പിരപ്പമൺകാട് പാടശേഖരത്തിൽ ഡ്രോൺ വളപ്രയോഗം

പിരപ്പമൺകാട് പാടശേഖരത്തിൽ ഡ്രോൺ വളപ്രയോഗം

വെള്ളനാട് കാർഷികവിജ്ഞാൻ കേന്ദ്രം, പാറശ്ശാല ഫാർമർ പ്രൊഡ്യൂസർ കമ്പനി, മുദാക്കൽ കൃഷിഭവൻ, പിരപ്പമൺകാട് പാടശേഖര സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നെൽകൃഷിക്കുള്ള ജൈവവളമായ “സമ്പൂർണ്ണ” പിരപ്പമൺകാട് പാടശേഖരത്തിൽ “ഡ്രോൺ” ഉപയോഗിച്ച് സ്പ്രേ ചെയ്യുന്ന പ്രവർത്തനം ആരംഭിച്ചു. ദീർഘകാലം തരിശായി കിടന്ന വിശാലമായ പാടശേഖരം വീണ്ടെടുത്ത് രണ്ട് തവണ കൃഷി ലാഭകരമായും വിജയകരമായും നടത്തിയതിനുശേഷം, മൂന്നാം തവണത്തെ കൃഷിയിൽ ആധുനിക യന്ത്രവൽകൃത സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ ഒരുങ്ങുകയാണ് പാടശേഖരസമിതി.

ഡ്രോൺ വളപ്രയോഗത്തിന്റെ ഉദ്ഘാടനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നന്ദുരാജ് നിർവഹിച്ചു. മുദാക്കൽ പഞ്ചായത്ത് കൃഷി ഓഫീസർ ജാസ്മി, കൃഷി അസിസ്റ്റന്റ് ജസീം, പാടശേഖര സമിതി പ്രസിഡന്റ് സാബു, സെക്രട്ടറി അൻഫാർ, ഖജാൻജി രാജേന്ദ്രൻ നായർ, പാടശേഖരസൗഹൃദ സംഘം ചെയർമാൻ രതീഷ് രവീന്ദ്രൻ, കൺവീനർ ബിജു മാറ്റാടിയിൽ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.

കിളിമാനൂർ ഗവ.എച്ച്.എസ്.എസിന് അഭിമാനമായി മൂന്ന് കുട്ടികൾ  ന്യൂഡൽഹിയിലേയ്ക്ക്

കിളിമാനൂർ ഗവ.എച്ച്.എസ്.എസിന് അഭിമാനമായി മൂന്ന് കുട്ടികൾ ന്യൂഡൽഹിയിലേയ്ക്ക്

നെഹ്റു യുവകേന്ദ്ര തിരുവനന്തപുരവും ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച പ്രധാനമന്ത്രിയുടെ മൻ കീ ബാത്ത് ആസ്പദമാക്കിയുള്ള ക്വിസ് മത്സരത്തിൽ സ്കൂൾ തലത്തിൽ വിജയിച്ച വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് താലൂക്ക് തലങ്ങളിൽ നടന്ന മത്സരങ്ങളിൽ കിളിമാനൂർ ഗവ.എച്ച്.എസ്.എസിൽ നിന്നും മൂന്ന് വിദ്യാർത്ഥികൾ ആഗസ്റ്റ് 15 ന് ന്യൂഡൽഹിയിൽ നടക്കുന്ന സ്വാതന്ത്ര്യ ദിന പരേഡിന്റെ വിശിഷ്ഠ അതിഥികളായി പങ്കെടുക്കുന്നു. സ്വാതന്ത്ര്യ ദിന പരേഡുകൾ വീക്ഷിക്കുന്നതിനും രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി തുടങ്ങി പ്രമുഖരെ നേരിട്ട് കാണുന്നതിനും സംവദിക്കുന്നതിനും കുട്ടികൾക്ക് അവസരമുണ്ടാകും.

ന്യൂഡൽഹിയിൽ 5 ദിവസങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന പരമാവധി ചരിത്രസ്മാരകങ്ങൾ സന്ദർശിക്കാൻ കുട്ടികൾക്ക് അവസരമുണ്ടാകും. ചെങ്കോട്ട, ദേശീയ മ്യൂസിയം തുടങ്ങിയവ കൂടാതെ താജ് മഹൽ ഉൾപ്പടെ കാണാനുള്ള അവസരമാണ് കുട്ടികളെ കാത്തിരിക്കുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അതിഥികളായെത്തുന്ന കുട്ടികൾ ഓഗസ്റ്റ് 7 ന് ഡൽഹിയിലേയ്ക്ക് യാത്ര തിരിക്കും. സ്റ്റേഷനറി കടയിലെ ജീവനക്കാരനായ കാരേറ്റ് ലക്ഷം വീട് ഏഴാം നമ്പറിൽ പ്രഫുല്ലചന്ദ്രന്റെയും വീട്ടമ്മയായ രമ്യയുടെയും മകനാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ആദർശ് പി.ആർ.
കിളിമാനൂർ കുറവൻ കുഴി പാഞ്ചജന്യത്തിൽ അധ്യാപകനായ ഷാജിയുടെയും ആറ്റിങ്ങൽ സബ് ട്രഷറി സീനിയർ അക്കൗണ്ടന്റായ ഹർഷ ടി.എസിന്റെയും മകനാണ് പാർത്ഥസാരഥി.

വെള്ളല്ലൂർ കരിം പാലോട് ചൂരോട് പുത്തൻ വീട്ടിൽ ഹോട്ടൽ ജീവനക്കാരനായ സജീറിന്റെയും വീട്ടമ്മയായ സബീറാ ബീവിയുടെയും മകനാണ് + 1 വിദ്യാർത്ഥിയായ മുഹമ്മദ് ഫർഹാൻ. കിളിമാനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപകനും ക്വിസ് മാസ്റ്ററുമായ രഞ്ജിത് എ ആറിന്റെ ചിട്ടയായ പരിശീലനമാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് കുട്ടികൾ സാക്ഷ്യപ്പെടുത്തുന്നു. ന്യൂഡൽഹിയിലേയ്ക്ക് പറക്കാനൊരുങ്ങുന്ന കുട്ടികളുടെ ആവേശത്തിനൊപ്പം നാട്ടുകാരും സ്കൂൾ പി.ടി.എയും പിന്തുണയുമായി മുന്നിലുണ്ട്.

തങ്കമ്മ (108) നിര്യാതയായി

തങ്കമ്മ (108) നിര്യാതയായി

പകൽക്കുറി ചെമ്പകത്തിൻമൂട് പുത്തൻവിള തങ്കമ്മ (108) നിര്യാതയായി.

ഭർത്താവ്: പരേതനായ കുഞ്ഞൻ പിള്ള

മക്കൾ: ഗോമതിയമ്മ, ജഗദമ്മ, ശശിധരൻ പിള്ള
മരുമക്കൾ: അപ്പുക്കുട്ടൻ പിള്ള (late), രവീന്ദ്രൻ ഉണ്ണിത്താൻ (late), അംബിക

ലോക കായിക മാമാങ്കത്തിന് ഇന്ന് പാരീസിൽ ഔദ്യോഗിക തുടക്കം; എല്ലാ കണ്ണുകളും സെൻ നദിയിലേക്ക്‌

ലോക കായിക മാമാങ്കത്തിന് ഇന്ന് പാരീസിൽ ഔദ്യോഗിക തുടക്കം; എല്ലാ കണ്ണുകളും സെൻ നദിയിലേക്ക്‌

മുപ്പതാം ഒളിമ്പിക്‌സിന് ഇന്ന് പാരീസിൽ ഔദ്യോഗിക തുടക്കമാകും. പാരീസ് നഗരത്തിനെ ചുറ്റിയൊഴുകുന്ന സെൻ നദിയിലേക്ക് ലോക കായിക ലോകം ഇന്ന് ചുരുങ്ങും. ഇതാദ്യമായാണ് സ്‌റ്റേഡിയത്തിന് പുറത്ത് ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. കായിക താരങ്ങളുടെ മാർച്ച് പാസ്റ്റ് അടക്കം നദിയിലൂടെയാകും നടക്കുക.

നൂറോളം നൗകകളിലായി 10,500 അത്‌ലറ്റുകൾ അണിനിരക്കും. ആസ്റ്റർലിറ്റ്‌സ് പാലത്തിന് സമീപത്ത് നിന്ന് തുടങ്ങുന്ന ഉദ്ഘാടന ചടങ്ങ് ജർദിൻ ഡെസ് പ്ലാന്റ്‌സിൽ അവസാനിക്കും. ഇന്ത്യൻ സമയം ഇന്ന് രാത്രി 11 മണിയോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്.

ദീപം തെളിയിച്ച ശേഷം ഒളിമ്പിക്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനവും സെൻ നദിയിൽ തന്നെയാണ്. അതേസമയം ഒളിമ്പിക്‌സിന്റെ സുപ്രധാന ചടങ്ങായ ദീപം തെളിയിക്കലിന്റെ സസ്‌പെൻസ് തുടരുകയാണ്. ആരാണ് ദീപം തെളിയിക്കുന്നത് എന്ന് ഇതുവരെ സംഘാടകർ പുറത്തുവിട്ടിട്ടില്ല.

ചരിത്രവിജയത്തിന് 25 വയസ്; ഇന്ന് കാർഗിൽ വിജയ് ദിവസ്

ചരിത്രവിജയത്തിന് 25 വയസ്; ഇന്ന് കാർഗിൽ വിജയ് ദിവസ്

ഇന്ന് കാർഗിൽ വിജയ് ദിവസ്. കാർഗിലിൽ നുഴഞ്ഞുകയറിയ പാക് സൈന്യത്തെ തുരത്തി ഇന്ത്യൻ സൈന്യം ചരിത്രവിജയം നേടിയിട്ട് 25 വർഷം. 1999 മെയ് മൂന്ന്. മലനിരകളാൽ ചുറ്റപ്പെട്ട തന്ത്രപ്രധാനമായ കാർഗിൽ പ്രദേശത്ത് ഭീകരരുടെ സഹായത്തോടെ പാക് സൈന്യം അതിർത്തിയിൽ നുഴഞ്ഞു കയറി. കാർഗിലിലെ ആട്ടിയൻമാരാണ് സൈന്യത്തെ വിവരം അറിയിച്ചത്. മെയ് അഞ്ചിന് വിവരം അന്വേഷിക്കാൻ പോയ അഞ്ച് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു. മെയ് പത്തിന് കാർഗിലിലും ദ്രാസിലും കക്സറിലും നുഴഞ്ഞുകയറ്റക്കാർ ഉണ്ടെന്ന സ്ഥിരീകരണമെത്തി.മെയ് 26ന് ഇന്ത്യ ശക്തമായ വ്യോമാക്രമണം നടത്തി.

മെയ് 27ന് ഇന്ത്യയുടെ മിഗ് 21പാകിസ്താൻ സൈന്യം വെടിവച്ചുവീഴ്ത്തി. മിഗ് 27 പാക് സൈന്യം പിടിച്ചെടുത്തു. ജൂൺ 9 ന് ഇന്ത്യൻ സൈന്യം പോസ്റ്റുകളും ജൂൺ 13 ന് ടൊളോലിംഗും ഇന്ത്യ തിരിച്ചു പിടിച്ചു. ജൂലൈ മൂന്നിനു പുലർച്ചെ 5.15നാണ് ഹിൽ പിടിക്കാനുള്ള പോരാട്ടത്തിന്റെ അവസാനഘട്ടം ആരംഭിച്ചത്. സേനയുടെ ഷെല്ലാക്രമണത്തിന്റെ മറവിൽ കാലാൾപ്പട മലമുകളിലേക്കു നീങ്ങി. പന്ത്രണ്ട് മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ ജൂലൈ നാലിനു പുലർച്ചെ 4 മണിയോടെ ഇന്ത്യൻ സൈന്യം ടൈഗർ ഹിൽ തിരിച്ചു പിടിച്ചു.

ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ വിജയ് രണ്ടരമാസം നീണ്ടു നിന്നു. പിടിച്ചെടുത്ത പ്രദേശങ്ങളെല്ലാം തിരിച്ചു പിടിച്ച് രാജ്യം വിജയം കൈവരിച്ചത് ജൂലൈ 26ന് ഔദ്യോഗികപ്രഖ്യാപനം എത്തി. ഓപ്പറേഷൻ വിജയ് വിജയിച്ചു. രണ്ട് മാസത്തിലേറെ നീണ്ടുനിന്ന ഏറ്റുമുടിലൂടെയാണ് ഇന്ത്യൻ സൈന്യം കാർഗിലിൽ ഐതിഹാസിക വിജയം നേടിയത്. വെല്ലുവിളികളെ അതിജീവിച്ച് രാജ്യം വിജയം കൈവരിച്ചത് ജീവൻ പണയം വച്ച് യുദ്ധമുഖത്തിറങ്ങി ധീരജവാൻമാരുടെ അതിസാഹസികമായ പോരാട്ടത്തിലൂടെയാണ്.