by liji HP News | Apr 24, 2024 | Latest News, കേരളം
ആത്മഹത്യാ ഭീഷണി മുഴക്കി തെങ്ങിന്റെ മുകളിൽ കയറിയയാളെ അഗ്നിശമന സേന രക്ഷപ്പെടുത്തി. മലപ്പുറം അനന്താവൂർ മേടിപ്പാറ സ്വദേശി കോതകത്ത് മുഹമ്മദാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. കൻമനം ജുമാമസ്ജിദിന്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ തെങ്ങിലാണ് ഇയാൾ കയറിയത്
നാട്ടുകാർ അനുനയിപ്പിച്ചപ്പോൾ ആത്മഹത്യാ ശ്രമം ഉപേക്ഷിച്ച് താഴെ ഇറങ്ങാൻ മുഹമ്മദ് തയ്യാറായി. എന്നാൽ താഴെയിറങ്ങാനാകാതെ ഭയന്ന് തെങ്ങിനെ കെട്ടിപ്പിടിച്ചിരുന്ന മുഹമ്മദിനെ അഗ്നിശമന സേനയെത്തിയാണ് രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ ദിവസമാണ് സംഭവം. നാൽപതടിയോളം ഉയരമുള്ള തെങ്ങിലാണ് ഇയാൾ കയറിയത്. അനുനയശ്രമം വിജയിച്ചെങ്കിലും മുഹമ്മദിന് താഴെയിറങ്ങാനായില്ല. ഇതോടെയാണ് പ്രദേശവാസികൾ തിരൂർ ഫയർ ഫോഴ്‌സിനെ വിവരം അറിയിച്ചത്.
by liji HP News | Apr 24, 2024 | Latest News, കേരളം
തിരുവനന്തപുരം: ഏതുതരം വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് ഇനി അലച്ചിൽ ഉണ്ടാകില്ല. അപേക്ഷയോടൊപ്പം വയ്ക്കേണ്ട പരമാവധി രേഖകളുടെ എണ്ണം രണ്ടാക്കിയതായി കെഎസ്ഇബി അറിയിച്ചു. പുതിയ സർവീസ് കണക്ഷൻ നടപടിക്രമങ്ങൾ ഏകീകരിക്കുന്നതിനും ലഘൂകരിക്കുന്നതിനുമായി കെഎസ്ഇബി 2018 നവംബർ 2ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരമാണ് നടപടി.
അപേക്ഷകന്റെ തിരിച്ചറിയൽ രേഖ, വൈദ്യുതി കണക്ഷൻ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ എന്നിവ മാത്രം ഇനി മുതൽ ഹാജരാക്കിയാൽ മതിയാകും. തിരിച്ചറിയൽ രേഖയായി ഇലക്ടറൽ ഐഡി കാർഡ്, പാസ്പോർട്ട്, ഡ്രെവിംഗ് ലൈസൻസ്, റേഷൻ കാർഡ്, ഗവൺമെന്റ് /ഏജൻസി/പബ്ലിക്ക് സെക്ടർ യൂട്ടിലിറ്റി നൽകുന്ന ഫോട്ടോ ഉൾപ്പെട്ട കാർഡ്, പാൻ, ആധാർ, വില്ലേജിൽ നിന്നോ മുൻസിപ്പാലിറ്റിയിൽ നിന്നോ കോർപ്പറേഷനിൽ നിന്നോ പഞ്ചായത്തിൽ നിന്നോ ലഭിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന് പരിഗണിക്കാം.
അപേക്ഷകന് സ്ഥലത്തിനുമേലുള്ള നിയമപരമായ അവകാശം തെളിയിക്കുന്നതിന് കെട്ടിടത്തിൻ്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, സ്ഥലത്തിന്റെ കൈവശാവകാശം/ഉടമസ്ഥാവകാശം, ആധാരത്തിന്റെ സാക്ഷ്യപെടുത്തിയ പകർപ്പ് (ഏതെങ്കിലും ഗസ്റ്റഡ് ഓഫീസർ/KSEBL ഓഫീസർ സാക്ഷ്യപ്പെടുത്തിയാൽ മതിയാകും), നടപ്പ് സാമ്പത്തിക വർഷത്തെ കരമടച്ച രസീതിന്റെ കോപ്പി, വാടകക്കാരനെങ്കിൽ വാടകകരാറിന്റെ പകർപ്പും മേൽപ്പറഞ്ഞ രേഖകളിൽ ഏതെങ്കിലും ഒന്നും, മുൻസിപ്പാലിറ്റിയിൽ നിന്നോ കോർപ്പറേഷനിൽ നിന്നോ പഞ്ചായത്തിൽ നിന്നോ ലഭിക്കുന്ന താമസക്കാരൻ എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്നുമാണ് ആവശ്യം
by liji HP News | Apr 24, 2024 | Latest News, കേരളം
കൊല്ലം: ലോക്‌സഭ തെരഞ്ഞെടുപ്പ് ദിനത്തിൽ അധിക സർവീസ് നടത്താൻ കെഎസ്‌ആർടിസി. വോട്ട് ചെയ്യുന്നതിന് വിവിധ ജില്ലകളിലേക്ക് ആളുകൾ യാത്ര ചെയ്യുന്നതിലുള്ള തിരക്ക് പരിഗണിച്ചാണ് കെഎസ്ആർടിസി അധിക സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഓൺലൈൻ റിസർവേഷൻ സൗകര്യമുള്ള 150ലധികം ബസുകളാണ് ഓടിക്കുന്നത്.
കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, സുൽത്താൻബത്തേരി, മാനന്തവാടി, കൽപ്പറ്റ, നിലമ്പൂർ, പെരിന്തൽമണ്ണ തുടങ്ങിയ ഡിപ്പോകളിൽ നിന്ന് തൃശൂർ, എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്ക് സൂപ്പർ എക്സ്‌പ്രസ്സ്, സൂപ്പർ ഫാസ്റ്റ്-സൂപ്പർ ഡീലക്സ്, എസി ലോഫ്ളോർ ബസുകളാണ് ഓടിക്കുക.
തിരുവനന്തപുരം സെൻട്രൽ, ആറ്റിങ്ങൽ, കണിയാപുരം ഡിപ്പോകളിൽ നിന്ന് കോട്ടയം, എറണാകുളം ഭാഗത്തേക്കും ബസുകളുണ്ടാകും. സൂപ്പർ ക്ലാസ് ബസുകൾ ലഭ്യമല്ലാത്തയിടങ്ങളിൽ ഫാസ്റ്റ് പാസഞ്ചറുകൾ സർവീസിന് അയയ്ക്കും. തിരുവനന്തപുരം നഗരപരിധിയിലെ വോട്ടർമാരുടെ സൗകര്യാർഥം വെഞ്ഞാറമൂട്, പേരൂർക്കട, മണ്ണന്തല, വട്ടപ്പാറ, കിഴക്കേക്കോട്ട ഭാഗങ്ങളിലേക്ക് ഓർഡിനറി ബസുകളുമുണ്ടാകും.
യാത്രക്കാരുടെ തിരക്ക് അധികമായാൽ ആവശ്യാനുസരണം ബസ് സർവീസുകൾ ക്രമീകരിക്കുമെന്നും കെഎസ്‌ആർടിസി അറിയിച്ചിട്ടുണ്ട്. ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും സർവീസ് സമയം ക്രമീകരിച്ച് വോട്ട് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
by liji HP News | Apr 24, 2024 | Latest News, കേരളം
തിരുവനന്തപുരം: എല്ലാ മാസവും ഒന്നാം തീയതി നടപ്പാക്കുന്ന ഡ്രൈ ഡേ പിൻവലിക്കാൻ ആലോചന. ബിവറേജ് വിൽപ്പനശാലകൾ ലേലം ചെയ്യുക, മൈക്രോവൈനറികൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും സർക്കാർ പരിഗണനയിലുണ്ട്. സർക്കാരിന്റെ വരുമാനവർധനയ്ക്കുള്ള നിർദേശങ്ങളെന്ന നിലയിലാണ് ഇവ പരിഗണിക്കുന്നത്.
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കഴിഞ്ഞമാസം നടന്ന വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇക്കാര്യം ചർച്ചയായത്. ഇങ്ങനെ വർഷത്തിൽ 12 ദിവസം മദ്യവിൽപന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് യോഗം വിലയിരുത്തി. കൂടാതെ ഇത് ദേശീയ-അന്തർദേശീയ കോൺഫറൻസുകളിൽ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കാനും കാരണമാകും. ടൂറിസം വകുപ്പ് ബന്ധപ്പെട്ടവരുമായി ആലോചിച്ച് ഇതിൽ റിപ്പോർട്ട് സമർപ്പിക്കാൻ ടൂറിസം സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്.
മൈക്രോ വൈനറികൾ പ്രോത്സാഹിപ്പിക്കും. മസാലചേർത്ത വൈനുകൾ ഉൾപ്പെടെയുള്ളവ തയ്യാറാക്കാനുള്ള സാധ്യതകളും പരിശോധിക്കും. നിർദേശങ്ങൾ സമർപ്പിക്കാൻ കൃഷിവകുപ്പ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. വരുമാനവർധനയ്ക്കുള്ള ശുപാർശകളിൽ വീഞ്ഞുനിർമാണം പ്രോത്സാഹിപ്പിക്കാൻ പിന്തുണ നൽകണമെന്നാണ് നിർദേശം. ഹോർട്ടി വൈനിന്റെയും മറ്റു വൈനുകളുടെയും ഉത്‌പാദനം പ്രോത്സാഹിപ്പിക്കും.
കയറ്റുമതിക്കും ചില്ലറ വിൽപ്പനവിപണികൾക്കുമായി മധുരപലഹാരങ്ങളും കേക്കുകളും നിർമിക്കാൻ ഉപയോഗിക്കുന്ന മദ്യഉത്‌പന്നങ്ങൾക്കും പ്രോത്സാഹനം നൽകും. കയറ്റുമതിക്കായി മദ്യം ലേബൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ദേശീയ, അന്തർദേശീയ നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കി പുനഃപരിശോധിക്കാനും നിർദേശമുണ്ട്. നികുതിവരുമാനം കൂട്ടാൻ നിശ്ചിതയെണ്ണം ചില്ലറ മദ്യവിൽപ്പനശാലകളുടെ നടത്തിപ്പ് ലേലംചെയ്യാനുള്ള സാധ്യതയും പരിശോധിക്കും.
മറ്റു നിർദേശങ്ങൾ
- വ്യവസായസ്ഥാപനങ്ങൾ ആരംഭിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് ഇൻസെന്റീവ് ഏർപ്പെടുത്തുക.
- തേയില, കാപ്പി തുടങ്ങിയ വിളകളുടെ ഉത്‌പാദനക്ഷമത ഉയർത്താൻ ശാസ്ത്രീയപഠനം
- പൊതുമേഖലാസ്ഥാപനങ്ങളുടെ ഉപയോഗിക്കാത്ത ഭൂമി ഫലപ്രദമായ പദ്ധതികൾക്ക് ഉപയോഗിക്കുക
- കൂടുതൽ വ്യവസായശാലകൾക്ക് ഇടമൊരുക്കാൻ വ്യവസായ എസ്‌റ്റേറ്റുകളിൽ ബഹുനിലസൗകര്യമൊരുക്കുക
- വിവിധവകുപ്പുകളുടെ കീഴിൽ സമാന ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയും സൊസൈറ്റികളെയും ലയിപ്പിക്കുക
- നികുതിചോർച്ച തടയാൻ എല്ലാ സ്വർണാഭരണങ്ങൾക്കും ഹാൾമാർക്ക് ഐഡി ഉറപ്പാക്കുക
- വനഭൂമിയുടെ പാട്ടനിരക്ക് ഉയർത്തുക
- കാരുണ്യപദ്ധതിയിലൂടെയുള്ള ആനുകൂല്യം ലഭിക്കാൻ ചില ചികിത്സകളും ശസ്ത്രക്രിയയും സർക്കാർ ആശുപത്രികളിൽതന്നെ ചെയ്യണമെന്ന നിബന്ധന ഏർപ്പെടുത്തുക.[/button]
by liji HP News | Apr 24, 2024 | Latest News, കേരളം
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്ന ഏപ്രില്‍ 24 വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ (ഏപ്രില്‍ 27 രാവിലെ 6 മണി) തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ജില്ലയിലെ മുഖ്യ വരണാധികാരിയായ ജില്ലാ കലക്ടർ ജെറോമിക് ജോർജ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
നിരോധനാജ്ഞാ കാലയളവില്‍ നിയമവിരുദ്ധമായ സംഘംചേരല്‍, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍, ജില്ലയിലെ മണ്ഡലങ്ങളിലെ വോട്ടര്‍മാരല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകരുടെയും പ്രചാരകരുടെയും സാന്നിധ്യം, ഏതെങ്കിലും തരത്തിലുള്ള ഉച്ചഭാഷിണിയുടെ ഉപയോഗം, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദര്‍ശനം, അഭിപ്രായ സര്‍വേകളോ മറ്റെന്തെങ്കിലും തരത്തിലുള്ള തെരഞ്ഞെടുപ്പ് സര്‍വേകളോ സംപ്രേഷണം ചെയ്യല്‍ തുടങ്ങിയവ പാടുള്ളതല്ല.
പോളിങ് സ്‌റ്റേഷനില്‍ നിരീക്ഷകര്‍, സൂക്ഷ്മ നിരീക്ഷകര്‍, ക്രമസമാധാന പാലന ചുമതലയുള്ളവര്‍, പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒഴികെയുള്ളവരുടെ സെല്ലുലാര്‍, കോര്‍ഡ്‌ലസ് ഫോണുകള്‍, വയര്‍ലെസ് സെറ്റുകള്‍ എന്നിവയുടെ ഉപയോഗം, പോളിങ്ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ ഒഴികെയുള്ളവരുടെ, പോളിങ് സ്‌റ്റേഷന് 100 മീറ്റര്‍ ചുറ്റളവിലുള്ള കോര്‍ഡ്‌ലസ് ഫോണുകള്‍, വയര്‍ലെസ് സെറ്റുകള്‍ എന്നിവയുടെ ഉപയോഗം എന്നിവയ്ക്ക് നിരോധനമുണ്ട്.
പോളിങ് ദിനത്തില്‍ പോളിങ് സ്‌റ്റേഷന് 200 മീറ്റര്‍ പരിധിയില്‍ ഇലക്ഷന്‍ ബൂത്തുകള്‍ സജ്ജീകരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തല്‍, പോളിങ് സ്‌റ്റേഷന് 200 മീറ്റര്‍ പരിധിക്ക് പുറത്ത് ഒന്നിലധികം ഇലക്ഷന്‍ ബൂത്തുകള്‍ സജ്ജീകരിക്കല്‍, ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 134 ബി പ്രകാരം ആയുധം കൈവശം വെയ്ക്കാന്‍ അനുമതിയുള്ളവര്‍ ഒഴികെയുള്ളവര്‍ പോളിങ് സ്‌റ്റേഷനിലോ സമീപ പ്രദേശങ്ങളിലോ ആയുധം പ്രദര്‍ശിപ്പിക്കുകയോ കൈവശം വെയ്ക്കുകയോ ചെയ്യല്‍ എന്നിവയും നിരോധിച്ചിട്ടുണ്ട്.
വോട്ടിംഗ് കേന്ദ്രം, ഷോപ്പിംഗ് മാള്‍, വ്യാപാര കേന്ദ്രങ്ങള്‍, സിനിമ തിയറ്റര്‍, മറ്റു വിനോദ കേന്ദ്രങ്ങള്‍, വിവാഹം പോലുള്ള സാമൂഹിക ചടങ്ങുകള്‍, സ്വകാര്യ പരിപാടികള്‍ തുടങ്ങിയ ഇടങ്ങളിലെ സമാധാനത്തിന് ഭംഗം വരാത്ത, ജനങ്ങളുടെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ട ഒത്തുചേരലുകള്‍ക്ക് നിരോധനാജ്ഞ ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നു. നിശബ്ദ പ്രചാരണ വേളയിലെ വീടുകള്‍ തോറും കയറിയുള്ള പ്രചാരണത്തിനും നിരോധനാജ്ഞ ബാധകമല്ല. അവശ്യസേവന വിഭാഗം ജീവനക്കാര്‍, ക്രമസമാധാന ജോലിയുള്ളവര്‍ എന്നിവര്‍ക്കും നിരോധനം ബാധകമല്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Recent Comments