വിരണ്ടോടിയ ആനയെ തളച്ചു; രണ്ട് പശുക്കളേയും ഒരു ആടിനേയും ചവിട്ടിക്കൊന്നു, പ്രദേശത്ത് വന്‍ നാശനഷ്ടം

വിരണ്ടോടിയ ആനയെ തളച്ചു; രണ്ട് പശുക്കളേയും ഒരു ആടിനേയും ചവിട്ടിക്കൊന്നു, പ്രദേശത്ത് വന്‍ നാശനഷ്ടം

പാലക്കാട്: ലോറിയിൽ നിന്ന് ഇറങ്ങി വിരണ്ടോടിയ ആനയെ തളച്ചു. വ്യാപക നാശനഷ്ടം വരുത്തിയ ശേഷം നിലയുറപ്പിച്ച ആനയെ ഏറെ പണിപ്പെട്ടാണ് ആനയെ തളച്ചത്. ആനയുടെ ചവിട്ടേറ്റ് ഒരാൾക്ക് പരിക്കേറ്റിരുന്നു. കൂടാതെ ആന ചവിട്ടിയ രണ്ട് പശുക്കളും ഒരു ആടും ചത്തതായി റിപ്പോർട്ടുണ്ട്.

പാലക്കാട് നഗരപരിധിയിൽപ്പെടുന്ന വടക്കുംമുറി ഭാഗത്തുവച്ചാണ് സംഭവം. പട്ടാമ്പി നേർച്ചയ്ക്ക് എത്തിച്ച ആനയെ തിരിച്ച് ലോറിയിൽ കൊണ്ടുപോകുന്നതിനിടെയാണ് വിരണ്ടോടിയത്. പാപ്പാൻ ചായ കുടിക്കാൻ വണ്ടി നിർത്തിയപ്പോഴാണ് സംഭവം. മുത്തു എന്ന അക്കരമേൽ ശേഖരൻ എന്ന ആനയാണ് വിരണ്ടോടിയത്. ആളൊഴിഞ്ഞ സ്ഥലത്ത് നിലയുറപ്പിച്ച ആന ശാന്തനായതോടെ പാപ്പാന്മാര്‍ പഴവും മറ്റും എറിഞ്ഞുകൊടുക്കുകയായിരുന്നു. തുടര്‍ന്നാണ് തളച്ചത്.

നവജാത ശിശുവിൻ്റെ മൃതദേഹം മതിൽ കമ്പിയിൽ തറച്ച നിലയിൽ

നവജാത ശിശുവിൻ്റെ മൃതദേഹം മതിൽ കമ്പിയിൽ തറച്ച നിലയിൽ

ഹരിയാനയിൽ നവജാത ശിശുവിൻ്റെ മൃതദേഹം മതിൽ കമ്പിയിൽ തറച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിനെ കൊന്ന ശേഷം കെട്ടിടത്തിന് മുകളിൽ നിന്ന് എറിഞ്ഞതാകാമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഹരിയാനയിലെ അജ്‌റോണ്ട ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ചുറ്റുമതിലിൽ സ്ഥാപിച്ചിരുന്ന ഗ്രില്ലിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഹരിയാന പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.

കുഞ്ഞിനെ കൊന്ന ശേഷം കെട്ടിടത്തിന് മുകളിൽ നിന്ന് എറിഞ്ഞതാകാമെന്നാണ് പൊലീസ് പറയുന്നത്. നവജാതശിശുവിൻ്റെ മൃതദേഹം ഗ്രില്ലിൽ നിന്ന് നീക്കം ചെയ്യുകയും തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനായി ഫരീദാബാദിലെ ബാദ്ഷാ ഖാൻ സിവിൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ നാളെ: വിപുലമായ ഒരുക്കങ്ങളുമായി ആരോഗ്യ വകുപ്പ്

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ നാളെ: വിപുലമായ ഒരുക്കങ്ങളുമായി ആരോഗ്യ വകുപ്പ്

5 വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കായുള്ള പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാനത്ത് നാളെ നടക്കും. സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 9.30 ന് പത്തനംതിട്ട ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷനായി സംസ്ഥാനം സജ്ജമായതായി മന്ത്രി പറഞ്ഞു.

5 വയസിന് താഴെയുള്ള 23,28,258 കുഞ്ഞുങ്ങള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കാനാണ് ലക്ഷ്യമിടുന്നത്. ട്രാന്‍സിറ്റ്, മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ 23,471 ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 46,942 വോളണ്ടിയര്‍, 1564 സൂപ്പര്‍വൈസര്‍മാര്‍ ഉള്‍പ്പെടെ അരലക്ഷത്തോളം പേരാണ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയില്‍ സേവനമനുഷ്ഠിക്കുക. എന്തെങ്കിലും കാരണത്താല്‍ മാര്‍ച്ച് മൂന്നിന് തുള്ളിമരുന്ന് നല്‍കാന്‍ സാധിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് ഭവന സന്ദര്‍ശന വേളയില്‍ തുള്ളിമരുന്ന് നല്‍കുന്നതാണ്. എല്ലാ രക്ഷാകര്‍ത്താക്കളും 5 വയസ് വരെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും പോളിയോ തുള്ളിമരുന്ന് നല്‍കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

കുട്ടികള്‍ക്ക് അംഗവൈകല്യത്തിന് കാരണമാകുന്ന ഒരു രോഗമാണ് പോളിയോ മൈലൈറ്റിസ് അഥവാ പോളിയോ രോഗം. രോഗിയുടെ മലത്തിലൂടെ പുറന്തള്ളുന്ന രോഗാണുക്കള്‍ കലര്‍ന്ന ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് മറ്റൊരാളിലേക്ക് രോഗം പകരുന്നത്. തുടര്‍ന്ന് രോഗാണുക്കള്‍ കുടലില്‍ പെരുകുകയും കേന്ദ്ര നാഡീവ്യവസ്ഥയെയും തലച്ചോറിനെയും ബാധിക്കുകയും പേശികളുടെ ബലക്കുറവിന് കാരണമാകുകയും കൈകാലുകളില്‍ അംഗവൈകല്യം ഉണ്ടാക്കുകയും ചെയ്യുന്നു. പോളിയോ രോഗത്തിന് ഇതുവരെ മരുന്ന് കണ്ടുപിടിക്കാനായിട്ടില്ല. എന്നാല്‍ ഫലപ്രദമായ വാക്സിന്‍ നിലവിലുണ്ട്.

കേരളത്തില്‍ 2000ന് ശേഷവും ഇന്ത്യയില്‍ 2011 ന് ശേഷവും പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2014 മാര്‍ച്ചില്‍ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ മുക്ത രാജ്യമായി പ്രഖ്യാപിച്ചുവെങ്കിലും നമ്മുടെ അയല്‍ രാജ്യങ്ങളില്‍ പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ രോഗസാധ്യത ഒഴിവാക്കുന്നതിനായാണ് പോളിയോ തുള്ളി മരുന്ന് നല്‍കുന്നത്.

രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് പോളിയോ ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്നത്. സ്കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബൂത്തുകള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലെ ട്രാന്‍സിറ്റ് ബൂത്തുകള്‍, അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മൊബൈല്‍ ബൂത്തുകള്‍ എന്നിവ വഴിയാണ് തുള്ളിമരുന്ന് വിതരണം നടത്തുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ പൂര്‍ണ സഹകരണത്തോടെയാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ സംഘടിപ്പിക്കുന്നത്.

സിദ്ധാര്‍ഥന്റെ ദുരൂഹമരണം; മുഖ്യപ്രതി സിന്‍ജോ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

സിദ്ധാര്‍ഥന്റെ ദുരൂഹമരണം; മുഖ്യപ്രതി സിന്‍ജോ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

തിരുവനന്തപുരം: വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ ദുരൂഹമരണത്തില്‍ മുഖ്യപ്രതി സിന്‍ജോ ജോണ്‍സണ്‍ ഉള്‍പ്പടെ പതിനെട്ട് പ്രതികളും പിടിയില്‍. സിന്‍ജോ ജോണ്‍സണെ കല്‍പ്പറ്റ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കീഴടങ്ങാനായി എത്തിയപ്പോള്‍ പൊലീസ് പിടികൂടുകയായിരുന്നു.

രാവിലെ കേസിലെ രണ്ട് പ്രതികളെ പിടികൂടിയിരുന്നു. കാശിനാഥന്‍, അല്‍ത്താഫ് എന്നിവരെയാണ് പിടികൂടിയത്. കാശിനാഥന്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. കൊല്ലത്ത് ഒളിവില്‍ കഴിയുന്നതിനിടെയാണ് അല്‍ത്താഫ് പിടിയിലാകുന്നത്. സിന്‍ജോയ്ക്കും കാശിനാഥനും ഉള്‍പ്പെടെ ഒളിവില്‍ പോയവര്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായി.

ക്യാമ്പസില്‍ സിദ്ധാര്‍ഥനെതിരായ എല്ലാ അക്രമങ്ങള്‍ക്കും നേതൃത്വം നല്‍കിയത് സിന്‍ജോ ജോണ്‍സണ്‍ ആണെന്ന് സിദ്ധാര്‍ഥന്റെ പിതാവ് ടി ജയപ്രകാശ് പറഞ്ഞിരുന്നു. കഴിഞ്ഞദിവസം കീഴടങ്ങിയ കോളജ് യൂണിയന്‍ പ്രസിഡന്റ് കെ അരുണ്‍ (23), എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍ (23), കോളജ് യൂണിയന്‍ അംഗം എന്‍ ആസിഫ്ഖാന്‍(25), മലപ്പുറം സ്വദേശിയായ അമീന്‍ അക്ബര്‍ അലി (25) എന്നിവരെ ഇന്നലെ കോടതി റിമാന്‍ഡ് ചെയ്തു.

ആദ്യം പിടിയിലായ 6 പേരും റിമാന്‍ഡിലാണ്. സിദ്ധാര്‍ഥനെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ 31 പേര്‍ ഉള്‍പ്പെട്ടതായി ആന്റി റാഗിങ് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരെ കോളജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.

അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിന്റെ ചികിത്സ ഉറപ്പാക്കും: ആരോഗ്യ മന്ത്രി

അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിന്റെ ചികിത്സ ഉറപ്പാക്കും: ആരോഗ്യ മന്ത്രി

അപൂര്‍വ രോഗം ബാധിച്ച 2 വയസുകാരന്റെ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കോയമ്പത്തൂര്‍ സ്വദേശിയും മലയാളിയുമായ സിന്ധുവിന്റെ മകനാണ് ആരോഗ്യ വകുപ്പ് അപൂര്‍വ രോഗത്തിനുള്ള വിലപിടിപ്പുള്ള മരുന്ന് നല്‍കുന്നത്. കുഞ്ഞിന് ചികിത്സാ സഹായം ചോദിച്ചെത്തിയ അമ്മയെ അധിക്ഷേപിച്ചു എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. കുഞ്ഞിന്റെ അമ്മയെ വിളിച്ച് മന്ത്രി സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.