‘ആത്മാഭിമാനം, അതിത്തിരി കൂടുതലാണ്’; നാലരയ്ക്കു മാധ്യമങ്ങളെ കാണുമെന്ന് പിവി അന്‍വര്‍

‘ആത്മാഭിമാനം, അതിത്തിരി കൂടുതലാണ്’; നാലരയ്ക്കു മാധ്യമങ്ങളെ കാണുമെന്ന് പിവി അന്‍വര്‍

മലപ്പുറം: പരസ്യപ്രതികരണങ്ങളില്‍ നിന്നു പിന്‍മാറണമെന്ന പാര്‍ട്ടി വിലക്ക് ലംഘിച്ച് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ വീണ്ടും മാധ്യമങ്ങള്‍ക്കു മുന്നിലേക്ക്. ഇന്നു വൈകിട്ട് നാലരയ്ക്കു മാധ്യങ്ങളുടെ കാണുമെന്ന് അന്‍വര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ആത്മാഭിമാനം തനിക്കിത്തിരി കൂടുതലാണെന്നും അന്‍വര്‍ കുറിപ്പില്‍ പറഞ്ഞു.

“വിശ്വാസങ്ങള്‍ക്കും, വിധേയത്വത്തിനും,താല്‍ക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം.

അതിത്തിരി കൂടുതലുണ്ട്. ‘നീതിയില്ലെങ്കില്‍ നീ തീയാവുക’എന്നാണല്ലോ.. ഇന്ന് വൈകിട്ട് നാലരയ്ക്ക്

മാധ്യമങ്ങളെ കാണുന്നുണ്ട്.”- അന്‍വറിന്റെ കുറിപ്പ് ഇങ്ങനെ.

പരസ്യപ്രതികരണങ്ങളില്‍ നിന്നും അന്‍വര്‍ പിന്മാറണമെന്ന് കഴിഞ്ഞയാഴ്ച പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയേയും മുന്നണിയേയും ദുര്‍ബലപ്പെടുത്തുന്നതാണ് അന്‍വറിന്റെ നടപടികളെന്നാണ് സിപിഎം വിലയിരുത്തിയത്. അന്‍വറിന്റെ ആരോപണങ്ങള്‍ ശത്രുക്കള്‍ക്ക് പാര്‍ട്ടിയെയും സര്‍ക്കാരിനെയും ആക്രമിക്കാനുള്ള ആയുധമായി മാറി. അന്‍വറിനോട് ഒരു തരത്തിലും യോജിപ്പില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി

പി വി അന്‍വര്‍ പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും ചില പരാതികള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പാര്‍ട്ടിക്ക് നല്‍കിയ പരാതിയിലും അന്വേഷണം നടക്കും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് അന്‍വര്‍ പരസ്യ പ്രതികരണങ്ങള്‍ തുടരുകയാണ്. ഇത് ാെരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്ന് സിപിഎം സെക്രട്ടേറിയറ്റ് പറയുന്നു. ഇത്തരം നിലപാടുകള്‍ തിരുത്തി അന്‍വര്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന സമീപനത്തില്‍ നിന്നും പിന്തിരിയണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വയനാട്-തമിഴ്‌നാട് അതിർത്തിയായ ചേരമ്പാടിയിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു

വയനാട്-തമിഴ്‌നാട് അതിർത്തിയായ ചേരമ്പാടിയിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു

വയനാട്-തമിഴ്‌നാട് അതിർത്തിയായ ചേരമ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു. തമിഴ്‌നാട് നീലഗിരി ജില്ലയിലെ ചേരമ്പാടി ചപ്പുംതോട് കുഞ്ഞുമൊയ്തീനാണ് മരിച്ചത്. പുലർച്ചെ രണ്ടരയോടെയാണ് സംഭവം.
ശബ്ദം കേട്ട് വീട്ടുമുറ്റത്തേക്കിറങ്ങിയ കുഞ്ഞുമൊയ്തീനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിക്കുകയാണ്. ഊട്ടി-കോഴിക്കോട് ദേശീയപാതയിൽ ചുങ്കം ജംഗ്ഷനിൽ വെച്ചാണ് ആക്ഷൻ കമ്മിറ്റി വാഹനങ്ങൾ തടയുന്നത്.

അർജുന്റെ ലോറിയിൽ മകന്റെ കുഞ്ഞുകളിപ്പാട്ടവും; ‍‍ഫോണും വാച്ചും പാത്രങ്ങളും……

അർജുന്റെ ലോറിയിൽ മകന്റെ കുഞ്ഞുകളിപ്പാട്ടവും; ‍‍ഫോണും വാച്ചും പാത്രങ്ങളും……

ഷിരൂർ: 72 ദിവസം നീണ്ട കാത്തിരിപ്പിനൊടുവിൽ ഷിരൂരിലെ ​ഗം​ഗാവലി പുഴയിൽ നിന്ന് അർജുന്റെ ലോറി കരക്കെത്തിച്ചപ്പോൾ ബാക്കിയായത് ചില കണ്ണീർക്കാഴ്ചകൾ. ലോറിയിൽ നിന്ന് അർജുൻ യാത്രയിൽ ഉപയോ​ഗിച്ച വസ്തുക്കൾ കണ്ടെടുത്തു. അർജുന്റെ ബാ​ഗ്, രണ്ട് ഫോണുകൾ, പാചകത്തിനുപയോ​ഗിക്കുന്ന കുക്കർ ഉൾപ്പെടെയുള്ള പാത്രങ്ങൾ, വാച്ച്, ചെരിപ്പുകൾ എന്നിവയാണ് കണ്ടെടുത്തത്. മകന്റെ കളിപ്പാട്ടവുമുണ്ടായിരുന്നു അർജുന്റെ ലോറിയിൽ. ഈ കളിപ്പാട്ടം ലോറിയില്‍ കാബിന് മുന്നില്‍ വെച്ചാണ് അര്‍ജുന്‍ യാത്ര ചെയ്തിരുന്നത്. മകന് വേണ്ടി അര്‍ജുന്‍ വാങ്ങി നല്‍കിയതായിരുന്നു ഇതെന്ന് അനിയന്‍ അഭിജിത്ത് പറഞ്ഞു. പിന്നീട് തിരികെ പോയപ്പോള്‍ ഈ കളിപ്പാട്ട വണ്ടിയും അര്‍ജുന്‍ കൂടെക്കൊണ്ടുപോയിരുന്നു.

കാബിന്റെ ഭാ​ഗത്തുള്ള ചെളി നീക്കിയപ്പോഴാണ് ഇവയെല്ലാം കിട്ടിയത്. ഇന്നലെയാണ് അർജുന്റെ ശരീരഭാ​ഗങ്ങളും ലോറിയും ​ഗം​ഗാവലി പുഴയിൽ നിന്നും കണ്ടെത്തിയത്. കാബിന്‍ പൊളിച്ചു നീക്കി ചെളി നീക്കിയപ്പോളാണ് അര്‍ജുന്‍റെ വസ്ത്രങ്ങളുള്‍പ്പെടെ ലഭിച്ചത്. ലോറിയുടെ ക്യാബിനുള്ളില്‍ നിന്നും അസ്ഥികള്‍ കണ്ടെത്തിയിരുന്നു. അര്‍ജുന്‍റെ മൃതദേഹം നാളെ കുടുംബത്തിന് വിട്ടുനല്‍കും. മൃതദേഹത്തെ കര്‍ണാടക പൊലീസും അനുഗമിക്കും. പൊലീസ് സംരക്ഷണയോടെ ആയിരിക്കും കേരളത്തിലേക്കുള്ള യാത്ര. അര്‍ജുന്‍റെ മൃതദേഹം എങ്ങനെ കൊണ്ടുപോകണം എന്ന കാര്യത്തില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമാകും.

നാളെ ഉച്ചയോടെ ഡിഎന്‍എ സാംപിള്‍ ഫലം എത്തും. എല്ലിന്‍റെ ഒരു ഭാഗമെടുത്താണ് മംഗളൂരു എഫ്എസ്എല്‍ ലാബിലേക്ക് അയച്ചിരിക്കുകയാണ്. കാര്‍വാര്‍ ആശുപത്രിയിലുള്ള മൃതദേഹത്തിന്‍റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇന്ന് തന്നെ പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിയിച്ചു.

കെഎസ്ആർടിസി ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

കെഎസ്ആർടിസി ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

കിളിമാനൂർ: കെഎസ്ആർടിസി ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പൊരുന്തമൺ തടത്തരികത്ത് വീട്ടിൽ പ്രസ്സി (56) യാണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയായിരുന്നു. ഇലക്ട്രീഷ്യൻ തൊഴിലാളിയാണ്: ഭാര്യ.രജനി. മക്കൾ: അനു പ്രസ്സി, അബിൻ.

പട്ടാപ്പകല്‍ കാര്‍ തടഞ്ഞ് സ്വർണക്കവർച്ച; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

പട്ടാപ്പകല്‍ കാര്‍ തടഞ്ഞ് സ്വർണക്കവർച്ച; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

തൃശൂര്‍: തൃശൂര്‍ ദേശീയപാതയില്‍ പട്ടാപ്പകല്‍ നടന്ന സ്വര്‍ണക്കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സ്വകാര്യ ബസിലെ സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രതികളെ കുറിച്ച് വ്യക്തതമായ സൂചന ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സ്വര്‍ണ വ്യാപാരിയെയും സുഹൃത്തിനെയും ആക്രമിച്ച് രണ്ടരക്കിലോ സ്വര്‍ണമാണ് അക്രമി സംഘം കവര്‍ന്നത്.

പീച്ചി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെ രാവിലെ 11.15ഓടെ ദേശീയപാത കുതിരാന്‍ കല്ലിടുക്കില്‍ വച്ചായിരുന്നു സംഭവം. കോയമ്പത്തൂരില്‍ പണികഴിപ്പിച്ചു തൃശ്ശൂരിലേക്ക് കാറില്‍ കൊണ്ടുവന്നിരുന്ന രണ്ടര കിലോ സ്വര്‍ണ്ണാഭരണങ്ങളാണ് മൂന്ന് കാറുകളിലായി മുഖം മറച്ചു എത്തിയ സംഘം കവര്‍ന്നത്. രണ്ട് ഇന്നോവ, ഒരു റെനോള്‍ട്ട് എന്നീ കാറുകളിലായാണ് കവര്‍ച്ചാസംഘം എത്തിയത്.

സ്വര്‍ണ്ണം കൊണ്ടുവന്നിരുന്ന സ്വിഫ്റ്റ് കാറിനെ പിന്തുടര്‍ന്നെത്തിയ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് കാറില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണ വ്യാപാരി തൃശ്ശൂര്‍ കിഴക്കേകോട്ട സ്വദേശി അരുണ്‍ സണ്ണിയെയും, സുഹൃത്ത് പോട്ട സ്വദേശി റോജി തോമസിനെയും കത്തിയും കൈക്കോടാലിയും കാട്ടി ഭീഷണിപ്പെടുത്തുകയും ചുറ്റികകൊണ്ട് ആക്രമിക്കുകയും ചെയ്തു. ഇതിനുശേഷം കാറില്‍ നിന്ന് ഇരുവരെയും പുറത്തിറക്കിയ സ്വര്‍ണ്ണവും കാറും കടത്തിക്കൊണ്ടു പോവുകയായിരുന്നു. പുത്തൂരില്‍ വച്ച് അരുണ്‍ സണ്ണിയെയും, പാലിയേക്കരയില്‍ വെച്ച് റോജി തോമസിനെയും ഇറക്കി വിടുകയും ചെയ്തു. വ്യാപാരിയും സുഹൃത്തും വന്ന സ്വിഫ്റ്റ് കാര്‍ പിന്നീട് വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പീ്ചി പൊലീസ് അറിയിച്ചു.