by liji HP News | Jun 11, 2024 | Latest News, കേരളം
കന്നഡ സൂപ്പർ താരം ദർശനെ കൊലക്കേസിൽ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിന് അടുത്തുള്ള സോമനഹള്ളിയിൽ കഴിഞ്ഞ ദിവസം രേണുക സ്വാമി എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ കേസിലാണ് താരം അറസ്റ്റിലായത്. ദർശന്റെ സുഹൃത്ത് പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലാണ് കൊലപാതകമെന്നാണ് പൊലീസ് അറിയിച്ചത്.
സോമനഹള്ളിയിൽ ഒരു പാലത്തിന്റെ താഴെ ആണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ആത്മഹത്യ എന്ന് കരുതിയ കേസ് പിന്നീട് കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ ചോദ്യം ചെയ്തപ്പോഴാണ് ദര്‍ശന്‍റെ പേരു പുറത്തുവന്നത് എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.
by liji HP News | Jun 11, 2024 | Latest News, കേരളം
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ മകള്‍ രാഹുലിന്റെ കുടുംബത്തിന്റെ കസ്റ്റഡിയിലാണോ എന്ന് സംശയിക്കുന്നതായി യുവതിയുടെ പിതാവ്. മകളെ ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാകാം. ഇന്നലെ രാത്രി വിളിച്ചിരുന്നു. സുരക്ഷിതയാണെന്നാണ് പറഞ്ഞത്. ഒരാഴ്ച മുമ്പ് ജോലി സ്ഥലമായ തിരുവനന്തപുരത്തേയ്ക്ക് പോകുന്നു എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് മകള്‍ ഇറങ്ങിയതെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
‘കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ മകള്‍ മിസിങ് ആണ്. ഞാന്‍ സംശയിക്കുന്നത് അവരുടെ കസ്റ്റഡിയില്‍ ഉണ്ടായിരിക്കും എന്നതാണ്. അവളെ ഭീഷണിപ്പെടുത്തി ഇത്തരത്തില്‍ പറയിപ്പിച്ചതാകാം. അന്ന് തലയില്‍ മുഴയും കഴുത്തിലെ പാടുകളും മൂക്കില്‍ നിന്ന് വന്ന ചോരയും… ഇപ്പോള്‍ മൊഴി മാറ്റി പറയുന്നത് അവളെ ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണ്. അവനെ രക്ഷപ്പെടുത്താന്‍ വേണ്ടി. ഉന്നലെ രാത്രി വിളിച്ചിരുന്നു. സുരക്ഷിതയാണെന്നാണ് പറഞ്ഞത്.’- യുവതിയുടെ പിതാവിന്റെ വാക്കുകള്‍.
അതിനിടെ യുവതിയുടെ മൊഴിമാറ്റം കേസിനെ ബാധിക്കില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു. ഭീഷണിപ്പെടുത്തി യുവതിയെ കൊണ്ട് മൊഴിമാറ്റിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതി രാഹുലിനെതിരെ യുവതി കോടതിയില്‍ നല്‍കിയ രഹസ്യമൊഴി കണക്കിലെടുത്ത് മുന്നോട്ടുപോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതിനിടെ ഒന്നാംപ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് കാട്ടി അഞ്ചുദിവസത്തിനകം അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കും. അന്വേഷണത്തിനിടെ രാഹുല്‍ ജര്‍മ്മനിയിലേക്ക് കടക്കുകയായിരുന്നു. പ്രതികളെ സഹായിച്ച സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും.
പരാതിക്കാരിയുടെ മൊഴിമാറ്റം പ്രതികള്‍ക്ക് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നും പൊലീസ് പറയുന്നു. അതിനിടെ യുവതിയെ ഭീഷണിപ്പെടുത്തുകയോ വാഗ്ദാനങ്ങള്‍ നല്‍കുകയോ ചെയ്തിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസ് റദ്ദാക്കാനുള്ള സത്യവാങ്മൂലം പരാതിക്കാരി ഒപ്പിട്ട് നല്‍കിയിട്ടുണ്ട്. യുവതി പൂര്‍ണ സമ്മതത്തോടെയാണ് ഒപ്പിട്ട് നല്‍കിയത്. തുടര്‍നടപടിക്കായി പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ചതായും അഭിഭാഷകന്‍ പറഞ്ഞു.
ഇന്നലെയാണ് ഭര്‍ത്താവിനെതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം കളവാണെന്ന് യുവതി യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. കുറച്ചുനാളുകളായി പൊലീസിന്റെയും മാധ്യമങ്ങളുടെയും മുന്നില്‍ കുറെ അധികം നുണകള്‍ പറയേണ്ടി വന്നിട്ടുണ്ട്. തന്നെ അത്രയധികം സ്നേഹിച്ച, ഇഷ്ടപ്പെട്ട ഭര്‍ത്താവ് രാഹുലേട്ടനെ കുറിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് അത്രയേറെ മോശമായി പറയാന്‍ പാടില്ലായിരുന്നു. ആവശ്യമില്ലാത്ത വ്യാജ ആരോപണങ്ങള്‍ രാഹുലേട്ടന്റെ തലയില്‍ വയ്ക്കുകയായിരുന്നു. അത് തന്റെ മാത്രം തെറ്റാണെന്നുമായിരുന്നു യുവതി വീഡിയോയില്‍ പറഞ്ഞത്.
യുവതിയെ സ്്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായി മര്‍ദിച്ചെന്ന കേസ് ഏറെ വിവാദമായിരുന്നു. രാഹുലിനും അമ്മയ്ക്കും സഹോദരിക്കുമെതിരെ കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഈ കേസ് കൈകാര്യം ചെയ്ത 2 പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. അതിനിടെയാണു മുന്‍പ് പറഞ്ഞത് പൂര്‍ണമായി മാറ്റിപ്പറഞ്ഞ് യുവതി രംഗത്തു വന്നത്.
by liji HP News | Jun 11, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബാര്‍കോഴ വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്. വെള്ളിയാഴ്ച ക്രൈംബ്രാഞ്ചിന്റെ ജവഹര്‍ നഗര്‍ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് അര്‍ജുന്‍ രാധാകൃഷ്ണന് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു. വിവാദ ശബ്ദരേഖ വന്ന ബാറുടമകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു അര്‍ജുന്‍ രാധാകൃഷ്ണനെന്ന് അന്വേഷണ സംഘം പറയുന്നു.
പിന്നീട് വാട്‌സ്ആപ്പ് അഡ്മിന്‍ സ്ഥാനത്തു നിന്നും അര്‍ജുന്‍ മാറിയെങ്കിലും ഗ്രൂപ്പ് അംഗമായി തുടരുന്നുണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ഈ സാഹചര്യത്തില്‍ വിവരങ്ങള്‍ ചോദിച്ചറിയാനാണ് അര്‍ജുനെ വിളിച്ചതെന്നും അന്വേഷണ സംഘം പറയുന്നു. ഡ്രൈഡേ ഒഴിവാക്കാനും പ്രവര്‍ത്തന സമയം കൂട്ടാനുമായി പണം നല്‍കാന്‍ നിര്‍ദേശിച്ച് ബാറുടമകളുടെ സംഘടനയുടെ ഇടുക്കി ജില്ലാ മുന്‍ പ്രസിഡന്റ് അനിമോന്‍ ജില്ലയിലെ സംഘടനയിലെ അംഗങ്ങള്‍ക്ക് അയച്ച ഓഡിയോ പുറത്തു വന്നതാണ് വിവാദമായത്.
അര്‍ജുന്‍ രാധാകൃഷ്ണന് നേരിട്ട് നോട്ടീസ് നല്‍കാനാണ് ഇന്നലെ ക്രൈംബ്രാഞ്ച് ശ്രമിച്ചത്. എന്നാല്‍ തനിക്ക് ബാര്‍ ബിസിനസ് ഇല്ലെന്ന് പറഞ്ഞ് അര്‍ജിന്‍ നോട്ടീസ് കൈപ്പറ്റാന്‍ വിസമ്മതിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇമെയിലായിട്ടാണ് അര്‍ജുന്‍ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുള്ളത്. ബാര്‍കോഴയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയെങ്കിലും അത് തള്ളിയിരുന്നു.
by liji HP News | Jun 11, 2024 | Latest News, കേരളം
കണ്ണൂര്‍: ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ രണ്ടു മലയാളി യുവതികള്‍ കടലില്‍ വീണു മരിച്ചു. പാറക്കെട്ടിലിരുന്നപ്പോള്‍ തിരമാലകള്‍ വന്നിടിച്ച് കടലില്‍ വീഴുകയായിരുന്നു. നടാല്‍ നാറാണത്ത് പാലത്തിനു സമീപം ഹിബയില്‍ മര്‍വ ഹാഷിം (35), കൊളത്തറ നീര്‍ഷാ ഹാരിസ് (ഷാനി-38) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നീര്‍ഷയുടെ സഹോദരി റോഷ്‌ന പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇന്നലെ പ്രാദേശിക സമയം വൈകീട്ടു 4.30ന് ആയിരുന്നു അപകടം. സിഡ്‌നി സതര്‍ലന്‍ഡ് ഷെയറിലെ കുര്‍ണെലില്‍ അവധിയാഘോഷത്തിന് എത്തിയതായിരുന്നു ഇവര്‍. പാറക്കെട്ടിലിരുന്നപ്പോള്‍ തിരമാലകള്‍ വന്നിടിക്കുകയും മൂന്നുപേരും പാറക്കെട്ടുകള്‍ക്കിടയിലൂടെ കടലില്‍ വീഴുകയുമായിരുന്നു. പരിക്കുകളോടെ രക്ഷപ്പെട്ട റോഷ്‌ന വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസിന്റെ ഹെലികോപ്റ്റര്‍ രക്ഷാസംഘമാണ് ഇരുവരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.
by liji HP News | Jun 11, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,680 രൂപയായി. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 6585 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞയാഴ്ചയാണ് 54,000 കടന്നും മുന്നേറിയത്. പിന്നീട് ഒറ്റയടിക്ക് 1500 രൂപ കുറഞ്ഞാണ് 52,000 നിലവാരത്തിലേക്ക് എത്തിയത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

Recent Comments