by liji HP News | Apr 23, 2024 | Latest News, കേരളം
തൃശൂരിൽ അനധികൃതമായി വോട്ട് ചേർത്തെന്ന പരാതിയുമായി എൽഡിഎഫ്. തൃശ്ശൂർ പൂങ്കുന്നത് അടഞ്ഞുകിടക്കുന്ന ഫ്ളാറ്റിലെ താമസക്കാരൻ എന്ന് കാണിച്ച് നിരവധി പേര് വോട്ടർ പട്ടികയിൽ ചേർത്തുവെന്നാണ് പരാതി. 73 പേരുടെ വോട്ടുകൾ ഇത്തരത്തിൽ ചേർത്തുവെന്ന് എൽഡിഎഫ് ആരോപിക്കുന്നു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ലിപ്പ് കൊടുക്കാനെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വോട്ടർപട്ടികയിലുള്ള ആളുകളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെ വോട്ടർ പട്ടികയിൽ പേര് ചേർത്ത ബിഎൽഒയോടും തഹസിൽദാരോടും സ്ഥലത്തണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എംകെ കണ്ണൻ, കൗൺസിലർ പികെ സാജൻ എന്നിവരുടെ നേതൃത്വത്തിൽ എൽഡിഎഫ് പ്രവർത്തകർ ഫ്ലാറ്റിനു മുന്നിൽ തമ്പടിച്ചിരിക്കുകയാണ്.
by liji HP News | Apr 23, 2024 | Latest News, കേരളം
തിരുവനന്തപുരം: ജെസ്‌ന തിരോധാനക്കേസില്‍ തുടരന്വേഷണത്തിന് തയ്യാറെന്ന് സിബിഐ. ജെസ്‌നയുടെ അച്ഛന്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ അന്വേഷിക്കാം. അതിനുള്ള തെളിവുകള്‍ ജെസ്‌നയുടെ അച്ഛന്‍ മുദ്ര വെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു.
ഇതേത്തുടര്‍ന്ന് ഉന്നയിച്ച ആരോപണങ്ങളില്‍ തെളിവുകള്‍ സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ ജെസ്‌നയുടെ അച്ഛനോട് കോടതി നിര്‍ദേശിച്ചു. ജെസ്‌ന ജീവിച്ചിരുപ്പുണ്ടോ മരിച്ചോ എന്നതുപോലും വ്യക്തമാക്കാതെയുള്ള സിബിഐയുടെ റിപ്പോര്‍ട്ട് തള്ളണമെന്നാണ് ഹര്‍ജിയില്‍ ജെസ്‌നയുടെ അച്ഛന്‍ ആവശ്യപ്പെട്ടിരുന്നത്.
കൂടാതെ ജെസ്‌നയ്ക്ക് ഒരു സുഹൃത്തുണ്ടായിരുന്നു. രഹസ്യമായി വ്യാഴാഴ്ച ദിവസം പ്രാര്‍ത്ഥനയ്ക്ക് പോകുമായിരുന്നു. ജെസ്‌നയെ കാണാതായശേഷം വീട്ടില്‍ നിന്നും രക്തം പുരണ്ട വസ്ത്രം കണ്ടെടുത്തിരുന്നുവെന്നും ജെസ്‌നയുടെ അച്ഛന്‍ ആരോപിച്ചിരുന്നു. ഇക്കാര്യങ്ങളൊന്നും സിബിഐ വിശദമായി അന്വേഷിച്ചില്ലെന്നാണ് ജെസ്‌നയുടെ അച്ഛന്‍ പരാതിപ്പെട്ടത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ ആരോപണങ്ങളുടെ തെളിവുകള്‍ സമര്‍പ്പിച്ചാല്‍ അന്വേഷിക്കാന്‍ തയ്യാറാമെന്ന് സിബിഐ കോടതിയെ അറിയിച്ചത്. തുടര്‍ന്ന് ആരോപണങ്ങളില്‍ തെളിവുകള്‍ നല്‍കാന്‍ ജെസ്‌നയുടെ പിതാവിനോട് നിര്‍ദേശിച്ച കോടതി, കേസ് അടുത്ത മാസം മൂന്നിലേക്ക് മാറ്റി. നേരത്തെ ജെസ്‌ന തിരോധാനത്തില്‍ എല്ലാക്കാര്യങ്ങളും വിശദമായി അന്വേഷിച്ചിരുന്നുവെന്നാണ് സിബിഐ കോടതിയെ അറിയിച്ചിരുന്നത്.
by liji HP News | Apr 23, 2024 | Latest News, കേരളം
കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ മുഹമ്മദ് ഇര്‍ഫാന്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് കൊച്ചിയിലെത്തിയതെന്ന് പൊലീസിനോട് പറഞ്ഞു. ഓട്ടോക്കാരോട് ചോദിച്ചാണ് നഗരത്തിലെ സമ്പന്നര്‍ താമസിക്കുന്നത് പനമ്പിള്ളി നഗറിലാണെന്ന് മനസ്സിലാക്കിയത്. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ പനമ്പിള്ളി നഗറിലെത്തി ഏറെ നേരം ചുറ്റിക്കറങ്ങുകയും ചെയ്തു.
തലപ്പാക്കട്ടി ബിരിയാണി റസ്റ്റോറന്റിലെത്തി ഇര്‍ഫാന്‍ ബിരിയാണി കഴിച്ചു. മട്ടന്‍ ബിരിയാണിയാണ് കഴിച്ചതെന്ന് ഇര്‍ഫാന്‍ പൊലീസിനോട് പറഞ്ഞു. റസ്റ്റോറന്റിലെ വെയ്റ്ററായ പെണ്‍കുട്ടി ഇത് സ്ഥിരീകരിക്കുകയും ചെയ്തു. ഗൂഗിള്‍പേ വഴിയാണ് പണം നല്‍കിയതെന്നും പെണ്‍കുട്ടി പറഞ്ഞു.
എന്നാല്‍ പ്രതി ഇര്‍ഫാന്‍ ഇതു നിഷേധിച്ചു. 500 രൂപയുടെ നോട്ട് നല്‍കിയെന്നും, 356 രൂപയുടെ ബില്ലില്‍ ബാക്കി നല്‍കിയ തുകയില്‍ 100 രൂപ എടുക്കുകയും ശേഷിക്കുന്ന 44 രൂപ ടിപ്പ് നല്‍കിയെന്നും ഇര്‍ഫാന്‍ പൊലീസിനോട് പറഞ്ഞു. സംശയമുണ്ടെങ്കില്‍ സിസിടിവി ദൃശ്യങ്ങള്‍ നോക്കാനും പ്രതി പൊലീസിനോട് ആവശ്യപ്പെട്ടു.
കാറിന് പെട്രോള്‍ അടിച്ച പനമ്പിള്ളി നഗറിലെ പെട്രോള്‍ പമ്പും പ്രതി പൊലീസിന് കാണിച്ചു കൊടുത്തു. പനമ്പിള്ളി നഗറില്‍ ക്രോസ് റോഡിന് സമീപം വാഹനം പാര്‍ക്ക് ചെയ്തശേഷം നടന്നാണ് ജോഷിയുടെ വീടിന് സമീപമെത്തിയത്. തുടര്‍ന്ന് റോഡിന് എതിര്‍വശത്തെ പാര്‍ക്കില്‍ കയറി ടീ ഷര്‍ട്ട് മാറി. ഈ സ്ട്രീറ്റിന്റെ അറ്റത്തുള്ള വ്യവസായി ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റിന്റെ വീട്ടിലാണ് ആദ്യം കയറിയത്.
മറ്റു രണ്ടു വീടുകളില്‍ കൂടി കയറിയെങ്കിലും മോഷണശ്രമം വിജയിച്ചില്ല. തുടര്‍ന്നാണ് ജോഷിയുടെ വീട്ടിലെത്തുന്നത്. സ്‌ക്രൂ ഡ്രൈവര്‍ പ്രയോഗത്തിലൂടെ ജനാല തുറന്നാണ് അകത്തു കടന്നതെന്ന് ഇര്‍ഫാന്‍ പൊലീസിനോട് പറഞ്ഞു. തെളിവെടുപ്പില്‍ ഇതെല്ലാം ഇര്‍ഫാന്‍ പൊലീസിന് കാട്ടിക്കൊടുത്തു.
മുകളിലെ നിലയിലെ ഒരു മുറിയിലെ ഷെല്‍ഫില്‍ നിന്നാണ് ആഭരണങ്ങള്‍ കവര്‍ന്നത്. ഇതു പെട്ടിയിലേക്ക് മാറ്റിയശേഷം ടെറസിലെ ഗാര്‍ഡനില്‍ കൊണ്ടുവെച്ചു. തുടര്‍ന്ന് മറ്റുമുറികളില്‍ കൂടി പരിശോധിച്ച ശേഷമാണ് അടുക്കള ജനാല വഴി രക്ഷപ്പെട്ടത്. വിരലടയാളം പതിയുന്നത് ഒഴിവാക്കാന്‍ കയ്യില്‍ സോക്‌സ് ധരിച്ചിരുന്നതായും, സിസിടിവി കാമറ തിരിച്ചു വെച്ചതായും പ്രതി പൊലീസിനോട് പറഞ്ഞു.
by liji HP News | Apr 23, 2024 | Latest News, കേരളം
കൊച്ചി: തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്‍റെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ വി ജി അരുൺ, എസ് മനു എന്നിവരുൾപെട്ട ഡിവിഷൻ ബെഞ്ചിന്‍റെ നടപടി. വരണാധികാരി പത്രിക സ്വീകരിച്ച് കഴിഞ്ഞതിനാൽ ഇനി വിഷയം തെരഞ്ഞെടുപ്പ് ഹർജിയിലൂടെയേ ഉന്നയിക്കാനാകുവെന്ന് കോടതി ചൂണ്ടിക്കാട്ടി. പോസ്റ്റൽ ബാലറ്റ് പോളിങ് വരെ നടന്ന് കഴിഞ്ഞെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
by liji HP News | Apr 23, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കുടിവെള്ളക്ഷാമം നേരിടുന്ന വാർഡുകളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചു. വാർഡു കൗൺസിലർമാർ സെക്രട്ടറിക്കു നൽകിയ കത്തിൻ്റെ മുൻഗണനാ ക്രമം അനുസരിച്ചായിരിക്കും ജലം വിതരണം നടത്തുന്നത്. 5000 ലിറ്റർ ജലത്തിന് 380 രൂപ എന്ന നിരക്കിൽ വാട്ടർ അതോറിട്ടിക്കു നഗരസഭ പണം കൈമാറും. കൂടാതെ ടാങ്കർ ലോറിയുടെ വാടകയും നൽകും. ജലദൗർലഭ്യം രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് 5000 ലിറ്റർ വാഹക ശേഷിയുള്ളതും ജിപിഎസ് ഘടിപ്പിച്ചതുമായ ടാങ്കർ ലോറി ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു കഴിഞ്ഞതായും സെക്രട്ടറി കെ.എസ്.അരുൺ അറിയിച്ചു.
Recent Comments