31 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 10 ന്

31 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 10 ന്

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 10 ന് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാര്‍ഡ് ഉള്‍പ്പെടെ പതിനൊന്ന് ജില്ലകളിലായി (എറണാകുളം, വയനാട്, കാസര്‍കോട് ഒഴികെ) നാല് ബ്ലോക്ക്പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.

വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക നവംബര്‍ 22 വരെ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 23 ന് വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടത്തും. പത്രിക നവംബര്‍ 25 വരെ പിന്‍വലിക്കാം. വോട്ടെണ്ണല്‍ ഡിസംബര്‍ 11ന് രാവിലെ 10 മണിക്ക് നടത്തും. വോട്ടെടുപ്പിനായി 192 പോളിങ് ബൂത്തുകള്‍ സജ്ജമാക്കും.

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇവിടങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മുനിസിപ്പാലിറ്റികളില്‍ അതാത് വാര്‍ഡുകളിലും ഗ്രാമപഞ്ചായത്തുകളില്‍ മുഴുവന്‍ പ്രദേശത്തും പെരുമാറ്റചട്ടം ബാധകമാണ്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ ഉപതിരഞ്ഞെടുപ്പുള്ള വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് പെരുമാറ്റച്ചട്ടമുള്ളത്.

ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ഒക്ടോബര്‍ 19 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയില്‍ ആകെ 151055 വോട്ടര്‍മാരാണുള്ളത് 71967 പുരുഷന്മാരും 79087 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡറുമുണ്ട്. കമ്മീഷന്റെ www.sec.kerala.gov.in സൈറ്റിലും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും വോട്ടര്‍പട്ടിക ലഭ്യമാണ്.

നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം കെട്ടിവയ്‌ക്കേണ്ട തുക ജില്ലാ പഞ്ചായത്തില്‍ 5000 രൂപയും, മുനിസിപ്പാലിറ്റിയിലും ബ്ലോക്ക് പഞ്ചായത്തിലും 4000 രൂപയും, ഗ്രാമപഞ്ചായത്തില്‍ 2000 രൂപയുമാണ്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പകുതി തുക മതിയാകും.

തെരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ വാര്‍ഡുകള്‍ (ജില്ല, തദ്ദേശ സ്ഥാപനം, വാര്‍ഡ് നമ്പര്‍, വാര്‍ഡിന്റെ പേര് ക്രമത്തില്‍)

തിരുവനന്തപുരം – ജി.07 വെള്ളറട ഗ്രാമപഞ്ചായത്ത് – 19.കരിക്കാമന്‍കോഡ്

കൊല്ലം – ജി.08 വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്ത് – 08.നടുവിലക്കര, ജി.11 കുന്നത്തൂര്‍ഗ്രാമപഞ്ചായത്ത് – 05.തെറ്റിമുറി, ജി.27 ഏരൂര്‍ ഗ്രാമപഞ്ചായത്ത് – 17.ആലഞ്ചേരി, ജി.50 തേവലക്കര ഗ്രാമപഞ്ചായത്ത് – 12.കോയിവിള തെക്ക്, ജി.50 തേവലക്കര ഗ്രാമപഞ്ചായത്ത് – 22.പാലക്കല്‍ വടക്ക്, ജി.60 ചടയമംഗലം ഗ്രാമപഞ്ചായത്ത് – 05.പൂങ്കോട്.

പത്തനംതിട്ട -ബി.28കോന്നി ബ്ലോക്ക്പഞ്ചായത്ത് – 13.ഇളകൊള്ളൂര്‍, ബി.29പന്തളം ബ്ലോക്ക്പഞ്ചായത്ത് – 12.വല്ലന, – ജി.10 നിരണംഗ്രാമപഞ്ചായത്ത് – 07.കിഴക്കുംമുറി, ജി.17 എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് – 05.ഇരുമ്പുകുഴി, ജി.36 അരുവാപ്പുലം ഗ്രാമപഞ്ചായത്ത് – 12.പുളിഞ്ചാണി.

ആലപ്പുഴ – ബി.34 ആര്യാട് ബ്ലോക്ക്പഞ്ചായത്ത് – 01.വളവനാട്, ജി.66 പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് – 12.എരുവ.

കോട്ടയം – എം.64 ഈരാറ്റുപേട്ട മുനിസിപ്പല്‍ കൗണ്‍സില്‍ – 16.കുഴിവേലി, ജി.17 അതിരമ്പുഴ ഗ്രാമപഞ്ചായത്ത് – 03.ഐ.റ്റി.ഐ

ഇടുക്കി – ബി.58 ഇടുക്കി ബ്ലോക്ക്പഞ്ചായത്ത് – 02.കഞ്ഞിക്കുഴി, ജി.27 കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് – 09.പന്നൂര്‍

തൃശ്ശൂര്‍ – എം.34 കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ – 41.ചേരമാന്‍ മസ്ജിദ്, ജി.07 ചൊവ്വന്നൂര്‍ഗ്രാമപഞ്ചായത്ത് – 03.പൂശപ്പിള്ളി, ജി.44 നാട്ടികഗ്രാമപഞ്ചായത്ത് – 09.ഗോഖലെ

പാലക്കാട് – ജി.02 ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് – 09. ചാലിശ്ശേരി മെയിന്‍ റോഡ്, ജി.38 തച്ചമ്പാറഗ്രാമപഞ്ചായത്ത് – 04.കോഴിയോട്, ജി.65 കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് – 13.കോളോട്

മലപ്പുറം – ഡി.10 മലപ്പുറം ജില്ലാ പഞ്ചായത്ത് – 31.തൃക്കലങ്ങോട്, എം.46 മഞ്ചേരി മുനിസിപ്പല്‍ കൗണ്‍സില്‍ – 49.കരുവമ്പ്രം, ജി.21 തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് – 22.മരത്താണി, ജി.96 ആലംകോട് ഗ്രാമപഞ്ചായത്ത് – 18.പെരുമുക്ക്

കോഴിക്കോട് – ജി.66 കാരശ്ശേരി ഗ്രാമപഞ്ചായത്ത് – 18.ആനയാംകുന്ന് വെസ്റ്റ്.

കണ്ണൂര്‍- ജി.02 മാടായി ഗ്രാമപഞ്ചായത്ത് – 06.മാടായി, ജി.75 കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് – 06.ചെങ്ങോം

ആറാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളിലെ കിണറ്റില്‍ വീണു; ആശുപത്രിയില്‍

ആറാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളിലെ കിണറ്റില്‍ വീണു; ആശുപത്രിയില്‍

കൊല്ലം: സ്‌കൂളിലെ കിണറ്റില്‍ വീണ് വിദ്യാര്‍ഥിക്ക് പരിക്ക്. കൊല്ലം കുന്നത്തൂര്‍ തുരുത്തിക്കര എംടിയുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി ഫെബിനാണ് പരിക്കേറ്റത്. സ്‌കൂള്‍ ജീവനക്കാരന്‍ കിണറില്‍ ഇറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി. അഗ്‌നിരക്ഷാസേനയും സ്ഥലത്ത് എത്തിയിരുന്നു.

ഇന്ന് രാവിലെ 9മണിയോടെയാണ് അപകടം ഉണ്ടായത്. എന്നാല്‍ കുട്ടി എങ്ങനെയാണ് അപകടത്തില്‍ പെട്ടതെന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം ഉണ്ടായിട്ടില്ല. കാല്‍വഴുതി വീണതാകാമെന്നാണ് കരുതുന്നത്.

തലയ്ക്കും നടുവിനും പരുക്കേറ്റ വിദ്യാര്‍ഥിയെ ശാസ്താകോട്ട ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചുറ്റുമതിലിന്റെ പൊക്കക്കുറവാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാരുടെ ആരോപണം.

‘മൂന്നാം നമ്പറില്‍ നീയാണ്, അടിച്ചു തകര്‍ക്കൂ’, സൂര്യ പറഞ്ഞു; ആ ഫ്ളയിങ് കിസ് ക്യാപ്റ്റനുള്ള നന്ദി

‘മൂന്നാം നമ്പറില്‍ നീയാണ്, അടിച്ചു തകര്‍ക്കൂ’, സൂര്യ പറഞ്ഞു; ആ ഫ്ളയിങ് കിസ് ക്യാപ്റ്റനുള്ള നന്ദി

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20ല്‍ തന്റെ ഹോട്ടല്‍ മുറിയില്‍ തട്ടിയിട്ട് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് അറിയിച്ചപ്പോള്‍ അമ്പരപ്പോടെയാണ് തിലക് വര്‍മ അത് കേട്ടത്. സ്ഥാനക്കയറ്റം ലഭിച്ചതില്‍ സൂര്യകുമാര്‍ യാദവിനോട് നന്ദി പറഞ്ഞ തിലക് വര്‍മ, താന്‍ നിരാശപ്പെടുത്തില്ലെന്ന് ക്യാപ്റ്റന് വാഗ്ദാനവും നല്‍കി. 51 പന്തില്‍ സെഞ്ച്വറി നേടിയ തിലക് വര്‍മ ക്യാപ്റ്റനോടുള്ള കടപ്പാട് മറക്കുകയും ചെയ്തില്ല. സെഞ്ച്വറി അടിച്ച നിമിഷം തന്നെ ഫ്ളയിങ് കിസ് നല്‍കിയാണ് ക്യാപ്റ്റനോടുള്ള ആദരം പ്രകടിപ്പിച്ചത്. തന്റെ ബാറ്റിങ് പോസിഷന്‍ ത്യജിച്ച് യുവതാരത്തിന് അവസരം നല്‍കിയ സൂര്യകുമാര്‍ യാദവിനോടുള്ള നന്ദി കൂടിയാണ് തിലക് വര്‍മയുടെ പ്രകടനത്തിലൂടെ പുറത്തുവന്നത്.

‘ഇത് ഞങ്ങളുടെ നായകന്‍ ‘സ്‌കൈ’യ്ക്ക് (സൂര്യകുമാര്‍ യാദവ്) വേണ്ടിയായിരുന്നു, കാരണം അദ്ദേഹം എനിക്ക് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ അവസരം നല്‍കി. എനിക്ക് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ഇഷ്ടമാണ്, എന്നാല്‍ ഇതിന് മുന്‍പുള്ള രണ്ട് മത്സരങ്ങളില്‍ ഞാന്‍ നാലാം നമ്പറിലാണ് കളിച്ചത്. കഴിഞ്ഞദിവസം രാത്രി ക്യാപ്റ്റന്‍ എന്റെ മുറിയില്‍ വന്ന് നിങ്ങള്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യും എന്ന് പറഞ്ഞു, ഇത് ഒരു നല്ല അവസരമാണെന്ന് അദ്ദേഹം പറഞ്ഞു. പോയി സ്വന്തം പ്രകടനം പുറത്തെടുക്കുക. നിങ്ങള്‍ എനിക്ക് ഒരു അവസരം തന്നു, ഞാന്‍ നിങ്ങളെ നിരാശപ്പെടുത്തില്ല. ഗ്രൗണ്ടില്‍ എന്റെ പ്രകടനം കണ്ടോളൂ.’ – തിലക് വര്‍മ മാധ്യമങ്ങളോട് പറഞ്ഞു.

56 പന്തില്‍ 107 റണ്‍സെടുത്ത തിലക് വര്‍മയുടെ ഇന്നിംഗ്സില്‍ എട്ട് ഫോറുകളും ഏഴ് സിക്സുകളും ഉള്‍പ്പെടുന്നു. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം അര്‍ധസെഞ്ച്വറി നേടിയ മറ്റൊരു യുവതാരം അഭിഷേക് ശര്‍മ്മയ്ക്കൊപ്പം വര്‍മ്മ 107 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ‘ഞങ്ങള്‍ പരാജയപ്പെട്ടപ്പോഴും ടീം ഞങ്ങളെ പിന്തുണച്ചു. വിക്കറ്റ് നഷ്ടപ്പെട്ടാലും സ്വതന്ത്രമായി കളിക്കാനാണ് നിര്‍ദേശിച്ചത്. കൈവിരലിന് പരിക്കേറ്റതിനാല്‍ സിംബാബ്വെയ്ക്കും ശ്രീലങ്കയ്ക്കുമെതിരായ പരമ്പരകള്‍ നഷ്ടമായി. രണ്ട് പരമ്പരകളും നല്ല അവസരങ്ങളും നഷ്ടമായതില്‍ എനിക്ക് വിഷമം തോന്നി. പക്ഷേ എനിക്ക് ക്ഷമയോടെ കാത്തിരിക്കേണ്ടി വന്നു. കഠിനാധ്വാനം ചെയ്യുകയും ചെയ്തു. എന്റെ സമയം വരുമെന്നും ശരിയായ സമയം വരുമ്പോള്‍ ഞാന്‍ റണ്‍സ് നേടുമെന്നും എനിക്കറിയാമായിരുന്നു. ഞാന്‍ ഈ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു, നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ മത്സരത്തില്‍ സാധിച്ചില്ല. പക്ഷേ ക്യാപ്റ്റനും മാനേജ്മെന്റും ഒരുപാട് പിന്തുണച്ചു. ഇപ്പോള്‍ എനിക്ക് ലഭിച്ച നേട്ടങ്ങള്‍ അവരുടെ പൂര്‍ണ്ണ പിന്തുണയുടെ ഫലമായാണ്. ഒരു ഓഫ് സ്പിന്നറായ ഞാന്‍ ബൗളിങ്ങിലും കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഒരു ഓള്‍റൗണ്ടറായി സംഭാവന ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’- തിലക് വര്‍മ പറഞ്ഞു.

വായുമലിനീകരണത്തിന്റെ ദുരിതത്തിനിടെ ഡല്‍ഹിക്ക് വെല്ലുവിളിയായി തണുപ്പും; സീസണിലെ ഏറ്റവും കുറഞ്ഞ താപനില, 11.2 ഡിഗ്രി

വായുമലിനീകരണത്തിന്റെ ദുരിതത്തിനിടെ ഡല്‍ഹിക്ക് വെല്ലുവിളിയായി തണുപ്പും; സീസണിലെ ഏറ്റവും കുറഞ്ഞ താപനില, 11.2 ഡിഗ്രി

ന്യൂഡല്‍ഹി: വായുമലിനീകരണത്തിന്റെ ദുരിതം പേറുന്ന ഡല്‍ഹി നിവാസികള്‍ക്ക് വെല്ലുവിളിയായി തണുപ്പും. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ 11.2 ഡിഗ്രി സെല്‍ഷ്യസാണ് വ്യാഴാഴ്ച രാവിലെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്.

പ്രധാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സഫ്ദര്‍ജംഗില്‍ 16.1 ഡിഗ്രി സെല്‍ഷ്യസായിരുന്നു കുറഞ്ഞ താപനില. ഹിമാലയന്‍ മേഖലയില്‍ മഞ്ഞുവീഴ്ചയ്ക്ക് ഇടയാക്കുന്ന പടിഞ്ഞാറന്‍ അസ്വസ്ഥതയാണ് ഡല്‍ഹി താപനിലയിലെ ഇടിവിന് കാരണം.റിഡ്ജില്‍ 11.2 ഡിഗ്രി സെല്‍ഷ്യസ്, അയനഗര്‍ 14.4 ഡിഗ്രി സെല്‍ഷ്യസ്, ലോധി റോഡ് 15 ഡിഗ്രി സെല്‍ഷ്യസ്, പാലം 16.8 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് ഡല്‍ഹിയിലെ മറ്റു പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയ താപനില.

അതേസമയം, ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചികയില്‍ നേരിയ പുരോഗതിയുണ്ടായി. രാവിലെ 9 മണിക്ക് വായുനിലവാര സൂചി 426 ആയി കുറഞ്ഞു. രാവിലെ 6 മണിക്ക് 432 ആയിരുന്നു. എന്നാലും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുപ്രകാരം ഇത് കടുത്ത വിഭാഗത്തില്‍ തന്നെ തുടരുന്നു. ആനന്ദ് വിഹാര്‍ 473, പട്പര്‍ഗഞ്ച് 472, അശോക് വിഹാര്‍ 471, ജഹാംഗീര്‍പുരി 470 എന്നിങ്ങനെയാണ് വിവിധ പ്രദേശങ്ങളിലെ വായു ഗുണനിലവാര സൂചിക.

സംസ്ഥാന കായിക മേളയിൽ ക്രിക്കറ്റ് മത്സരത്തിൽ ടോപ്പ് സ്കോറർ ആയി സൗരവ് എസ്.ഡി

സംസ്ഥാന കായിക മേളയിൽ ക്രിക്കറ്റ് മത്സരത്തിൽ ടോപ്പ് സ്കോറർ ആയി സൗരവ് എസ്.ഡി

എറണാകുളത്ത് നടന്ന സംസ്ഥാന കായിക മേളയിൽ ക്രിക്കറ്റ് മത്സരത്തിൽ ടോപ്പ് സ്കോറർ ആയി ദേശീയ തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം ജില്ലാ ടീം അംഗം സൗരവ് എസ്.ഡി. കിളിമാനൂർ ഗവ.എച്ച്.എസ്.എസ്. പ്ലസ് വൺ വിദ്യാർത്ഥിയാണ്.