‘ഞാന്‍ ഐപിഎസ് ഓഫിസര്‍ ആവും’; ശൈശവ വിവാഹത്തിന് വിസമ്മതിച്ച പെണ്‍കുട്ടിക്ക് പരീക്ഷയില്‍ ഒന്നാം സ്ഥാനം

‘ഞാന്‍ ഐപിഎസ് ഓഫിസര്‍ ആവും’; ശൈശവ വിവാഹത്തിന് വിസമ്മതിച്ച പെണ്‍കുട്ടിക്ക് പരീക്ഷയില്‍ ഒന്നാം സ്ഥാനം

തിരുപ്പതി: ശൈശവ വിവാഹത്തിന് വിസമ്മതിച്ച പെണ്‍കുട്ടിക്ക് ഒന്നാം വര്‍ഷ ഇന്റര്‍മീഡിയറ്റ് ബോര്‍ഡ് പരീക്ഷകളില്‍ ആന്ധ്രപ്രദേശില്‍ ഒന്നാം സ്ഥാനം. കര്‍ണൂല്‍ ജില്ലയിലെ പെഡ ഹരിവനം സ്വദേശിനിയായ എസ്നി നിര്‍മല എന്ന പെണ്‍കുട്ടിയാണു പരീക്ഷയില്‍ 440ല്‍ 421 മാര്‍ക്ക് നേടി നാടിനാകെ അഭിമാനമായത്. 95.7% മാര്‍ക്കാണ് നിര്‍മല നേടിയത്.

കഴിഞ്ഞവര്‍ഷം 89.5 വിജയശതമാനത്തോടെ 600ല്‍ 537 മാര്‍ക്ക് നേടിയാണു നിര്‍മല പത്താം ക്ലാസ് പരീക്ഷ പാസായത്. തങ്ങളുടെ മൂന്നു പെണ്‍മക്കളെയും നേരത്തെ വിവാഹം കഴിപ്പിച്ച മാതാപിതാക്കള്‍ ഇളയമകളായ നിര്‍മലയുടെ വിവാഹം നേരത്തെ നടത്താന്‍ തീരുമാനിച്ചിരുന്നു. മക്കളെ പഠിപ്പിക്കാന്‍ പണമില്ലെന്നായിരുന്നു രക്ഷകര്‍ത്താക്കള്‍ പറഞ്ഞത്. തുടര്‍ന്ന് നിര്‍മല എല്‍എ വൈ.സായിപ്രസാദ് റെഡ്ഡിയെ സമീപിച്ചു.

എംഎല്‍എ ജില്ലാ കലക്ടര്‍ ജി.സൃജനയെ വിവരം അറിയിച്ചു. തുടര്‍ന്ന് ജില്ലാ ഭരണകൂടം ഇടപെട്ടാണ് നിര്‍മലയെ ബാല വിവാഹത്തില്‍നിന്നു രക്ഷിച്ചത്. തുടര്‍ന്ന് അസ്പാരിയിലെ കസ്തൂര്‍ബാ ഗാന്ധി ബാലികാ വിദ്യാലയത്തില്‍ പ്രവേശിപ്പിച്ചിക്കുകയായിരുന്നു. ഐപിഎസ് ഓഫിസറാകുമെന്നും ശൈശവ വിവാഹങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്നും നിര്‍മല മാധ്യമങ്ങളോടു പറഞ്ഞു.

ലോഡുകണക്കിന് മാലിന്യം വഴിയരികിൽ തള്ളി കടന്നുകളഞ്ഞ സ്ഥാപനത്തിന് കാൽലക്ഷം രൂപ പിഴയിട്ട് ആറ്റിങ്ങൽ നഗരസഭ

ലോഡുകണക്കിന് മാലിന്യം വഴിയരികിൽ തള്ളി കടന്നുകളഞ്ഞ സ്ഥാപനത്തിന് കാൽലക്ഷം രൂപ പിഴയിട്ട് ആറ്റിങ്ങൽ നഗരസഭ

ആറ്റിങ്ങൽ: ഈ മാസം ആറാം തീയതിയാണ് കൊല്ലമ്പുഴ മൂർത്തി ക്ഷേത്രത്തിന് പിറകുവശത്തെ റോഡിൽ നിരവധി ചാക്കുകളിലാക്കി ഉപേക്ഷിച്ച നിലയിൽ മാലിന്യ കൂമ്പാരം കണ്ടെത്തിയത്. നഗരശുചീകരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിൻ്റെ ഭാഗമായി രാവിലെ 8 മണിയോടെ ഇവിടെയെത്തിയ നഗരസഭ ആരോഗ്യ വിഭാഗം ആൻ്റി ലിറ്ററിംഗ് സ്ക്വാഡാണ് ചാക്കുകെട്ടുകൾ കണ്ടെത്തിയത്. തുടർന്ന് ഹരിതകർമ്മസേന തൊഴിലാളികളെ കൊണ്ട് അതേ സ്ഥലത്തു വെച്ചു തന്നെ മാലിന്യം തരംതിരിച്ച ശേഷം സംസ്കരണ പ്ലാൻ്റിലേക്ക് മാറ്റി.

പ്ലാസ്റ്റിക്കും തെർമോകോളും പഴകിയ കർട്ടൻ സാമഗ്രികളുമാണ് ചാക്കു കെട്ടുകളിലുണ്ടായിരുന്നത്. വിശദമായി നടത്തിയ പരിശോധനയിൽ വർക്കല പുത്തൻചന്ത കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദിവാനിയ ഫർണിഷിംഗ് എന്ന സ്ഥാപനത്തിലെ മാലിന്യങ്ങളാണെന്ന് കണ്ടെത്തുകയും സ്ഥാപനത്തിനെതിരെ 25,000 രൂപ പിഴ ചുമത്തുകയും ചെയ്തു. സ്ഥാപനം വൃത്തിയാക്കുന്നതിൻ്റെ ഭാഗമായി നീക്കം ചെയ്ത മാലിന്യങ്ങൾ കല്ലമ്പലത്ത് പ്രവർത്തിക്കുന്ന ആക്രി കടക്ക് കൈമാറിയിരുന്നതായി കടയുടമ പറഞ്ഞു.

ഇവർക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി കെ.എസ്.അരുൺ അറിയിച്ചു. ഇത്തരം ആളൊഴിഞ്ഞ തുറസായ സ്ഥലങ്ങളിൽ ചവറുകൾ വലിച്ചെറിഞ്ഞു കടന്നു കളയുന്നവരെ പിടികൂടാൻ കൂടുതൽ സുരക്ഷാ ക്യാമറകളും നഗരസഭ സ്ഥാപിക്കും. ഹെൽത്ത് സൂപ്പർവൈസർ റാംകുമാർ, ഇൻസ്പെക്ടർ രവികുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദിവ്യ, ജീവനക്കാരായ അജി, അജീഷ് തുടങ്ങിയവരാണ് സ്ക്വാഡിന് നേതൃത്വം വഹിച്ചത്.

‘ജസ്‌ന മുണ്ടക്കയം വിട്ടുപോയിട്ടില്ല; ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ ഒരു തവണയെങ്കിലും ബന്ധപ്പെട്ടേനെ’

‘ജസ്‌ന മുണ്ടക്കയം വിട്ടുപോയിട്ടില്ല; ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ ഒരു തവണയെങ്കിലും ബന്ധപ്പെട്ടേനെ’

കോട്ടയം: ജസ്‌ന മുണ്ടക്കയം വിട്ടുപോയതായി കരുതുന്നില്ലെന്ന് പിതാവ് ജയിംസ്. ജീവനോടെയുണ്ടായിരുന്നെങ്കില്‍ ഒരു തവണയെങ്കിലും ബന്ധപ്പെട്ടേനെയെന്നും പിതാവ് പറഞ്ഞു. സംഭവത്തില്‍ വര്‍ഗീയ മുതലെടുപ്പിന് ശ്രമമുണ്ടായെന്നും ലവ് ജിഹാദ് ഉണ്ടായിട്ടില്ലെന്നും അന്വേഷണത്തില്‍ ലോക്കല്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

അവളുടെ കൈവശം ആധാറില്ല, പാന്‍കാര്‍ഡ് ഇല്ല, അക്കൗണ്ടില്‍ നിന്ന് പണം മാറിയിട്ടുമില്ല. പിന്നെ എങ്ങനെ പുറത്തുപോകുമെന്ന് പിതാവ് ചോദിച്ചു. മകളെ കാണാതായത് മുതല്‍ താന്‍ തന്നെ ഒരു ടീമുണ്ടാക്കി സമാന്തരമായി അന്വേഷണം നടത്തിയിരുന്നു. അതില്‍ ബോധ്യപ്പെട്ട കാര്യങ്ങള്‍ കോടതിയെ അറിയിക്കും. ജീവനോടെ ഉണ്ടെങ്കില്‍ ഒരിക്കലെങ്കിലും ജസ്‌ന തന്നെ ബന്ധപ്പെട്ടേനെയെന്നും ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ വീഴ്ചയുണ്ടായതായും മുണ്ടക്കയം കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തേണ്ടതെന്നും പിതാവ് പറഞ്ഞു.

19ാം തീയതി കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥനോട് ഹാജരകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അന്ന് ദിവസം കോടതിയില്‍ ഹാജരാകും. അവരെ കൂടി കേട്ടശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്ന് ജയിംസ് പറഞ്ഞു.

പരാതി അന്വേഷിക്കാനെത്തി; വീടിന്റെ ​ഗെയ്റ്റ് ചാടിയെത്തിയത് മുപ്പതോളം നായ്ക്കൾ; എസ്ഐക്ക് കടിയേറ്റു

പരാതി അന്വേഷിക്കാനെത്തി; വീടിന്റെ ​ഗെയ്റ്റ് ചാടിയെത്തിയത് മുപ്പതോളം നായ്ക്കൾ; എസ്ഐക്ക് കടിയേറ്റു

കൊച്ചി: പരാതി അന്വേഷിക്കാനെത്തിയ എസ്ഐയെ നായ്ക്കൾ ആക്രമിച്ചു. ഹിൽപാലസ് പൊലീസ് സ്റ്റേഷനിലെ എസ്ഐ കെആർ രാജീവ് നാഥിനാണ് നായ്ക്കളുടെ ആക്രമണത്തിൽ സാരമായി പരുക്കേറ്റത്. പരാതി അന്വേഷിക്കാൻ വീടിന് വെളിയിൽ എത്തിയ പൊലീസ് ഉദ്യോ​ഗസ്ഥനെ ​ഗെയ്റ്റ് ചാടിക്കടന്നെത്തിയ നായ്ക്കൂട്ടം ആക്രമിക്കുകയായിരുന്നു.

തൃപ്പൂണിത്തുറ- ഹിൽപാലസ് റോഡിൽ റെയിൽവേ മേൽപ്പാലത്തിനു താഴെ ചാത്താരിഭാ​ഗത്ത് ഒരു വീടിന് മുന്നിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. തെരുവുനായ്ക്കളെ വീട്ടിൽ സംരക്ഷിക്കുന്ന ഒരു സ്ത്രീ നൽകിയ പരാതി അന്വേഷിക്കാനാണ് എസ്ഐ എത്തിയത്. ബൈക്കിൽ എത്തിയ എസ്ഐ വീടിനു പുറത്ത് നിന്ന് വിളിച്ചു. സ്ത്രീ ​ഗേറ്റ് തുറന്നെത്തുന്നതിനു മുൻപായി നായ്ക്കൾ പാ‍ഞ്ഞെത്തുകയായിരുന്നു.

മുപ്പതോളം നായ്ക്കൾ ​ഗെയ്റ്റ് ചാടിയെത്തി തന്നെ ആക്രമിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. ബൈക്കിൽ വരെ നായ്ക്കൾ കയറിയെന്നും ചെരുപ്പ് കൊണ്ട് എറിഞ്ഞാണ് രക്ഷപ്പെട്ടതെന്നും കൂട്ടിച്ചേർത്തു. ബൈക്കിൽ നിന്ന് ഇറങ്ങിയിരുന്നെങ്കിൽ നായ്ക്കൾ കടിച്ചുകൊല്ലുമായിരുന്നു എന്നാണ് എസ്ഐ പറയുന്നത്. നായയുടെ കടിയേറ്റ എസ്ഐ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പൊലീസിനെ വിളിച്ചുവരുത്തിയ പരാതിക്കാരിക്കെതിരെ കേസെടുത്തു.

കാനഡയിൽ ഇനി ‘മമ്മൂക്ക’ കുതിച്ചു പായും; പുതിയ കാറിന് സൂപ്പർതാരത്തിന്റെ പേര് നൽകി മധുരരാജ നിർമാതാവ്

കാനഡയിൽ ഇനി ‘മമ്മൂക്ക’ കുതിച്ചു പായും; പുതിയ കാറിന് സൂപ്പർതാരത്തിന്റെ പേര് നൽകി മധുരരാജ നിർമാതാവ്

മമ്മൂട്ടിയുടെ ഏറ്റവും വലിയ ബോക്സ് ഓഫിസ് ഹിറ്റുകളിൽ ഒന്നാണ് വൈശാഖിന്റെ മധുര രാജ. നെൽസൺ ഐപ്പാണ് ചിത്രം നിർമിച്ചത്. ഇപ്പോൾ പുതിയ കാറിന് മമ്മൂട്ടിയുടെ പേര് നൽകിയിരിക്കുകയാണ് നെൽസൺ ഐപ്പ്. അദ്ദേഹത്തിന്റെ മകൻ കാനഡയിൽ വാങ്ങിയ പുതിയ കാറിന്റെ നമ്പർ പ്ലേറ്റിലാണ് മമ്മൂക്ക നിറഞ്ഞു നിൽക്കുന്നത്.

ഫെയ്സ്ബുക്കിലൂടെ നെൽസൺ തന്നെയാണ് പുതിയ കാറിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. കാനഡയിലെ കിയയുടെ ഷോറൂമിൽ നിന്നുള്ളതാണ് ചിത്രം. എന്തായാലും കാനഡയിലെ മമ്മൂക്ക കാർ ആരാധകരുടെ മനം കവർന്നു കഴിഞ്ഞു. നിരവധി പേരാണ് ഫോട്ടോ പോസ്റ്റ് ചെയ്ത് സന്തോഷം പങ്കുവെക്കുന്നത്.

മധുര രാജ കൂടാതെ ചാട്ടുളി എന്ന സിനിമയും നെൽസൺ നിർമ്മിച്ചിട്ടുണ്ട്. 2012ല്‍ ദിലീപ് നായകനായി എത്തിയ മിസ്റ്റര്‍ മരുമകന്‍ ആണ് ആദ്യ നിർമ്മാണ സംരഭം. ഇതിന് ശേഷമാണ് 2018ല്‍ വൈശാഖ് സംവിധാനം ചെയ്ത മധുരരാജ എന്ന ചിത്രം നിര്‍മ്മിക്കുന്നത്.