’50 മീറ്റര്‍ പരിധിയില്‍ ആളുകള്‍ പാടില്ല’; നാട്ടാന ചട്ടത്തിലെ വിവാദ ഉത്തരവ് വനംവകുപ്പ് തിരുത്തി

’50 മീറ്റര്‍ പരിധിയില്‍ ആളുകള്‍ പാടില്ല’; നാട്ടാന ചട്ടത്തിലെ വിവാദ ഉത്തരവ് വനംവകുപ്പ് തിരുത്തി

തിരുവനന്തപുരം: നാട്ടാന ചട്ടത്തിലെ വിവാദ ഉത്തരവ് തിരുത്തി. ആനയ്ക്ക് 50 മീറ്റര്‍ ചുറ്റളവില്‍ ആളുകള്‍ പാടില്ലെന്ന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ വിവാദ ഉത്തരവാണ് തിരുത്തിയത്. ആനയ്ക്ക് അസ്വസ്ഥതയുണ്ടാക്കാത്ത തരത്തില്‍ സുരക്ഷ ക്രമീകരിച്ചാല്‍ മതിയെന്നാണ് പുതിയ നിര്‍ദേശം. പുതിയ ഉത്തരവ് ഹൈക്കോടതിയെ അറിയിക്കും.

പൂരത്തിന് ആനകളെ എഴുന്നള്ളിച്ചു കൊണ്ടുവരുമ്പോള്‍ ആനകളുടെ 50 മീറ്റര്‍ പരിധിയില്‍ ആളുകള്‍, പടക്കങ്ങള്‍, തീവെട്ടികള്‍, താളമേളങ്ങള്‍ തുടങ്ങിയവ പാടില്ലെന്നാണ് സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നത്. സര്‍ക്കുലര്‍ പുറത്തു വന്നതിനെത്തുടര്‍ന്ന് തൃശൂര്‍ പൂരം നടത്തിപ്പ് അനിശ്ചിതത്വത്തിലായിരുന്നു. സര്‍ക്കുലറിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെടുകയും ചെയ്തിരുന്നു.50 മീറ്റര്‍ ദൂരപരിധി പ്രായോഗികമല്ലെന്നാണ് പൂരം സംഘാടകര്‍ അറിയിച്ചിരുന്നത്. നാട്ടാനകള്‍ ഇടഞ്ഞോടിയാല്‍ നിരോധിക്കപ്പെട്ട ചില ഉപകരണങ്ങള്‍ ആനകള്‍ക്കെതിരെ ഉപയോഗിക്കരുതെന്ന് വനംവകുപ്പ് സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നു. ആ ഉപകരണങ്ങളുടെ പേരുകള്‍ പുതിയ സര്‍ക്കുലറില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

പാലക്കാട് റോഡിന് നടുവിൽ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി

പാലക്കാട് റോഡിന് നടുവിൽ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി

പാലക്കാട്: പാലക്കാട് നെല്ലിയാമ്പതി കൂനം പാലത്തിന് സമീപം പുലിയെ ചത്ത നിലയിൽ കണ്ടെത്തി. നെല്ലിയാമ്പതി മണലാരു എസ്റ്റേറ്റ് റോഡിലാണ് പുലിയുടെ ജഢം കണ്ടെത്തിയത്. തേയില തോട്ടത്തിലെ തൊഴിലാളികളുടെ പാടിക്ക് സമീപമുള്ള പാതയാണിത്.

പുലർച്ചെ 5.30ന് പാൽ വിൽപ്പനക്കാരനാണ് പുലി പാതയിൽ കിടക്കുന്നതായി കണ്ടത്. പുലിയുടെ വയർ പൊട്ടി ആന്തരികാവയവങ്ങൾ പുറത്ത് വരുകയും, ഒരു കൈ ഒടിയുകയും ചെയ്തിട്ടുണ്ട്. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. റോഡ് കുറുകെ കടക്കുന്നതിനിടയിൽ വാഹനമിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

സംസ്ഥാനത്ത് സ്വര്‍ണവില കുതിയ്ക്കുന്നു

സംസ്ഥാനത്ത് സ്വര്‍ണവില കുതിയ്ക്കുന്നു

കൊച്ചി: കഴിഞ്ഞ ദിവസം ഒറ്റയടിക്ക് പവന് 560 രൂപ കുറഞ്ഞ സ്വര്‍ണവില തിരിച്ചുകയറി. ഇന്ന് പവന് 440 രൂപയാണ് വര്‍ധിച്ചത്. 53,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 55 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6705 രൂപയായി.

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില ശനിയാഴ്ചയാണ് ഒറ്റയടിക്ക് 560 രൂപ കുറഞ്ഞത്. സ്വര്‍ണവില അമ്പതിലായിരവും കടന്നു മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഒറ്റയടിക്ക് ഇടിഞ്ഞത്. എന്നാല്‍ ഇത് താത്കാലികം മാത്രമാണെന്നും സ്വര്‍ണവില ഇനിയും ഉയരുമെന്ന സൂചന നല്‍കിയാണ് ഇന്ന് ശക്തമായി തിരിച്ചുവന്നത്.

കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം മൂന്നാംതീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. പത്തുദിവസത്തിനിടെ മൂവായിരത്തിലധികം രൂപ വര്‍ധിച്ച് വെള്ളിയാഴ്ചയാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഇട്ടത്. ഒരു പവന് 53,760 രൂപയായാണ് അന്ന് വില ഉയര്‍ന്നത്.

വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥ വിഭാഗം

വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥ വിഭാഗം

തിരുവനന്തപുരം: വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥ വിഭാഗം. ഏപ്രിൽ 17 വരെ തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, കാസർകോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയേക്കാൾ രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ) ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കു സാധ്യതയുണ്ട്.

17,18 എന്നീ തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണം. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; കൊച്ചിയിലും കാട്ടാക്കടയിലും ഇന്ന് ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; കൊച്ചിയിലും കാട്ടാക്കടയിലും ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചിയിലും കാട്ടാക്കടയിലും ഗതാഗത നിയന്ത്രണം. ഇന്ന് രാവിലെ ഒന്‍പതു മുതല്‍ രാവിലെ 11 വരെയും എംജി. റോഡ്, തേവര, നേവല്‍ ബേസ്, വില്ലിങ്ടണ്‍ ഐലന്‍ഡ്, ഷണ്മുഖം റോഡ്, പാര്‍ക്ക് അവന്യു റോഡ്, ഹൈക്കോടതി ഭാഗം എന്നിവിടങ്ങളിലാണ് നിയന്ത്രണം.

കാട്ടാക്കടയില്‍ രാവിലെ 10 മുതല്‍ കര്‍ശന ഗതാഗത നിയന്ത്രണം. കാട്ടാക്കടയിലേക്കുള്ള മുഴുവന്‍ റോഡുകളും അടക്കും. ഇരു ചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ ഒന്നും കടത്തി വിടില്ല. സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ ചൂണ്ടുപലക കള്ളിക്കാട് റോഡില്‍ പാര്‍ക്ക് ചെയ്യണമെന്ന് പൊലീസ് അറിയിച്ചു.

നെടുമങ്ങാട് ഭാഗത്ത് നിന്നും വരുന്ന കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെ യാത്ര വാഹനങ്ങള്‍ നക്രാംചിറയില്‍ യാത്ര അവസാനിപ്പിക്കണം. ഈ ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരുന്ന ബസുകള്‍ നക്രാംചിറവിളപ്പില്‍ശാല വഴി തിരുവനന്തപുരത്തേക്കും തിരിച്ചും പോകണം.

നെയ്യാര്‍ ഡാം ഭാഗത്ത് നിന്നും വരുന്ന യാത്ര വാഹനങ്ങള്‍ പട്ടകുളം വഴി നക്രാംചിറ വഴി തിരുവനന്തപുരത്തേക്ക് പോകണം. ന്മമണ്ഡപത്തിന്‍കടവ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ പ്ലാവൂര്‍ അമ്പലത്തിന്‍കാല വഴി തൂങ്ങാംപാറ വഴി തിരുവവന്തപുരത്തേക്കും തിരിച്ചും പോകണം.

ബാലരാമപുരം,നെയ്യാറ്റിന്‍കര ഭാഗത്തു നിന്നും കാട്ടാക്കടയിലേക്ക് വരുന്ന യാത്ര വാഹനങ്ങള്‍ തൂങ്ങാംപാറയില്‍ യാത്ര അവസാനിപ്പിച്ച് മടങ്ങണം.

സമ്മേളന നഗരിയിലേക്ക് പ്രവര്‍ത്തകരുമായി എല്ലാ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ കോളജിനു മുന്നില്‍ പ്രവര്‍ത്തകരെ ഇറക്കിയശേഷം ചൂണ്ടുപലകകള്ളിക്കാട് റോഡില്‍ പാര്‍ക്ക് ചെയ്യണം.

കാട്ടാക്കട പട്ടണത്തിലും പരിസര പ്രദേശത്തെ റോഡുകളുടെ ഇരുവശങ്ങളിലും രാവിലെ മുതല്‍ പ്രധാന മന്ത്രി മടങ്ങും വരെ യാതൊരുവിധ പാര്‍ക്കിങും അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു.