സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയത്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 6650 രൂപയിലും ഒരു പവന്‍ എട്ട് ഗ്രാമിന് 53,200 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്രവിലയില്‍ സ്വര്‍ണം ഔണ്‍സിന് 2343 ഡോളര്‍ വരെയെത്തി. ഇന്നലെ ഗ്രാമിന് 100 രൂപ കൂടി 6720 രൂപയിലും പവന് 800 രൂപ കൂടി 53,760 രൂപയിലുമാണ് വ്യാപാരം നടന്നത്.

ആറ്റിങ്ങൽ കരാട്ടെ ടീമിൻ്റെ പന്ത്രണ്ടാമത് വാർഷിക ബ്ലാക്ക് ബെൽറ്റ് ക്യാമ്പും ബെൽറ്റ് ഗ്രേഡിംഗ് പരീക്ഷയും ഏപ്രിൽ 15 മുതൽ

ആറ്റിങ്ങൽ കരാട്ടെ ടീമിൻ്റെ പന്ത്രണ്ടാമത് വാർഷിക ബ്ലാക്ക് ബെൽറ്റ് ക്യാമ്പും ബെൽറ്റ് ഗ്രേഡിംഗ് പരീക്ഷയും ഏപ്രിൽ 15 മുതൽ

ആറ്റിങ്ങൽ കരാട്ടെ ടീമിൻ്റെ പന്ത്രണ്ടാമത് വാർഷിക ബ്ലാക്ക് ബെൽറ്റ് ക്യാമ്പും ബെൽറ്റ് ഗ്രേഡിംഗ് പരീക്ഷയും ഏപ്രിൽ 15 മുതൽ മേയ് 2 വരെ പെരുങ്കുളം സ്പോർട്ടിംഗ് സിറ്റി ഇൻഡോർ ടർഫിൽ നടക്കും. ക്യാമ്പിൻ്റെ ഭാഗമായി കരാട്ടെ വിദഗ്ദ്ധ പരിശീലനത്തിന് പുറമേ വിവിധ മേഖലകളിലെ വിദഗ്ദ്ധർ നയിക്കുന്ന സ്പോർട്സ് സെമിനാറുകളും ശില്പശാലകളും ഉണ്ടായിരിക്കുന്നതാണ്. ആറ്റിങ്ങൽ കരാട്ടെ ടീം മുഖ്യ പരിശീലകൻ സമ്പത്ത് വി ക്യാമ്പിന് നേതൃത്വം നൽകും. മേയ് 2 ന് നടക്കുന്ന ബ്ലാക്ക് ബെൽറ്റ് ഗ്രേഡിംഗ് പരീക്ഷയിൽ അലൻ തിലക് കരാട്ടെ സ്കൂൾ കേരളാ സൗത്ത് സോൺ ഡയറക്ടറും 9-ാം ഡിഗ്രി ബ്ലാക്ക് ബെൽറ്റുമായ ഹാൻഷി ആർ സുരാജ് പരീക്ഷകനായി പങ്കെടുക്കും.

പടക്കവുമായി തീവണ്ടിയിൽ യാത്ര വേണ്ട; പിടിച്ചാൽ മൂന്നു വർഷം വരെ തടവ്

പടക്കവുമായി തീവണ്ടിയിൽ യാത്ര വേണ്ട; പിടിച്ചാൽ മൂന്നു വർഷം വരെ തടവ്

കൊച്ചി: പടക്കവുമായി ട്രെയിനിൽ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആർപിഫ്. വിഷു പ്രമാണിച്ച് അയൽ സംസ്ഥാനങ്ങളിൽ നിന്ന് വിലക്കുറവിൽ പടക്കം വാങ്ങി തീവണ്ടിയിൽ എത്തിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നിരീക്ഷണം ശക്തമാക്കിയത്. പടക്കവുമായി ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് മൂന്നു വർഷം വരെയാണ് തടവ്. കൂടാതെ പിഴയും കിട്ടും‌.

ആർപിഎഫ് ക്രൈം ഡിവിഷൻ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡാണ് പരിശോധന തുടങ്ങിയത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് നടപടി. പാലക്കാട്, മം​ഗലാപുരം, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ സ്റ്റേഷനുകളെ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. എസ്ഐയോ എഎസ്ഐയോ നേതൃത്വം നൽകുന്ന നാലം​ഗ സംഘമാണ് ഓരോ സ്ക്വാഡിലും ഉണ്ടാവുക. 24 മണിക്കൂറും പരിശോധനയുണ്ടാകും.

മഫ്തിയിലാണ് പരിശോധനയ്ക്ക് എത്തുക. പിടിവീണാൽ റെയിൽവേ നിയമം 164, 165 വകുപ്പുകൾ പ്രകാരം കേസെടുക്കും. മൂന്നു വർഷം വരെ തടവോ 1000 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന ശിക്ഷയാണ് ഇത്. കനത്ത ചൂടുള്ള കാലാവസ്ഥയിൽ പടക്കം പൊട്ടിത്തെറിക്കാനും തീവണ്ടിക്ക് തീപിടിക്കാനുമുള്ള സാധ്യതയുള്ളതിനാലാണ് നടപടി കർശനമാക്കുന്നത്.

സംസ്ഥാനത്തെ സ്‌കൂളുകളില്‍ കളിസ്ഥലങ്ങള്‍ നിര്‍ബന്ധമെന്ന് ഹൈക്കോടതി

സംസ്ഥാനത്തെ സ്‌കൂളുകളില്‍ കളിസ്ഥലങ്ങള്‍ നിര്‍ബന്ധമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ സ്‌കൂളുകളില്‍ കളിസ്ഥലങ്ങള്‍ നിര്‍ബന്ധമെന്ന് ഹൈക്കോടതി. കളി സ്ഥലമില്ലാത്ത സ്‌കൂളുകള്‍ക്കെതിരെ അടച്ചുപൂട്ടുന്നത് ഉള്‍പ്പടെയുളള നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദേശം. പഠനം ക്ലാസ് മുറികള്‍ക്കകത്ത് മാത്രമായി പരിമിതപ്പെടുത്താനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ചട്ടപ്രകാരമുള്ള കളിസ്ഥലങ്ങള്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നാലുമാസത്തിനകം മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണണ്‍ ഉത്തരവിട്ടു.

സിബിഎസ്ഇ, സിഐഎസ്ഇ സ്‌കൂളുകളുടെ ചട്ടങ്ങളില്‍ സ്‌കൂളുകളില്‍ കളിസ്ഥലത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ നിര്‍ദേശം. കേരള വിദ്യാഭ്യാസ നിയമങ്ങളിലും ചട്ടങ്ങളില്‍ ഇതുണ്ടായിരുന്നില്ലെന്നും സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ഇത് ബാധകമാണെന്നും ഉത്തരവില്‍ പറയുന്നു.

സംസ്ഥാനത്തെ നിരവധി സ്‌കൂളുകള്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സ്ഥാപിതമായതാണെന്നും അതിനാല്‍ തന്നെ കെട്ടിടനിര്‍മാണങ്ങള്‍ ഉള്‍പ്പടെ വിവിധ കാരണങ്ങളാല്‍ മതിയായ കളിസ്ഥലങ്ങളില്ലെന്നും കോടതി നിരീക്ഷിച്ചു. സംസ്ഥാന ചട്ടങ്ങളില്‍ ഇത്തരമൊരു കാര്യം ഇല്ലാത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതരും, എയ്ഡഡ് സ്‌കൂള്‍ മാനേജ്മെന്റും ഇത് മുതലെടുക്കുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ആവശ്യമായ കളിസ്ഥലം സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറത്തിറക്കേണ്ടത് അനിവാര്യമാണെന്നും കോടതി പറഞ്ഞു.

കളിസ്ഥലങ്ങള്‍ കുട്ടികളുടെ പഠനാന്തരീക്ഷത്തില്‍ അഭിവാജ്യഘടകമാണ്. അത് കുട്ടികള്‍ക്ക് സന്തോഷം നല്‍കുന്നതിനൊപ്പം കുട്ടികളുട ശാരീരികവും മാനസികവുമായി കഴിവുകള്‍ വികസിപ്പിക്കുന്നുവെന്ന് ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ ചൂണ്ടിക്കാട്ടി. കുട്ടികളുടെ വിദ്യാഭ്യാസം ക്ലാസ് മുറിക്കകത്തായി പരിമിതപ്പെടുത്താതെ സ്‌പോര്‍ട്‌സുകളും ഗെയിമുകളും പാഠ്യപദ്ധതിയുടെ ഭാഗമാകണമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇടുക്കിയില്‍ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് പത്ത് വയസുകാരിക്ക് ദാരുണാന്ത്യം

ഇടുക്കിയില്‍ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് പത്ത് വയസുകാരിക്ക് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കി രാജാക്കാട് കുത്തുങ്കലില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് പത്ത് വയസുകാരി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. ശിവഗംഗ സ്വദേശി റെജീന(35) ആണ് അപകടത്തില്‍ മരിച്ച ഒരാള്‍.

തമിഴ്‌നാട് ശിവഗംഗയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റു. രാവിലെ ഒമ്പതോടെയാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ്‌ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.