‘മോദി സർക്കാരിൽ അം​ഗമായത് അഭിമാനം, വാര്‍ത്തകളെല്ലാം തെറ്റ്’

‘മോദി സർക്കാരിൽ അം​ഗമായത് അഭിമാനം, വാര്‍ത്തകളെല്ലാം തെറ്റ്’

ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാരിൽ നിന്നും രാജിവെക്കും എന്ന തരത്തിലുള്ള വാർത്തകൾ വാസ്തവ വിരുദ്ധമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. കേരളത്തിന്റെ പ്രതിനിധിയായി നരേന്ദ്രമോദി സർക്കാരിൽ അം​ഗമായത് അഭിമാനകരമാണെന്നും സുരേഷ് ​ഗോപി എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിനു കീഴിൽ, കേരളത്തിന്റെ വികസനത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രവർത്തിക്കാൻ ഞങ്ങളെല്ലാം പ്രതിബദ്ധരായിരിക്കും. മന്ത്രിസഭയിൽ നിന്നും രാജിവെക്കുന്നു എന്ന തരത്തിൽ ഏതാനും മീഡിയകളിൽ വന്നത് തികച്ചും തെറ്റാണെന്നും, മന്ത്രിയായി തുടരുമെന്നും സുരേഷ് ​ഗോപി കുറിപ്പിൽ സൂചിപ്പിച്ചു.

കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു

കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു

കൊല്ലം: ചിന്നക്കടയിൽ കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. പട്ടത്താനം സ്വദേശിനി സ്മിതയാണ് മരിച്ചത്. ചിന്നക്കട ഓവർബ്രിഡ്ജിന് സമീപം രാവിലെ 10 മണിയോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട് സ്കൂട്ടറിൽ നിന്നുവീണ സ്മിതയുടെ ദേഹത്തുകൂടി ബസ് കയറിയിറങ്ങുകയായിരുന്നു. കെഎസ്എഫ്ഇ ജീവനക്കാരിയാണ് സ്മിത.

മുന്നറിയിപ്പില്‍ മാറ്റം, രണ്ടുദിവസം തീവ്രമഴ; കണ്ണൂരും കാസര്‍കോടും ഓറഞ്ച് അലര്‍ട്ട്

മുന്നറിയിപ്പില്‍ മാറ്റം, രണ്ടുദിവസം തീവ്രമഴ; കണ്ണൂരും കാസര്‍കോടും ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നാളെയും ബുധനാഴ്ചയും കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

മറാത്താവാഡക്ക് മുകളിലെ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി അടുത്ത മൂന്നുദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് 9 ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് പുറമേ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അബ്ദുൽ ഹയ്യ് (62) നിര്യാതനായി

അബ്ദുൽ ഹയ്യ് (62) നിര്യാതനായി

പെരുമാതുറ: പെരുമാതുറയിലെ സാമൂഹിക പ്രവർത്തകനും വിദ്യാഭ്യാസ പ്രവർത്തകനുമായ മാടൻവിള കൊച്ചു പടിഞ്ഞാറേ വീട്ടിൽ അബ്ദുൽ ഹയ്യ് (62) നിര്യാതനായി. പെരുമാതുറയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു ഇദ്ദേഹം.

ഭാര്യ: ഷാനിബ
മക്കൾ: ഹസ്ന, ഹാരിസ് (യു.കെ)
മരുമകൻ: ഇർഷാദ് നദീർ
കബറടക്കം ഇന്ന് വൈകിട്ട് 8 മണിക്ക് പെരുമാതുറ വലിയപള്ളി ഖബർസ്ഥാനിൽ നടക്കും.

തൃശൂര്‍ കോണ്‍ഗ്രസിലെ കൂട്ടയടി: ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും എംപി വിന്‍സെന്റും രാജിവെച്ചു

തൃശൂര്‍ കോണ്‍ഗ്രസിലെ കൂട്ടയടി: ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും എംപി വിന്‍സെന്റും രാജിവെച്ചു

തൃശൂര്‍: തൃശൂര്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് വള്ളൂര്‍ രാജിവെച്ചു. ഡിസിസി ഓഫീസിലെത്തിയാണ് ജോസ് വള്ളൂര്‍ രാജി പ്രഖ്യാപിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ തോല്‍വിയെയും തുടര്‍ന്ന് ഡിസിസി ഓഫീസുണ്ടായ സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തിലാണ് രാജി.

ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ എംപി വിന്‍സെന്റും രാജി വെച്ചിട്ടുണ്ട്. ഡിസിസി ഓഫീസിലെ സംഘര്‍ഷങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെക്കുകയാണെന്ന് എംപി വിന്‍സെന്റ് വ്യക്തമാക്കി. ഡിസിസി ഓഫീസില്‍ നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളാണ് നടന്നതെന്നും എംപി വിന്‍സെന്റ് പറഞ്ഞു.

കെ മുരളീധരന്റെ തോല്‍വിയും തുടര്‍ന്ന് ഡിസിസി ഓഫീസിലുണ്ടായ കൂട്ടയടിയിലും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍, എംപി വിന്‍സെന്റ് എന്നിവരുടെ രാജി ആവശ്യപ്പെടാന്‍ ഹൈക്കമാന്‍ഡ് കെപിസിസിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എഐസിസി നിര്‍ദേശം കെപിസിസി ഇരുനേതാക്കളെയും അറിയിക്കുകയായിരുന്നു. ഡിസിസി ഓഫീസ് സംഘര്‍ഷത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഇരു നേതാക്കള്‍ക്കും ഒഴിഞ്ഞു നില്‍ക്കാനാകില്ലെന്ന് നേതൃത്വം വിലയിരുത്തി. പാലക്കാട് എംപി വികെ ശ്രീകണ്ഠന് തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ചുമതല നല്‍കാനാണ് തീരുമാനം.