വീട്ടിലെ അടുക്കളയില്‍ ചാരായ നിര്‍മാണം; ചാലക്കുടിയില്‍ യുവാവ് അറസ്റ്റില്‍

വീട്ടിലെ അടുക്കളയില്‍ ചാരായ നിര്‍മാണം; ചാലക്കുടിയില്‍ യുവാവ് അറസ്റ്റില്‍

തൃശൂര്‍: വീട്ടില്‍ വ്യാജ ചാരായം നിര്‍മ്മിച്ചയാള്‍ അറസ്റ്റില്‍. പരിയാരം മണലായി വേങ്ങൂരാന്‍ വീട്ടില്‍ റിജുവിനെയാണ് ചാലക്കുടി എക്സൈസ് ഇന്‍സ്പെക്ടര്‍ എസ് സമീറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നിന്നും 10ലിറ്റര്‍ വ്യാജ ചാരായവും 80ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.

എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിലെ അടുക്കളയില്‍ നിന്നും ഇവ പിടിച്ചെടുത്തത്. സ്വന്തം ഉപയോഗത്തിനും വില്പനക്കായുമാണ് വ്യാജ ചാരായം നിര്‍മ്മിക്കുന്നതെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. അസി. ഇന്‍സ്പെക്ടര്‍മാരായ ജെയ്സണ്‍ ജോസ്, കെ എന്‍ സുരേഷ്, ഇ പി ദിബോസ്, പി പി ഷാജി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

കളിപ്പാട്ടങ്ങളില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കൊറിയര്‍ വഴി വില്‍പ്പന, പ്രതിക്ക് 21 വര്‍ഷം കഠിന തടവും പിഴയും

കളിപ്പാട്ടങ്ങളില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കൊറിയര്‍ വഴി വില്‍പ്പന, പ്രതിക്ക് 21 വര്‍ഷം കഠിന തടവും പിഴയും

മലപ്പുറം: ഗോവയില്‍ നിന്നും കൊറിയര്‍ വഴി മയക്കുമരുന്ന് കടത്തിയ കേസില്‍ പ്രതിക്ക് 21 വര്‍ഷം കഠിന തടവും 210000 രൂപ പിഴയും വിധിച്ചു. കേസിലെ മൂന്നാം പ്രതി സക്കീര്‍ ഹുസൈനാണ് മയക്കുമരുന്ന് കേസില്‍ ശിക്ഷ വിധിച്ചത്.

118. 12 ഗ്രാം എംഡിഎംഎ, 0.93 എല്‍എസ്ഡി സറ്റാമ്പ്, 1.15 കിലോഗ്രാം കഞ്ചാവ്, 325.85 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയാണ് മലപ്പുറം എക്‌സൈസ് സംഘം പിടിച്ചെടുത്തത്. രണ്ടാം പ്രതിയുടെ വിചാരണ പൂര്‍ത്തിയായെങ്കിലും ഇയാള്‍ ഒളിവില്‍ പോയതിനാല്‍ ശിക്ഷ വിധിച്ചിട്ടില്ല. കേസിന്റെ വിചാരണ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഒന്നാം പ്രതി ഒളിവില്‍ പോയിരുന്നു. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

22.11.2020 ന് പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി.കെ. മുഹമ്മദ് ഷഫീഖും പാര്‍ട്ടിയും ചേര്‍ന്നാണ് കേസ് എടുത്തത്. മാരക ലഹരി മരുന്നുകളുമായി, ഒന്നും രണ്ടു പ്രതികളായ, റമീസ് റോഷന്‍ (30 വയസ്സ്), ഹാഷിബ് ശഹീന്‍ (29 വയസ്സ്) എന്നിവരെ അന്ന് എക്‌സൈസ് അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തിരുന്നു. കളിപ്പാട്ടങ്ങള്‍, റെഡിമെയ്ഡ് ഡ്രസ് എന്നിവയുടെ കച്ചവടത്തിന്റെ മറവില്‍ ഗോവയില്‍ നിന്നും കൊറിയര്‍ സര്‍വ്വീസ് വഴി മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന് വില്‍പ്പന നടത്തുകയായിരുന്നു ഇവര്‍.

തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മൂന്നാം പ്രതി സക്കീര്‍ ഹുസൈന്‍ (37 വയസ്സ്) പിടിയിലായി. ഇയാള്‍ ഗോവയില്‍ നിന്നും ഒന്നും രണ്ടും പ്രതികള്‍ക്ക് കളിപ്പാട്ടങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് കൊറിയര്‍ സര്‍വ്വീസ് വഴിയാണ് 30 ഗ്രാം എംഡിഎംഎ കടത്തിയത്. ഇത് രാമനാട്ടുകരയിലെ കൊറിയര്‍ സര്‍വീസില്‍ നിന്നുമാണ് പിടിച്ചെടുത്തത്. മഞ്ചേരി എന്‍ഡിപിഎസ് കോടതിയിലാണ് വിചാരണ പൂര്‍ത്തിയായി ശിക്ഷ വിധിച്ചത്.

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മുന്ന് ജില്ലകളില്‍ തിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശനിയാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട് ജില്ലകളില്‍ തീവ്രമഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

ഞായറാഴ്ച ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ തീവ്രമഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ കാസര്‍കോട് ജില്ലളില്‍ യെല്ലോ അലര്‍ട്ടാണ്.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കോഴിക്കോട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ച ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; പവന് 160 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; പവന് 160 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്. പവന് 160 രൂപ കുറഞ്ഞ് 53,200 രൂപയിലെത്തി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 6650 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റ ഇന്നത്തെ വില. രണ്ട് ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.

20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞുമാണ് സ്വര്‍ണവില. ഓഹരി വിപണിയിലെ മുന്നേറ്റവും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും 50,000ന് മുകളില്‍ നില്‍ക്കാന്‍ കാരണം. മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്.

നെയ്യാറ്റിന്‍കരയില്‍ കിടപ്പു രോഗിയായ മകളെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം, അമ്മ ജീവനൊടുക്കി

നെയ്യാറ്റിന്‍കരയില്‍ കിടപ്പു രോഗിയായ മകളെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം, അമ്മ ജീവനൊടുക്കി

തിരുവനന്തപുരം: കിടപ്പുരോഗിയായ മകളുടെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് നാടിനെ നടുക്കിയ സംഭവം. നെയ്യാറ്റിന്‍കര റെയില്‍വേ പാലത്തിനു സമീപമുള്ള വീട്ടില്‍ താമസിക്കുന്ന ലീല (75) ആണ് മകള്‍ ബിന്ദുവിനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ശേഷം ആത്മഹത്യ ചെയ്തത്. മകള്‍ ബിന്ദു കിടപ്പുരോഗിയാണ്. ഗുരുതരമായി പരിക്കേറ്റ ബിന്ദുവിനെ നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. വിവരം പുറത്തറിയുന്നത് ശനിയാഴ്ച രാവിലെയാണ്. നെയ്യാറ്റിന്‍കര പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.