by admin | Oct 7, 2025 | Latest News, കേരളം
നിരോധിത മാരക മയക്ക് മരുന്നുകൾ ആയ എൽ എസ്സ് ടി സ്റ്റാമ്പുകൾ, എം ഡി എം എ, കഞ്ചാവ് എന്നിവയുമായി യുവാവിനെ തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘവും ചിറയിൻകീഴ് പോലീസും ചേർന്ന് പിടികൂടി. ശാർക്കര വില്ലേജിൽ കടകം പുളിന്തുരുത്തി ആലയിൽ വീട്ടിൽ അഭിജിത്ത്(വയസ്സ് 25) ആണ് പിടിയിലായത്. ഇയാളിൽ നിന്നും ഇരുപത്തി ഒന്ന് എൽ എസ്സ് ടി സ്റ്റാമ്പുകളും 0.3 ഗ്രാം എം ഡി എം എ പന്ത്രണ്ട് ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. ഇരുപത് വർഷം വരെ ശിക്ഷ കിട്ടാവുന്ന വാണിജ്യാടിസ്ഥാനത്തിൽ ഉള്ള അളവിൽ ഉള്ള എൽ എസ്സ് ടി സ്റ്റാമ്പ് ആണ് ഇയാളിൽ നിന്നും പിടികൂടിയത്. ജപ്പാൻ കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയാണ് ഇയാൾ ജോലി എടുത്തിരുന്നത്. പുറത്ത് നിന്നും ഇയാളെ കാണുവാൻ നിരവധി പേർ വന്ന് പോകുന്നു എന്ന് ജില്ലാ പോലീസ് മേധാവി കെ എസ്സ് സുദർശനൻ ഐ പി എസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആ പ്രദേശം കേന്ദ്രീകരിച്ചു രാത്രി വൈകി നടത്തിയ അപ്രതീക്ഷിത വാഹന പരിശോധനയിൽ ആണ് ഇയാൾ പിടിയിൽ ആകുന്നത്. ഇയാൾക്ക് ലഹരി എത്തിച്ചു നൽകിയ സംഘത്തിന്റ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
ലഹരി വ്യാപനത്തിന് എതിരെ ഡാൻസാഫ് സംഘം തുടർച്ചയായി നടത്തുന്ന പരിശോധനൾ വഴി ആറ്റിങ്ങൽ, ചിറയിൻകീഴ്, കഠിനംകുളം പ്രദേശങ്ങളിൽ ഉള്ള സ്ത്രീ ഉൾപ്പെടെ ഉള്ള നിരവധി പേരാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പിടിയിലായത്. ഇവരിൽ നിന്നും വലിയ അളവിൽ ഉള്ള രാസലഹരി വസ്തുക്കളും പിടിച്ചെടുത്തിരുന്നു. വരും ദിവസങ്ങളിലും ശക്തമായ പരിശോധനകൾ തുടരും എന്ന് നർക്കോട്ടിക്ക് സെൽ ഡി വൈ എസ്സ് പി കെ. പ്രദീപ് അറിയിച്ചു.
നർക്കോട്ടിക്ക് ഡി വൈ എസ്സ് പി കെ. പ്രദീപ് ആറ്റിങ്ങൽ ഡി വൈ എസ്സ് പി എസ്സ് മഞ്ജുലാൽ ചിറയിൻകീഴ് സബ്ബ് ഇൻസ്‌പെക്ടർ ആർ മനു, ശ്രീകുമാർ എ എസ്സ് ഐ ഹാഷിം ഡാൻസാഫ് സബ്ബ് ഇൻസ്‌പെക്ടർമാരായ എഫ്. ഫയാസ്, ബി. ദിലീപ്, രാജീവൻ സിവിൽ പോലീസ് ഉദ്യോഗസ്ഥർ ആയ റിയാസ്, ദിനോർ, സുനിൽരാജ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘം ആണ് അറസ്റ്റ് നടപടികൾക്ക് നേതൃത്വം നൽകിയത്.
by admin | Aug 23, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: മുദാക്കൽ ചെമ്പൂർ റോസ് വില്ലയിൽ അമ്മിണി തോമസ് (94) അന്തരിച്ചു.
ഭർത്താവ്: പരേതനായ തോമസ്
മക്കൾ: മോഹൻ തോമസ് (ജല അതോറിറ്റി), ടി ജയിംസ് (എക്സൈസ്), ടി ജോസ് (ഭാഭ അറ്റോമിക് റിസർച്ച് സെൻ്റർ), ടി മാത്യു (റിട്ടയേർഡ് പോലീസ്, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം).
മരുമക്കൾ: സൂസ മോഹൻ, പ്രേമാ ജയിംസ്, ബി. ലീന ജോസ്, ലൗലി മാത്യു.
അന്ത്യ ശ്രുശ്രൂഷകൾ ഞായറാഴ്ച (24/8) വൈകുന്നേരം മൂന്ന് മണിക്ക് പിരപ്പൻകോട് സെൻ്റ് ജോൺസ് കത്തോലിക് ചർച്ചിൽ നടക്കും.
by admin | Aug 23, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിൽ നിന്നും അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയ പതിനഞ്ചാമത് ബാച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ പാസ്സിങ് ഔട്ട് പരേഡിൽ ഏക വനിതയായ ആരാധന.ബി.ജി ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറിൽ നിന്നും ബെസ്റ്റ് ഇൻഡോർ പുരസ്കാരം ഏറ്റുവാങ്ങുന്നു. മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിനു സമീപം കൗസ്തുഭത്തിൽ
സി. എസ് ഹരീഷിൻറെ (ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ആയി സേവനമനുഷ്ടിക്കുകയും നിലവിൽ ഉപരിപഠനത്തിനായി പൂക്കോട്ട് വെറ്ററിനറി കോളേജിൽ BVSC & AH കോഴ്സിന്റെ അവസാന വിദ്യാർത്ഥി) ഭാര്യയാണ് ആരാധന.
by admin | Aug 23, 2025 | Latest News, കേരളം
ആലപ്പുഴ: തോട്ടപ്പള്ളി ഒറ്റപ്പനയില്‍ തനിച്ചു താമസിച്ചിരുന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ യഥാര്‍ഥ പ്രതിയെ കണ്ടെത്തി.
തോട്ടപ്പള്ളി ഒറ്റപ്പനയ്ക്കു സമീപം ചെമ്പകപ്പള്ളി ഹംലത്താണു (62) കൊല്ലപ്പെട്ടത്. കിടപ്പുമുറിയില്‍ കട്ടിലില്‍ ചാരിക്കിടക്കുന്ന നിലയിലാണു മൃതദേഹം കണ്ടത്.ഹംലത്തുമായി അടുപ്പമുണ്ടായിരുന്ന പ്രദേശവാസി അബൂബക്കറിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. യഥാര്‍ഥ പ്രതികള്‍ മോഷണക്കേസുകളിലെ പ്രതിയും അയാളുടെ ഭാര്യയുമാണെന്ന് ഇന്നു വ്യക്തമാകുകയായിരുന്നു.

ഇരുവരും പിടിയിലായി. ഇവര്‍ മുമ്പ് ഹംലത്തിന്റെ അയല്‍പക്കത്തു വാടകയ്ക്കു താമസിച്ചിരുന്നു. ഇവരെ സംബന്ധിച്ചുള്ള മറ്റു വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. തനിച്ചു താമസിക്കുകയായിരുന്ന ഹംലത്തിനെ 17നാണ് വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
നിലവില്‍ റിമാന്‍ഡിലായ അബൂബക്കര്‍ സ്ത്രീയുടെ വീട്ടില്‍ വന്നിരുന്നെങ്കിലും ഇയാള്‍ മടങ്ങിയശേഷമാണു കൊലപാതകം നടന്നത്. ശ്വാസംമുട്ടലുണ്ടെന്നു സ്ത്രീ പറഞ്ഞപ്പോള്‍ അബൂബക്കര്‍ അവിടെയുണ്ടായിരുന്ന ശീതളപാനീയം നല്‍കി. പിന്നാലെ സ്ത്രീ ഉറങ്ങിയപ്പോള്‍ രാത്രി 11 മണിയോടെ അബൂബക്കര്‍ മടങ്ങി.
അര്‍ധരാത്രിക്കുശേഷം മോഷ്ടാവും ഭാര്യയും അവിടെയെത്തി. വൈദ്യുതി വിച്ഛേദിച്ചശേഷം അടുക്കള വാതില്‍ മണ്‍വെട്ടികൊണ്ടു തട്ടിത്തുറന്ന് അകത്തു കടന്നു. ശ്വാസംമുട്ടലുണ്ടായിരുന്ന ഹംലത്ത് തളര്‍ന്നുകിടന്ന് ഉറങ്ങുകയായിരുന്നു. ശബ്ദം കേട്ട് ഹംലത്ത് ബഹളമുണ്ടാക്കിയപ്പോള്‍ മോഷ്ടാവിന്റെ ഭാര്യ കാലുകളില്‍ ബലമായി പിടിച്ചു. ഭര്‍ത്താവ് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. ഇരുട്ടായതിനാല്‍ ഹംലത്ത് അണിഞ്ഞിരുന്ന ആഭരണങ്ങള്‍ പ്രതികള്‍ കണ്ടില്ല. അലമാരയിലുണ്ടായിരുന്ന കമ്മലും ഹംലത്തിന്റെ മൊബൈല്‍ ഫോണും ഇവര്‍ കൈക്കലാക്കി. സ്ഥലത്തു മുളകുപൊടി വിതറിയശേഷം ഇവര്‍ കടന്നുകളയുകയായിരുന്നു. കേസ് അന്വേഷിച്ച പൊലീസ് ഹംലത്തുമായി അടുപ്പമുണ്ടായിരുന്ന അബൂബക്കറിനെ പിടികൂടി. ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.

എന്നാല്‍ ഹംലത്തിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയാത്തതു പൊലീസിനെ വലച്ചിരുന്നു. പിന്നീട് ഈ ഫോണില്‍ മറ്റൊരു സിം കാര്‍ഡ് ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കുന്നതു പൊലീസ് കണ്ടെത്തി. കൊല്ലം മൈനാഗപ്പള്ളിയായിരുന്നു ലൊക്കേഷന്‍. പൊലീസ് അവിടെയെത്തി പ്രതികളെ പിടികൂടി. അവരെ ചോദ്യം ചെയ്തപ്പോഴാണ് സംഭവിച്ചത് എന്തെന്ന് വ്യക്തമായത്. ഹംലത്തിന്റെ കമ്മല്‍ ഇവര്‍ വിറ്റു കാശെടുക്കുകയും ചെയ്തു. പ്രതിയായ സ്ത്രീ അപസ്മാര ലക്ഷണങ്ങള്‍ കാട്ടിയതിനെ തുടര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. പുരുഷന്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.

by admin | Aug 23, 2025 | Latest News, കേരളം
പത്തനംതിട്ട: ആരോപണങ്ങളും പ്രതിഷേധങ്ങളും ശക്തമാകുമ്പോഴും എംഎല്‍എ സ്ഥാനം രാജിവെക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ സ്ഥാനം രാജിവെക്കുന്നത് ആലോചനയിലേ ഇല്ലെന്ന് രാഹുല്‍ വ്യക്തമാക്കി. രാജി ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രതികരണം. അടൂരിലെ വീട്ടില്‍ നിന്നാണ് രാഹുല്‍ മാധ്യമങ്ങളോട് സംസാരിച്ചത്.
വിവാദങ്ങള്‍ ഉയര്‍ന്നശേഷം പത്തനംതിട്ട അടൂരിലെ വീട്ടിലാണ് രാഹുല്‍. പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം ആളുകള്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന അഭിപ്രായമുള്ളവരാണല്ലോ എന്ന ചോദ്യത്തിന് രാജി എന്നത് പരിഗണനാ വിഷയമേയല്ലെന്നാണ് രാഹുല്‍ മറുപടി നല്‍കിയത്. കൂടുതല്‍ പ്രതികരണത്തിന് അദ്ദേഹം തയ്യാറായതുമില്ല.

ഈ രാജ്യത്തെ നിയമസംവിധാനത്തിനു വിരുദ്ധമായി ഒരു പ്രവൃത്തിയും താന്‍ ചെയ്തിട്ടില്ലെന്നു യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞിരുന്നു. ‘ആരോപണങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്കാണ് അതു തെളിയിക്കാനുള്ള ബാധ്യത. എന്നോടു രാജിവയ്ക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. കുറ്റം ചെയ്തതുകൊണ്ടല്ല രാജിവയ്ക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങള്‍ നടക്കുന്ന ഈ സമയത്ത് എന്നെ ന്യായീകരിക്കേണ്ട അധിക ബാധ്യത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കില്ല. നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത ഞാന്‍ ഏറ്റെടുക്കുന്നു. ഞാന്‍ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ആര്‍ക്കും പരാതിപ്പെടാമെന്നും’ രാഹുല്‍ വ്യക്തമാക്കിയിരുന്നു.


Recent Comments