ബാങ്കുകള്‍ക്ക് പുറമേ എല്‍ഐസിയും ഈസ്റ്റര്‍ ദിനത്തില്‍ പ്രവര്‍ത്തിക്കും; കാരണമിത്

ബാങ്കുകള്‍ക്ക് പുറമേ എല്‍ഐസിയും ഈസ്റ്റര്‍ ദിനത്തില്‍ പ്രവര്‍ത്തിക്കും; കാരണമിത്

ഡല്‍ഹി: ബാങ്കുകള്‍ക്ക് പുറമേ ശനി, ഞായര്‍ ( ഈസ്റ്റര്‍) ദിവസങ്ങളില്‍ പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയും പ്രവര്‍ത്തിക്കും. സാമ്പത്തിക വര്‍ഷം തീരുന്നതിന് മുന്‍പ് നികുതിദായകര്‍ക്ക് നികുതി ഇളവ് ലഭിക്കുന്നതിന് വേണ്ടിയുള്ള നിക്ഷേപം നടത്തുന്നതിന് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് എല്‍ഐസി അറിയിച്ചു.

ഇന്‍ഷുറന്‍സ് മേഖല നിയന്ത്രിക്കുന്ന ഐആര്‍ഡിഎഐയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. പോളിസി ഉടമകള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാന്‍ സോണുകളുടെയും ഡിവിഷനുകളുടെയും കീഴിലുള്ള ഓഫീസുകള്‍ക്ക് ശനി, ഞായര്‍ ദിവസങ്ങള്‍ പ്രവൃത്തി ദിനമായിരിക്കുമെന്ന് എല്‍ഐസി പ്രസ്താവനയിലൂടെ അറിയിച്ചു.

സര്‍ക്കാര്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ഏജന്‍സി ബാങ്കുകളോടും മാര്‍ച്ച് 31ന് തുറന്ന് പ്രവര്‍ത്തിക്കാനാണ് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ (2023-24) അവസാന ദിവസം ഞായറാഴ്ചയായതിനാലാണ് ഈ തീരുമാനം. ഇത്തവണ ഈസ്റ്റര്‍ വരുന്നതും മാര്‍ച്ച് 31നാണ്.

ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, എസ്ബിഐ, യൂക്കോ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് സര്‍ക്കാരിന്റെ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന പൊതുമേഖല ബാങ്കുകള്‍. ആക്സിസ് ബാങ്ക്, സിറ്റി യൂണിയന്‍ ബാങ്ക്, ഡിസിബി ബാങ്ക്, ഫെഡറല്‍ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ജമ്മു ആന്റ് കശ്മീര്‍ ബാങ്ക്, കര്‍ണാടക ബാങ്ക്, കരൂര്‍ വൈശ്യ ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, യെസ് ബാങ്ക്, ധനലക്ഷ്മി ബാങ്ക് തുടങ്ങിയവയാണ് സര്‍ക്കാരിന്റെ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാങ്കുകള്‍.

നിരീക്ഷണം ശക്തമാക്കിയിട്ടും സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകം

നിരീക്ഷണം ശക്തമാക്കിയിട്ടും സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകം

കൊവിഡിന് പിന്നാലെ സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പുകളുടെ എണ്ണത്തിൽ വൻവർദ്ധനവാണ് ഉണ്ടായത്. തട്ടിപ്പുകളുമായി ബന്ധപ്പെട്ട 3251 ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മരവിപ്പിക്കുകയും. തട്ടിപ്പിന് ഉപയോഗിച്ച 5175 മൊ​ബൈ​ൽ ഫോ​ണു​ക​ളും 3,339 സിംകാർഡുകളും പ്രവർത്തനരഹിതമാക്കുകയും ചെയ്തു. തട്ടിപ്പുകളുമായി ബന്ധപ്പെട്ട പൊലീസ് ര​ജി​സ്റ്റ​ർ ചെ​യ്ത വിവിധ കേ​സു​ക​ളി​ലൂ​ടെ​ അടിസ്ഥാനത്തിലാണ് നടപടി.

മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിൽ ഏറെയും പലരിൽ നിന്നും വാടകക്കെടുത്തവയാണ്. ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് പൊലീസ് ബോധവൽക്കരണം നടത്തുമ്പോഴും തട്ടിപ്പുകൾ തുടരുകയാണ്. സൈബർ പോലീസ് നൽകുന്ന നിർദേശങ്ങൾ പൊതുജനങ്ങൾ അവഗണിക്കുന്നതാണ് ഇതിന് പ്രധാന കാരണം.

തട്ടിപ്പിന് ഇരയാരിൽ ഭൂരിഭാഗം പേരും ഉന്നത വിദ്യാഭ്യാസം ലഭിച്ചവരാണ്.ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകുന്നത് സംഘളെ കുറച്ചു ഉൾപ്പെടെ പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. സംശയാത്മക ഇടപാടുകൾ നടത്തുന്ന അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ പരിശോധന.

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് 3 പേര്‍ക്ക് ദാരുണാന്ത്യം

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് 3 പേര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ ആള്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞ് മൂന്നുപേര്‍ മരിച്ചു. പബ്ബ് ജീവനക്കാരായ മണിപ്പൂര്‍ സ്വദേശികള്‍ മാക്‌സ്, ലാലി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ആള്‍വാര്‍പേട്ടിലെ ഷെക്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് ഇടിഞ്ഞുവീണത്.

അപകടത്തിന്റെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പബ്ബിനുള്ളില്‍ ആരും തന്നെ ഇപ്പോള്‍ കുടുങ്ങിക്കിടപ്പില്ലെന്ന് രക്ഷാ പ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സും അറിയിച്ചു. ഐപിഎല്‍ നടക്കുന്നതിനാലും നാളെ അവധി ദിവസമായതിനാലും ധാരാളം ആളുകള്‍ പബ്ബിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് താഴേക്ക് വീണത്.മറ്റാരും പബ്ബിനുള്ളില്‍ കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുകയാണ്. മരിച്ച മൂന്നാമത്തെയാള്‍ ആരെന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങളും പൊലീസ് നടത്തിവരികയാണ്.

അബ്ദുള്‍ നാസര്‍ മഅ്ദനി അതീവ ഗുരുതരാവസ്ഥയില്‍

അബ്ദുള്‍ നാസര്‍ മഅ്ദനി അതീവ ഗുരുതരാവസ്ഥയില്‍

പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.

ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് മഅദനിയെ കഴിഞ്ഞ മാസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ മഅദനിക്ക് വൈകിട്ടോടെ രക്തസമ്മര്‍ദം കൂടുകയും ഓക്സിജന്റെ അളവ് താഴുകയുമായിരുന്നു. ഉടന്‍തന്നെ ഡോക്ടര്‍മാരുടെ സംഘം വെന്റിലേറ്ററിലേക്ക് മാറ്റി.

ഡയാലിസിസ് തുടരുന്നുണ്ട്.കരള്‍ രോഗത്തിന്റെ ബാധിതനായ മഅദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മഅദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലേക്ക് എത്തിയത്.

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ പരാക്രമം, ഷെഡ‍് തകർത്തു

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ പരാക്രമം, ഷെഡ‍് തകർത്തു

തൊടുപുഴ: ഇടുക്കിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ചിന്നക്കനാലിൽ ചക്കക്കൊമ്പൻ ഷെഡ്ഡ് ആക്രമിച്ചു. 301 കോളനിക്കു സമീപം വയൽപ്പറമ്പിൽ ഐസക്കിന്റെ ഷെഡാണ് ആന തകർത്തത്. സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല. വലിയ ദുരന്തമാണ് ഇതോടെ വഴിമാറിയത്. പിന്നീട് നാട്ടുകാർ ബഹളം വച്ച് കൊമ്പനെ തുരത്തുകയായിരുന്നു.