by liji HP News | Feb 23, 2024 | Latest News, കേരളം
കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മകം തൊഴല്‍ ശനിയാഴ്ച. പകല്‍ രണ്ടിനാണ് മകം ദര്‍ശനത്തിനായി നട തുറക്കുന്നത്.
രാവിലെ 5.30ന് ഓണക്കുറ്റിച്ചിറയില്‍ ആറാട്ടും ഇറക്കിപ്പൂജയും നടക്കുന്നതോടെ മകം ചടങ്ങുകള്‍ക്ക് തുടക്കമാകും. ആറാട്ടുകടവില്‍ പറ സ്വീകരിച്ച ശേഷം ദേവീക്ഷേത്രത്തിലേക്ക് എഴുന്നള്ളും. തുടര്‍ന്ന് ഏഴ് ആനകള്‍ അണിനിരക്കുന്ന മകം എഴുന്നള്ളിപ്പ്. ചോറ്റാനിക്കര മുരളീധരമാരാരുടെ പ്രമാണത്തില്‍ പാണ്ടിമേളം നടക്കും.
by liji HP News | Feb 23, 2024 | Latest News, കേരളം
ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. എംഎസ്എം കോളേജിന് മുന്‍വശത്തായി ദേശീയപാതയിലാണ് അപകടമുണ്ടായത്. തീ പിടുത്തത്തില്‍ ബസ് പൂര്‍ണമായി കത്തി നശിച്ചു. കുട്ടികള്‍ അടക്കമുള്ള യാത്രക്കാര്‍ സുരക്ഷിതരാണ്.
ഇന്ന് രാവിലെയാണ് സംഭവം. കായംകുളത്ത് നിന്ന് തോപ്പുംപടിയിലേക്ക് സര്‍വീസ് നടത്തിയ ബസിനാണ് തീ പിടിച്ചത്. ബസിന്റെ മുന്‍വശത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ബസ് നിര്‍ത്തി പരിശോധിച്ചു. തീ ആളിപ്പടരുന്നത് കണ്ട ഡ്രൈവറും കണ്ടക്ടറും മുഴുവന്‍ യാത്രക്കാരോടും പുറത്ത് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബസില്‍ തീ ആളിപ്പടര്‍ന്നത്.
by liji HP News | Feb 23, 2024 | Latest News, കേരളം
കോഴിക്കോട്: കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പിവി സത്യനാഥന്‍ (62) ആണ് മരിച്ചത്. പെരുവട്ടൂര്‍ ചെറിയപ്പുരം ക്ഷേത്രോത്സവത്തിനിടെയാണ് ക്രൂര കൊലപാതകം.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പെരുവട്ടൂര്‍ സ്വദേശി പുറത്തോന അഭിലാഷിനെയാണ് (30) കസ്റ്റഡിയില്‍ എടുത്തത്. അഭിലാഷ് സിപിഎം മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്.വ്യക്തി വൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്നു കോഴിക്കോട് റൂറല്‍ എസ്പി അരവിന്ദ് സുകുമാര്‍ വ്യക്തമാക്കി. സംഭവത്തില്‍ പ്രതിഷേധിച്ചു സിപിഎം ഇന്ന് കൊയിലാണ്ടിയില്‍ ഹര്‍ത്താല്‍ ആചരിക്കും.
വെട്ടേറ്റ സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ശരീരത്തില്‍ മഴു കൊണ്ടുള്ള നാലില്‍ അധികം വെട്ടുകളേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെയാണ് ആക്രമണം.
കൊയിലാണ്ടി നഗരസഭയിലേക്ക് സത്യനാഥന്‍ നേരത്തെ മത്സരിച്ചിട്ടുണ്ട്. ബസ് സ്റ്റാന്‍ഡിനു സമീപത്തെ ശക്തി ഷോപ്പിങ് കോംപ്ലക്സ് മാനേജരാണ്. അച്ഛന്‍: അപ്പു നായർ, അമ്മ: കമലാക്ഷി അമ്മ. ഭാര്യ: ലതിക. മക്കൾ: സലിൽ നാഥ്, സലീന. മരുമക്കൾ അമ്പിളി, സുനു.
by liji HP News | Feb 23, 2024 | Latest News, കേരളം
ആലപ്പുഴയിലെ 13കാരന്റെ ആത്മഹത്യയിൽ മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ. ചൈൽഡ് വെൽഫയർ കമ്മറ്റി ഇന്ന് അധ്യാപകരുടെ മൊഴിയെടുക്കും. പൊലീസ് സ്കൂളിലെ സഹപാഠികളുടെ മൊഴിയെടുത്തിരുന്നു. വിശദമായ അന്വേഷണത്തിന് എസ്പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബാലാവകാശ കമ്മീഷൻ പറഞ്ഞു. ആത്മഹത്യാ പ്രേരണ ഉണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്നും കമ്മീഷൻ അറിയിച്ചു.
കാട്ടൂർ ഹോളി ഫാമിലി വിസിറ്റേഷൻ പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ഥി, മനോജ്-മീര ദമ്പതികളുടെ മകൻ എഎം പ്രജിത്ത് കഴിഞ്ഞ 15 നാണ് കാട്ടൂർ വീട്ടിൽ തൂങ്ങിമരിച്ചത്. പിടി അധ്യാപകന്റെ ശിക്ഷാനടപടിയിൽ മനംനൊന്ത് ജീവനൊടുക്കിയെന്നാണ് ആരോപണം.
സ്‌കൂളിലെ അവസാന പിരീയഡിന് വൈകിയെത്തിയ പ്രജിത്തിനെയും മറ്റൊരു സഹപാഠിയെയും സ്‌കൂളിലെ തന്നെ പിടി അധ്യാപകനായ ക്രിസ്തു ദാസ് ശാസിക്കുകയും ചൂരല്‍ കൊണ്ട് തല്ലുകയും ചെയ്തു എന്നാണ് സഹപാഠികള്‍ പറയുന്നത്. സ്‌കൂളിലെ ജനലിനോട് ചേര്‍ത്തുനിര്‍ത്തിയശേഷം കായികാധ്യാപകന്‍ ചൂരലുകൊണ്ട് മര്‍ദ്ദിച്ചതിനു പിന്നാലെയാണ് വിദ്യാര്‍ത്ഥി വീട്ടിലെത്തി ജീവനൊടുക്കിയത്. സഹപാഠി തലകറങ്ങി വീണപ്പോള്‍ വെള്ളം നല്‍കാന്‍ പോയ വിദ്യാര്‍ത്ഥിയെയാണ് അധ്യാപകന്‍ മര്‍ദ്ദിച്ചത്.
കടുത്ത മനോവിഷമത്തിലായിരുന്നു സ്‌കൂള്‍ വിട്ട ശേഷം പ്രജിത്ത് വീട്ടിലേക്ക് എത്തിയതെന്ന് സഹപാഠികള്‍ പറയുന്നു. മൂത്ത സഹോദരന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പ്രണവ് സ്‌കൂളില്‍ നിന്ന് വന്നപ്പോള്‍ ഇളയ സഹോദരന്‍ സ്‌കൂള്‍ യൂണിഫോമില്‍ തൂങ്ങി നില്‍ക്കുന്നതാണ് കാണുന്നത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
by liji HP News | Feb 23, 2024 | Latest News, കേരളം
സംസ്ഥാനത്ത് ഇന്നും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും വർധിക്കാൻ സാധ്യതയുണ്ട്. ഈ ജില്ലകളിൽ സാധാരണയെക്കാൾ 2 മുതൽ 3 °C വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
താപനില ഉയരുന്ന സാഹചര്യത്തിൽ, ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതാപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പ്. ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം.
Recent Comments