിയന്ത്രണം ഒഴിവാക്കാന്‍ സഹകരിക്കണം; അഭ്യര്‍ഥിച്ച് കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴവാക്കാന്‍ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന അഭ്യര്‍ഥനയുമായി കെഎസ്ഇബി. വൈകീട്ട് ആറ് മണി മുതല്‍ പതിനൊന്നുമണിവരെ അത്യാവശ്യ ഉപകരണങ്ങള്‍ മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂ. വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തേണ്ട സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സംസ്ഥാനത്തിന് പുറത്തുനിന്നു കിട്ടുന്ന വൈദ്യുതിയില്‍ 300 മെഗാവാട്ടിന്റെ കുറവുവന്നതായും കെഎസ്ഇബി അറിയിച്ചു.

ഈ വര്‍ഷം 45 ശതമാനത്തോളം മഴ കുറവുണ്ടായ സാഹചര്യത്തില്‍ കേരളത്തിലെ ഡാമുകളിലെ ജല ലഭ്യത കുറവാണ്. ഇതിനാല്‍ ജല വൈദ്യുത പദ്ധതികളില്‍നിന്നുള്ള വൈദ്യുതി ഉല്‍പാദനം പരിമിതമാണെന്നും അതുകൊണ്ടുതന്നെ വൈദ്യുതി കരുതലോടെ വേണം ഉപയോഗിക്കാനെന്നും മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു.

ഉര്‍ജക്ഷമത കൂടിയ വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുകയും ആവശ്യമില്ലാത്തതും ഉപയോഗം കഴിഞ്ഞതുമായ വൈദ്യുത ഉപകരണങ്ങള്‍ സ്വിച്ച് ഓഫ് ചെയ്യണമെന്നും മന്ത്രി അറിയിച്ചു.

ഈ മാസം കാര്യമായ തോതില്‍ മഴ കിട്ടിയില്ലെങ്കില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. പുറത്ത് നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് ഇപ്പോള്‍ കെഎസ്ഇബി മുന്നോട്ട് പോകുന്നതെന്നും പ്രതിദിനം 10 കോടിയോളം രൂപയുടെ നഷ്ടം കെഎസ്ഇബിക്ക് ഉണ്ടെന്നാണ് വൈദ്യുതി മന്ത്രി പറയുന്നത്.