തദ്ദേശ തെരഞ്ഞെടുപ്പ്; എൽഡിഎഫിന് തകർപ്പൻ മുന്നേറ്റം 5 വാർഡുകളിൽ അട്ടിമറി ജയം

തിരുവനന്തപുരം: 23 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തകർപ്പൻ മുന്നേറ്റം. ആകെയുള്ള 23 വാർഡുകളിലെ ഫലമറിവായ സീറ്റുകളിൽ 10 എണ്ണം ഇതിനോടകം എൽഡിഎഫ് നേടിയെടുത്തു. നേരത്തെ അഞ്ചു വാർഡുകൾ മാത്രമാണ് എൽഡിഎഫിന് ഉണ്ടായിരുന്നത് അതാണ് ഇപ്പോൾ 10 സീറ്റുകളായി ഇതിനോടകം തന്നെ
ഉയർന്നത് .

14 സീറ്റുണ്ടായിരുന്ന യുഡിഎഫിന് ഇതുവരെ 10 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. മാത്രമല്ല യുഡിഎഫിന് നെടുമ്പാശ്ശേരിയിലെ പഞ്ചായത്ത് ഭരണം നഷ്ടമാകുകയും ചെയ്തു. നെടുമ്പാശ്ശേരി കല്പക നഗർ വാർഡിൽ സിപിഐഎമ്മിലെ അർച്ചന 98 വോട്ടിന് കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്.

തിരുവനന്തപുരം കോർപ്പറേഷൻ വെള്ളാർ വാർഡ് ബിജെപിയിൽ നിന്ന് അട്ടിമറി വിജയത്തിലൂടെ എൽഡിഎഫ് പിടിച്ചെടുത്തു. സിപിഐ സ്ഥാനാർത്ഥിയാണ് ഇവിടെ വിജയം. നേടിയത്. തിരുവനന്തപുരം ഒറ്റ ശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട് വാർഡും ബിജെപിയിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഐഎം സ്ഥാനാർത്ഥിയാണ് ഇവിടെ വിജയിച്ചത്. ഫലത്തിൽ തിരുവനന്തപുരത്ത് ബിജെപിക്ക് കനത്ത നഷ്ടമാണ് ഉണ്ടായത്. മട്ടന്നൂർ നഗരസഭയിൽ കോൺഗ്രസിന്റെ ഒരു വാർഡ് പിടിച്ചെടുത്തതാണ് ബിജെപിക്ക് ഉണ്ടായ നേട്ടം. ചടയമംഗലം ഗ്രാമപഞ്ചായത്തിലെ കുരിയോട് വാർഡ്‌ ബിജെപിയിൽ നിന്ന് സിപിഐഎം പിടിച്ചെടുത്തു. തൃശൂർ മുല്ലശ്ശേരി പഞ്ചായത്ത് ഏഴാം വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. പാലക്കാട് ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റിയിൽ മുതുകാട് വാർഡിൽ എൽഡിഎഫിന് വിജയം. അതേസമയം ചിറ്റൂർ എരുത്തേൻപതി ഗ്രാമപഞ്ചായത്ത് ഗ്രാമപഞ്ചായത്തിലെ പിടാരിമേട് വാർഡ് കോൺഗ്രസിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു. സിപിഎം സ്ഥാനാർത്ഥിയാണ്
വിജയിച്ചത്.

ആകെ അഞ്ചു സീറ്റുകളാണ് എൽഡിഎഫ് പിടിച്ചെടുത്തത്.
ഫല പ്രഖ്യാപനം പൂർണമാകുമ്പോൾ എൽഡിഎഫ്‌ 10 വാർഡുകളിൽ വിജയം ഉറപ്പിച്ചു. കോൺഗ്രസിന് 14 സീറ്റുണ്ടായിരുന്നത് 10 ആയി കുറയുകയും ചെയ്തു. സീറ്റുണ്ടായിരുന്ന ബിജെപി സീറ്റുകൾ നിലനിർത്തിയെങ്കിലും തിരുവനന്തപുരം കോർപ്പറേഷൻ വാർഡ് അടക്കം മൂന്നു വാർഡുകൾ സിപിഎം പിടിച്ചെടുത്തത് അവർക്ക് വലിയ തിരിച്ചടിയായി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ ഈ മുന്നേറ്റം പാർലമെൻറ് തിരഞ്ഞെടുപ്പിന്റെ ദിശാ സൂചികയായി മാറുമെന്നാണ് വിലയിരുത്തൽ.

തകധിമി- 2K24 ഗംഭീരമാക്കി ആലംകോട് ഗവ എൽപിഎസ്

തകധിമി- 2K24 ഗംഭീരമാക്കി ആലംകോട് ഗവ എൽപിഎസ്

ആറ്റിങ്ങൽ: ആലംകോട് ഗവ എൽപിഎസിന്റെ 114 മത് വാർഷികം തകധിമി – 2K24 വർണ്ണാഭമായ പരിപാടികളോടെ നടന്നു. കഴിഞ്ഞ ദിവസം രാവിലെ 10 മണി മുതൽ നടന്ന വിദ്യാർത്ഥികളുടെ കലാവിരുന്നിൻ്റെ ഔപചാരികമായ ഉദ്ഘാടനം എച്ച് എം റീജാ സത്യൻ നിർവഹിച്ചു.

സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ മുൻസിപ്പാലിറ്റി ചെയർപേഴ്സൺ അഡ്വ എസ് കുമാരി നിർവഹിച്ചു. പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ നജാം അധ്യക്ഷനും എസ് എം സി ചെയർമാൻ നാസിം സ്വാഗതവും പറഞ്ഞു.

എച്ച് എം റീജാ സത്യൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ തയ്യാറാക്കിയ കുട്ടികളുടെ മാഗസിൻ- ‘പട്ടം’ ചെയർപേഴ്സൺ പ്രകാശനം ചെയ്തു. വൈസ് ചെയർമാൻ തുളസീധരൻപിള്ള ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. സ്കൂൾ പത്രം- ‘ ജാലകം’ അദ്ദേഹം പ്രകാശനം ചെയ്തു. ആശംസകൾ പറഞ്ഞുകൊണ്ട് ആറ്റിങ്ങൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വിജയകുമാരൻ നമ്പൂതിരി സംസാരിച്ചു.

രണ്ടാം ക്ലാസിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ സംയുക്ത ഡയറിയുടെ പ്രകാശനം അദ്ദേഹം നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥിയും മിസ്റ്റർകേരള ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത അൽത്താരിഫിന് സ്കൂളിന്റെ ഉപഹാരം ചെയർപേഴ്സൺ സമർപ്പിച്ചു. ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ എന്റെ ഡയറി- സചിത്ര പുസ്തകം പ്രകാശനം നിർവഹിക്കപ്പെടുകയും വിദ്യാർത്ഥികളെ വേദിയിൽ ആദരിക്കുകയും ചെയ്തു. എൽ.എസ്.എസ് വിജയിക്കുള്ള ഉപഹാരം, ക്ലാസ് ടോപ്പേഴ്സിനുള്ള ഉപഹാരങ്ങൾ, ശാസ്ത്ര- ഗണിത- കലോത്സവ മേളകളിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളെ ആദരിക്കൽ, ക്വിസ് മത്സര വിജയികളെ ആദരിക്കൽ തുടങ്ങിയ പരിപാടികളും നടന്നു.

ബേബി ശാന്ത.എൻ (68) അന്തരിച്ചു

ബേബി ശാന്ത.എൻ (68) അന്തരിച്ചു

ആറ്റിങ്ങൽ വീരളം വി.വി.എം.ആ.ർ.എ- 35 നീലിമയിൽ പരേതനായ വിജയകുമാറിൻ്റെ ഭാര്യ ബേബി ശാന്ത.എൻ (68) അന്തരിച്ചു.

മക്കൾ: അശ്വതി. വി, ആരതി. വി.
മരുമക്കൾ: ബാലു എസ്. വി, വിപിൻ സുരേന്ദ്രൻ.

വിവാഹ ആല്‍ബം നല്‍കിയില്ല; 1.60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

വിവാഹ ആല്‍ബം നല്‍കിയില്ല; 1.60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

കൊച്ചി: പണം നല്‍കിയിട്ടും വിവാഹ ആല്‍ബം നല്‍കാതെ കബളിപ്പിച്ചതിന് 1.60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. എറണാകുളം എംജി റോഡിലുള്ള മാട്രിമോണി ഡോട്ട് കോം സ്ഥാപനമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. അരൂര്‍ സ്വദേശികളായ ബി രതീഷ്, സഹോദരന്‍ ബി ധനീഷ് എന്നിവരുടെ പരാതിയിലാണ് ഉത്തരവ്.

രതീഷിന്റെ വിവാഹ വീഡിയോ ആല്‍ബം ഒരു മാസത്തിനുള്ളില്‍ നല്‍കാമെന്നായിരുന്നു വാഗ്ദാനം. 40000 രൂപയും കൈമാറി. എന്നാല്‍ ആല്‍ബം ലഭിച്ചില്ല. സാങ്കേതിക കാരണങ്ങളാല്‍ വിവാഹ വിരുന്നിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞില്ലെന്നും സ്ഥാപനം വ്യക്തമാക്കി. ആല്‍ബം ലഭിക്കാത്തത് മൂലം പരാതിക്കാര്‍ക്ക് അപരിഹാര്യമായ നഷ്ടമുണ്ടായെന്ന് കമ്മീഷന്‍ വിലയിരുത്തി. അകാലത്തില്‍ വേര്‍പിരിഞ്ഞ അടുത്ത ബന്ധുവിന്റെ സാമീപ്യംകൂടി ഉള്‍കൊണ്ട ദൃശ്യങ്ങളുടെ നഷ്ടം ഏറെ സങ്കടകരമാണ്- കോടതി ഉത്തരവില്‍ നിരീക്ഷിച്ചു.

പരാതിക്കാര്‍ നല്‍കിയ 40000 രൂപ എതിര്‍കക്ഷി തിരിച്ചുനല്‍കണമെന്നും മാനസിക ക്ലേശത്തിനും കോടതിച്ചെലവിനുമായി 1,20,000 രൂപയും നല്‍കണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്.

‘വെള്ള കാറിലെത്തി അജ്ഞാതര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു’; പൊലീസിനെയും നാട്ടുകാരെയും വട്ടംകറക്കി 12കാരന്‍, ഒടുവില്‍

‘വെള്ള കാറിലെത്തി അജ്ഞാതര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു’; പൊലീസിനെയും നാട്ടുകാരെയും വട്ടംകറക്കി 12കാരന്‍, ഒടുവില്‍

കൊച്ചി: മട്ടാഞ്ചേരിയില്‍ വെള്ള കാറിലെത്തിയ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് വ്യാജ കഥ ചമച്ച് 12കാരന്‍ പൊലീസിനെയും നാട്ടുകാരെയും വട്ടംകറക്കി. വ്യാഴാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം.

തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചവരില്‍ നിന്ന് രക്ഷപ്പെട്ടെന്നും ബാഗ് കാറില്‍ എത്തിയവരുടെ കൈവശമാണെന്നും കൂവപ്പാടത്ത് താമസിക്കുന്ന ആറാം ക്ലാസുകാരന്‍ പറഞ്ഞതോടെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു.

പൊലീസെത്തി സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചെങ്കിലും കാര്‍ കണ്ടെത്താനായില്ല. ഒടുവില്‍ കുട്ടിയോട് വിശദമായി കാര്യങ്ങള്‍ ചോദിച്ചതോടെ കുട്ടി കഥചമച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു. എറണാകുളത്തെ സ്‌കൂളില്‍ പഠിക്കുന്ന കുട്ടി പഠനകാര്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് കഥ മെനഞ്ഞത്. കുട്ടിയുടെ ബാഗ് കൂവപ്പാടം കൊച്ചിന്‍ കോളജ് ഗ്രൗണ്ടിന് സമീപമുള്ള കടയുടെ പിറകില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തി.