ബംഗളൂരുവിലെ മലയാളി വോട്ടര്‍മാര്‍ക്ക് ആശ്വാസം; സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

തിരുവനന്തപുരം: കേരളത്തില്‍ വെള്ളിയാഴ്ച നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ബംഗളൂരുവില്‍ നിന്ന് വരുന്ന മറുനാടന്‍ മലയാളികളുടെ തിരക്ക് പരിഗണിച്ച് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ. ബംഗളൂരു എസ്എംവിടി സ്റ്റേഷനില്‍ നിന്ന് കൊച്ചുവേളി റെയില്‍വെ സ്റ്റേഷനിലേക്കാണ് എക്‌സ്പ്രസ്സ് ട്രെയിന്‍ സര്‍വീസ് നടത്തുക.

ഏപ്രില്‍ 25ന് വൈകിട്ട് 3.50ന് ബംഗളൂരു എസ്എംവിടി സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് പോളിങ് ദിവസമായ ഏപ്രില്‍ 26ന് രാവിലെ ഏഴ് മണിക്ക് ട്രെയിന്‍ കൊച്ചുവേളി റെയില്‍വെ സ്റ്റേഷനില്‍ എത്തും. പിന്നീട് ഈ ട്രെയിന്‍ അന്നേ ദിവസം (ഏപ്രില്‍ 26) രാത്രി 11.50ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും. ഏപ്രില്‍ 27ന് രാവിലെ എട്ടു മണിക്ക് ബംഗളൂരുവില്‍ തിരിച്ചെത്തുന്ന തരത്തിലാണ് സര്‍വീസ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്.

കിണറ്റിൽ വീണ മയിലിനെ ഫയർ ആൻഡ് റെസ്ക്യൂ ടീം എത്തി രക്ഷിച്ചു

കിണറ്റിൽ വീണ മയിലിനെ ഫയർ ആൻഡ് റെസ്ക്യൂ ടീം എത്തി രക്ഷിച്ചു

സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ മയിലിനെ ഫയർ ആൻഡ് റെസ്ക്യൂ ടീം എത്തി രക്ഷിച്ചു. മടവൂർ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ഞാറയിൽക്കോണം വടക്കേവിള വീട്ടിൽ മുഹമ്മദ് ഇല്യാസിന്റെ വീട്ടിലെ കിണറ്റിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരം 4 മണിയോടെ മയിൽ അകപ്പെട്ടത്. വീട്ടുകാർ പഞ്ചായത്ത് അംഗത്തിന് വിവരം അറിയിച്ചതിനെ തുടർന്ന് പാലോട് ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിക്കുകയും അവിടെ നിന്നും രണ്ടു വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ചെയ്തു.

എന്നാൽ കിണറ്റിനുള്ളിൽ അകപ്പെട്ട മയിലിനെ പുറത്തെടുക്കാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല. തുടർന്ന് അവർ വിവരമറിയിച്ചതിനെ തുടർന്ന് നാവായിക്കുളം അഗ്നിരക്ഷാ നിലയത്തിൽ നിന്നും എത്തിയ സംഘമാണ് മൈലിനെ കിണറ്റിൽ നിന്നും ജീവനോടെ രക്ഷപ്പെടുത്തിയത്. കിണറ്റിൽ നിന്നും പുറത്തെടുത്ത മൈലിനെ വനവകുപ്പ് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങുകയും സുരക്ഷിത മേഖലയിൽ തുറന്നു വിടുമെന്നും അറിയിച്ചു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അരവിന്ദൻ, സജികുമാർ, അനന്തു, നിഷാന്ത്, വിനീഷ് കുമാർ, ഹോം ഗാർഡുമാരായ ബിജു, മുരളീധരൻ പിള്ള എന്നിവർ ദൗത്യത്തിൽ പങ്കെടുത്തു.

സാംസങ് ഗ്യാലക്‌സി എസ്22 5G ഫോണ്‍ പകുതി വിലയ്ക്ക്; ഫീച്ചറുകള്‍ അറിയാം

സാംസങ് ഗ്യാലക്‌സി എസ്22 5G ഫോണ്‍ പകുതി വിലയ്ക്ക്; ഫീച്ചറുകള്‍ അറിയാം

വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്, ഗ്യാലക്‌സി എസ് സീരീസില്‍ ഉള്‍പ്പെട്ട എസ്22 ഫൈവി ജി ഫോണ്‍ വിപണിയില്‍ ഇറക്കിയത്. 72,999 രൂപയായിരുന്നു അന്ന് പ്രാരംഭ വില. ഇപ്പോള്‍ പകുതി വിലയ്ക്ക് ഇ- കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാക്കിയിരിക്കുകയാണ്. എന്നാല്‍ വില കുറയ്ക്കാനുള്ള കാരണം വ്യക്തമല്ല. എക്‌സ്‌ചേഞ്ച് ഓഫറോ ബാങ്ക് ഡിസ്‌കൗണ്ടോ ഒന്നും കൂടാതെയാണ് ഓണ്‍ലൈന്‍ വഴി വില കുറച്ച് വില്‍ക്കുന്നത്.

രണ്ട് വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ഫോണ്‍ ആണെങ്കിലും പ്രീമിയം ഫോണ്‍ ആയതിനാല്‍ തന്നെ മികച്ച പെര്‍ഫോമന്‍സും പ്രീമിയം ഗ്ലാസ്-മെറ്റല്‍ ബോഡി, എക്സ്‌ക്ലൂസീവ് അള്‍ട്രാ-വൈഡ്, ടെലി ഫോട്ടോ ലെന്‍സുള്ള 50 എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പ് തുടങ്ങി നിരവധി മുന്‍നിര ഫീച്ചറുകളും ഇതിലുണ്ട്. 120hz റിഫ്രഷ് നിരക്കുള്ള 6.1 ഇഞ്ച് amoled ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 25W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 3,700mAh ബാറ്ററിയാണ് സ്മാര്‍ട്ട്ഫോണിന്റെ മറ്റു സവിശേഷതകള്‍. IP68 റേറ്റിംഗ്, ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയും ഇതിലുണ്ട്.

സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 ചിപ്‌സെറ്റ് ആണ് ഗാലക്‌സി എസ്22 5ജിയുടെ കരുത്ത്. 8GB റാമും 256GB വരെ ഇന്റേണല്‍ സ്റ്റോറേജും ഇതിലുണ്ട്. ഡ്യുവല്‍ പിക്‌സല്‍ ഓട്ടോഫോക്കസ്, എഫ്/1.8 അപ്പേര്‍ച്ചര്‍, ഒഐഎസ് എന്നിവയുടെ പിന്തുണയുള്ള 50എംപി പ്രൈമറി സെന്‍സറും 12എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സും അടങ്ങുന്നതാണ് ഇതിലെ ട്രിപ്പിള്‍ റിയര്‍ ക്യാമറ യൂണിറ്റ്. സെല്‍ഫികള്‍ക്കായി, 10എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്.

വായ്പയില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാന്‍ ബാങ്കിന് അധികാരമില്ല: ഹൈക്കോടതി

വായ്പയില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാന്‍ ബാങ്കിന് അധികാരമില്ല: ഹൈക്കോടതി

മുംബൈ: വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് അധികാരമില്ലെന്ന് ബോംബെ ഹൈക്കോടതി. ഇത്തരത്തില്‍ ബാങ്കുകള്‍ പുറപ്പെടുവിച്ച എല്ലാ ലുക്ക് ഔട്ട് നോട്ടീസുകളും ഹൈക്കോടതി റദ്ദാക്കി.

വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് എതിരെ ബാങ്ക് മേധാവികള്‍ക്ക് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാമെന്ന, കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിലെ വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്ന് ജസ്റ്റിസുമാരായ ഗൗതം പട്ടേലും മാധവ് ജാംദാറും അടങ്ങിയ ബെഞ്ച് വിലയിരുത്തി. വിധി മേല്‍ക്കോടതിയില്‍ ചോദ്യം ചെയ്യുന്നതിനായി സ്‌റ്റേ അനുവദിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു.

ലുക്ക് ഔട്ട് നോട്ടീസ് വ്യവസ്ഥയെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഒരു കൂട്ടം ഹര്‍ജികളിലാണ് ഹൈക്കോടതി ഉത്തരവ്. ബാങ്കുകള്‍ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസുകള്‍ ഇമിഗ്രേഷന്‍ ബ്യൂറോ പരിഗണിക്കേണ്ടതില്ലെന്ന് കോടതി നിര്‍ദേശിച്ചു. അതേസമയം വായ്പ തിരിച്ചടയ്ക്കാത്തവര്‍ വിദേശത്തേക്കു കടക്കുന്നതു തടയാന്‍ ക്രിമിനല്‍ കോടതികളോ ട്രൈബ്യൂണലോ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസുകള്‍ക്ക് ഇതു ബാധകമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഒരു നിയമത്തിന്റെയും പിന്‍ബലമില്ലാതെയാണ്, ബാങ്ക് മേധാവികള്‍ക്ക് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാമെന്ന വ്യവസ്ഥ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. 2018ലാണ് ബാങ്ക് മേധാവികള്‍ക്കു ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാമെന്ന വിധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഭേദഗതി ചെയ്തത്.

അങ്കമാലി നഗരസഭയിൽ ബോംബ് ഭീഷണി

അങ്കമാലി നഗരസഭയിൽ ബോംബ് ഭീഷണി

അങ്കമാലി നഗരസഭയിൽ ബോംബ് ഭീഷണി. അങ്കമാലി നഗരസഭ കാര്യാലയത്തിന് നേരെയാണ് ബോംബ് ഭീഷണി. സ്ഥലത്ത് പൊലീസ് പരിശോധന ആരംഭിച്ചു. ഇന്ന് രാവിലെയാണ് നഗരസഭാ കാര്യാലയത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഫോൺ സന്ദേശം ലഭിച്ചത്.

പിന്നാലെ പൊലീസിൻ്റെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും അടക്കമെത്തി പരിശോധന നടത്തുകയായിരുന്നു. ഫോൺ സന്ദേശത്തിൻ്റെ ഉറവിടം കണ്ടെത്താനും ശ്രമം തുടങ്ങിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.