കൊടും ചൂട് തുടരുന്നു; സാധാരണയേക്കാള്‍ മൂന്നു ഡിഗ്രി വരെ കൂടാം; മുന്നറിയിപ്പ്

കൊടും ചൂട് തുടരുന്നു; സാധാരണയേക്കാള്‍ മൂന്നു ഡിഗ്രി വരെ കൂടാം; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഞായറാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്നാണ് മുന്നറിയിപ്പ്. സാധാരണയേക്കാള്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ കൂടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയര്‍ന്നേക്കും.

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം,കോഴിക്കോട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

സപ്ലൈകോ ഈസ്റ്റർ, റംസാൻ,‌ വിഷു ചന്തകൾ ഇന്നു മുതൽ

സപ്ലൈകോ ഈസ്റ്റർ, റംസാൻ,‌ വിഷു ചന്തകൾ ഇന്നു മുതൽ

തിരുവനന്തപുരം: വിലക്കയറ്റം പിടിച്ചു നിർത്തുക ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടത്തുന്ന ഈസ്റ്റർ, റംസാൻ,‌ വിഷു ചന്തകൾ ഇന്ന് ( മാർച്ച് 28) ആരംഭിക്കും. സംസ്ഥാനത്തെ 83 താലൂക്കുകളിലും ചന്തകളുണ്ടാകും. ഏപ്രിൽ 13 വരെ ചന്തകൾ പ്രവർത്തിക്കും.

താലൂക്കിൽ ഒരു സപ്ലൈകോ സൂപ്പർമാർക്കറ്റിലാണ് ചന്ത. മാവേലിസ്റ്റോറുകൾ, സൂപ്പർമാർക്കറ്റുകൾ, പീപ്പിൾസ്‌ ബസാറുകൾ, ഹൈപ്പർ മാർക്കറ്റുകൾ, അപ്‌ന ബസാറുകൾ തുടങ്ങി സപ്ലൈകോയുടെ 1630 വിൽപ്പനശാലകളിലും വിലക്കിഴിവിൽ സാധനങ്ങൾ ലഭ്യമാകും.ശബരി മുളകുപൊടി, മല്ലിപ്പൊടി, സാമ്പാർ പൊടി, ചിക്കൻ മസാല, വാഷിങ് സോപ്പ് തുടങ്ങിയവയ്ക്കും നാലുതരം ശബരി ചായപ്പൊടിക്കും വില കുറയും. മാർച്ച് 29, 31, ഏപ്രിൽ 1,2 തീയതികളിൽ ചന്ത പ്രവർത്തിക്കില്ല.

പോസ്റ്റര്‍ നശിപ്പിച്ചതിനെച്ചൊല്ലി സംഘര്‍ഷം; തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു

പോസ്റ്റര്‍ നശിപ്പിച്ചതിനെച്ചൊല്ലി സംഘര്‍ഷം; തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം പുളിമാത്ത് കമുകിന്‍കുഴി ഡിവൈഎഫ്‌ഐ- ആര്‍എസ്എസ് സംഘര്‍ഷം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. ഡിവൈഎഫ്‌ഐ പുളിമാത്ത് മേഖലാ കമ്മിറ്റി അംഗവും കമുകിന്‍കുഴി സ്വദേശിയുമായ സുജിത്തിനാണ് വെട്ടേറ്റത്.

കമുകിന്‍ കുഴി ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ജോയിയുടെ പോസ്റ്റര്‍ നശിപ്പിക്കപ്പെട്ടതിനെച്ചൊല്ലി സംഘര്‍ഷം നിലനിന്നിരുന്നു. ഇതിനു പിന്നാലെയാണ് വെട്ടേറ്റത്. സുജിത്തിന്റെ തലയ്ക്കാണ് പരിക്കേറ്റത്.

സുജിത്തിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് പുതിയ പോസ്റ്റര്‍ പതിക്കാനെത്തിയ സുജിത്തും സംഘവും ആര്‍എസ്എസ് പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായിരുന്നു.

ഇതിനു ശേഷം ഇന്നലെ രാത്രി സുജിത്തിനെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സുജിത്തിന്റെ കയ്യില്‍ അടക്കം വെട്ടേറ്റിട്ടുണ്ട്. നാലോളം ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം എന്നാണ് സുജിത്ത് പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്.

നാഗര്‍കോവില്‍ – കന്യാകുമാരി പാതയില്‍ അറ്റകുറ്റപ്പണി: 11 ട്രെയിനുകള്‍ റദ്ദാക്കി

നാഗര്‍കോവില്‍ – കന്യാകുമാരി പാതയില്‍ അറ്റകുറ്റപ്പണി: 11 ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: നാഗര്‍കോവില്‍ – കന്യാകുമാരി പാതയിലെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് വ്യാഴാഴ്ച 11 ട്രെയിനുകള്‍ റദ്ദാക്കി. കൊച്ചുവേളി – നാഗര്‍കോവില്‍ സ്‌പെഷ്യല്‍ ഷെഡ്യൂള്‍, തിരുനെല്‍വേലി – നാഗര്‍കോവില്‍ സ്‌പെഷ്യല്‍ ട്രെയിന്‍, നാഗര്‍കോവില്‍ – കന്യാകുമാരി സ്‌പെഷ്യല്‍ ട്രെയിന്‍, കന്യാകുമാരി – കൊല്ലം മെമു എക്‌സ്പ്രസ്, കൊല്ലം – ആലപ്പുഴ സ്‌പെഷ്യല്‍, കൊല്ലം – തിരുവനന്തപുരം സ്‌പെഷ്യല്‍ എന്നിവയാണ് റദ്ദാക്കിയത്.

ഇവ കൂടാതെ 14 ട്രെയിനുകള്‍ ഭാഗീകമായും റദ്ദാക്കിയതായും ഈ പാതയിലെ അറ്റകുറ്റപണികള്‍ ഇന്ന് അവസാനിച്ചേക്കുമെന്നും ദക്ഷിണ റെയില്‍വെ അറിയിച്ചു. വരും ദിവസങ്ങളില്‍ മറ്റുപാതകളില്‍ അറ്റകുറ്റപ്പണികള്‍ ഉണ്ടായേക്കുമെന്നും ദക്ഷിണ റെയില്‍വെ അറിയിച്ചു.

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു. മണ്ണുത്തി വെറ്റിനറി കോളേജിലെ പ്രൊഫസറാണ് അനിൽ. ഗവർണറുടെ കടുത്ത അതൃപ്തിയെ തുടർന്ന് ഡോ.പി സി ശശീന്ദ്രൻ രാജി വെച്ച ഒഴിവിലാണ് പുതിയ നിയമനം.

സിദ്ധാർത്ഥന്റെ മരണത്തിൽ 33 വിദ്യാർത്ഥികളുടെ സസ്പെൻഷൻ വിസി പിൻവലിച്ചതായിരുന്നു ഗവർണറുടെ അതൃപ്തിക്ക് കാരണം. സിദ്ധാർത്ഥന്റെ മരണത്തിലെ വീഴ്ചകളുടെ പേരിൽ മുൻ വി സി ഡോ. എം ആർ ശശീന്ദ്രനാഥിനെ നേരത്തെ ഗവർണ്ണർ സസ്പെൻഡ് ചെയ്തിരുന്നു.

അതേസമയം പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ രേഖകള്‍ കൈമാറി. സ്‌പെഷല്‍ സെല്‍ ഡിവൈഎസ്പി ശ്രീകാന്ത് നേരിട്ടെത്തി രേഖകള്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ചു. പെര്‍ഫോമ, എഫ്‌ഐആറിന്റെ പരിഭാഷപ്പെടുത്തിയ കോപ്പി തുടങ്ങിയവ കൈമാറിയിട്ടുണ്ട്.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും, രേഖകള്‍ സിബിഐക്ക് കൈമാറാത്തത് വിവാദമായിരുന്നു. ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് രേഖകള്‍ സിബിഐക്ക് കൈമാറുന്നതില്‍ കാലതാമസം നേരിടാന്‍ കാരണമെന്ന് കണ്ടെത്തിയിരുന്നു.

ഇതേത്തുടര്‍ന്ന് രേഖകള്‍ വൈകുന്നത് വൈകിപ്പിച്ച ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ നല്‍കിയിരുന്നു. പ്രൊഫോമ റിപ്പോര്‍ട്ട് വൈകിപ്പിച്ചത് ഇവരുടെ വീഴ്ച കൊണ്ടാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, സെക്ഷന്‍ ഓഫിസര്‍, അസിസ്റ്റന്റ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.

ആഭ്യന്തര സെക്രട്ടറി ഇവരോട് വിശദീകരണം ചോദിച്ചിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. സിദ്ധാര്‍ത്ഥന്റെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഈ മാസം 9നാണ് കേസ് സിബിഐയ്ക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. ഒരാഴ്ചയ്ക്കു ശേഷം 16നാണ് വിജ്ഞാപനത്തിന്റെ പകര്‍പ്പ് കൊച്ചിയിലെ സിബിഐ ഓഫിസിലേക്ക് അയച്ചത്.