by liji HP News | Jul 29, 2024 | Latest News, കേരളം
കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടിക്കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സിഎംആര്‍ല്ലും എക്‌സാലോജിക്കും തമ്മിലുളള ഇടപാടില്‍ ഇരുകമ്പനികള്‍ക്കും പരാതിയില്ലെന്നും മുഖ്യമന്ത്രിയെ ഇതുമായി ബന്ധപ്പെടുത്താനുളള ആസൂത്രിത നീക്കമാണ് ഹര്‍ജിക്ക് പിന്നിലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന വാദം നിലനില്‍ക്കില്ലെന്നും, ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. സിഎംആര്‍എല്ലിന് അനുകൂലമായ നിലപാട് ഒരു സാഹചര്യത്തിലും മുഖ്യമന്ത്രി സ്വീകരിച്ചിട്ടില്ല.രണ്ട് സ്വകാര്യ കമ്പനികള്‍ തമ്മിലുള്ള കരാര്‍ ഇടപാടാണ് സിഎംആര്‍ല്ലും എക്‌സാലോജിക്കും തമ്മിലുള്ളത്. ഇല്ലാത്ത സേവനത്തിന് പണം നല്‍കി എന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
by liji HP News | Jul 29, 2024 | Latest News, കേരളം
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. സംസ്ഥാനത്ത് വ്യാപക മഴ. തിരുവനന്തപുരം, പാലക്കാട് ഒഴികെ 12 ജില്ലകളിൽ യെല്ലോ അലേർട്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിന് സാധ്യത. കൂടാതെ ഇടിമിന്നൽ മുന്നറിയിപ്പുമുണ്ട്. കോഴിക്കോട് മലയോര മേഖലയിലുണ്ടായ കനത്തമഴയിലും ചുഴലിക്കാറ്റിലും വ്യാപകനാശനഷ്ടമുണ്ടായി. താമരശ്ശേരി അമ്പായത്തോട് മേഖലയിൽ ഏഴ് വീടുകൾ തകർന്നു.
മരങ്ങളും കടപുഴകി വീണു. സാധാരണക്കാരായ മനുഷ്യർ താമസിക്കുന്ന വീടുകളാണ് തകർന്നത്. കൃഷിഭൂമിയിലും വ്യാപകനാശ നഷ്ടങ്ങളാണുണ്ടായത്. ഇന്ന് പുലർച്ചെയാണ് പ്രദേശത്ത് ചുഴലിക്കാറ്റുണ്ടായത്. ശബ്ദം കേട്ടയുടനെ ആളുകൾ പുറത്തിറങ്ങിയതോടെ വലിയ അപകടം ഒഴിവായി.
വയനാട് കനത്തമഴയിൽ മേപ്പാടി മുണ്ടക്കൈയിൽ ജനവാസമില്ലാത്ത മേഖലയിൽ മണ്ണിടിച്ചിൽ. പുത്തുമല കാശ്മീർ ദ്വീപിലെ കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. ബാണാസുര അണക്കെട്ടിൽ 15 സെന്റീമീറ്റർ കൂടി വെള്ളം ഉയർന്നാൽ റെഡ് അലർട്ട് നൽകും. മഴയെ തുടർന്ന് ജില്ലയിൽ മൂന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളാർമല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, പുത്തുമല യു.പി സ്കൂൾ, മുണ്ടക്കൈ യു.പി സ്കൂളുകൾ എന്നിവയ്ക്കാണ് അവധി.ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള- ലക്ഷദ്വീപ്- കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
by liji HP News | Jul 27, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ചിറയിന്‍കീഴ് പെരുങ്ങുഴി ക്യാപ്റ്റന്‍ വിക്രം റെസിഡന്റ്‌സ് അസോസിയേഷന്റെ (സിവിആര്‍എ) ആഭിമുഖ്യത്തില്‍ സല്യൂട്ട് കാര്‍ഗില്‍ വിജയ്ദിവസ് ആചരിച്ചു. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച മുഴുവന്‍ ജവാന്‍മാര്‍ക്കും സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവര്‍ സല്യൂട്ട് നല്‍കിയാണ് ആദരവ് പ്രകടിപ്പിച്ചത്.
പെരുങ്ങുഴി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം പാങ്ങോട് മിലിട്ടറി സ്റ്റേഷന്‍ കേണല്‍. അനില്‍കുമാര്‍. എസ്. നിര്‍വഹിച്ചു. റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. അഴൂര്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. അനില്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. ഷാജഹാന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ അനില്‍. കെ.എസ്., എസ്. വി. അനിലാല്‍, കെ. ഓമന, ബി.ജയകുമാര്‍, എഡിഎസ് ചെയര്‍പേഴ്‌സണ്‍ ജീന അനില്‍, അസോസിയേഷന്‍ ഭാരവാഹികളായ എസ്. വിജയന്‍, ബി. വിജയകുമാര്‍, പി. സുഗതകുമാര്‍, എം. ഉമ്മര്‍, എ.കെ. സലിം എന്നിവര്‍ പങ്കെടുത്തു.
ഷാനി ഷാനവാസ് യോഗത്തില്‍ സ്വാഗതം പറഞ്ഞു. വിമുക്തഭടന്‍മാരും നാഷണല്‍ സര്‍വീസ് സ്‌കീം വോളന്റിയര്‍മാര്‍ സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവര്‍ സല്യൂട്ട് നല്‍കി ആദരവ് പ്രകടിപ്പിക്കാന്‍ എത്തിയിരുന്നു. ക്യാപ്റ്റന്‍ വിക്രം ഉള്‍പ്പെടെയുള്ളവരെ അനുസ്മരിച്ച് അവരുടെ ചിത്രത്തിന് മുന്‍പില്‍ പുഷ്പചക്രം സമര്‍പ്പിച്ച് സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരും ചേര്‍ന്ന് സല്യൂട്ട് നല്‍കുകയായിരുന്നു.
1971 ല്‍ നടന്ന ഇന്ത്യാ- പാകിസ്ഥാന്‍ യുദ്ധത്തില്‍ പങ്കെടുത്ത് വിശിഷ്ട സേവനം കാഴ്ചവച്ചതിന് രാഷ്ട്രപതിയില്‍ നിന്നും പരംവീര്‍ ചക്രം ബഹുമതി നേടിയ രാമസ്വാമി ചെട്ടിയാരെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ ഭാര്യയെ പൊന്നാടയണിയിച്ച് ആദരിച്ചു.
by liji HP News | Jul 27, 2024 | Latest News, കായികം
പാരിസ്: പാരിസ് ഒളിംപിക്‌സിലെ ആദ്യ സ്വര്‍ണ മെഡല്‍ ചൈന സ്വന്തമാക്കി. നേട്ടം 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീം പോരാട്ടത്തിലാണ് നേട്ടം. ചൈനയുടെ ഹ്വാങ് യുടിങ്- ഷെങ് ലിയാവോ സഖ്യത്തിനാണ് സുവര്‍ണ നേട്ടം. 16-12 എന്ന സ്‌കോറിനാണ് ചൈനീസ് സഖ്യം വിജയവും സ്വര്‍ണവും പിടിച്ചെടുത്തത്.
ദക്ഷിണ കൊറിയയുടെ കിം ജിഹ്വോന്‍- പാര്‍ക് ഹജുന്‍ സഖ്യത്തെയാണ് ചൈനീസ് സഖ്യം വീഴ്ത്തിയത്. കൊറിയന്‍ സഖ്യത്തിനാണ് വെള്ളി. ഇതേ ഇനത്തില്‍ കസാഖിസ്ഥാനാണ് വെങ്കലം.
അലക്സാന്‍ഡ്ര ലെ- ഇസ്ലാം സതപയേവ് സഖ്യമാണ് വെങ്കല മെഡല്‍ പോരില്‍ കസാഖിസ്ഥാനായി നേട്ടം വെടിവച്ചിട്ടത്. വെങ്കല പോരാട്ടത്തില്‍ ജര്‍മനിയുടെ മിക്സിമിലിയന്‍ ഉള്‍റെഹ്- അന്ന ജാന്‍സന്‍ സഖ്യത്തെയാണ് വീഴ്ത്തിയത്. 17-5നാണ് കസാഖ് സഖ്യം വിജയവും മെഡലും സ്വന്തമാക്കിയത്.
28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കസാഖിസ്ഥാന്‍ ഒളിംപിക്സ് ഷൂട്ടിങില്‍ മെഡല്‍ നേടുന്നത്. 1996 അറ്റ്ലാന്റ ഒളിംപിക്സിലാണ് അവസാനമായി അവര്‍ ഷൂട്ടിങ് മെഡല്‍ നേടിയത്.
by liji HP News | Jul 27, 2024 | Latest News, കേരളം
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ എൻ.എസ്.എസ് വോളണ്ടിയർ സെക്രട്ടറിമാരുടെ ദിദിന നേതൃത്വ പരിശീലന ക്യാമ്പിന് നഗരൂർ രാജധാനി എൻജിനീയറിങ് കോളേജിൽ തുടക്കം കുറിച്ചു. മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്പാർട്ട്മെൻറ് മേധാവി, ഡോ. ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം നഗരൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ നിർവഹിച്ചു.
കേരള സാങ്കേതിക ശാസ്ത്ര സർവ്വകലാശാല എൻ.എസ്.എസ് പ്രോഗ്രാം കോഡിനേറ്റർ ഡോ.അരുൺ എം. മുഖ്യാതിഥി ആയിരുന്നു. കൊല്ലം- പത്തനംതിട്ട റീജിയണൽ കോഡിനേറ്റർ പ്രൊഫ. ഷറോസ് എച്ച്, എൻ.എസ്.എസ് കൊല്ലം ജില്ലാ കോഡിനേറ്റർ പ്രൊഫ.രതീഷ്, പ്രോഗ്രാം ഓഫീസർ പ്രൊഫ. മഹേഷ്, വോളന്റിയർ സെക്രട്ടറി അമൽ എസ് കുമാർ തുടങ്ങിയവർ സംസാരിച്ചു. എൻ എസ് എസ് നാഷണൽ അവാർഡ് ജേതാവ് പ്രൊഫ.സിജോ ജോർജ്, ബ്രഹ്മ നായകം മഹാദേവൻ, പ്രൊഫ.ശ്യാം പ്രസാദ്, കെ എസ് എ സി എസ് അസിസ്റ്റൻറ് ഡയറക്ടർ അഞ്ജന. ജി, പ്രൊഫ.റെജു മോൻ തുടങ്ങിയവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകും. എ പി ജെ എ കെ ടി യു ലെ തിരഞ്ഞെടുക്കപ്പെട്ട നൂറിലധികം വോളണ്ടിയർ സെക്രട്ടറിമാർ പങ്കെടുക്കുന്ന പ്രസ്തുത ക്യാമ്പിന് ജൂലൈ 28 ഞായറാഴ്ച സമാപനം കുറിക്കും.
Recent Comments