ഇടിമുറിയുണ്ടെങ്കില്‍ കാണട്ടേ, പൂക്കോട് സര്‍വകലാശാലയില്‍ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം

ഇടിമുറിയുണ്ടെങ്കില്‍ കാണട്ടേ, പൂക്കോട് സര്‍വകലാശാലയില്‍ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം

മാനന്തവാടി: വയനാട് പൂക്കോട് സര്‍വകലാശാലയിലെ വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സര്‍വകലാശാല പ്രവേശന കവാടത്തില്‍വച്ച് പൊലീസ് തടഞ്ഞതോടെ ബാരിക്കേഡ് തള്ളിമാറ്റാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. തുടര്‍ന്നു പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്നു ബാരിക്കേഡിന് വെളിയില്‍നിന്നു പ്രതിഷേധിച്ചു. കെഎസ്‌യു, യൂത്ത്‌കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് പ്രതിഷേധിക്കുന്നത്.

ഒരുകൂട്ടം പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍കൂടി ചാടി ക്യാംപസില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും നേതാക്കള്‍ ഇടപെട്ട് ഇവരെ താഴെയിറക്കി. ക്യാംപസിലെ സുരക്ഷാ ജീവനക്കാരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചിത്രം എടുക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് വാക്കേറ്റമുണ്ടായി. കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. ടി സിദ്ദിഖ്, ഐ സി. ബാലകൃഷ്ണന്‍ തുടങ്ങി മുതിര്‍ന്ന നേതാക്കളാണ് മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്.

എസ്എഫ്‌ഐയുടെ ഇടിമുറി ഉണ്ടെങ്കില്‍ അത് കാണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്യാമ്പസിള്ളിലേയ്ക്ക് കടന്നത്. ഹോസ്റ്റലിനുള്ളില്‍ കയറണമെന്നാവശ്യപ്പെട്ട പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതിഷേധിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ പൂക്കോട് ഉപവാസ സമരം തുടങ്ങി.

കേരളത്തിന്റെ മനഃസാക്ഷി സ്തംഭിച്ചിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ച് കെട്ടിത്തൂക്കി കൊന്നെന്നാണ് മാതാപിതാക്കള്‍ തന്നെ ആരോപിക്കുന്നത്. ഒരു വധശിക്ഷ നടപ്പാക്കിക്കഴിഞ്ഞു മറ്റൊരു വധശിക്ഷയും ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. മരിച്ചുപോയ സിദ്ധാര്‍ഥനെ ആരോപണം ഉന്നയിച്ച് ക്രൂരമായി വീണ്ടും അപമാനിച്ചുകൊണ്ടിരിക്കുകയാണ്. ഒരു പരാതി ഉണ്ടാക്കുക, ആ പരാതി മരിച്ചതിനു ശേഷം കൊടുക്കുക, പ്രതിയായ ആള്‍ തന്നെ ആ കമ്മിറ്റിയില്‍ അംഗമായിരിക്കുക എന്നതൊക്കെയാണ് നടന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ദക്ഷിണേഷ്യയിലെ ആദ്യ വയോജന സൗഹൃദ നഗരമായി കൊച്ചി; പ്രഖ്യാപിച്ച് ഡബ്ല്യുഎച്ച്ഒ

ദക്ഷിണേഷ്യയിലെ ആദ്യ വയോജന സൗഹൃദ നഗരമായി കൊച്ചി; പ്രഖ്യാപിച്ച് ഡബ്ല്യുഎച്ച്ഒ

കൊച്ചി: ലോകാരോഗ്യ സംഘടന വയോജന സൗഹൃദ നഗരമായി പ്രഖ്യാപിച്ച ദക്ഷിണേഷ്യയിലെ ആദ്യത്തെ നഗരമെന്ന നേട്ടം കൈവരിച്ച് കൊച്ചി. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ ആസ്ഥാനമായ ജനീവയില്‍ വെള്ളിയാഴ്ചയായിരുന്നു പ്രഖ്യാപനം. കൊച്ചി നഗരത്തിൽ നടത്തിയ വയോജന സൗഹൃദ പദ്ധതികളുടെയും പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ നേട്ടം കരസ്ഥമാക്കിയത്.

കൊച്ചി നഗരം വയോജനങ്ങള്‍ക്കായി നടത്തുന്ന പദ്ധതികള്‍ വിശദീകരിക്കുന്നതിനായി 2023 ജൂണ്‍ 14-ാം തീയതി കൊച്ചി മേയര്‍ എം അനില്‍കുമാര്‍ ലോകാരോഗ്യ സംഘടനയുടെ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ പങ്കെടുത്തിരുന്നു. ഇതില്‍ നടത്തിയ അവതരണവും വയോജന സൗഹൃദ നഗരം എന്ന പദവി കൊച്ചിക്ക് ലഭിക്കുന്നതിന് ഒരു പ്രധാന ഘടകമായി.

മാജിക്‌സ് എന്ന സന്നദ്ധ സംഘടനയുമായും ഐഎംഎയുമായും സഹകരിച്ച് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കിയുള്ള നൂതന പദ്ധതികളും പരിപാടികളും നഗരസഭ ഈ കാലയളവില്‍ നടപ്പിലാക്കിയതായി മേയര്‍ എം അനില്‍കുമാര്‍ പറഞ്ഞു.

പൊതുയിടങ്ങളും കെട്ടിടങ്ങളും വയോജന സൗഹൃദമാക്കുക, മുതിര്‍ന്നവരുടെ സാമൂഹിക ജീവിതത്തിനുതകുന്ന സൗകര്യങ്ങള്‍ ഒരുക്കുക, വയോജനങ്ങള്‍ക്ക് ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുക, കോളജുകളുമായി സഹകരിച്ച് നൂതന സാങ്കേതികവിദ്യയില്‍ പരിശീലനം നല്‍കുക, വയോജനങ്ങള്‍ക്കു മാത്രമായുള്ള സീനിയര്‍ ടാക്‌സി സര്‍വീസ്, മാതൃകാ സായംപ്രഭ പകല്‍വീട് എന്നിവയടക്കമുള്ള നിരവധി പദ്ധതികള്‍ നഗരസഭ നടപ്പിലാക്കിയിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധന

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 47,000 തൊട്ടു. ഇന്ന് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 47000ല്‍ എത്തിയത്. ഗ്രാമിന് 85 രൂപയാണ് വര്‍ധിച്ചത്. 5875 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞമാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഫെബ്രുവരി മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്.

15ന് 45,520 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില ഇടിഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില തിരിച്ചുകയറുന്നതാണ് കണ്ടത്. 16 ദിവസത്തിനിടെ 1500 രൂപയാണ് വര്‍ധിച്ചത്.

ഫീസ് തര്‍ക്കം; ഇന്ത്യന്‍ മാട്രിമോണിയല്‍ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍

ഫീസ് തര്‍ക്കം; ഇന്ത്യന്‍ മാട്രിമോണിയല്‍ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍

ഡല്‍ഹി: ഫീസ് തര്‍ക്കത്തെ തുടര്‍ന്ന് പ്രമുഖ മാട്രിമോണിയല്‍ ആപ്പുകള്‍ അടക്കം 10 കമ്പനി ആപ്പുകള്‍ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. സര്‍വീസ് ഫീയുമായി ബന്ധപ്പെട്ട് ഭാരത് മാട്രിമോണി അടക്കമുള്ള ആപ്പുകളാണ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഒഴിവാക്കിയത്.

15% മുതല്‍ 30% വരെ ഈടാക്കുന്ന മുന്‍ സമ്പ്രദായം പൊളിച്ചുമാറ്റാന്‍ രാജ്യത്തെ ആന്റിട്രസ്റ്റ് അധികാരികള്‍ ഉത്തരവിട്ടതിന് ശേഷം, ഇന്‍-ആപ്പ് പേയ്മെന്റുകള്‍ക്ക് 11% മുതല്‍ 26% വരെ ഫീസ് ചുമത്തുന്നതില്‍ നിന്ന് ഗൂഗിളിനെ തടയാനുള്ള ചില ഇന്ത്യന്‍ സ്റ്റാര്‍ട്ട്അപ്പുകളുടെ ശ്രമങ്ങളാണ് തര്‍ക്കത്തില്‍ കലാശിച്ചത്. എന്നാല്‍, സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് ഇളവ് നല്‍കേണ്ടതില്ലെന്ന സുപ്രീം കോടതിയുടേത് അടക്കം ജനുവരിയിലും ഫെബ്രുവരിയിലുമായി വന്ന രണ്ട് കോടതി തീരുമാനങ്ങള്‍ക്ക് ശേഷം ഫീസ് ഈടാക്കാനും ആപ്പുകള്‍ നീക്കം ചെയ്യാനുമുള്ള നടപടികളുമായി ഗൂഗിള്‍ മുന്നോട്ടുപോകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹോംസ്റ്റേയുടെ മറവിൽ അനാശാസ്യ കേന്ദ്രം; കൊച്ചിയിൽ സ്ത്രീകളടക്കം 13 പേർ പിടിയിൽ

ഹോംസ്റ്റേയുടെ മറവിൽ അനാശാസ്യ കേന്ദ്രം; കൊച്ചിയിൽ സ്ത്രീകളടക്കം 13 പേർ പിടിയിൽ

കൊച്ചി: കൊച്ചിയിൽ ഹോംസ്റ്റേയുടെ മറവിൽ അനാശാസ്യ കേന്ദ്രം. ഓൾഡ് കതൃക്കടവ് റോഡിലെ കെട്ടിടത്തിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ മൂന്ന് സ്ത്രീകളടക്കം 13 പേരാണ് പിടിയിലായത്. കുപ്രസിദ്ധനായ ഒരു ഗുണ്ടയുടെ നേതൃത്വത്തിലായിരുന്നു കേന്ദ്രത്തിന്റെ നടത്തിപ്പെട്ടാണ് പൊലീസിന് ലഭിച്ച വിവരം. ഇയാൾക്കായുള്ള തെരച്ചിൽ ആരംഭിച്ചു. അനാശാസ്യകേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ചിട്ട് ഒൻപതു മാസമായതായി പൊലീസ് പറഞ്ഞു. ബെംഗളൂരുവിൽ നിന്നാണ് പിടിയിലായ യുവതികളെ എത്തിച്ചത്. പിടിയിലായവരെ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.