കപാലീശ്വരം ക്ഷേത്രത്തിൽ കർക്കിടക വാവുബലി

കപാലീശ്വരം ക്ഷേത്രത്തിൽ കർക്കിടക വാവുബലി

കായിക്കര കപാലീശ്വര ക്ഷേത്രത്തിൽ ഇക്കൊല്ലത്തെ കർക്കിടക വാവുബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ക്ഷേത്ര രക്ഷാധികാരി അറിയിച്ചു.
ആഗസ്റ്റ് 3 (ശനി) വൈകുന്നേരം 4 മണി മുതൽ ആഗസ്റ്റ് 4(ഞായർ) വൈകുന്നേരം 4 മണി വരെ ബലിതർപ്പണം നടത്താവുന്നതാണ്.
ബന്ധപ്പെടേണ്ട നമ്പർ: 9947974020

ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച നടപടി: കേരള, ബംഗാള്‍ ഗവര്‍ണര്‍മാര്‍ക്ക് സുപ്രീംകോടതി നോട്ടീസ്

ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച നടപടി: കേരള, ബംഗാള്‍ ഗവര്‍ണര്‍മാര്‍ക്ക് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ട നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേരള, പശ്ചിമബംഗാള്‍ ഗവര്‍ണര്‍മാര്‍ക്ക് സുപ്രീംകോടതി നോട്ടീസ്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ് എന്നിവരുടെ സെക്രട്ടറിമാര്‍ക്കും കേന്ദ്രസര്‍ക്കാരിനുമാണ് വിശദീകരണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നോട്ടീസ് അയച്ചത്.

നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ അനിശ്ചിതമായി പിടിച്ചുവെക്കുന്നു, രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേരള, പശ്ചിമബംഗാള്‍ സര്‍ക്കാരുകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും ഗവര്‍ണര്‍മാരുടെ സെക്രട്ടറിമാര്‍ക്കുമാണ് നോട്ടീസ്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കുന്ന ഗവര്‍ണറുടെ നടപടി കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ എതിര്‍ത്തു. ഓരോ തവണയും സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോള്‍, ഗവര്‍ണര്‍ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കുകയാണെന്ന് ബംഗാള്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഷേക് സിങ് വിയും ജയ്ദീപ് ഗുപ്തയും ചൂണ്ടിക്കാട്ടി.

വെള്ളക്കെട്ട് പരിഹരിക്കുന്നതിൽ പി ഡബ്ളിയു ഡി വകുപ്പ് വരുത്തുന്ന കാലതാമസം; കൗൺസിൽ ഇടപെടണമെന്ന ആവശ്യവുമായി ശുചീകരണ തൊഴിലാളികൾ

വെള്ളക്കെട്ട് പരിഹരിക്കുന്നതിൽ പി ഡബ്ളിയു ഡി വകുപ്പ് വരുത്തുന്ന കാലതാമസം; കൗൺസിൽ ഇടപെടണമെന്ന ആവശ്യവുമായി ശുചീകരണ തൊഴിലാളികൾ

ആറ്റിങ്ങൽ: പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം പാലസ് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ഒരു മാസം പിന്നിട്ടിട്ടും PWD അധികൃതർക്ക് സാധിച്ചിട്ടില്ല. ഈ വിഷയത്തിൽ നഗരസഭ കൗൺസിൽ അടിയന്തിരമായി ഇടപെടണമെന്ന ആവശ്യമടങ്ങിയ നിവേദനം കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ ചെയർപേഴ്സൻ അഡ്വ.എസ്.കുമാരിക്ക് കൈമാറി. ഇത്തവണ കാലവർഷം ശക്തമായപ്പോൾ ഓടയിലെ ജലമൊഴുക്ക് തടസ്സപ്പെട്ടിരുന്നു.
ചെയർപേഴ്സൻ്റെ നിർദ്ദേശപ്രകാരം ശുചീകരണ തൊഴിലാളികൾ ഓടയുടെ മൂടിയിളക്കി പരിശോധിച്ചിരുന്നു.
എന്നാൽ റോഡിനടിയിലൂടെ കടന്നു പോകുന്ന കലിംഗ് തകർന്നതാണ് ജലമൊഴുക്കിന് തടസ്സം നേരിട്ടത്.
കലിംഗ് പുനർ നിർമ്മിക്കാതെയാണ് PWD വകുപ്പ് പാലസ് റോഡ് നവീകരിച്ചത്. പുതിയ കലിംഗ് നിർമ്മിച്ച് പ്രശ്നപരിഹാരം കാണാതെ ദുർഗന്ധം വമിക്കുന്ന വെള്ളക്കെട്ടിൽ പണിയെടുക്കാൻ തൊഴിലാളികളെ നിർബന്ധിക്കരുതെന്നും യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് സി.ജെ.രാജേഷ് കുമാർ അറിയിച്ചു.

ന്യൂനമർദ്ദ പാത്തി: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ന്യൂനമർദ്ദ പാത്തി: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് അഞ്ചു ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.

വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായി, കേരളത്തിൽ ജൂലൈ 31 വരെ വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. തമിഴ്‌നാട് തീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും 1 .8 മുതൽ 2 .5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ലക്ഷദ്വീപ്, കർണാടക തീരങ്ങൾക്കും ഉയർന്ന തിരമാല ജാഗ്രത മുന്നറിയിപ്പ് നിലനിൽക്കുന്നു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

ജഗന്നാഥൻ നായർ (88) അന്തരിച്ചു

ജഗന്നാഥൻ നായർ (88) അന്തരിച്ചു

ആറ്റിങ്ങൽ വലിയകുന്ന് ഗീതാഭവനിൽ (വി.സി.ആർ.എ:132) ശിവപ്രിന്റേഴ്സ് ഉടമ എ ജഗന്നാഥൻ നായർ (88) അന്തരിച്ചു.

ഭാര്യ: ജി ഇന്ദിരാമ.
മക്കൾ: ഐ ഗീത, ജെ അനിക്കുട്ടൻ, പരേതനായ ജെ രാജു.
മരുമക്കൾ: എ ബാഹുലേയൻ, എസ് മിനിമോൾ, വി.എൽ വീണ.
സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന്