കെഎസ് യു കൂട്ടത്തല്ല്; സംസ്ഥാന ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ നാലുപേര്‍ക്ക് സസ്‌പെന്‍ഷന്‍

കെഎസ് യു കൂട്ടത്തല്ല്; സംസ്ഥാന ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ നാലുപേര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കെഎസ് യു തിരുവനന്തപുരത്ത് സംഘടിപ്പിച്ച നേതൃക്യാമ്പിലുണ്ടായ കൂട്ടത്തല്ലില്‍ നാലു നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്‍ എറണാകുളം ജില്ലാ സെക്രട്ടറി എയ്ഞ്ചലോ ജോര്‍ജ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജെറിന്‍ ആര്യനാട്, ജില്ലാ വൈസ് പ്രസിന്റ് അല്‍ അമീന്‍ അഷറഫ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കെപിസിസി നിയോഗിച്ച മൂന്നംഗസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കെ സുധാകരന്റെ ഏറ്റവും അടുത്തയാളാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്‍. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തു എന്നതുള്‍പ്പടെയാണ് നടപടിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പഴകുളം മധുവിനും എഎം നസീര്‍, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നടത്തിപ്പു ചുമതലയുള്ള എകെ ശശി എന്നിവര്‍ അടങ്ങുന്ന മൂന്നംഗ സമിതിയാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തിരുവനന്തപുരം നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന പഠനശിബിരത്തിനിടെയാണ് കെഎസ്യു പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് അടിയുണ്ടാക്കിയത്. സംഭവത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റിരുന്നു.

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജനല്‍ ചില്ലുകള്‍ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ക്യാമ്പിനിടെ ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത് ഞായറാഴ്ച ക്യാമ്പ് അവസാനിക്കാനിരിക്കെയായിരുന്നു സംഘര്‍ഷം. ഇതേത്തുടര്‍ന്ന് ക്യാമ്പ് നിര്‍ത്തിവെക്കുകയായിരുന്നു.

സ്റ്റാറ്റസ് അപ്‌ഡേറ്റില്‍ ഇനി സമയം പ്രശ്‌നമല്ല; നീണ്ട വോയ്‌സ് നോട്ടുകള്‍ അയക്കാം, വാട്‌സ്ആപ്പില്‍ പുതിയ അപ്‌ഡേറ്റ്

സ്റ്റാറ്റസ് അപ്‌ഡേറ്റില്‍ ഇനി സമയം പ്രശ്‌നമല്ല; നീണ്ട വോയ്‌സ് നോട്ടുകള്‍ അയക്കാം, വാട്‌സ്ആപ്പില്‍ പുതിയ അപ്‌ഡേറ്റ്

ഡല്‍ഹി: ഉപയോക്താക്കള്‍ക്കായി സ്റ്റാറ്റസ് ഫീച്ചറില്‍ പുതിയ അപ്‌ഡേറ്റുമായി വാടസ്ആപ്പ്. നീണ്ട വോയ്‌സ് നോട്ടുകള്‍ സ്റ്റാറ്റസ് അപ്‌ഡേറ്റാക്കാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചറെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു.

വാട്‌സ്ആപ്പിന്റെ ആഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് പുതിയ അപ്‌ഡേറ്റ് ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ അപ്‌ഡേറ്റ് എത്തുന്നതോടെ ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസില്‍ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വോയ്‌സ് നോട്ടുകള്‍ അയക്കാന്‍ കഴിയും.

വാട്‌സ്ആപ്പിന്റെ പുതിയ പതിപ്പ് അപ്‌ഡേറ്റ് ചെയ്യുന്നവര്‍ക്ക് വോയ്‌സ് റെക്കോര്‍ഡ് ചെയ്യാനും അവ ഷെയര്‍ ചെയ്യാനും കഴിയും. തടസമില്ലാതെ ആശയ വിനിമയം സാധ്യമാക്കുകയാണ് പുതിയ ഫീച്ചറിലൂടെ വാട്‌സ്ആപ്പ് ലക്ഷ്യമിടുന്നത്.

പുതിയ അപ്‌ഡേറ്റ് എത്തുന്നതോടെ 30 സെക്കന്റിലധികം ദൈര്‍ഘ്യമുള്ള അറിയിപ്പുകളോ, വിവരങ്ങളോ പങ്കിടുന്നത് എളുപ്പമാക്കും. ഉപയോക്താക്കള്‍ മൈക്ക് ബട്ടണ്‍ ആവശ്യാനുസരണം ഹോള്‍ഡ് ചെയ്ത് വോയ്‌സ് നോട്ടുകള്‍ റെക്കോര്‍ഡ് ചെയ്യാം. പുതിയ ഫീച്ചര്‍ നിലവില്‍ വാട്‌സ്ആപ്പിന്റെ പുതിയ പതിപ്പ് അപ്‌ഡേറ്റ് ചെയ്തിട്ടുള്ള തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്.

കൊച്ചിയില്‍ ഗുണ്ടയുടെ സല്‍ക്കാരവിരുന്നില്‍ ഡിവൈഎസ്പി; 2 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചിയില്‍ ഗുണ്ടയുടെ സല്‍ക്കാരവിരുന്നില്‍ ഡിവൈഎസ്പി; 2 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: തമ്മനം ഫൈസല്‍ എന്ന കുപ്രസിദ്ധഗുണ്ടയുടെ വീട്ടില്‍ റെയ്ഡിനായി പൊലീസ് എത്തിപ്പോള്‍ സല്‍ക്കാരമുറിയില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി. എസ്‌ഐയെ കണ്ടതിന് പിന്നാലെ ശുചിമുറിയില്‍ ഡിവൈഎസ്പി ഓടിയൊളിക്കുകയായിരുന്നു. ഇന്നലെ വൈകീട്ടാണ് സംഭവം. ഡിവൈഎസ്പിയെ കൂടാതെ രണ്ട് പൊലീസുകാരും വിരുന്നില്‍ പങ്കെടുത്തു. ഇവരെ സസ്‌പെന്റ് ചെയ്തു.

അങ്കമാലിയിലെ പുളിയനത്തെ വീട്ടിലാണ് ഉന്നത പൊലീസ് ഉദ്യേഗസ്ഥനുള്‍പ്പടെ തമ്മനം ഫൈസല്‍ വിരുന്ന് ഒരുക്കിയത്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംജി സാബുവും രണ്ട്‌ പൊലീസുകാരുമാണ് വിരുന്നില്‍ പങ്കെടുത്തത്. ഏറെ നാളായി ഫൈസലിന്റെ വീട് പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഗുണ്ടാനേതാവിനെ കേന്ദ്രീകരിച്ച് എത്തിയപ്പോഴാണ് അവിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യം കണ്ടെത്തിയത്. എസ്‌ഐയെ കണ്ടപ്പോള്‍ ഡിവൈഎസ്പി ഉള്‍പ്പെട വീട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം ശക്തമായ സാഹചര്യത്തിലാണ് പൊലീസ് റെയ്ഡ് ശക്തമാക്കിയത്. അതിനിടെയാണ് പൊലീസ് – ഗുണ്ട ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്നത്. ഡിവൈഎസ്പിക്ക് നേരെ നേരത്തെയും ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അടുത്തമാസം റിട്ടയര്‍ ചെയ്യാനിരിക്കുന്ന ഉദ്യോഗസ്ഥനാണ് എംജി സാബു.

പെരിയാർ മത്സ്യക്കുരുതി; പരിശോധന കർശനമാക്കി മലിനീകരണ നിയന്ത്രണ ബോർഡ്

പെരിയാർ മത്സ്യക്കുരുതി; പരിശോധന കർശനമാക്കി മലിനീകരണ നിയന്ത്രണ ബോർഡ്

കൊച്ചി: പെരിയാറിലെ മത്സ്യകുരുതിയിൽ ഫോർട്ട് കൊച്ചി സബ് കളക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് എറണാകുളം ജില്ലാ ഭരണകൂടം സംസ്ഥാന സർക്കാരിന് കൈമാറി. എറണാകുളം ജില്ലാ കളക്ടറാണ് സംഭവം നടന്ന് ഒരാഴ്ചയാകുമ്പോൾ ആദ്യഘട്ട റിപ്പോർട്ട് ചീഫ് സെക്രട്ടറിക്കും, ഫിഷറീസ് സെക്രട്ടറിക്കും കൈമാറിയത്. വിഷയത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് ഫോർട്ട് കൊച്ചി സബ് കളക്ടറുടെ ശുപാർശ.

മലിനീകരണ നിയന്ത്രണ ബോർഡും ഫിഷറീസ് സർവ്വകലാശാലയും രാസമാലിന്യത്തിന്‍റെ സാന്നിദ്ധ്യം സംബന്ധിച്ച് വ്യത്യസ്ത റിപ്പോർട്ട് നൽകിയ പശ്ചാത്തലത്തിലാണ് കൂടുതൽ അന്വേഷണം വേണമെന്ന വിലയിരുത്തൽ. രണ്ടാഴ്ചയ്ക്കം ഇതേ ഏജൻസികൾ അന്തിമ പഠന റിപ്പോർട്ട് നൽകിയാൽ വിശദമായ കണ്ടെത്തലുകളോടെ റിപ്പോർട്ട് നൽകുമെന്നും ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് പ്രതികരിച്ചു. അതേസമയം, പെരിയാറിലെ മത്സ്യക്കുരുതിക്ക് ശേഷം മലിനീകരണ നിയന്ത്രണ ബോർഡ് പുഴയിൽ പരിശോധനകൾ കർശനമാക്കി. ചട്ടലംഘനം കണ്ടെത്തിയ രണ്ട് കമ്പനികൾക്കെതിരെ നടപടിയെടുത്തു. എ കെ കെമിക്കൽസ് എന്ന കമ്പനിയോട് അടച്ച് പൂട്ടാനും അർജ്ജുന ആരോമാറ്റിക്സ് എന്ന കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസുമാണ് നൽകിയത്. എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണിത്.

മുന്നറിയിപ്പില്‍ മാറ്റം, ഇന്നും നാളെയും മൂന്ന് ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്നും നാളെയും ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല. കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്.

ജാഗ്രതയുടെ ഭാഗമായി ഇന്നും നാളെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ചയും വ്യാഴാഴ്ചയും ഈ മൂന്ന് ജില്ലകള്‍ക്ക് പുറമേ കോട്ടയം, തൃശൂര്‍ ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

മെയ് 31ഓടേ കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍. കാലവര്‍ഷം എത്തുന്നതോടെ സംസ്ഥാനമൊട്ടാകെ മഴ സജീവമാകുമെന്നും കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നു.