സംസ്ഥാനത്ത് 19.80 ലക്ഷം കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കി

സംസ്ഥാനത്ത് 19.80 ലക്ഷം കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കി

സംസ്ഥാനത്ത് 5 വയസിന് താഴെയുള്ള 19,80,415 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 5 വയസിന് താഴെയുള്ള 23,24,949 കുഞ്ഞുങ്ങള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കാനാണ് ലക്ഷ്യമിട്ടത്. ഒറ്റ ദിവസം കൊണ്ട് 85.18 ശതമാനം കുഞ്ഞുങ്ങള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കാനായത്. എന്തെങ്കിലും കാരണത്താല്‍ തുള്ളിമരുന്ന് നല്‍കാന്‍ സാധിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് വരും ദിവസങ്ങളില്‍ തുള്ളിമരുന്ന് നല്‍കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം 1,85,100, കൊല്ലം 1,44,927, പത്തനംതിട്ട 58,884, ആലപ്പുഴ 1,06,458, കോട്ടയം 91,610, ഇടുക്കി 61,212, എറണാകുളം 1,86,846, തൃശൂര്‍ 1,71,222, പാലക്കാട് 1,83,159, മലപ്പുറം 3,13,268, കോഴിക്കോട് 1,92,061, വയനാട് 49,847, കണ്ണൂര്‍ 1,44,674, കാസര്‍ഗോഡ് 91,147 എന്നിങ്ങനേയാണ് ജില്ലായടിസ്ഥാനത്തില്‍ പോളിയോ തുള്ളിമരുന്ന് സ്വീകരിച്ചത്. എറണാകുളം 95.06 ശതമാനം, കോട്ടയം 94.74 ശതമാനം, പത്തനംതിട്ട 90.92 ശതമാനം, പാലക്കാട് 90.85 ശതമാനം, തിരുവനന്തപുരം 90.65 ശതമാനം എന്നിങ്ങനെയാണ് വാക്‌സിനേഷനില്‍ മുന്നിലുള്ള ജില്ലകള്‍.

ട്രാന്‍സിറ്റ്, മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ 23,471 ബൂത്തുകള്‍ സജ്ജമാക്കിയിരുന്നു. ഇതില്‍ 19.17 ലക്ഷം കുഞ്ഞുങ്ങള്‍ക്കും പോളിയോ ബൂത്തുകള്‍ വഴിയാണ് തുള്ളി മരുന്ന് നല്‍കിയത്. 46,942 വോളണ്ടിയര്‍, 1564 സൂപ്പര്‍വൈസര്‍മാര്‍ ഉള്‍പ്പെടെ അരലക്ഷത്തോളം പേരാണ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയില്‍ സേവനമനുഷ്ഠിച്ചത്. പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച പത്തനംതിട്ട ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചിരുന്നു.

സ്‌കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബൂത്തുകള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലെ ട്രാന്‍സിറ്റ് ബൂത്തുകള്‍, അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മൊബൈല്‍ ബൂത്തുകള്‍ എന്നിവ വഴിയാണ് തുള്ളിമരുന്ന് വിതരണം നടത്തിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ പൂര്‍ണ സഹകരണത്തോടെയാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ സംഘടിപ്പിച്ചത്.

ബസ്സിലെ സീറ്റിലിരുന്ന വിദ്യാര്‍ത്ഥിനിയുടെ മുഖത്ത് അടിച്ചു; കണ്ടക്ടര്‍ അറസ്റ്റില്‍

ബസ്സിലെ സീറ്റിലിരുന്ന വിദ്യാര്‍ത്ഥിനിയുടെ മുഖത്ത് അടിച്ചു; കണ്ടക്ടര്‍ അറസ്റ്റില്‍

മലപ്പുറം: സ്വകാര്യ ബസ്സിലെ സീറ്റിൽ ഇരുന്നതിന് വിദ്യാർഥിനിയുടെ മുഖത്ത് അടിച്ച കണ്ടക്ടർ അറസ്റ്റിൽ. കോഴിക്കോട് മാങ്കാവ് സ്വദേശി മേടോൽ പറമ്പിൽ ഷുഹൈബിനെ (26) ആണ് അറസ്റ്റിലായത്. കോഴിക്കോട് – തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഹാപ്പി ഡേയ്സ് ബസിലെ കണ്ടക്ടറാണ് ഇയാൾ. സീറ്റിൽ ഇരുന്നതിന് പെൺകുട്ടിയുടെ കാലിൽ ചവിട്ടുകയും മുഖത്ത് അടിക്കുകയുമായിരുന്നു.

പെരുമ്പിലാവിലെ കോളജിൽ മൂന്നാം വർഷ ജേണലിസം വിദ്യാർഥിനിയായ കൂടല്ലൂർ മണ്ണിയം പെരുമ്പലം സ്വദേശിയാണ് ആക്രമണത്തിന് ഇരയായത്. എടപ്പാളിൽ നിന്നു പെരുമ്പിലാവിലേക്ക് കയറിയ ഇവർ ഒഴിവുള്ള സീറ്റിൽ ഇരുന്നു. ഈ സമയം സീറ്റിനു സമീപം എത്തിയ കണ്ടക്ടർ എഴുന്നേൽക്കാൻ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമായി. അതിനിടെ കണ്ടക്ടർ വിദ്യാർഥിനിയുടെ കാലിൽ ചവിട്ടുകയും മുഖത്ത് അടിക്കുകയുമായിരുന്നു.

തുടർന്ന് വിദ്യാർഥിനി അധ്യാപകരെയും വീട്ടുകാരെയും വിവരം അറിയിച്ചശേഷം കുന്നംകുളത്തെ ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് ചങ്ങരംകുളം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് കണ്ടക്ടറെ അറസ്റ്റ് ചെയ്തത്.

പരീക്ഷയ്ക്ക് പോകുന്നതിനിടെ മൂന്ന് പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം; മലയാളി യുവാവ് അറസ്റ്റിൽ

പരീക്ഷയ്ക്ക് പോകുന്നതിനിടെ മൂന്ന് പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം; മലയാളി യുവാവ് അറസ്റ്റിൽ

മംഗളൂരുവിലെ കടമ്പയിൽ മൂന്ന് പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം. മലയാളി യുവാവ് പൊലീസ് കസ്റ്റഡിയിൽ. അബിൻ എന്ന മലയാളി യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്‌. പരീക്ഷയ്ക്ക് പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. കടമ്പ ഗവ. കോളജിലെ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരുപത്തിമൂന്നുകാരനായ എംബിഎ വിദ്യാർഥിയാണ് അബിൻ. പരീക്ഷാ ഹാളിൽ പ്രവേശിക്കാനൊരുങ്ങിയ മൂന്ന് വിദ്യാർഥികൾക്കു നേരെയാണ് ഇയാൾ ആസിഡ് ഒഴിച്ചത്. സ്കൂളിന്റെ ബാൽക്കണിയിൽ ഇരുന്ന് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു ഈ വിദ്യാർഥിനികളെന്നാണ് പ്രാഥമിക വിവരം. അതിനുശേഷം പരീക്ഷാ ഹാളിലേക്കു പ്രവേശിക്കുന്നതിനു തൊട്ടുമുൻപാണ് മലയാളി യുവാവ് ആസിഡ് ആക്രമണം നടത്തിയത്.മാസ്കും തൊപ്പിയും ധരിച്ചെത്തിയാണ് ഇയാൾ ആക്രമണം നടത്തിയത്.

വീണ്ടും ജീവനെടുത്ത് കാട്ടാന; ഇടുക്കിയില്‍ വീട്ടമ്മ മരിച്ചു

വീണ്ടും ജീവനെടുത്ത് കാട്ടാന; ഇടുക്കിയില്‍ വീട്ടമ്മ മരിച്ചു

തൊടുപുഴ: ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ മരിച്ചു. നേര്യമംഗലം കാഞ്ഞിരവേലിയില്‍ ഇന്ദിര രാമകൃഷ്ണന്‍ (78) ആണ് മരിച്ചത്. സ്വന്തം കൃഷിയിടത്തില്‍ നിന്ന് മലയിഞ്ചി പറിക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

ഇന്ന് രാവിലെ ഒന്‍പത് മണിയോടെ കാഞ്ഞിരവേലിയിലാണ് സംഭവം. കഴിഞ്ഞ ദിവസം മേഖലയില്‍ കാട്ടുതീ ഉണ്ടായിരുന്നു. കാട്ടുതീ ഉണ്ടായതിനെ തുടര്‍ന്ന് കാട്ടാനക്കൂട്ടം ജനവാസമേഖലയില്‍ സജീവമായിരുന്നു. ഇക്കാര്യം നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചിരുന്നു. എന്നാല്‍ കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് തുരത്താന്‍ വേണ്ട നടപടികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചില്ല എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.

അതിനിടെയാണ് ഇന്ന് രാവിലെ ഇന്ദിര രാമകൃഷ്ണന് കാട്ടാനയുടെ ചവിട്ടേറ്റത്. സ്വന്തം കൃഷിയിടത്തില്‍ മലയിഞ്ചി പറിക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഉടന്‍ തന്നെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

‘മമ്മൂക്ക ഇപ്പോൾ സുപ്രീം കോടതി ജസ്റ്റിസ് ആകുമായിരുന്നു, ആള് ചില്ലറപ്പെട്ട വക്കീലായിരുന്നില്ല’

‘മമ്മൂക്ക ഇപ്പോൾ സുപ്രീം കോടതി ജസ്റ്റിസ് ആകുമായിരുന്നു, ആള് ചില്ലറപ്പെട്ട വക്കീലായിരുന്നില്ല’

മലയാളത്തിന്റെ സൂപ്പർസ്റ്റാറാണ് മമ്മൂട്ടി. തന്റെ നടനമികവുകൊണ്ട് ഓരോ സിനിമകളിലും ആരാധകരെ അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ് താരം. എന്നാൽ സിനിമയിലേക്കുള്ള മമ്മൂട്ടിയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. സിനിമയിൽ എത്തിയില്ലായിരുന്നെങ്കിൽ മമ്മൂട്ടി ആരാകുമായിരുന്നു എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? നടി മല്ലിക സുകുമാരന് ഇതിന് കൃത്യമായ ഉത്തരമുണ്ട്.സിനിമയിലെത്തിയില്ലായിരുന്നെങ്കിൽ മമ്മൂട്ടിയിപ്പോൾ സുപ്രീംകോടതി ജസ്റ്റിസ് ആകുമായിരുന്നു എന്നാണ് താരം പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മല്ലിക ഇത് പറഞ്ഞത്. മമ്മൂട്ടി ചില്ലറ വക്കീൽ ആയിരുന്നില്ല എന്നാണ് താരം പറഞ്ഞത്.

‘മമ്മൂക്ക ഇപ്പോൾ സുപ്രീം കോടതി ജസ്റ്റിസ് ആയിരുന്നേനെ. മഞ്ചേരിയിൽ തുടങ്ങിയെങ്കിലും ആള് ചില്ലറപ്പെട്ട വക്കീലൊന്നും ആയിരുന്നില്ല കേട്ടോ. മമ്മൂട്ടിയെ പേടി ഉള്ളവരൊക്കെ ഉണ്ട്. ചെറിയ ചെറിയ കേസിന് വരെ ശിക്ഷ വാങ്ങി കൊടുത്തിട്ടുണ്ട് നമ്മുടെ സൂപ്പർ സ്റ്റാർ‌. അയാളോടുള്ള വിരോധം കൊണ്ടല്ല. കറക്ടായ രീതിയിൽ വാദിക്കും. തെറ്റ് ആരുടെ വശത്താണെന്ന് വാദിച്ചെടുക്കും. ശിക്ഷയും കിട്ടും’- മല്ലിക സുകുമാരൻ പറഞ്ഞു.

എറണാകുളം ലോ കോളജിൽ നിന്ന് വക്കീൽ പഠനം പൂർത്തിയാക്കിയ ആളാണ് മമ്മൂട്ടി. തുടർന്ന് രണ്ട് വർഷം മഞ്ചേരിയിൽ അഭിഭാഷകനായി പ്രാക്റ്റീസ് ചെയ്യുകയും ചെയ്തിട്ടുണ്ട്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയു​ഗം ആണ് താരത്തിന്റേതായി പുറത്തുവന്ന അവസാന ചിത്രം.