‘നട്ടെല്ലുള്ള ഗവര്‍ണര്‍’; ഡീനിന് എതിരെയും നടപടി വേണം; പ്രതികരണവുമായി സിദ്ധാര്‍ഥിന്റെ അച്ഛന്‍

‘നട്ടെല്ലുള്ള ഗവര്‍ണര്‍’; ഡീനിന് എതിരെയും നടപടി വേണം; പ്രതികരണവുമായി സിദ്ധാര്‍ഥിന്റെ അച്ഛന്‍

തിരുവനന്തപുരം: സിദ്ധാര്‍ഥിന്റെ മരണത്തില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം ആര്‍ ശശീന്ദ്രനാഥിനെ സസ്‌പെന്‍ഡ് ചെയ്ത ഗവര്‍ണര്‍ ആരിഫ് മഹമ്മദ് ഖാനെ പ്രകീര്‍ത്തിച്ച് സിദ്ധാര്‍ഥിന്റെ അച്ഛന്‍. നട്ടെല്ലുള്ള ഗവര്‍ണര്‍ എന്ന് വിശേഷിപ്പിച്ച സിദ്ധാര്‍ഥിന്റെ അച്ഛന്‍ നടപടിയില്‍ തൃപ്തന്‍ എന്നും പറഞ്ഞു. ഡീന്‍ എംകെ നാരായണനെതിരെയും നടപടി വേണമെന്നും സിദ്ധാര്‍ഥിന്റെ അച്ഛന്‍ ആവശ്യപ്പെട്ടു. പൂക്കോട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലറെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സിദ്ധാര്‍ഥിന്റെ പിതാവ്.

സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടതായും ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ജഡ്ജിയുടെ സേവനം തേടി ഹൈക്കോടതിക്ക് കത്ത് നല്‍കിയതായും ഗവര്‍ണര്‍ അറിയിച്ചു.

സംഭവത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചത് സര്‍വകലാശാല അധികൃതരുടെ ഭാഗത്ത് നിന്നാണ്. മരിച്ച ശേഷം ഒരു ചാന്‍സലര്‍ കൂടിയായ തനിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ പോലും സര്‍വകലാശാല തയ്യാറായില്ല. ഇന്നലെ മാത്രമാണ് റിപ്പോര്‍ട്ട് ലഭിച്ചതെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഇത് റാഗിങ് അല്ല. ഇത് കൊലപാതകമാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് ഇക്കാര്യം വ്യക്തമാണ്. ഭക്ഷണം ഒന്നും കഴിക്കാതെ സിദ്ധാര്‍ഥിന്റെ വയര്‍ ഒഴിഞ്ഞനിലയിലായിരുന്നു. സിദ്ധാര്‍ഥിനെ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ അവര്‍ അനുവദിച്ചില്ല. 24 മണിക്കൂറിലധികം നേരമാണ് ഇത്തരത്തില്‍ ഭക്ഷണം നിഷേധിച്ചത്. ഇതെങ്ങനെയാണ് ക്യാമ്പസില്‍ സംഭവിക്കുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു.

സര്‍വകലാശാല ക്യാമ്പസില്‍ എങ്ങനെയാണ് ഇത്തരമൊരു കിരാത സംഭവം ഉണ്ടാവുന്നത്? സര്‍വകലാശാല അധികൃതര്‍ ആരും ഇത് ശ്രദ്ധിക്കുക പോലും ചെയ്തില്ല. ഇതില്‍ ദുരൂഹത ഉണ്ട്. എല്ലാ സര്‍വകലാശാലയിലും ഒരു ഹോസ്റ്റല്‍ എസ്എഫ്ഐ അവരുടെ ഹെഡ് ക്വര്‍ട്ടേഴ്സ് ആയി മാറ്റിയിരിക്കുകയാണ്. ക്യാമ്പസുകളില്‍ എസ്എഫ്ഐ- പിഎഫ്ഐ കൂട്ടുകെട്ട് ഉണ്ട്. ഇത് താന്‍ മുന്‍പും പറഞ്ഞിട്ടുണ്ട്. പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിലും ഈ കൂട്ടുകെട്ട് ഉള്ളതായും ഗവര്‍ണര്‍ ആരോപിച്ചു.

സംഭവത്തില്‍ പൊലീസുകാരെ മുഴുവനായി കുറ്റം പറയുന്നില്ല. രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനകളില്‍ ഒന്നാണ് കേരളത്തിലുള്ളത്. എന്നാല്‍ ഭരിക്കുന്ന പാര്‍ട്ടി അവരെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ല. സര്‍വകലാശാല അധികൃതരുടെ ഭാഗത്താണ് ഗുരുതര തെറ്റ് സംഭവിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.

റാഗിങ് നടന്ന് മൂന്ന് ദിവസം കഴിഞ്ഞും അധികൃതര്‍ ആരും അറിഞ്ഞില്ലേ? സംഭവം നടന്നശേഷം ചാന്‍സലറെ അറിയിക്കാന്‍ പോലും അധികൃതര്‍ തയ്യാറായില്ല.ഇന്നലെ മാത്രമാണ് ഇത് ചെയ്തതെന്നും ഗവര്‍ണര്‍ പറഞ്ഞു.

ടിവി രാജേഷിന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല

ടിവി രാജേഷിന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായ ടിവി രാജേഷിന്. എംവി ജയരാജന്‍ ലോക്‌സഭാ സ്ഥാനാര്‍ഥിയായ സാഹചര്യത്തിലാണ് മാറ്റം.

ഇന്നു ചേര്‍ന്ന പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളാണ് ടിവി രാജേഷിനു ചുമതല നല്‍കാന്‍ തീരുമാനിച്ചത്. താല്‍ക്കാലിക ചുമതലാണ് രാജേഷിനു നല്‍കിയിട്ടുള്ളത്.

രുഗ്മിണി അമ്മ നിര്യാതയായി

രുഗ്മിണി അമ്മ നിര്യാതയായി

മണമ്പൂർ, പാലാംകോണം, താഴത്തുവീട്ടിൽ പരേതനായ രാജേന്ദ്രൻനായരുടെ ഭാര്യ രുഗ്മണിഅമ്മ (72) നിര്യാതയായി.

മക്കൾ : രഞ്ജിത്ത്, ബീന, മനോജ്,
മരുമക്കൾ: ലേഖ, പരേതനായ രവി, ജിജി.

സഞ്ചയനം ബുധനാഴ്ച രാവിലെ 8ന് .

സുരേഷ്ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

സുരേഷ്ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

കോഴിക്കോട്: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ്ഗോപിക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് ജെഎഫ്എംസി – 4 കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അതിജീവിതക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചുവെന്നാണ് 180 പേജുള്ള കുറ്റപത്രത്തിലുള്ളത്.

വൈറൽ ഹെപ്പെറ്റൈറ്റിസ് ബാധ: ചികിത്സയിലുണ്ടായിരുന്ന ഒരാൾ കൂടി മരിച്ചു, മരണസംഖ്യ മൂന്നായി

വൈറൽ ഹെപ്പെറ്റൈറ്റിസ് ബാധ: ചികിത്സയിലുണ്ടായിരുന്ന ഒരാൾ കൂടി മരിച്ചു, മരണസംഖ്യ മൂന്നായി

മലപ്പുറം: വൈറൽ ഹെപ്പെറ്റൈറ്റിസ് ബാധിച്ചു ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. എടക്കര പഞ്ചായത്തിലെ ചെമ്പൻകൊല്ലി സ്വദേശിയായ 32 കാരനാണ് മരിച്ചത്. ഇതൊടെ ജില്ലയിൽ ഒരു മാസത്തിനിടെ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ജില്ലയിലെ പോത്തുകല്ലാണ് രോഗബാധയുടെ പ്രഭവകേന്ദ്രമെന്നാണ് കഴിഞ്ഞ ദിവസം മലപ്പുറം ഡിഎംഒ അറിയിച്ചത്.

പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിൽ കൂൾബാറുകളുടെയും ഹോട്ടലുകളുടെയും പ്രവർത്തനം മൂന്നാഴ്ചത്തേക്ക് നിയന്ത്രിച്ചിരിക്കുകയാണ്. രോഗലക്ഷണം ശ്രദ്ധയിൽപ്പെട്ടാൽ ഒറ്റമൂലി ചികിത്സ തേടുന്നതിന് പകരം ഡോക്ടർമാരെ സമീപക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. കുടിവെള്ളത്തിന്റെ കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്നും അറിയിപ്പുണ്ട്. രണ്ടുമാസത്തിനുള്ളില്‍ രോഗബാധിതരായത് 152 പേരാണ്. പനി, വിശപ്പില്ലായ്മ, ഛർദി, കണ്ണിനു മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ് ഈ രോഗത്തിൻ്റെ ലക്ഷണങ്ങൾ.

വയറിളക്കം മൂലം ശരീരത്തിലെ ജലാംശവും പോഷകാംശവും ധാതുലവണങ്ങളും നഷ്ടപ്പെടുത്തുന്നു. നിർജലീകരണം സംഭവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. യഥാസമയം ചികിത്സ ലഭിക്കാതിരുന്നാൽ രോഗിയുടെ ജീവന് ഭീഷണിയാകും. കുട്ടികളിൽ പ്രത്യേക ശ്രദ്ധ വേണ്ട രോഗമാണിതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.