കാണാതായ പെണ്‍കുട്ടിയെ കൊല്‍ക്കത്തയിലേയ്ക്ക് കടത്താന്‍ ശ്രമം, തട്ടിക്കൊണ്ടുപോയവര്‍ക്കെതിരെ പോക്‌സോ കേസ്

കാണാതായ പെണ്‍കുട്ടിയെ കൊല്‍ക്കത്തയിലേയ്ക്ക് കടത്താന്‍ ശ്രമം, തട്ടിക്കൊണ്ടുപോയവര്‍ക്കെതിരെ പോക്‌സോ കേസ്

കൊച്ചി: ആലുവയില്‍ നിന്നും കാണാതായ പന്ത്രണ്ടുവയസുകാരിക്കൊപ്പം കണ്ടെത്തിയ രണ്ടുപേര്‍ക്കെതിരെ പോക്‌സോ, തട്ടിക്കൊണ്ടുപോകല്‍ വകുപ്പുകള്‍ ചുമത്തും. കുട്ടിയുടെ സുഹൃത്തിനേയും ഇയാളുടെ ബന്ധുവിനേയുമാണ് പൊലീസ് പിടികൂടിയത്.

ഞായറാഴ്ച വൈകീട്ടായിരുന്നു ആലുവ എടയപ്പുറത്ത് നിന്നും മകളെ കാണാനില്ലെന്ന് ബംഗാള്‍ സ്വദേശികളായ മാതാപിതാക്കള്‍ പരാതി നല്‍കിയത്. സമീപത്തെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ പോയ കുട്ടിയെ പിന്നീട് കാണാതായി. അഞ്ച് മണിക്കൂറിന് ശേഷം അങ്കമാലി റെയില്‍വേ സ്റ്റേഷന് സമീപം ഇതരസംസ്ഥാനക്കാര്‍ താമസിക്കുന്ന പ്രദേശത്ത് നിന്നും ആലുവ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കുട്ടിയെ കണ്ടെത്തി. കുട്ടിയുമായി കൊല്‍ക്കത്തയിലേക്ക് കടക്കാനിരിക്കുകയായിരുന്നു ഇവര്‍.

കുട്ടി തങ്ങള്‍ക്കൊപ്പമുണ്ടെന്ന് പറഞ്ഞ് പ്രതികള്‍ ബന്ധുക്കളെ വിളിച്ചിരുന്നതായാണ് വിവരം. ഈ നമ്പര്‍ അന്വേഷിച്ച പൊലീസ് കുട്ടിയെയും പ്രതികളെയും കണ്ടെത്തുകയായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളും കുട്ടിയെ കണ്ടെത്തുന്നതിന് സഹായകമായി.

ഇറച്ചി വെട്ടുന്നതിനിടെ കടയില്‍ കയറി മർദനം; മുഖത്ത് ഇടിയേറ്റ തൊഴിലാളി തളർന്നുവീണു

ഇറച്ചി വെട്ടുന്നതിനിടെ കടയില്‍ കയറി മർദനം; മുഖത്ത് ഇടിയേറ്റ തൊഴിലാളി തളർന്നുവീണു

പാലക്കാട് വടക്കഞ്ചേരിയിൽ ഇറച്ചി വില്‍ക്കുന്ന കടയില്‍ അഥിതി തൊഴിലാളിക്ക് ക്രൂര മർദ്ദനം. കടയിലെ തൊഴിലാളിയായ സന്തോവാൻ (37) എന്നയാള്‍ക്കാണ് പരുക്കേറ്റത്. മുഖത്ത് ശക്തമായ ഇടിയേറ്റ സന്തോവാൻ തളർന്നുവീണു. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കടയില്‍ ഇറച്ചി വെട്ടികൊണ്ടിരിക്കെ കടയിലേക്ക് കയറി വന്ന യുവാവ് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

തുടര്‍ന്ന് മുഷ്ടി ചുരുട്ടി സന്തോവാന്റെ മുഖത്ത് ശക്തമായി ഇടിക്കുകയായിരുന്നു. തളർന്നുവീണ സന്തോവാനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാല്‍കുളമ്പ് സ്വദേശി രമേഷാണ് ആക്രമിച്ചത്. ഇരുവരും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നതായാണ് വിവരം. സംഭവത്തില്‍ വടക്കഞ്ചേരി പൊലീസില്‍ പരാതി നല്‍കി.

വീട്ടുകാര്‍ക്കൊപ്പം പുഴ കാണാനെത്തി; ഇടുക്കിയില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നര വയസുകാരന്‍ മരിച്ചു

വീട്ടുകാര്‍ക്കൊപ്പം പുഴ കാണാനെത്തി; ഇടുക്കിയില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നര വയസുകാരന്‍ മരിച്ചു

തൊടുപുഴ: ഇടുക്കി പൂപ്പാറയില്‍ ഒഴുക്കില്‍പെട്ട് മൂന്നര വയസുകാരന്‍ മരിച്ചു. പൂപ്പാറ കാവുംഭാഗം പുഞ്ചക്കരയില്‍ രാഹുലിന്റെ മകന്‍ ശ്രീനന്ദ് ആണ് മരിച്ചത്. ഇന്ന് രാവിലെ 11നാണ് സംഭവം. ബന്ധുക്കള്‍ക്കും വീട്ടുകാര്‍ക്കുമൊപ്പം പന്നിയാര്‍ പുഴ കാണാനായി എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. പാറയില്‍ നിന്നും തെന്നി പന്നിയാര്‍ പുഴയിലേക്ക് വീഴുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട കുട്ടിയെ ഉടനെ തന്നെ ബന്ധുക്കള്‍ രക്ഷപ്പെടുത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

‘അത് അവഹേളനം തന്നെ’; പരസ്യക്കേസില്‍ ബിജെപിക്കു തിരിച്ചടി, ഇടപെടില്ലെന്ന് സുപ്രീം കോടതി

‘അത് അവഹേളനം തന്നെ’; പരസ്യക്കേസില്‍ ബിജെപിക്കു തിരിച്ചടി, ഇടപെടില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിനെ അവഹേളിക്കുന്ന വിധത്തിലുള്ള പരസ്യങ്ങള്‍ വിലക്കിയ കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരെ ബിജെപി നല്‍കിയ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. പരസ്യങ്ങള്‍ പ്രഥമദൃഷ്ട്യാ അവഹേളനപരമാണെന്ന് ജസ്റ്റിസുമാരായ ജെകെ മഹേശ്വരിയും കെവി വിശ്വനാഥനും അഭിപ്രായപ്പെട്ടു.

പരസ്യങ്ങള്‍ തെരഞ്ഞെടുപ്പു ഫലം വരുന്നതു വരെ വിലക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചിരുന്നു. ഇതു ചോദ്യം ചെയ്താണ് ബിജെപി സുപ്രീം കോടതിയെ സമീപിച്ചത്.

പ്രഥമദൃഷ്ട്യാ പരസ്യങ്ങള്‍ അവഹേളനപരമാണെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടതോടെ ഹര്‍ജി പിന്‍വലിക്കാന്‍ ബിജെപിക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പിഎസ് പട്വാലിയ അനുമതി തേടുകയായിരുന്നു. ഇതിന് ബെഞ്ച് അനുമതി നല്‍കി. തുടര്‍ന്ന് പിന്‍വലിച്ചതായി രേഖപ്പെടുത്തി ഹര്‍ജി തള്ളി.

ചക്രവാതച്ചുഴിയുടെ ശക്തി കുറഞ്ഞു; സംസ്ഥാനത്ത് ഇന്ന് മുതൽ മഴക്ക് ശമനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കുറയും. തെക്കന്‍ കേരളത്തിന് മുകളില്‍ സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴിയുടെ ശക്തി കുറഞ്ഞതോടെയാണ് മഴ കുറയുന്നത്. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. അതേസമയം ഇന്ന് രാത്രിവരെ കേരള തീരത്ത് കടലേറ്റത്തിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ജാഗ്രതയുടെ ഭാഗമായി ഇനിയൊരു അറിയിപ്പുണ്ടാകുംവരെ കേരള തീരത്ത് നിന്നുള്ള ബത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട റേമൽ ചുഴലിക്കാറ്റ് പശ്ചിമ ബംഗാൾ കരതൊട്ടു. കാറ്റിന്റെ വേഗം മണിക്കൂറിൽ 110 കിലോമീറ്ററെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗ്ലാദേശിലെ ഖേപുപറയ്ക്കും ബംഗാളിലെ സാഗർദ്വീപിനും മധ്യേയാണ് കാറ്റ് കരതൊട്ടത്.കൊൽക്കത്ത, ഹുബ്ലി, ഹൗറ എന്നിവിടങ്ങളിൽ ശക്തമായ മഴയും കാറ്റും വീശി. തീരദേശത്തും താഴ്ന്ന പ്രദേശത്തുമുള്ള നിരവധി പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. നിരവധി പ്രദേശങ്ങളിൽ മരം കടപുഴകിവീണ് ഗതാഗതം തടസ്സപ്പെട്ടു. ദുരന്തനിവാരണ സേന എത്തി റോഡിൽ വീണ മരങ്ങൾ മുറിച്ചുമാറ്റി. കൊൽക്കത്ത വിമാനത്താവളം അടച്ചു.