by liji HP News | Apr 13, 2024 | Latest News, കേരളം
പാലക്കാട്:ഡിവിഷന് കീഴില്‍ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തിയതായി റെയില്‍വേ അറിയിച്ചു.
വൈകി ഓടുന്ന ട്രെയിനുകള്‍
ഡോ. എംജിആര്‍- ചെന്നൈ സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് ഇന്ന് ഒരു മണിക്കൂറും 20 മിനിറ്റും.
ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ – മംഗളൂരു സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12685)15നു മൂന്ന് മണിക്കൂറും 10 മിനിറ്റും
മംഗളൂരു സെന്‍ട്രല്‍ – തിരുനന്തപുരം സെന്‍ട്രല്‍ മാവേലി എക്‌സ്പ്രസ് (16603) 15നും ഒരു മണിക്കൂര്‍
തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ മലബാര്‍ എക്‌സ്പ്രസ് 15ന് ഒരു മണിക്കൂര്‍
മംഗളൂരു സെന്‍ട്രല്‍ – ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് (22638)16,17 തീയതികളില്‍ ഒരു മണിക്കൂറും 20 മിനിറ്റും
കണ്ണൂര്‍- ഷൊര്‍ണൂര്‍ ജങ്ഷന്‍ മെമു (06024) 16,17തീയിതകളില്‍ ഒരു മണിക്കൂറും 10 മിനിറ്റും വൈകും.
by liji HP News | Apr 13, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആശങ്കകള്‍ക്ക് താത്കാലിക വിരാമമിട്ട് 3,000 കോടി കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. 5000 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. കേരളത്തിന് ഈ സാമ്പത്തിക വര്‍ഷം 37,512 കോടി കടമെടുക്കാന്‍ അവകാശമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചെങ്കിലും കടമെടുപ്പിനുള്ള അനുമതി ഒരു സംസ്ഥാനത്തിനും നല്‍കിയിരുന്നില്ല.
ഇതോടെയാണ് അനുമതി തരുംവരെ ഇടക്കാല വായ്പക്കുള്ള അനുമതി കേരളം ആവശ്യപ്പെട്ടത്. 3,000 കോടി അടുത്തയാഴ്ച തന്നെ കടമെടുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും കഴിഞ്ഞ വര്‍ഷം പാസാക്കാന്‍ കഴിയാത്ത ബില്ലുകള്‍ പാസാക്കാനാണ് ഈ തുക പ്രധാനമായും ഉപയോഗിക്കുക.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മെയിന്റനന്‍സ് ഗ്രാന്റിന്റെ ആദ്യഗഡുവായി 1.377 കോടി രൂപ ഇന്നലെ ധനവകുപ്പ് അനുവദിച്ചു. ഇതില്‍ 847.42 കോടി റോഡുകളുടെ അറ്റകുറ്റപ്പണിക്കാണ്. മറ്റുള്ള അറ്റകുറ്റപ്പണികള്‍ക്കായി 529.64 കോടിയും നീക്കിവച്ചു. പഞ്ചായത്തുകള്‍ക്ക് 928.87 കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക്74.28 കോടി, ജില്ലാ പഞ്ചായത്തുകള്‍ക്ക് 130.19 കോടി, മുന്‍സിപ്പാലിറ്റികള്‍ക്ക് 184.13 കോടി, കോര്‍പ്പറേഷനുകള്‍ക്ക് 59.45 കോടി എന്നിങ്ങനെയാണ് വിഹിതമുള്ളത്, തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ആദ്യമാസം തന്നെ മെയിന്റനന്‍സ് ഗ്രാന്റ് നല്‍കുന്നത്.
by liji HP News | Apr 13, 2024 | Latest News, കേരളം
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഷുക്കണി ദര്‍ശനം നാളെ പുലര്‍ച്ചെ 2.42 മുതല്‍ 3.42 വരെ. പുലര്‍ച്ചെ രണ്ടിന് ശേഷം മേല്‍ശാന്തി പള്ളിശേരി മധുസൂദനന്‍ നമ്പൂതിരി ശ്രീലക വാതില്‍ തുറക്കും. നേരത്തെ ഓട്ടുരുളിയില്‍ തയ്യാറാക്കി വച്ച കണിക്കോപ്പുകളില്‍ നെയ്ത്തിരി തെളിച്ചു കണ്ണനെ കണിച്ച് വിഷുകൈനീട്ടം നല്‍കും. ഓട്ടുരുളിയിൽ ഉണക്കലരി, വെള്ളരി, ചക്ക, മാങ്ങ, കൊന്നപ്പൂവ്, ഗ്രന്ഥം, സ്വർണം, വസ്ത്രം, നാണയം, നാളികേരം എന്നിവ വച്ചാണ് കണിയൊരുക്കുന്നത്.
ശ്രീലകത്ത് മുഖമണ്ഡപത്തില്‍ സ്വര്‍ണ സിംഹാസനത്തില്‍ പൊന്‍തിടമ്പും കണിക്കോപ്പുകളും വച്ചും ഭക്തര്‍ക്കുള്ള കണിയൊരുക്കും. നമസ്‌കാര മണ്ഡപത്തിലും കണിവയ്ക്കും. നാലമ്പലത്തില്‍ പ്രവേശിക്കുമ്പോള്‍ തന്നെ ഭക്തര്‍ക്ക് കണ്ണനെയും വിഷുക്കണിയും കാണാനാകും. കണി കണ്ടെത്തുന്നവര്‍ക്ക് മേല്‍ശാന്തി വിഷക്കൈനീട്ടം നല്‍കും. 3.42ന് വിഗ്രഹത്തിലെ മാലകള്‍ മാറ്റി, തൈലാഭിഷേകം, വാകച്ചാര്‍ത്ത് തുടങ്ങി പതിവു ചടങ്ങുകള്‍ നടക്കും. നെയ് വിളക്ക് ശീട്ടാക്കി ദര്‍ശനം 4.30 ന് തുടങ്ങും. പടിഞ്ഞാറെ ഗോപുരവും ഭഗവതിക്കെട്ടിലെ വാതിലും 3.15ന് മാത്രമെ തുറക്കുകയുള്ളു.
ഉച്ചപൂജയ്ക്ക് ദേവസ്വം വക നമസ്‌കാരം പ്രത്യേകതയാണ്. തെക്കുമുറി ഹരിദാസിന്റെ വഴിപാടായി വിഷുവിളക്ക് നെയ് വിളക്കായി ആഘോഷിക്കും. കാലത്തും ഉച്ചകഴിഞ്ഞും കാഴ്ച ശീവേലിക്കും പെരുവനം കുട്ടന്‍മാരാരുടെ മേളം. സന്ധ്യയ്ക്ക് താമരയൂര്‍ അനീഷ് നമ്പീശന്റെയും അനുനന്ദിന്റെയും തായമ്പക. രാത്രി നെയ് വിളക്കിന്റെ പ്രഭയില്‍ വിളക്കാചാര പ്രദക്ഷിണത്തില്‍ ഗുരുവായൂര്‍ കൃഷ്ണകുമാര്‍ (ഇടയ്ക്ക്) ഗുരുവായൂര്‍ മുരളി (നാഗസ്വരം) എന്നിവരുടെ നേതൃത്വത്തില്‍ ഇടയ്ക്ക നാഗസ്വര പ്രദക്ഷിണം.
by liji HP News | Apr 12, 2024 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: വിഭിന്നശേഷിക്കാരൻ സഞ്ജുവിനാണ് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ കിളിമാനൂർ യൂണിറ്റ് വിഷുക്കൈനീട്ടം ഒരുക്കിയിരിക്കുന്നത്. സമഗ്ര ശിക്ഷാ കേരളം ഭിന്നശേഷി കുട്ടികളുടെ അധ്യാപകരുടെ സംഘടനയാണ് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ. വിദ്യാലയത്തിൽ എത്താൻ വെല്ലുവിളികൾ കൊണ്ട് ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് നൽകുന്ന ബുധനാഴ്ചകളിലെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസത്തിനിടയിലാണ് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പോലും സൗകര്യമില്ലാത്ത സഞ്ജുവിനെയും കുടുംബത്തെയും സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ ജൂൺ മാസത്തിൽ കണ്ടെത്തിയത്.
മാധ്യമങ്ങളിൽ വന്ന വാർത്തയെ തുടർന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ ജസ്റ്റിസ് പഞ്ചാബ കേശൻ സ്വമേധയാ കേസെടുത്തിരുന്നു. ബിആർസിയുടെ നേതൃത്വത്തിൽ താൽക്കാലികമായി ടോയ്‌ലറ്റു നിർമ്മിച്ചു നൽകി. സർക്കാരിൽ നിന്ന് വീട് ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ, സ്വന്തമായി ഭൂമിയും ഇല്ലാത്തതുകൊണ്ട് വർഷങ്ങളായി സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. നവ കേരള സദസ്സിന്റെ ഭാഗമായി 35 വർഷമായി തടസ്സപ്പെട്ടു കിടന്ന അമ്മയുടെ പേരിലുള്ള ഭൂമിയുടെ പട്ടയവും സഞ്ജുവിന് ലഭിച്ചു.
10 ലക്ഷം രൂപ മുടക്കി ഭിന്നശേഷി സൗഹൃദ ഗൃഹമാണ് സഞ്ജുവിനായി കെ ആർ ടി എ ഒരുക്കിയിരിക്കുന്നത്. വീൽചെയറിൽ യഥേഷ്ടം വീടിന് ചുറ്റാകെ സഞ്ചരിക്കുന്നതിനും വീടിനുള്ളിലേക്ക് കയറുന്നതിനും റാമ്പും റെയിലും പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. സ്വന്തമായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ സ്വിച്ച് ബോർഡുകൾ, ടോയ്ലറ്റ്, വാഷ്ബേസിനുകൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ഭിന്നശേഷി സൗഹൃദമായി നിർമ്മിക്കപ്പെടുന്ന ആദ്യ വീട് എന്ന ബഹുമതിയും സഞ്ജുവിന്റെ സ്വപ്നക്കൂടിന് സ്വന്തം. കിളിമാനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ, അധ്യാപകർ,കുട്ടികൾ, റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ്, വർക്കല എസ് എൻ കോളേജ്, എൻഎസ്എസ് യൂണിറ്റ്, എസ് എൻ ട്രസ്റ്റ് എന്നിവരുട സാമ്പത്തിക പിന്തുണയോടെയാണ് ഗൃഹനിർമ്മാണം പൂർത്തീകരിച്ചത്.
പതിനഞ്ചാം തീയതി രാവിലെ 9 മണിക്ക് സഞ്ജുവിന്റെ ഗൃഹപ്രവേശം നടക്കും. സഞ്ജുവിന്റെ സ്വപ്നക്കൂട് നിർമ്മാണത്തിനായി കെ ആർ ടി എ കണ്ടെത്തിയ തുകയിൽ നിന്ന് അവശേഷിക്കുന്ന തുക ഉപയോഗിച്ച് ലൈഫ് പദ്ധതി പ്രകാരം വീട് ലഭിച്ച ഉപജില്ലയില മറ്റു രണ്ടു കുട്ടികളുടെ വീട് കൂടി ഭിന്നശേഷി സൗഹൃദ ഗൃഹമാക്കി മാറ്റും.
by liji HP News | Apr 12, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ജീവിതശൈലി രോഗനിവാരണ – ബോധവൽക്കരണ ക്ലാസ് നാളെ വൈകുന്നേരം 3 മണിയ്ക്ക് ആറ്റിങ്ങൽ ക്ലബ് ആഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കുന്നു. കേരളത്തിലും മറു നാടുകളിലും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഹീൽ വിത്ത് നേച്ചർ എന്ന സംഘടനയുടെയും ഡോ. പ്രസാദ്സ് വെൽനെസ്സ് ഹബ്ബിന്റെയും സാരഥിയായ ഡോ. എം വി പ്രസാദ് എം ബി ബി എസ് ആണ് പഠന ക്ലാസ് നയിക്കുന്നത്.
പരിപാടിയിൽ ജീവിത ശൈലി രോഗങ്ങളായ പ്രമേഹം, പ്രെഷർ, കൊളസ്ട്രോൾ എന്നിവ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് അനുയോജ്യമായ പ്രതിരോധ മാർഗങ്ങളെക്കുറിച്ച് വിശദമായി അവലോകനം ചെയ്യും. ഈ ഗ്രൂപ്പിൽ ഉൾപ്പെടുന്ന അംഗങ്ങൾക്ക് സൂം മീറ്റിൽ കൂടി എല്ലാ ദിവസവും ഉപദേശങ്ങളും വ്യായാമ മുറകളുടെ പരിശീലനവും നൽകുന്നതായിരിക്കും.
Recent Comments