വയനാട്ടിൽ ഇന്നു മുതൽ സ്കൂളുകൾ തുറക്കും

വയനാട്ടിൽ ഇന്നു മുതൽ സ്കൂളുകൾ തുറക്കും

തിരുവനന്തപുരം: ഉരുൾപൊട്ടലിൽ കണ്ണീർ ഭൂമിയായി മാറിയ വയനാട്ടിൽ ഇന്ന് മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കും. വയനാട് ജില്ലയിൽ സ്കൂളുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നു മുതൽ തുറക്കുമെന്ന് കലക്ടർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രമാകും അവധി. കുട്ടികളുടെ സുരക്ഷിതത്വം രക്ഷിതാക്കളും അധ്യാപകരും ഉറപ്പുവരുത്തണമെന്നും കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.

കനത്ത മഴയെ തുടർന്ന് ഒരാഴ്ചയായി വയനാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരുന്നു. വയനാട് കൂടാതെ തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളുള്ള സ്കൂളുകൾക്ക് കലക്ടർമാർ അവധി പ്രഖ്യാപിച്ചത്. ഏഴ് കുടുംബങ്ങളും 21 അംഗങ്ങളും ഉൾപ്പെട്ട ദുരിതാശ്വാസ ക്യാംപായി പ്രവർത്തിക്കുന്നതിനാൽ പോത്തുണ്ടി ജി.എൽ.പി.എസ്സിന് നാളെ അവധി ആയിരിക്കുമെന്ന് പാലക്കാട് ജില്ല കലക്ടർ അറിയിച്ചു. കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ പൂവാംവയൽ എൽ.പി. സ്‌കൂൾ, കുറുവന്തേരി യു.പി. സ്‌കൂൾ, വിലങ്ങാട് സെന്റ് ജോർജ് എച്ച്.എസ്.എസ്., വെള്ളിയോട് എച്ച്.എസ്.എസ്., കുമ്പളച്ചോല യു.പി. സ്‌കൂൾ എന്നിവയും കൊയിലാണ്ടി താലൂക്കിൽ കൊല്ലത്തെ ഗുരുദേവ കോളേജും താമരശ്ശേരി താലൂക്കിൽ സെന്റ് ജോസഫ് യു.പി. സ്‌കൂൾ മൈലെല്ലാംപാറയ്ക്കുമാണ് അവധി.

തിരുവനന്തപുരത്ത് ഒരാൾക്ക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ഒരാൾക്ക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരാൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കുളത്തിൽ കുളിച്ചതിനു ശേഷമാണ് ഇയാൾക്ക് കടുത്ത പനി തുടങ്ങിയത്. ആരോഗ്യവകുപ്പ് വെള്ളത്തിന്റെ സാംപിൾ ശേഖരിച്ചു പരിശോധനയ്ക്കു അയച്ചു. ഇതേ കുളത്തിൽ ഇറങ്ങിയവരിൽ നാലു പേർക്കു കൂടി കടുത്ത പനിയുണ്ട്. പ്ലാവറത്തലയിൽ അനീഷ്(26), പൂതംകോട് സ്വദേശി അച്ചു(25), പൂതംകോടിനു സമീപം ഹരീഷ് (27),ബോധിനഗർ ധനുഷ് (26) എന്നിവരാണു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരിൽ അനീഷിനാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. മറ്റുള്ളവർക്കും സമാന ലക്ഷണങ്ങളുള്ളതായിട്ടാണ് വിവരം.

ഈ കുളത്തിൽ കുളിച്ച കണ്ണറവിള പൂതംകോട് അനുലാൽ ഭവനിൽ അഖിൽ (അപ്പു–27) കഴിഞ്ഞ 23ന് ആണ് മരിച്ചത്. മരിക്കുന്നതിന് 10 ദിവസം മുൻപാണ് അഖിലിന് പനി ബാധിച്ചത്. തിരുവനന്തപുരത്തെ മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയ്ക്കിടെയാണ് മരിച്ചത്. ആരോഗ്യവകുപ്പ് നിർദേശത്തെത്തുടർന്ന് കണ്ണറവിളയ്ക്കു സമീപത്തെ കാവിൻകുളത്തിൽ ഇറങ്ങുന്നത് കർശനമായി വിലക്കിയിട്ടുണ്ട്.

തീരാനോവായി വയനാട്; മരണം 385 ആയി, തിരച്ചില്‍ ഏഴാം നാളിലേക്ക്

തീരാനോവായി വയനാട്; മരണം 385 ആയി, തിരച്ചില്‍ ഏഴാം നാളിലേക്ക്

കല്‍പ്പറ്റ: കേരളത്തെ നടുക്കിയ വയനാട് ദുരന്തത്തില്‍ മരണം 385 ആയി. ചാലിയാറില്‍ തിരച്ചിലിനിടെ, ഇന്നലെ മാത്രം 28 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മരിച്ചവരില്‍ 172 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവരില്‍ 8 പേരുടെ മൃതദേഹം ഇവരില്‍ 8 പേരുടെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. ശേഷിച്ചവരുടെ സംസ്‌കാരം ഇന്ന് നടക്കും. ഓദ്യോഗിക കണക്കനുസരിച്ച് 221 പേരാണ് മരിച്ചത്. ഇനിയും 180 പേരെ കണ്ടെത്താനുണ്ട്.

വയനാട് ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഏഴാം ദിവസമായ ഇന്നും തുടരും. ചൂരല്‍മലയിലും മുണ്ടക്കൈയിലും തിരച്ചില്‍ നടത്തും. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിയന്ത്രണങ്ങളോടെയായിരിക്കും ഇന്നത്തെ തിരച്ചില്‍. ചൂരല്‍മലയ്ക്ക് മുകളിലേക്ക് തിരച്ചിലിനായി പോകുന്നവരുടെ എണ്ണത്തില്‍ ഇന്ന് നിയന്ത്രണം ഏര്‍പ്പെടുത്തും. ചൂരല്‍മലയ്ക്ക് മുകളിലേക്ക് പാസ് നല്‍കി മാത്രമേ ആളുകളെ കടത്തിവിടുകയുള്ളൂ. 1500 വളണ്ടിയേഴ്‌സിനെ മാത്രം കടത്തിവിടാനാണ് തീരുമാനം. എണ്ണം കൂടുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് നടപടി.

ചാലിയാര്‍ പുഴയിലും ഇന്നും തിരച്ചില്‍ തുടരും. പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ ഓരോ വാര്‍ഡിലും 8 മണിയോടെ തിരച്ചില്‍ സംഘം ഇറങ്ങും. ഇന്നലെ തിരച്ചിലിന് പോയി വനത്തില്‍ അകപ്പെട്ടവര്‍ ഇന്ന് തിരികെയെത്തും. സൂചിപ്പാറയ്ക്ക് അടുത്ത് കാന്തന്‍പാറയില്‍ കണ്ട മൃതദേഹം എടുക്കുന്നതില്‍ ഉണ്ടായ താമസത്തെ തുടര്‍ന്നാണ് ഇവരുടെ തിരിച്ചു വരവ് തടസപ്പെട്ടത്. കാട്ടാന ശല്യമുള്ളതിനാല്‍ രാത്രി തിരികെയെത്തുന്നത് സുരക്ഷിതമല്ലാത്തതിനാലാണ് അവര്‍ വനത്തില്‍ തന്നെ തുടരാന്‍ തീരുമാനിച്ചത്. അതിനിടെ, തുടര്‍ച്ചായ അവധികള്‍ക്ക് ശേഷം വയനാട്ടിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കാത്ത സ്‌കൂളുകളാണ് തുറക്കുക.

ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച തിരിച്ചറിയാത്തവര്‍ക്ക് പുത്തുമലയില്‍ അന്ത്യവിശ്രമം

ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച തിരിച്ചറിയാത്തവര്‍ക്ക് പുത്തുമലയില്‍ അന്ത്യവിശ്രമം

വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച തിരിച്ചറിയാത്തവര്‍ക്കായി പുത്തുമലയില്‍ അന്ത്യവിശ്രമം. നാല്‍പതോളം മൃതദേഹങ്ങളാണ് കൂട്ടമായി സംസ്‌കരിക്കുന്നത്. ഹാരിസണ്‍ പ്ലാന്റേഷന്‍ ഭൂമിയില്‍ അടുത്തടുത്ത് കുഴികളെടുത്താണ് സംസ്‌കാരം നടത്തുന്നത്. സര്‍വമത പ്രാര്‍ഥനയോടെയാണ് സംസ്‌കാര ചടങ്ങുകള്‍. കണ്ണീരോടെ വിടനല്‍കാന്‍ കാണാതായവരുടെ ബന്ധുക്കളും നാട്ടുകാരും പുത്തുമലയിലേക്ക് ഒഴുകിയെത്തുകയാണ്.

അതിനിടെ, ദുരന്തത്തില്‍ മരിച്ചവരുടെ മൃതശരീരങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നത്തിനുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാമ്പിള്‍ ശേഖരണം തുടങ്ങി. ആദ്യഘട്ടത്തില്‍ ദുരന്ത മേഖലയില്‍ നിന്നും ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡിഎന്‍എ ശേഖരിച്ചിരുന്നു. അടുത്തഘട്ടത്തില്‍ ഇപ്പോള്‍ ശേഖരിക്കുന്ന രക്ത സാമ്പിളുകളും ഡിഎന്‍എകളും തമ്മിലുള്ള പൊരുത്തം പരിശോധിക്കും.

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടന്നു

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടന്നു

സൗജന്യ നേത്ര പരിശോധനയും, സൗജന്യതിമിര ശസ്ത്രക്രിയയും കണിയാപുരം പള്ളിനട- കലാനികേതൻ സാംസ്കാരിക സമിതിയുടെയും പള്ളിനട റസിഡൻസ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ ഏഴു മണി മുതൽ കണിയാപുരം പള്ളിനട നിബ്രാസുൽ ഇസ്ലാം മദ്രസ ഹാളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് ആരംഭിച്ചു.

ക്യാമ്പിന്റെ ഉദ്ഘാടനം കണിയാപുരം മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അൻവറുദ്ദീൻ അൻവരി നിർവഹിച്ചു. ചെയർമാൻ എം എ ലത്തീഫ് അധ്യക്ഷത വഹിച്ചു. ഡോക്ടർ അൻസാർ,ഡോക്ടർ പ്രീത് ശർമ, സെന്റ് മാരിസ് കോൺവെന്റ് സിസ്റ്റർ ടെസി, പഞ്ചായത്ത് മെമ്പർ ചന്ദ്.എസ്, നിബ്രാസുൽ ഇസ്ലാം കോളേജ് സെക്രട്ടറി സജാദ്, ക്യാമ്പ് ഓർഗനൈസർ ഹേമചന്ദ്രൻ, കലാനികേതൻ സാംസ്കാരിക സമിതി സെക്രട്ടറി ടി.നാസർ, കടവിളകാം നിസാം, അസീം, സമദ്, മുജീബ്, മണ്ണിൽ അഷറഫ് തുടങ്ങിയവർ സംസാരിച്ചു.

കരമനയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനുമടക്കം 4 പേർ മുങ്ങി മരിച്ചു

കരമനയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനുമടക്കം 4 പേർ മുങ്ങി മരിച്ചു

തിരുവനന്തപുരം: കരമനയാറിൽ കുളിക്കാനിറങ്ങിയ 4 പേർ മുങ്ങി മരിച്ചു. അനിൽ കുമാർ (50), അദ്വൈത് (22), ആനന്ദ് (25), അമൽ (13) എന്നിവരാണ് മരിച്ചത്. ആര്യനാട്-മുന്നേറ്റ് മുക്കിൽ കടവിൽ കുളിയ്ക്കാനിറങ്ങിയതായിരുന്നു നാലുപേരും. അനിൽ കുമാറിന്റെ മകനാണ് അമൽ. മരിച്ച മറ്റ് രണ്ടു പേർ ബന്ധുക്കളാണ്. പൊലീസ് ഡ്രൈവറാണ് അനിൽ കുമാർ. കുളിക്കാനിറങ്ങിയവരിൽ ഒരാൾ ആറിലെ കയത്തിൽ അകപ്പെടുകയും രക്ഷിക്കാൻ ശ്രമിക്കവെ മറ്റു മൂന്നു പേരും അപകടത്തിൽപ്പെടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.