by liji HP News | Jun 11, 2024 | Latest News, കേരളം
ഡല്‍ഹി: കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റു. ശാസ്ത്രിഭവനിലെ പെട്രോളിയം മന്ത്രാലയത്തില്‍ എത്തിയ സുരേഷ് ഗോപിയെ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹര്‍ദീപ്‌സിങ് പുരി സ്വീകരിച്ചു. തുടര്‍ന്ന് ഓഫീസിലെത്തിയാണ് സുരേഷ് ഗോപി ചുമതലയേറ്റത്. പെട്രോളിയത്തിന് പുറമേ പ്രകൃതിവാതകം, ടൂറിസം എന്നി വകുപ്പുകളിലും സഹമന്ത്രി പദവി അദ്ദേഹം വഹിക്കും.
ഭാരിച്ച ഉത്തരവാദിത്തമാണ് തനിക്ക് ലഭിച്ചതെന്നും തന്നെ ജയിപ്പിച്ച് വിട്ട തൃശൂര്‍ക്കാരോട് നന്ദി പറയുന്നതായും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. പെട്രോളിയം രംഗത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ആഗ്രഹിക്കുന്ന തരത്തിലുള്ള വികസനത്തിനായി തന്റേതായ സംഭാവന നല്‍കാന്‍ ശ്രമിക്കും. ആദ്യം വിഷയം പഠിച്ച ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കും. ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് തനിക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യും. കൊല്ലം തീരത്ത് എണ്ണശേഖരം കണ്ടെത്തിയിട്ടുണ്ട്. ഇവിടെ എണ്ണഖനന സാധ്യത പരിശോധിക്കും. തന്റെ ജന്മസ്ഥലമാണ് കൊല്ലമെന്നും സുരേഷ് ഗോപി പറഞ്ഞു.
by liji HP News | Jun 11, 2024 | Latest News, കേരളം
കൊല്ലം: ട്രോളിങ് നിരോധനം വന്നതോടെ സംസ്ഥാനത്ത് മത്സ്യവില കുതിക്കുന്നു. കൊല്ലം നീണ്ടകര ഹാർബറിൽ ഒരു കിലോ മത്തിക്ക് 280 മുതൽ 300 രൂപവരെയായി. മത്സ്യലഭ്യതയിലെ കുറവും വിലക്കയറ്റത്തിന് കാരണമായെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. വരും ദിവസങ്ങളില്‍ ഇനിയും വില ഉയരാനാണ് സാധ്യത. ഞായറാഴ്ച അർധരാത്രി 12 മണി മുതലാണ് ട്രോളിങ് നിരോധനം തുടങ്ങിയത്.
ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസം ട്രോളിംഗ് നിരോധനമുണ്ടാകും. എന്നാൽ ഈ കാലയളവിൽ ഇളവ് വേണമെന്നാണ് മത്സ്യബന്ധന മേഖലയുടെ ആവശ്യം. ട്രോളിംഗ് നിരോധനത്തിന്‍റെ അവസാന 15 ദിവസം ഇളവ് നൽകണമെന്നാണ് ബോട്ടുകാരുടെയുൾപ്പെടെ ആവശ്യം. രണ്ട് മാസത്തോളം നീളുന്ന ട്രോളിംഗ് നിരോധന കാലത്ത് പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതി. തുറമുഖങ്ങളുടെ പ്രവർത്തനം ഓരോന്നായി അവസാനിപ്പിച്ച് തുടങ്ങി.മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും ഈ സമയങ്ങൾ വറുതിയുടെ കാലമാകും.
നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നത് ഊര്‍ജിതപ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. അന്യസംസ്ഥാന ബോട്ടുകൾ ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുമ്പ് കേരളതീരം വിട്ടുപോകുന്നതിന് ബന്ധപ്പെട്ട തീരദേശ ജില്ലാ കളക്ടർമാർ നിർദ്ദേശം നൽകണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചിട്ടുണ്ട്.
by liji HP News | Jun 11, 2024 | Latest News, കേരളം
തൊടുപുഴ: ഇടുക്കി മാങ്കുളം അമ്പതാംമൈലില്‍ കത്തിക്കരിഞ്ഞ നിലയില്‍ വയോധികന്റെ മൃതദേഹം കണ്ടെത്തി. അമ്പതാമൈല്‍ പാറേക്കുടി തങ്കച്ചന്‍ (60) ആണ് മരിച്ചത്. കൊലപാതകമെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് തങ്കച്ചനെ മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മകനുമായി തങ്കച്ചന് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മകന്‍ ഇന്നലെ വൈകീട്ടോടെ വീട്ടില്‍ വരികയും അച്ഛനുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായതായുമാണ് നാട്ടുകാര്‍ പറയുന്നത്. സംഭവസ്ഥലത്ത് എത്തിയ പൊലീസ് തെൡവ് ശേഖരണം നടത്തി. സംഭവത്തിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയ മകന്‍ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. മകനെ പൊലീസ് ചോദ്യം ചെയ്ത് വരുന്നതായാണ് വിവരം.
by liji HP News | Jun 10, 2024 | Latest News, കേരളം
മലപ്പുറം: പോക്‌സോ കേസില്‍ പ്രതിക്ക് 140 വര്‍ഷം കഠിന തടവ്. എട്ടു വയസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയ കേസിലാണ് ശിക്ഷ. പ്രതിക്ക് 9,75,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
മഞ്ചേരി അതിവേഗ പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയുടെ ബന്ധുവായ പ്രതി രണ്ടു വര്‍ഷമാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.
by liji HP News | Jun 10, 2024 | Latest News, കേരളം
തിരുവനന്തപുരം: സുപ്രീം കോടതി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ മുസ്ലിം ലീഗിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി. മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഹാരിസ് ബീരാന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഡല്‍ഹി കെഎംസിസി അധ്യക്ഷനാണ്.
തിരുവനന്തപുരത്തു ചേര്‍ന്ന ലീഗ് ഉന്നതാധികാരസമിതി യോഗത്തിലാണ് തീരുമാനം. പൗരത്വ നിയമഭേഗതി അടക്കമുള്ള കേസുകളില്‍ മുസ്ലിം ലീഗിനായി സുപ്രീംകോടതിയില്‍ ഹാജരായിരുന്നത് ഹാരിസ് ബീരാനാണ്. മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ വി കെ ബീരാന്റെ മകനാണ്.
എംഎസ്എഫിലൂടെ പാര്‍ട്ടിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഹാരിസ് ബീരാന്‍ ഡല്‍ഹി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ ലോയേഴ്‌സ് ഫോറം അധ്യക്ഷനുമാണ്. വലിയ ഉത്തരവാദിത്തമാണെന്നും, പാര്‍ട്ടി തന്നില്‍ അര്‍പ്പിച്ച വിശ്വാസം നിറവേറ്റുമെന്നും സ്ഥാനാര്‍ത്ഥിത്വത്തോട് ഹാരിസ് ബീരാന്‍ പ്രതികരിച്ചു.
ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം, യുവനേതാക്കളായ പി കെ ഫിറോസ്, ഫൈസല്‍ ബാബു തുടങ്ങിയവരുടെ പേരുകള്‍ നേരത്തെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് ഉയര്‍ന്നു കേട്ടിരുന്നു. സംസ്ഥാനത്ത് ഒഴിവു വരുന്ന മൂന്നു സീറ്റുകളില്‍ ഒരെണ്ണം പ്രതിപക്ഷത്തിന് ലഭിക്കും. ഇതിലാണ് ഹാരിസ് ബീരാന്‍ മത്സരിക്കുക.

Recent Comments