‘മുഖ്യമന്ത്രിക്ക് തൻ്റെ വാ മൂടിക്കെട്ടണമായിരുന്നു’; പ്രതിപക്ഷ നേതാവ് സഹായിക്കുമെന്നുറപ്പുണ്ടെന്ന് സിദ്ധാർത്ഥൻ്റെ പിതാവ്

‘മുഖ്യമന്ത്രിക്ക് തൻ്റെ വാ മൂടിക്കെട്ടണമായിരുന്നു’; പ്രതിപക്ഷ നേതാവ് സഹായിക്കുമെന്നുറപ്പുണ്ടെന്ന് സിദ്ധാർത്ഥൻ്റെ പിതാവ്

പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥൻ്റെ മരണത്തിൽ മുഖ്യമന്ത്രിക്കെതിരെ പിതാവ്. മുഖ്യമന്ത്രിക്ക് തൻ്റെ വാ മൂടിക്കെട്ടണമെന്നായിരുന്നു ആവശ്യം. തെരഞ്ഞെടുപ്പ് വന്നപ്പോൾ കുടുംബത്തിൻറെ വാ അടക്കേണ്ടത് അത്യാവശ്യമായിരുന്നു. ആ ഒരാഴ്ച അവർക്ക് ധാരാളമായിരുന്നു. തനിക്ക് നീതി കിട്ടി എന്ന് താൻ തെറ്റിദ്ധരിച്ചു എന്നും അദ്ദേഹം പറഞ്ഞു.

കേസിൽ പൊലീസ് അന്വേഷണം നിർത്തി. സി.ബി.ഐ അന്വേഷണം തുടങ്ങിയില്ല. അന്വേഷണം വഴിമുട്ടി നിൽക്കുകയാണ്. തന്നെ വിശ്വാസമുള്ളവരോടാണ് താൻ പോകുന്നത്. പ്രതിപക്ഷ നേതാവ് സഹായിക്കുമെന്ന് ഉറപ്പുണ്ട്. വന്നപ്പോൾ ഉറപ്പ് കൂടി. സഹായിക്കും എന്ന് വാക്ക് നൽകിയിട്ടുണ്ട്.

കപ്പല്‍ ഇടിച്ചു; അമേരിക്കയില്‍ കൂറ്റന്‍ പാലം തകര്‍ന്നുവീണു, വാഹനങ്ങള്‍ നദിയില്‍

കപ്പല്‍ ഇടിച്ചു; അമേരിക്കയില്‍ കൂറ്റന്‍ പാലം തകര്‍ന്നുവീണു, വാഹനങ്ങള്‍ നദിയില്‍

വാഷിങ്ടണ്‍: അമേരിക്കയിലെ ബാള്‍ട്ടി മോറില്‍ പാലം കപ്പലിടിച്ച് തകര്‍ന്നു. ഫ്രാന്‍സിസ് സ്‌കോട്ട് കീ ബ്രിഡ്ജാണ് തകര്‍ന്നത്. പറ്റാപ്സ്‌കോ നദിക്കു മുകളില്‍ രണ്ടരക്കിലോമീറ്റര്‍ നീളമുള്ള നാലുവരി പാലമാണ് തകര്‍ന്ന് വീണത്.

അപകടസമയത്ത് നിരവധി വാഹനങ്ങള്‍ പാലത്തിലുണ്ടായിരുന്നു. ഏകദേശം ഇരുപതോളം ആളുകള്‍ വെള്ളത്തില്‍ വീണതായി ബാള്‍ട്ടിമോര്‍ സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. പാലം തകര്‍ന്നതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തിരിച്ചുവിട്ടിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ കപ്പലിന് തീപിടിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

കസ്റ്റഡിയില്‍ വേണ്ടെന്ന് ഇഡി; കെ കവിത തിഹാര്‍ ജയിലില്‍

കസ്റ്റഡിയില്‍ വേണ്ടെന്ന് ഇഡി; കെ കവിത തിഹാര്‍ ജയിലില്‍

ന്യൂഡല്‍ഹി: ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിതയെ കസ്റ്റഡിയില്‍ വേണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്. തുടര്‍ന്ന് ഡല്‍ഹി റോസ് അവന്യൂ കോടതി ഏപ്രില്‍ 9 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മദ്യനയ അഴിമതിയില്‍ കവിതയക്ക് പങ്കുണ്ടെന്ന് ഇഡി കോടതിയില്‍ വ്യക്തമാക്കി.

ഇളയ മകന് പരീക്ഷയുള്ളതിനാല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് കവിതയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെഹങ്കിലും ജാമ്യം നിഷേധിക്കുകയാരിന്നു. ബിആര്‍എസ് നേതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിതയെ മാര്‍ച്ച് 15നാണ ഇഡി അറസ്റ്റ് ചെയ്യുന്നത്. ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ കവിതയുടെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), ഐടി വകുപ്പുകള്‍ ഇന്നു റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. റെയ്ഡിനു പിന്നാലെ കവിതയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇതേ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ വ്യാഴാഴ്ച വരെ ഇഡി കസ്റ്റഡിയിലാണ്.

വയനാട് മെഡിക്കല്‍ കോളജില്‍ ആന്‍ജിയോഗ്രാം ആരംഭിച്ചു; ആദ്യ ദിനം രണ്ടുപേര്‍ക്ക് ആന്‍ജിയോഗ്രാം നടത്തി

വയനാട് മെഡിക്കല്‍ കോളജില്‍ ആന്‍ജിയോഗ്രാം ആരംഭിച്ചു; ആദ്യ ദിനം രണ്ടുപേര്‍ക്ക് ആന്‍ജിയോഗ്രാം നടത്തി

ഹൃദ്രോഗ ചികിത്സാ രംഗത്ത് മുന്നേറ്റം നടത്തി വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്. മെഡിക്കല്‍ കോളജിലെ കാത്ത് ലാബ് പ്രവര്‍ത്തനസജ്ജമായി. തിങ്കളാഴ്ച രണ്ടുപേരെ ആന്‍ജിയോഗ്രാമിന് വിധേയരാക്കി തുടര്‍ചികിത്സ ഉറപ്പാക്കി. മെഡിക്കല്‍ കോളജിലെ മുഴുവന്‍ ടീമിനേയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

വയനാട് ജില്ലയിലെ ഗോത്ര വിഭാഗത്തില്‍പ്പെട്ട രണ്ടുപേരെയാണ് കാത്ത് ലാബില്‍ ആന്‍ജിയോഗ്രാമിന് വിധേയരാക്കിയത്. അടുത്ത ഘട്ടത്തില്‍ ആന്‍ജിയോപ്ലാസ്റ്റി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. കാത്ത് ലാബില്‍ എക്കോ പരിശോധനകള്‍ നേരത്തെ ആരംഭിച്ചിരുന്നു. രക്തധമനികളില്‍ ഉണ്ടാകുന്ന തടസങ്ങള്‍ക്കും കാത്ത് ലാബില്‍ നിന്ന് ചികിത്സ ലഭിക്കും. രക്തത്തിന്റെ പമ്പിങ് കുറയുന്നത് തടയാനുള്ള ഐ.സി.ഡി. സംവിധാനവും കാത്ത് ലാബിലുണ്ടാകും. എല്ലാ ചൊവ്വാഴ്ചയും രോഗികള്‍ക്ക് ഒ.പി.യില്‍ ഹൃദ്രോഗ വിദഗ്ധന്റെ സേവനം ലഭിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് എട്ടുകോടി രൂപ ചെലവഴിച്ചാണ് കാത്ത് ലാബ് സജ്ജമാക്കിയത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രി ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു. കാത്ത് ലാബ് സി.സി.യു.വില്‍ ഏഴു കിടക്കകളാണ് സജ്ജീകരിച്ചിട്ടുള്ളത്. അടുത്തിടെ വയനാട് ജില്ലയില്‍ ആദ്യമായി സിക്കിള്‍ സെല്‍ രോഗിയില്‍ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിജയകരമായി നടത്തിയിരുന്നു.

ഹൃദ്രോഗ വിദഗ്ധരായ ഡോ. പ്രജീഷ് ജോണ്‍, ഡോ. പി. ഷിജോയ് എന്നിവരുടെ നേതൃത്വത്തിലാണ് ആന്‍ജിയോഗ്രാം നടത്തിയത്. കാത്ത് ലാബ് ടെക്നീഷ്യന്‍, നഴ്സ്, എക്കോ ടെക്നീഷ്യന്‍ എന്നിവരുള്‍പ്പെടുന്ന സംഘവും ആദ്യ ആന്‍ജിയോഗ്രാമില്‍ പങ്കാളികളായി.

‘ഓള്‍ പാസ്’ തുടരും, മൂല്യ നിര്‍ണയത്തില്‍ അധ്യാപകരെ നിരീക്ഷിക്കും

‘ഓള്‍ പാസ്’ തുടരും, മൂല്യ നിര്‍ണയത്തില്‍ അധ്യാപകരെ നിരീക്ഷിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നുമുതല്‍ ഒമ്പതു വരെയുള്ള ക്ലാസുകളിലെ ഓള്‍പാസ് തുടരും. എന്നാല്‍ ഈ വര്‍ഷം മുതല്‍ പരീക്ഷാമൂല്യനിര്‍ണയത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും. ഓള്‍ പാസ് ഉള്ളതിനാല്‍ പരീക്ഷപ്പേപ്പര്‍ നോക്കുന്നതില്‍ അധ്യാപകര്‍ ലാഘവബുദ്ധി കാണിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഇത്തവണ മൂല്യനിര്‍ണയം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കും. അധ്യാപകരെ നിരീക്ഷിക്കും. ഇതിനായി പ്രത്യേകം നിരീക്ഷകരെ നിയോഗിക്കും. മൂല്യനിര്‍ണയത്തില്‍ 30 ശതമാനം മാര്‍ക്കു നേടാത്ത കുട്ടികളുടെ വിവരം പ്രത്യേകം തയ്യാറാക്കും. അവരുടെ പഠനനിലവാരം ഉറപ്പാക്കാനുള്ള സൗകര്യം സ്‌കൂളുകളില്‍ സജ്ജമാക്കും. ഇതുവഴി ഓരോ ക്ലാസിലും ആര്‍ജിക്കേണ്ട ശേഷി വിദ്യാര്‍ത്ഥി നേടിയെന്ന് ഉറപ്പാക്കും.

അല്ലാത്തവര്‍ക്ക് അക്കാദിക പിന്തുണ നല്‍കാന്‍ പ്രത്യേക പഠന പരിപാടികള്‍ ആവിഷ്‌കരിക്കും. മേയ് ആദ്യവാരം പരീക്ഷാഫലം പ്രഖ്യാപിക്കും. അതിനുശേഷം, പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളുമായി അധ്യാപകര്‍ പ്രത്യേക സമ്പര്‍ക്കം പുലര്‍ത്തി പിന്തുണാപദ്ധതി തയ്യാറാക്കാനാണ് നിര്‍ദേശം. മന്ത്രി വി ശിവന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ നടന്ന അവലോകനയോഗത്തിന്റേതാണ് തീരുമാനം.