വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; അക്യുപങ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീൻ പിടിയിൽ

വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; അക്യുപങ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീൻ പിടിയിൽ

തിരുവനന്തപുരം: നേമത്ത് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അക്യുപങ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് നിന്നാണ് പൊലീസ് ഇയാളെ കസ്‌റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. അക്യൂപങ്ചറിന്റെ മറവിൽ ഷിഹാബുദ്ദീൻ വ്യാജചികിത്സ നടത്തുകയാണെന്ന് സെപ്തംബറിൽ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു.

പ്രമേഹം മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങുന്നുവെന്ന വിവരത്തിലാണ് സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തിയത്. വെഞ്ഞാറമൂട്ടിലായിരുന്നു ഷിഹാബുദ്ദീന്റെ ചികിത്സാ കേന്ദ്രം. എന്നാൽ റിപ്പോർട്ടിൻമേൽ പൊലീസും ആരോഗ്യവകുപ്പും തുടർനടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.

ആറ്റിങ്ങലില്‍ സ്വകാര്യ ബസ് കടകളിലേക്ക് ഇടിച്ചുകയറി; ആളപായമില്ല

ആറ്റിങ്ങലില്‍ സ്വകാര്യ ബസ് കടകളിലേക്ക് ഇടിച്ചുകയറി; ആളപായമില്ല

ആറ്റിങ്ങൽ: ആറ്റിങ്ങൽ മണനാക്കിൽ സ്വകാര്യ ബസ് കടകളിലേക്ക് ഇടിച്ചുകയറി. ഇന്ന് രാവിലെ 6.50 ന് ആലംകോട് ഭാഗത്തുനിന്നും കടയ്ക്കാവൂരിലേക്ക് പോയ ബസ് നിയന്ത്രണംവിട്ട് സമീപത്തെ കടകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആളപായമില്ല. ബസ് നിയന്ത്രണം വിട്ടതിന്റെ കാരണം വ്യക്തമായിട്ടില്ല.

പാഴ്സലിൽ എംഡിഎംഎയെന്ന് പൊലീസ് ഓഫീസറുടെ പേരിൽ വീഡിയോ കോൾ; കൊല്ലം സ്വദേശിക്ക് നഷ്ടമായത് 40 ലക്ഷം രൂപ

പാഴ്സലിൽ എംഡിഎംഎയെന്ന് പൊലീസ് ഓഫീസറുടെ പേരിൽ വീഡിയോ കോൾ; കൊല്ലം സ്വദേശിക്ക് നഷ്ടമായത് 40 ലക്ഷം രൂപ

പാഴ്സലായി അയച്ച സാധനസാമഗ്രികളില്‍ എംഡിഎംഎ ഉണ്ടെന്നറിയിച്ച് പൊലീസ് ഓഫീസര്‍ എന്ന വ്യാജേന വീഡിയോകോള്‍ ചെയ്ത് പണം തട്ടിയെടുത്ത സംഭവത്തില്‍ കൊല്ലത്ത് ഒരാള്‍ക്ക് 40 ലക്ഷത്തില്‍ പരം രൂപ നഷ്ടമായി. മുംബൈ പൊലീസിലെ സൈബര്‍ വിഭാഗത്തിലെ മുതിര്‍ന്ന പൊലീസ് ഓഫീസറെന്ന വ്യാജേനയാണ് പാഴ്സല്‍ അയച്ച ആളെ തട്ടിപ്പുകാര്‍ വീഡിയോകോള്‍ ചെയ്തത്. പാഴ്സലിനുള്ളില്‍ എംഡിഎംഎ ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് ഉല്പ്പന്നങ്ങളുണ്ടെന്ന് വീഡിയോകോള്‍ ചെയ്തയാള്‍ പറഞ്ഞു. പാഴ്സല്‍ അയച്ച ആളെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും എങ്ങോട്ടും പോകരുതെന്നും തട്ടിപ്പുകാരന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് പരാതിക്കാരന്‍ 40,30,000 രൂപ അവര്‍ നിര്‍ദ്ദേശിച്ച അക്കൗണ്ടിലേക്ക് അയച്ചുനല്‍കിയത്.

പ്രശസ്തമായ ഒരു കൊറിയര്‍ കമ്പനിയുടെ കസ്റ്റമര്‍ സര്‍വ്വീസ് സെന്‍ററില്‍ നിന്ന് എന്നു പരിചയപ്പെടുത്തിവന്ന ഫോണ്‍ കോളിലാണ് തട്ടിപ്പിന്‍റെ തുടക്കം. പരാതിക്കാരന്‍ മുംബൈയില്‍ നിന്ന് തായ്ലന്‍റിലേയ്ക്ക് ഒരു പാഴ്സല്‍ അയച്ചിട്ടുണ്ടെന്നും അതില്‍ പാസ്പോര്‍ട്ട്, ക്രെഡിറ്റ് കാര്‍ഡ്, ലാപ്ടോപ് എന്നിവ കൂടാതെ 200 ഗ്രാം എം.ഡി.എം.എയും കണ്ടെത്തിയെന്നതിനാല്‍ മുംബൈ പൊലീസ് പിടിച്ചുവച്ചിരിക്കുകയാണെന്നുമാണ് അയാള്‍ അറിയിച്ചത്. പാഴ്സല്‍ അയയ്ക്കുന്നതിന് പരാതിക്കാരന്‍റെ അക്കൗണ്ട് നമ്പര്‍, ഫോണ്‍ നമ്പര്‍, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ചിട്ടുണ്ടെന്ന് അയാള്‍ പറഞ്ഞു.

താന്‍ മുംബൈയില്‍ പോയിട്ടില്ലെന്നും ഇങ്ങനെ പാഴ്സല്‍ അയച്ചിട്ടില്ലെന്നും വ്യക്തമാക്കിയ പരാതിക്കാരന്‍ കൊല്ലത്ത് പോലീസില്‍ പരാതി നല്‍കാന്‍ പോകുകയാണെന്ന് അറിയിച്ചു. സംഭവം മുംബൈയില്‍ നടന്നതിനാല്‍ അവിടെ പരാതി കൊടുക്കണമെന്ന് പറഞ്ഞ കൊറിയര്‍ കമ്പനി പ്രതിനിധി, മുംബൈ സൈബര്‍ ക്രൈം സെല്‍ തലവനെ കണക്ട് ചെയ്യാമെന്ന് പറയുകയും തുടര്‍ന്ന് സൈബര്‍ ക്രൈം സെൽ ഉദ്യോഗസ്ഥന്‍ എന്ന് ഭാവിച്ച് ഒരാള്‍ പരാതിക്കാരനോട് സംസാരിക്കുകയും ചെയ്തു.

പരാതിക്കാരന്‍റെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് 13 സ്ഥലങ്ങളില്‍ തീവ്രവാദികള്‍ക്ക് വേണ്ടി അക്കൗണ്ട് ഉണ്ടാക്കിയെന്ന് പറഞ്ഞ അയാള്‍ കേസ് അന്വേഷിക്കുന്ന ഐ.പി.എസ് ഓഫീസറെന്ന വ്യാജേന മറ്റൊരാള്‍ക്ക് ഫോണ്‍ കൈമാറി. സ്കൈപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട പോലീസ് ഓഫീസർ അതിനായി ഒരു ലിങ്ക് അയച്ചുനല്‍കി. തുടര്‍ന്ന് വീഡിയോ കോളിലെത്തിയ പോലീസ് ഓഫീസറെന്ന് ഭാവിച്ചയാള്‍ പരാതിക്കാരന്‍റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സമ്പാദ്യവുമെല്ലാം ചോദിച്ചു മനസ്സിലാക്കി.

അക്കൗണ്ടിലെ പണം നിയമവിധേയമാണോയെന്ന് അറിയാന്‍ ഫിനാന്‍സ് വകുപ്പിന്‍റെ സോഫ്റ്റ് വെയറില്‍ പരിശോധിക്കണമെന്നും നിയമവിധേയമാണെങ്കില്‍ പണം തിരിച്ചുനല്‍കുമെന്നും അയാൾ പറഞ്ഞു. തുടര്‍ന്ന് അവര്‍ നല്‍കിയ അക്കൗണ്ടിലേയ്ക്ക് പരാതിക്കാരന്‍ 40,30,000 രൂപ ഓണ്‍ലൈനായി അയച്ചുനല്‍കുകയായിരുന്നു. തുടര്‍ന്ന് അവരെ ബന്ധപ്പെടാന്‍ കഴിയാതെ വന്നപ്പോഴാണ് തട്ടിപ്പാണെന്ന് പരാതിക്കാരന് മനസ്സിലായത്. സംഭവത്തില്‍ കൊല്ലം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നു.

ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം [GOLDEN HOUR] തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

വയനാട് വെറ്റിനറി കോളജ് വിദ്യാർത്ഥിയുടെ ആത്മഹത്യ; 12 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

വയനാട് വെറ്റിനറി കോളജ് വിദ്യാർത്ഥിയുടെ ആത്മഹത്യ; 12 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

വയനാട് പൂക്കോട് വെറ്റിനറി കോളജ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ 12 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. ആത്മഹത്യ ചെയ്ത സിദ്ധാർത്ഥിനെ സഹപാഠികൾ ക്രൂരമായി മർദ്ദിച്ചിരുന്നതായി ആൻറി റാഗിംഗ് കമ്മിറ്റിയുടെ അന്വേഷണത്തിൽ കണ്ടെത്തി. മൃതദേഹത്തിൽ രണ്ടുദിവസത്തോളം പഴക്കമുള്ള പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും.

അഖിൽ, കാശിനാഥൻ, അമീൻ അക്ബർ, സിന്റോ ജോൺസൺ, ആസിഫ് ഖാൻ, അരുൺ കെ, അജയ്, സൗദ് റിസാൽ, അൽത്താഫ്, മുഹമ്മദ് ഡാനിഷ്, അമൽസാൻ, ആദിത്യൻ തുടങ്ങിയ വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്. ആത്മഹത്യ നടന്ന് നാല് ദിവസം പിന്നിട്ടിട്ടും കോളജ് അധികാരികളുടെ മൗനം വിഷയത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നതായി കെഎസ്‌യു ആരോപിച്ചു. സിദ്ധാർത്ഥിന്റെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ 18 ന് ആയിരുന്നു നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥ് ജീവനൊടുക്കിയത്. ഹോസ്റ്റലിലെ ബാത്റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റാഗിംഗ് മൂലമാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് എന്നുള്ള ആരോപണം സിദ്ധാർത്ഥിൻ്റെ കുടുംബവും കൂട്ടുകാരും ആരോപിക്കുന്നുമുണ്ട്. കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ കോളജിൽ വിദ്യാർത്ഥികൾ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കളും സീനിയേഴ്സും ചേർന്ന് സിദ്ധാർത്ഥനെ മർദ്ദിച്ച് കെട്ടിതൂക്കിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം. സിദ്ധാർത്ഥിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കുടുംബം എഡിജിപി ക്ക് പരാതി നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് മണൽ വാരൽ ഉടൻ തുടങ്ങും, ആദ്യ അനുമതി മലപ്പുറത്ത്: മന്ത്രി കെ രാജൻ

സംസ്ഥാനത്ത് മണൽ വാരൽ ഉടൻ തുടങ്ങും, ആദ്യ അനുമതി മലപ്പുറത്ത്: മന്ത്രി കെ രാജൻ

സംസ്ഥാനത്ത് മണൽ വാരൽ ഉടൻ പുനരാരംഭിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. 32 നദികളിൽ സാൻഡ് ഓഡിറ്റിങ് നടത്തി. 8 ജില്ലകളിൽ ഖനന സ്ഥലങ്ങൾ കണ്ടെത്തി.ആദ്യ അനുമതി മലപ്പുറത്ത്. കടലുണ്ടി ചാലിയാർ പുഴകളിൽ മാർച്ച് അവസാനത്തോടെ ഖനനം നടത്തുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

8 ജില്ലകളിൽ ഒന്നേമുക്കാൽ കോടിയോളം മെട്രിക് ടൺ മണൽ ഇവിടങ്ങളിൽ നിന്ന് ഖനനം ചെയ്യാമെന്നാണ് സാൻഡ് ഓഡിറ്റിംഗിൽ കണ്ടെത്തിയത്. 32 നദികളിൽ നടത്തിയ ഓഡിറ്റിംഗിൽ കൊല്ലം, തൃശൂർ, മലപ്പുറം, പാലക്കാട്, കണ്ണൂർ, കാസർകോട്, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് മണൽ ഖനന സാദ്ധ്യതയുള്ള നദികൾ.

ഇതിൽ മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കടലുണ്ടി, ചാലിയാർ നദികളിൽ മാർച്ചിൽ മണൽ വാരൽ തുടങ്ങും.200 കോടിയാണ് പ്രതീക്ഷിക്കുന്ന വരുമാനം.കോഴിക്കോട്, ഇടുക്കി, കോട്ടയം ജില്ലകളിലെ നദികളിൽ മണൽവാരലിന് സാദ്ധ്യതയില്ല.

കളക്ടർ അദ്ധ്യക്ഷനാവുന്ന ജില്ലാതല സമിതികളിൽ പരിസ്ഥിതി, തൊഴിലാളി സംഘടനാ പ്രതിനിധികൾ, തദ്ദേശസ്ഥാപന പ്രതിനിധികൾ എന്നിവർ അംഗങ്ങളാവും.ജില്ലാസമിതിക്ക് കീഴിൽ ഓരോ നദികളുമായും ബന്ധപ്പെട്ട് തദ്ദേശ സ്ഥാപന അദ്ധ്യക്ഷൻ ചെയർമാനായുള്ള കടവ് കമ്മിറ്റികൾക്കാണ് മണൽവാരി ലേലം ചെയ്യാനുള്ള ചുമതല.നദികളുടെ സംരക്ഷണത്തിനൊപ്പം സംസ്ഥാനത്ത് മണൽ ക്ഷാമത്തിനും ഒരു പരിധിവരെ പരിഹാരമാകും.