ഒളിവിൽ ആയിരുന്ന കൊലക്കേസ് പ്രതി അറസ്റ്റിൽ

ഒളിവിൽ ആയിരുന്ന കൊലക്കേസ് പ്രതി അറസ്റ്റിൽ

ഒളിവിൽ ആയിരുന്ന കൊലക്കേസ് പ്രതി അറസ്റ്റിൽ. കിഴുവിലം വില്ലേജിൽ പമ്മനംകോട് ചരുവിള വീട്ടിൽ സജീവ് (ബീഡി സജീവ്) (45) ആണ് അറസ്റ്റിൽ ആയത്. 2010 മെയ് മാസം 13നു ആയിരുന്നു കേസിനു ആസ്പദമായ സംഭവം. കിഴുവിലം കുറക്കട നൈനാംകോണം ഉദയാഭവനിൽ 24 വയസ്സുള്ള വിനയകുമാറിനെയാണ് സജീവും സുഹൃത്തായ ആയിരം പല്ലൻ എന്നറിയപ്പെടുന്ന ഷിബുവും ചേർന്ന് കൊലപ്പെടുത്തിയത്. തുടർന്ന് റിമാൻഡിൽ ആയിരുന്ന പ്രതി ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഇൻസ്പെക്ടർ ജി ഗോപകുമാർ, എസ് ഐ സജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സിനിമ ചിത്രീകരണത്തിനിടെ അപകടം; അർജുൻ അശോകന് ഉൾപ്പടെയുള്ളവർക്ക് പരിക്ക്

സിനിമ ചിത്രീകരണത്തിനിടെ അപകടം; അർജുൻ അശോകന് ഉൾപ്പടെയുള്ളവർക്ക് പരിക്ക്

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ കാർ അപകടത്തിൽപ്പെട്ട് നടന്മാർക്ക് ഉൾപ്പടെ പരിക്ക്. നടന്മാരായ അർജുൻ അശോകൻ, മാത്യു തോമസ്, സം​ഗീത് പ്രതാപ് എന്നിവർ സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. മൂവർക്കും അപകടത്തിൽ പരിക്കേറ്റു. കൂടാതെ വഴിയിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിൽ കാർ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റു.

ഇന്ന് പുലർച്ചെ 1.30ഓടെ കൊച്ചി എംജി റോഡിൽ വെച്ചാണ് അപകടമുണ്ടായത്. ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു കാർ ഓടിച്ചത്.നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ചെയ്തു. ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ‍് ഡെലിവറി ബോയുടെ ബൈക്കിലിടിച്ചു. തലകീഴായി മറിഞ്ഞ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിലും ഇടിച്ചാണ് നിന്നത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു

ആലുവ: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ തീപിടിച്ചു. അങ്കമാലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്.

ബസില്‍ 38 യാത്രക്കാരുണ്ടായിരുന്നു. ബോണറ്റില്‍ ആദ്യം പുകയുയര്‍ന്നപ്പോള്‍ തന്നെ ഡ്രൈവര്‍ ബസ് റോഡരികിലേക്ക് മാറ്റിനിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി. അപ്പോഴേക്കും തീ പടര്‍ന്നിരുന്നു. പിന്നീട് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ബസ് ഡ്രൈവര്‍ കൃത്യസമയത്തുള്ള ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. യാത്രക്കാര്‍ക്ക് ബദല്‍ സംവിധാനം ഒരുക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

അര്‍ജുന്‍ രക്ഷാദൗത്യം; ഗംഗാവലിയില്‍ ഇറങ്ങാന്‍ ‘മാല്‍പ്പ സംഘം’

അര്‍ജുന്‍ രക്ഷാദൗത്യം; ഗംഗാവലിയില്‍ ഇറങ്ങാന്‍ ‘മാല്‍പ്പ സംഘം’

ബംഗളൂരു: അങ്കോലയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്നു കാണാതായ അര്‍ജുനായുള്ള തിരച്ചിലിന് മാല്‍പ സംഘവും. ഗംഗാവലിപ്പുഴയിലെ ശക്തമായ കുത്തൊഴുക്കിലും രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഉടുപ്പി മാല്‍പ്പയില്‍ നിന്നുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നത്.

‘അര്‍ജുന്‍ ദൗത്യത്തില്‍’ പ്രാദേശിക സംഘങ്ങളെ ഉപയോഗിച്ചുള്ള ദൗത്യമാണ് 12 ാം ദിവസവും തുടരുന്നത്. നദിയിലെ അടിത്തട്ടിലിറങ്ങി പരിശോധന നടത്താന്‍ ഈശ്വര്‍ മാല്‍പയുടെ നേതൃത്വത്തിലാണ് സംഘമാണ് ഇറങ്ങുന്നത്. നദിയില്‍ ഡൈവ് ചെയ്ത് പരിശോധന നടത്തുന്നത്. ശക്തമായ ഒഴുക്കില്‍ 100 അടി വരെ താഴ്ചയില്‍ ഡൈവ് ചെയ്യാന്‍ സാധിക്കുമെന്നാണ് ഇശ്വര്‍ മാല്‍പ സംഘം അവകാശപ്പെടുന്നത്. നിലവില്‍ രക്ഷാസംഘം ഒരു പോയിന്റ് നല്‍കിയിട്ടുണ്ടെന്നും ഈ പോയിന്റ് കേന്ദ്രീകരിച്ചുള്ള പരിശോധനയാണ് നടക്കുന്നതെന്നും സംഘം പ്രതികരിച്ചു.

കോടികളുടെ തട്ടിപ്പ്; ‘ചന്ദ്രനിൽ അഞ്ച് സെന്റ് സ്ഥലം വാങ്ങിച്ചിട്ടുണ്ട്’, പരിഹാസവുമായി ധന്യ മോഹൻ

കോടികളുടെ തട്ടിപ്പ്; ‘ചന്ദ്രനിൽ അഞ്ച് സെന്റ് സ്ഥലം വാങ്ങിച്ചിട്ടുണ്ട്’, പരിഹാസവുമായി ധന്യ മോഹൻ

കൊല്ലം: കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ‌ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയതിനു പിന്നാലെ പരിഹാസവുമായി ധന്യ മോഹൻ. കുറ്റം ചെയ്തിട്ടുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് തന്റെ ബാ​ഗ് മുഴുവൻ കാശാണെന്നും നിങ്ങൾ വന്ന് എടുത്തോളൂ എന്നുമാണ് മറുപടി നൽകിയത്. അഞ്ച് സെന്റ് സ്ഥലം ചന്ദ്രനിൽ വാങ്ങിച്ചിട്ടുണ്ടെന്നും ധന്യ പറഞ്ഞു.

തൃശൂരിലെ ധനകാര്യ സ്ഥാപനത്തിൽനിന്ന് 20 കോടിതട്ടിയെടുത്തെന്ന കേസിലാണ് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് ധന്യ കീഴടങ്ങിയത്. എട്ട് അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതായാണ് പൊലീസ് പറയുന്നത്. ഭര്‍ത്താവിന്റെ എന്‍ആര്‍ഐ അക്കൗണ്ടുകളിലേക്ക് കുഴല്‍പ്പണ സംഘം വഴി പണം കൈമാറിയതായും സംശയം. അക്കൗണ്ടുകളിലുള്ള പണവും സ്വത്തുക്കളും മരവിപ്പിക്കാന്‍ നടപടി തുടങ്ങി. തട്ടിപ്പില്‍ കൂടുതല്‍ കൂട്ടാളികള്‍ ഉണ്ടോ എന്നും അന്വേഷണം. ധന്യയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.