അടിച്ച് കേറി വാ മക്കളെ…; അപരിചിതര്‍ നല്‍കുന്ന ഭക്ഷണം വാങ്ങി കഴിക്കരുത്!; മാര്‍ഗനിര്‍ദേശവുമായി കേരള പൊലീസ്

അടിച്ച് കേറി വാ മക്കളെ…; അപരിചിതര്‍ നല്‍കുന്ന ഭക്ഷണം വാങ്ങി കഴിക്കരുത്!; മാര്‍ഗനിര്‍ദേശവുമായി കേരള പൊലീസ്

കൊച്ചി: പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമിട്ട് ഇന്ന് സംസ്ഥാനത്തൊട്ടാകെയുള്ള സ്‌കൂളുകളില്‍ എത്തിയ കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി കേരള പൊലീസ്. അടിച്ച് കേറി വാ മക്കളെ… എന്ന തലക്കെട്ടോടെ ഫെയ്‌സ്ബുക്കിലാണ് കേരള പൊലീസ് നിര്‍ദേശങ്ങള്‍ പങ്കുവെച്ചത്.

ഒന്നിലധികം കുറിപ്പുകളിലായാണ് ഓരോ സന്ദര്‍ഭങ്ങളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട കാര്യങ്ങളും കേരള പൊലീസ് വിവരിച്ചത്. എന്ത് ആവശ്യത്തിനും തങ്ങളെ 112 എന്ന എമര്‍ജന്‍സി നമ്പറില്‍ വിളിച്ചോളാനും കൂടെ ഉണ്ടാവുമെന്നും പൊലീസ് ഉറപ്പ് നല്‍കി കൊണ്ടാണ് കുറിപ്പുകള്‍. ‘ചുറ്റിലേക്കും തലയുയര്‍ത്തി നോക്കുക. എന്ത് ആവശ്യത്തിനും ഞങ്ങള്‍ കൂടെയുണ്ട്. എപ്പോള്‍ വേണമെങ്കിലും 112 എന്ന നമ്പറില്‍ വിളിയ്ക്കാം. എല്ലാവിധ ആശംസകളും നേരുന്നു.’- കേരള പൊലീസ് കുറിച്ചു.

മാര്‍ഗനിര്‍ദേശങ്ങള്‍:

1. ആരില്‍നിന്നെങ്കിലും മോശം പെരുമാറ്റമുണ്ടായാല്‍ ഉടന്‍ അധ്യാപകരെ അറിയിക്കുക. ചുറ്റിലേയ്ക്കും തലയുയര്‍ത്തി നോക്കുക. എന്ത് ആവശ്യത്തിനും ഞങ്ങള്‍ കൂടെയുണ്ട്.

2. ഒരുതരത്തിലുള്ള ലഹരിവസ്തുക്കളും ഉപയോഗിക്കരുത്. ലഹരി ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അധ്യാപകരെയോ പോലീസിനെയോ അറിയിക്കുക

3.അപരിചിതരുമായി ചങ്ങാത്തത്തിലാകുകയോ, അവര്‍ നല്‍കുന്ന ഭക്ഷണം വാങ്ങി കഴിക്കുകയോ ചെയ്യരുത്.

4.റോഡിലൂടെ നടക്കുമ്പോള്‍ വലതുവശം ചേര്‍ന്ന് നടക്കുക. സീബ്ര ലൈനില്‍ മാത്രം റോഡ് മുറിച്ച് കടക്കുക.

5.മൊബൈല്‍ ഫോണുകള്‍ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക. പത്രവായന ശീലമാക്കുക. സോഷ്യല്‍ മീഡിയയ്ക്ക് അടിമപ്പെടാതിരിക്കുക.

വ്ലോഗര്‍ സഞ്ജു ടെക്കിക്കെതിരെ പൊലീസ് കേസും: നടപടി ആര്‍ടിഒ പരാതിയിൽ

വ്ലോഗര്‍ സഞ്ജു ടെക്കിക്കെതിരെ പൊലീസ് കേസും: നടപടി ആര്‍ടിഒ പരാതിയിൽ

ആലപ്പുഴ: കാറിനുള്ളിലെ സ്വിമ്മിംഗ് പൂളിൽ കുളിച്ചുള്ള യാത്രയ്ക്ക് പിന്നാലെ വ്ലോഗര്‍ സഞ്ജു ടെക്കിക്കെതിരെ പോലീസ് കേസെടുക്കും. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കേസ്. ആര്‍ടിഒയുടെ പരാതിയിലാണ് മണ്ണഞ്ചേരി പോലീസ് കേസെടുക്കുക. ആര്‍ടിഒ രജിസ്റ്റര്‍ ചെയ്ത കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് ആലപ്പുഴ കോടതിക്ക് കൈമാറും.

സഞ്ജുവിനെതിരെ പ്രോസിക്യൂഷൻ നടപടി വേണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ നടപടികൾ. സഞ്ജുവിനൊപ്പം യാത്ര ചെയ്ത കൂട്ടുകാരും പ്രോസീക്യൂഷൻ നടപടി നേരിടേണ്ടി വരും. കാർ ഇന്നലെ പോലീസ് കസ്റ്റഡിയിലേക് മാറ്റിറിയിരുന്നു. ആര്‍ടിഒയുടെ ശിക്ഷാ നടപടിയെ പരിഹസിച്ച് വീഡിയോ ഇട്ടത് വിവാദമായിരുന്നു. 10 ലക്ഷം രൂപ ചെലവിട്ടാൽ പോലും കിട്ടാത്ത റീച്ച് കേസ് മൂലം തനിക് കിട്ടി എന്നായിരുന്നു പരിഹാസം. ആര്‍ടിഒക്കും മാധ്യമങ്ങൾക്കും നന്ദി എന്നായിരുന്നു നിയമപരമായ ശിക്ഷാ നടപടിയെ പരിഹസിച്ചുകൊണ്ട് സഞ്ജു വീഡിയോ പുറത്തുവിട്ടത്.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് നാല്‍പ്പത് രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വിപണിവില 6610 രൂപയും ഒരു പവന് 52,880 രൂപയുമായി. സംസ്ഥാനത്തെ വെള്ളി നിരക്കിലും മാറ്റം വന്നു. ഒരു ഗ്രാം വെള്ളി വില ഇന്ന് 97.90 രൂപയും ഒരു കിലോ വെള്ളി വില 97,900 രൂപയുമാണ്.

മെയ് മാസം വലിയ വര്‍ധനവായിരുന്നു സ്വര്‍ണവിലയിലുണ്ടായത്. മെയ് 20ന് 55000 കടന്ന് 55,120 ലേക്കെത്തി മഞ്ഞലോഹം, ഈ മാസം ആദ്യം 53200 ആയിരുന്നു സ്വര്‍ണവില. മാര്‍ച്ച് 29നാണ് ആദ്യമായി സ്വര്‍ണവില 50000 പിന്നിട്ടത്. അന്താരാഷ്ട്രതലത്തില്‍ ഔണ്‍സിന് 2321ഡോളറാണ് സ്വര്‍ണ വില.

വർക്കലയിൽ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു

വർക്കലയിൽ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു

കഴിഞ്ഞ ദിവസം വർക്കലയിൽ പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി അമൽ രാജ് (18) മരണപ്പെട്ടു. അമൽ രാജിനെയും അമ്മ ബിന്ദു വിനെയും ഇന്നലെയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഊന്നിൻന്മൂട് ചെമ്പകശ്ശേരി ഹയർ സെക്കന്റി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് അമൽ രാജ്.

വർക്കലയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രാജേന്ദ്രൻ ഭാര്യയെയും മകനെയും തീകൊളുത്തി. പൊള്ളലേറ്റ ചെമ്മരുതി സ്വദേശി രാജേന്ദ്രൻ കഴിഞ്ഞ ദിവസം തന്നെ മരണപ്പെട്ടിരുന്നു. ഭാര്യ ബിന്ദുവിനേയും (43) മകൻ അമലിനേയും (17) ഗുരുതര പരിക്കുകളോടെ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചിരുന്നു.

പുതിയ കാലവും പുതിയ ലോകവും നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കണം; സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

പുതിയ കാലവും പുതിയ ലോകവും നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കണം; സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം എളമക്കര ജി.എച്ച്.എസ്.എസിലായിരുന്നു പ്രവേശനോത്സവം ഉദ്ഘാടനം. വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തും പുതിയ അധ്യയന വര്‍ഷത്തെ സംസ്ഥാനത്തിന്റെ നേട്ടങ്ങളും പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ഇത്തവണയും കൃത്യസമയത്ത് പാഠപുസ്തകവും യൂണിഫോമും കുട്ടികള്‍ക്ക് നല്‍കാനായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ക്ലാസ് മുറികള്‍ ഹൈടെക്കായി. റോബോട്ടിക് കിറ്റുകള്‍ ലഭ്യമാക്കി. വിദ്യാഭ്യാസത്തിനും വിനോദത്തിനും ഒട്ടേറെ സാധ്യതകളുള്ള ഇടമാക്കി വിദ്യാലയങ്ങളെ മാറ്റി. പുതിയ കാലവും പുതിയ ലോകവുമാണ്. ഇത് നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് പൊതുവിദ്യാഭ്യാസ മേഖലയുടെ ലക്ഷ്യം. പൊതുവിദ്യാഭ്യാസ മേഖലയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാന്‍ നാടിന് ഉത്തരവാദിത്തമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒന്നാം ക്ലാസ്സിലേക്ക് ഇതുവരെ വന്നുചേര്‍ന്നത് രണ്ട് ലക്ഷത്തിനാല്‍പത്തി നാലായിരത്തി അറുന്നൂറ്റി നാല്‍പത്തിയാറ് കുട്ടികളാണ്. ഇതുള്‍പ്പെടെ മധ്യവേനല്‍ അവധി കഴിഞ്ഞ് മുപ്പത്തിയൊമ്പത് ലക്ഷത്തി തൊണ്ണൂറ്റി നാലായിരത്തി തൊള്ളായിരത്തി നാല്‍പത്തി നാല് കുട്ടികള്‍ ഇന്നു സ്‌കൂളുകളിലേക്ക് എത്തും.