‘കവര്‍ന്ന സ്വര്‍ണം വിറ്റ പണം കൊണ്ട് കാര്‍ വാങ്ങാന്‍ ശ്രമം’; അനുവിന്റെ കൊലപാതകത്തില്‍ മുജീബിന്റെ ഭാര്യയും അറസ്റ്റില്‍

‘കവര്‍ന്ന സ്വര്‍ണം വിറ്റ പണം കൊണ്ട് കാര്‍ വാങ്ങാന്‍ ശ്രമം’; അനുവിന്റെ കൊലപാതകത്തില്‍ മുജീബിന്റെ ഭാര്യയും അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ അനുവിനെ തോട്ടില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീനയാണ് അറസ്റ്റിലായത്. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്.

കൊല്ലപ്പെട്ട അനുവിന്റെ ശരീരത്തില്‍ നിന്നും കവര്‍ന്ന സ്വര്‍ണം വിറ്റു കിട്ടിയ പണം മുജീബ് റഹ്മാന്‍ റൗഫീനയെ ഏല്‍പ്പിച്ചിരുന്നു. ഈ പണം ഉപയോഗിച്ച് കാര്‍ വാങ്ങാനും ഇരുവരും ശ്രമിച്ചു. എന്നാല്‍ മുജീബ് റഹ്മാന്‍ അറസ്റ്റിലായതോടെയാണ് പദ്ധതി പൊളിഞ്ഞത്. കുറ്റകൃത്യം റൗഫീനയ്ക്ക് അറിയാമായിരുന്നു എന്നും പൊലീസ് പറഞ്ഞു.

സ്വര്‍ണാഭരണങ്ങള്‍ വിറ്റ പണം ചീട്ടു കളിച്ച് നശിപ്പിച്ചു എന്നാണ് മുജീബ് ആദ്യം പറഞ്ഞത്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് പണം റൗഫീനയെ ഏല്‍പ്പിച്ചതായി വെളിപ്പെടുത്തിയത്. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ, പണം കൂട്ടുകാരിയെ ഏല്‍പ്പിച്ചു.

ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്. കൂട്ടുകാരിയെ ഏല്‍പ്പിച്ച പണം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ റൗഫീനയെ റിമാന്‍ഡ് ചെയ്തു. ഈ മാസം 11 നാണ് നൊച്ചാട് സ്വദേശി അനുവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

‘ഹാഷിമിനൊപ്പം പോകാന്‍ അനൂജ ആദ്യം തയ്യാറായില്ല, ഇടയ്ക്ക് വിളിച്ചപ്പോള്‍ കരയുകയായിരുന്നു’; പൊലീസിന് മൊഴി

‘ഹാഷിമിനൊപ്പം പോകാന്‍ അനൂജ ആദ്യം തയ്യാറായില്ല, ഇടയ്ക്ക് വിളിച്ചപ്പോള്‍ കരയുകയായിരുന്നു’; പൊലീസിന് മൊഴി

പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കിലെ വാഹനാപകടത്തില്‍ മരിച്ച അനൂജ ആദ്യം ഹാഷിമിനൊപ്പം പോകാന്‍ തയ്യാറായില്ലെന്ന് യുവതിയുടെ സഹപ്രവര്‍ത്തകരുടെ മൊഴി. തുമ്പമണ്‍ സ്‌കൂളിലെ അധ്യാപികയായ അനൂജ സഹപ്രവര്‍ത്തകര്‍ക്കൊപ്പം തിരുവനന്തപുരത്ത് വിനോദയാത്ര പോയി മടങ്ങി വരികയായിരുന്നു. എംസി റോഡില്‍ കുളക്കട ഭാഗത്തു വെച്ചാണ് ഹാഷിം കാറുമായി എത്തിയ ട്രാവല്‍ തടഞ്ഞത്.

ആദ്യം ഇറങ്ങിച്ചെല്ലാന്‍ ആവശ്യപ്പെട്ടപ്പോള്‍ അനൂജ തയ്യാറായില്ല. ആക്രോശിച്ചുകൊണ്ട് ഹാഷിം വാനില്‍ കയറിയതോടെയാണ് അനൂജ കാറില്‍ കയറാന്‍ തയ്യാറായത്. ചിറ്റപ്പന്റെ മകന്‍ സഹോദരനാണെന്നാണ് അനൂജ സഹ അധ്യാപകരോട് പറഞ്ഞത്. കാറില്‍ കയറിപ്പോയതിന് പിന്നാലെ, പന്തികേട് തോന്നി അധ്യാപകര്‍ വിളിച്ചപ്പോള്‍ അനുജ പൊട്ടിക്കരയുകയായിരുന്നു.

കുറച്ചു സമയത്തിന് ശേഷം വീണ്ടും വിളിച്ചപ്പോള്‍ സേഫ് ആണെന്ന് പറഞ്ഞുവെന്നും മൊഴിയിലുണ്ട്. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ബന്ധുക്കളെ വിളിച്ച് വിവരം പറഞ്ഞു. അപ്പോഴാണ് ഇങ്ങനെയൊരു സഹോദരന്‍ ഇല്ലെന്ന് അറിയുന്നത്. തുടര്‍ന്ന് അടൂര്‍ പൊലീസില്‍ പരാതി നല്‍കി. ഇതിനു പിന്നാലെയാണ് അപകട വിവരം അറിയുന്നത്.

നൂറനാട് സ്വദേശിനിയാണ് അനൂജ. ചാരുംമൂട് സ്വദേശിയായ ഹാഷിം സ്വകാര്യ ബസ് ഡ്രൈവറാണ്. ഹാഷിം വിവാഹിതനാണ്. ഒരു കുട്ടിയുണ്ട്. അനൂജയും വിവാഹിതയാണ്. ഹാഷിമിനെക്കുറിച്ച് യുവതിയുടെ ബന്ധുക്കള്‍ക്ക് അറിവില്ലെന്നാണ് പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ രാത്രി 11.15 ഓടെയാണ് അടൂര്‍ ഏഴംകുളം പട്ടാഴിമുക്കില്‍ വച്ച് അമിതവേഗതയിലെത്തിയ കാര്‍ ലോറിയിലിടിച്ച് അപകടമുണ്ടാകുന്നത്. അപകടത്തിൽ ഹാഷിമും അനൂജയും മരിച്ചിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ ഇരുവരെയും പുറത്തെടുത്തത്. അമിത വേഗതയില്‍ ഓടിച്ച് ഹാഷിം കാര്‍ കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്.

ജോയ് ക്യാൻവാസ് ഒരുക്കി ചിത്രകാരർ

ജോയ് ക്യാൻവാസ് ഒരുക്കി ചിത്രകാരർ

പുരോഗമന കലാസാഹിത്യ സംഘം ആറ്റിങ്ങൽ പാർലമെൻ്റ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി വി ജോയ്ക്ക് പിന്തുണയുമായി മണ്ഡലത്തിലെ ചിത്രകാരർ ഒത്തുചേർന്നു. ജോയ് ക്യാൻവാസ് വരയുടെ ഉദ്ഘാടനം സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി നിർവ്വഹിച്ചു.

സ്ഥാനാർത്ഥി വി ജോയ്, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എ എ റഹീം, ജില്ലാ ആക്ടിംഗ് സെക്രട്ടറി സി ജയൻബാബു, സെക്രട്ടറിയേറ്റ് അംഗങ്ങളായ ആർ രാമു, ബി പി മുരളി, ജില്ലാ കമ്മിറ്റി അംഗം ബി സത്യൻ, ഒ എസ് അംബിക എം.എൽ.എ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എസ് രാഹുൽ, ജോ. സെക്രട്ടറി ജി.എസ് പ്രസീത, ആറ്റിങ്ങൽ മേഖലാ സെക്രട്ടറി അഡ്വ. സി.ജെ രാജേഷ് കുമാർ, കിളിമാനൂർ മേഖലാ സെക്രട്ടറി കെ.സി പ്രസാദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. എഴുത്തുകാരനും കേരള ലളിതകലാ അക്കാദമി അംഗവുമായ രാജേഷ് ചിറപ്പാട്, കിളിമാനൂർ പ്രസാദ്, നിവേദ്യ എസ്.പി എന്നിവർ ചിത്രങ്ങൾ വരച്ചു. ആറ്റിങ്ങൽ പാർലമെൻ്റ് മണ്ഡലത്തിലെ ചിത്രകാരർ വിവിധ ഇടങ്ങളിൽ പരിപാടിയുടെ ഭാഗമാകും.

ഗവ: എൽ.പി.എസ് കീഴാറ്റിങ്ങൽ പഠനോത്സവം സംഘടിപ്പിച്ചു

ഗവ: എൽ.പി.എസ് കീഴാറ്റിങ്ങൽ പഠനോത്സവം സംഘടിപ്പിച്ചു

ഗവ: എൽ.പി.എസ് കീഴാറ്റിങ്ങലിലെ പഠനോത്സവം ‘പൊതു ഇടം’ വിളയിൽ മൂല ജംഗ്ഷനിൽ മികവാർന്ന പരിപാടികളോടെ ഗംഭീരമായി നടന്നു. പഠനോത്സവത്തിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് അനിത നിർവഹിച്ചു. പിടിഎ പ്രസിഡന്റ് സൗമ്യ അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപിക ആർഷാ ഷാനിയ സ്വാഗതം ആശംസിച്ചു. അധ്യാപകൻ ആർ.ജി.രാജു നന്ദിയും രേഖപ്പെടുത്തി.

കനത്ത ചൂട് ശമിക്കില്ല; 10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

കനത്ത ചൂട് ശമിക്കില്ല; 10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: പത്ത് ജില്ലകളിൽ ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

മൂന്ന് ജില്ലകളിൽ വേനൽ മഴ സാധ്യതയും പ്രവചിക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് നേരിയ മഴ മുന്നറിയിപ്പ്. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡി​ഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡി​ഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡി​ഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡി​ഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 മാർച്ച് 28 മുതൽ ഏപ്രിൽ 01 ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.