23 വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

23 വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

സംസ്ഥാനത്ത് ഇന്നലെ നടന്ന തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്. ഉപതെരഞ്ഞെടുപ്പില്‍ 75.1% ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. 10974 പുരുഷന്മാരും 13442 സ്ത്രീകളും ഉള്‍പ്പെടെ ആകെ 24416 വോട്ടര്‍മാരാണ് വോട്ട് ചെയ്തത്.

ഫലം കമ്മീഷന്റെ www.sec.kerala.gov.in sskänse TREND ല്‍ അപ്പോള്‍ തന്നെ ലഭ്യമാകും. പത്ത് ജില്ലകളിലായി ഒരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വാര്‍ഡിലും നാല് മുനിസിപ്പാലിറ്റി, പതിനെട്ട് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ആകെ 88 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.

കെപിഎസ്ടിഎ യുടെ നേതൃത്വത്തിൽ എൽ.എസ്സ്.എസ്സ്., യു.എസ്സ്.എസ്സ്. മാതൃകാ പരീക്ഷ

കെപിഎസ്ടിഎ യുടെ നേതൃത്വത്തിൽ എൽ.എസ്സ്.എസ്സ്., യു.എസ്സ്.എസ്സ്. മാതൃകാ പരീക്ഷ

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഉപജില്ലയിൽ എൽ.എസ്സ്.എസ്സ്., യു.എസ്സ്.എസ്സ്. പരീക്ഷ എഴുതുന്ന കുട്ടികൾക്കായി കെപിഎസ്ടിഎ ആറ്റിങ്ങൽ ഉപജില്ല കമ്മിറ്റി മാതൃകാ പരീക്ഷ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 24, ശനിയാഴ്ച രാവിലെ 9.30 മണിക്ക് ഇളമ്പ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടത്തുന്ന പരീക്ഷയിൽ കുട്ടികൾക്ക് സൗജന്യമായി പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 62821 61686, 95398 63866

പാട്ട് 2013 ലേത്, പ്രാദേശികമായി പറ്റിയ ചെറിയ അബദ്ധം മാത്രം; നടപടി വേണ്ടെന്ന് പ്രകാശ് ജാവഡേക്കര്‍

പാട്ട് 2013 ലേത്, പ്രാദേശികമായി പറ്റിയ ചെറിയ അബദ്ധം മാത്രം; നടപടി വേണ്ടെന്ന് പ്രകാശ് ജാവഡേക്കര്‍

ഡല്‍ഹി: കേരള പദയാത്ര ഗാന വിവാദത്തില്‍ ന്യായീകരണവുമായി ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍. പ്രാദേശികമായി പറ്റിയ അബദ്ധം മാത്രമാണത്. ബിജെപി പ്രചരണഗാനത്തിലെ കേന്ദ്രസര്‍ക്കാര്‍ വിമര്‍ശനത്തില്‍ നടപടി വേണ്ടെന്നും കേരളത്തിന്റെ പ്രഭാരി കൂടിയായ ജാവഡേക്കര്‍ വ്യക്തമാക്കി. പാട്ടു വിവാദത്തില്‍ ബിജെപി സംസ്ഥാന ഐടി സെല്‍ ചെയര്‍മാനെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.

2013 ല്‍ യുപിഎ സര്‍ക്കാരിനെതിരെ തയ്യാറാക്കിയ ഗാനമാണത്. ഇത് അബദ്ധത്തില്‍ ഉപയോഗിക്കുകയായിരുന്നു. ചെറിയ പിഴവാണത്. തെറ്റായി ഉപയോഗിച്ചത് ഒരു അബദ്ധമായി മാത്രം കണ്ടാല്‍ മതി. ഇത്തരം അബദ്ധങ്ങള്‍ മാധ്യമങ്ങള്‍ക്കും ദിവസംപ്രതി സംഭവിക്കുന്നുണ്ട്. വാര്‍ത്ത നല്‍കും മുമ്പ് കേരളത്തിലെ മാധ്യമങ്ങള്‍ ഇതേക്കുറിച്ച് അന്വേഷിക്കണമായിരുന്നു എന്നും പ്രകാശ് ജാവഡേക്കര്‍ അഭിപ്രായപ്പെട്ടു.

കെ സുരേന്ദ്രന്റെ കേരളപദയാത്രയോട് അനുബന്ധിച്ച് തയ്യാറാക്കിയ പാട്ടിലുണ്ടായ അമളിയാണ് വിവാദമായത്. ഗാനത്തില്‍ കേരള സര്‍ക്കാരിനു പകരം കേന്ദ്രസര്‍ക്കാര്‍ ഇടംപിടിച്ചതാണ് അമളിയായത്. ‘അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്ക കൂട്ടരേ,”എന്ന് ആഹ്വാനം ചെയ്യുന്ന പാട്ട് ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറുകയും ചെയ്തിരുന്നു.

അടിമുടി മാറാനൊരുങ്ങി ചിറയിന്‍കീഴ് റെയില്‍വെ സ്‌റ്റേഷന്‍

അടിമുടി മാറാനൊരുങ്ങി ചിറയിന്‍കീഴ് റെയില്‍വെ സ്‌റ്റേഷന്‍

ചിറയിന്‍കീഴ്: കേന്ദ്ര ഗവണ്‍മെന്റ് പദ്ധതിയായ അമൃത് ഭാരത് പദ്ധതിയിലൂടെ അടിമുടി മാറാനൊരുങ്ങി ചിറയിന്‍കീഴ് റെയില്‍വെ സ്‌റ്റേഷന്‍. അമൃത് ഭാരത് പദ്ധതിയിലൂടെ 12 കോടി രൂപയുടെ വികസന പദ്ധികളാണ് ചിറയിന്‍കീഴില്‍ നടപ്പാക്കുന്നത്. സ്‌റ്റേഷന്റെ മുഖഛായ മാറ്റുന്ന നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചുകഴിഞ്ഞു. വിശാലമായ വാഹന പാര്‍ക്കിങും സ്റ്റഷന്‍ മന്ദിര നവീകരണവുമാണ് എടുത്തുപറയേണ്ട പ്രവൃത്തികളില്‍ ചിലത്.

മൂന്ന് ഏക്കറോളം വരുന്ന ചിറയിന്‍കീഴിലെ റെയില്‍വെ ഭൂമിയിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. പാര്‍ക്കിങ് യാര്‍ഡിന്റേയും പ്രവേശന കവാടത്തിന്റേയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കരാര്‍ കമ്പനിയുടെ മേല്‍നോട്ടത്തില്‍ പുരോഗമിക്കുകയാണ്. ചിറയിന്‍കീഴ് റെയില്‍വെ മേല്‍പ്പാലത്തിന് സമീപം സര്‍വീസ് റോഡിന് അഭിമുഖമായാണ് പ്രവേശന കവാടം ഒരുങ്ങുന്നത്.

വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ ഒരേസമയം അഞ്ഞൂറോളം വാഹന പാര്‍ക്കിങിന് ഇവിടെ സൗകര്യമൊരുങ്ങും. സ്‌റ്റേഷന്‍ സമുച്ചയത്തിന്റെ നവീകരണം, കൂട്ടിച്ചേര്‍ക്കല്‍, സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ്, ടിക്കറ്റ് വിതരണ കേന്ദ്രം, സ്ത്രീകളുടെ വിശ്രമമുറി, ശൗചാലയങ്ങള്‍, സ്‌റ്റേഷന്‍ സമുച്ചയത്തിന്റേയും പ്ലാറ്റ്‌ഫോമുകളുടേയും റൂഫിങ്, പ്ലാററ്‌ഫോമുകള്‍ ടൈല്‍ പാകി നവീകരിയ്ക്കല്‍, ഇരു പ്ലാറ്റ്‌ഫോമുകളേയും ബന്ധിപ്പിച്ചുള്ള ഫൂട്ട് ഓവര്‍ബ്രിഡ്ജ്, മററ് അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം, ചുറ്റുമതില്‍ കെട്ടി സംരക്ഷണമൊരുക്കല്‍, ഡ്രെയിനേജ് സംവിധാനം, സ്‌റ്റേഷനിലും പാര്‍ക്കിങ് ഗ്രൗണ്ടിലും വൈദ്യുത ദീപമൊരുക്കല്‍, പ്ലാററ്‌ഫോമുകളുടെ നീളം കൂട്ടല്‍, ഫാനുകളും ശുദ്ധജല സംവിധാനവുമൊരുക്കല്‍, ഭക്ഷണശാല, യാത്രക്കാരുടെ സൗകര്യാര്‍ഥമുള്ള വിപണന ശാലകള്‍ എന്നിവ പദ്ധതിയിലുള്‍പ്പെടുന്നു. നാല് കോടി രൂപയുടെ ഒന്നാംഘട്ട പ്രവൃത്തികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.ഘട്ടംഘട്ടമായി നടക്കുന്ന നവീകരണ പ്രവൃത്തികള്‍ ആറുമാസത്തിനകം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.

ചിറയിന്‍കീഴിന്റെ മുഖഛായ മാറും

റെയില്‍വെ മേല്‍പ്പാലത്തിനൊപ്പം റെയില്‍വെ സ്‌റ്റേഷന്‍ വികസനം കൂടി സാധ്യമാകുന്നതോടെ ചിറയിന്‍കീഴിന്റെ മുഖഛായ മാറുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല-ഹരി.ജി. ശാര്‍ക്കര, ബി.ജെ.പി ചിറയിന്‍കീഴ് മണ്ഡലം പ്രസിഡന്റ്.

വലിയൊരു മേഖലയ്ക്ക് ഉപപകാരപ്രദമാകും

ചിറയിന്‍കീഴ് റെയില്‍വെ സ്‌റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് മാറ്റം വരുന്നതോടെ ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകള്‍ക്കുപുറമെ കിളിമാനൂര്‍, വെഞ്ഞാറമൂട് ഉള്‍പ്പെടെയുള്ള മലയോര ഗ്രാമീണ മേഖലയ്ക്കും ഉപകാരപ്രദമാകും.

ശിവരാത്രി: ആലുവയിലേക്ക് പ്രത്യേക ട്രെയിന്‍ സൗകര്യം

ശിവരാത്രി: ആലുവയിലേക്ക് പ്രത്യേക ട്രെയിന്‍ സൗകര്യം

കൊച്ചി: ശിവരാത്രിക്ക് ആലുവയിലേക്ക് പ്രത്യേക ട്രെയിന്‍ സൗകര്യമൊരുക്കി റെയില്‍വേ. ആലുവ ശിവക്ഷേത്രത്തിലേക്ക് പോകുന്നവര്‍ക്ക് മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. ശിവരാത്രി ദിവസമായ മാര്‍ച്ച് 8 വെള്ളിയാഴ്ച വൈകീട്ടത്തെ 16325 നിലമ്പൂര്‍ – കോട്ടയം എക്‌സ് പ്രസ്സ്, മറ്റ് സ്റ്റോപ്പുകള്‍ക്ക് പുറമെ മുള്ളൂര്‍ക്കര, ഒല്ലൂര്‍, നെല്ലായി, കൊരട്ടി എന്നിവിടങ്ങളില്‍ കൂടി നിര്‍ത്തും.

അന്നേദിവസം രാത്രി 06461 ഷൊര്‍ണ്ണൂര്‍ – തൃശ്ശൂര്‍ എക്‌സ്പ്രസ്സ് സ്‌പെഷ്യല്‍ ആലുവ വരെ ഓടുന്ന തരത്തിലാണ് ക്രമീകരണം. രാത്രി 23.15ന് തൃശ്ശൂര്‍ വിടുന്ന വണ്ടി എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തിയ ശേഷം അര്‍ധരാത്രി 00.45ന് ആലുവയില്‍ എത്തും.

പിറ്റേന്ന് രാവിലെ 5.15ന് ആലുവയില്‍ നിന്നും പുറപ്പെടുന്ന 16609 തൃശ്ശൂര്‍ – കണ്ണൂര്‍ എക്‌സ് പ്രസ്സ് രാവിലെ 6.40ന് തൃശ്ശൂരിലെത്തി പതിവു പോലെ കണ്ണൂരിലേക്ക് യാത്ര തുടരും. ഈ വണ്ടി ആലുവയ്ക്കും ഷൊര്‍ണ്ണൂരിനുമിടയിലുള്ള എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തും.