ഞാന്‍ പൂര്‍ണ്ണ ആരോഗ്യവാന്‍’; വ്യാജ വാര്‍ത്തകളില്‍ പ്രതികരണവുമായി നടന്‍ ടി എസ് രാജു

ഞാന്‍ പൂര്‍ണ്ണ ആരോഗ്യവാന്‍’; വ്യാജ വാര്‍ത്തകളില്‍ പ്രതികരണവുമായി നടന്‍ ടി എസ് രാജു

പ്രശസ്തര്‍ മരിച്ചുവെന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ക്കാണ് ഇത്തരം പ്രചരണങ്ങളുടെ കയ്പ്പ് കൂടുതല്‍ അനുഭവിക്കേണ്ടി വന്നിട്ടുള്ളത്. മുതിര്‍‍ന്ന സിനിമാ, സീരിയല്‍ താരം ടി എസ് രാജുവാണ് ഇത്തരത്തിലുള്ള വ്യാജ പ്രചരണത്തിന്‍റെ പുതിയ ഇര. സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ ഇന്ന് പുലര്‍ച്ചെ മുതലാണ് ടി എസ് രാജു അന്തരിച്ചുവെന്ന തരത്തില്‍ പ്രചരണം നടന്നത്.

താന്‍ പൂര്‍ണ്ണ ആരോഗ്യവാനായി ഇരിക്കുകയാണെന്ന് ടി എസ് രാജു പറഞ്ഞതായി നടന്‍ കിഷോര്‍ സത്യ പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ പ്രചരണം കണ്ട് കിഷോര്‍ ഇന്ന് രാവിലെ രാജുവിനെ നേരിട്ട് വിളിക്കുകയായിരുന്നു. വ്യാജ പ്രചരണത്തിലുള്ള ബുദ്ധിമുട്ട് അറിയിച്ച അദ്ദേഹം പുലര്‍ച്ചെ മുതല്‍ ഫോണ്‍ കോളുകളുടെ ബഹളമാണെന്നും അറിയിച്ചു. സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് ടി എസ് രാജു.

സിനിമകളിലേതിനേക്കാള്‍ എണ്ണത്തില്‍ കൂടുതല്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചത് ടെലിവിഷന്‍ പരമ്പരകളില്‍ ആയിരുന്നു. ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കറിലെ ഗോവിന്ദന്‍ അടക്കം ചില മികവുറ്റ കഥാപാത്രങ്ങള്‍ ബിഗ് സ്ക്രീനിലും അദ്ദേഹത്തിന് ഉണ്ട്.

പാറശാലയിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി

പാറശാലയിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി

തിരുവനന്തപുരം പാറശാല പരശുവയ്ക്കലിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. പാറശാല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. പരശുവയ്ക്കൽ വഴി പോയിരുന്ന ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് റെയിൽവേ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി പരിശോധന നടത്തി. സ്കൂൾ യൂണിഫോമിലായിരുന്നു വിദ്യാർത്ഥിനിയുടെ മൃതദേഹം കാണപ്പെട്ടത്. സ്കൂൾ ബാഗും പരിസരത്ത് നിന്നും പൊലീസ് കണ്ടെത്തി. ഐഡന്റിറ്റി കാർഡിലൂടെയാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. പളുക്കൽ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഇബ്‌ലീൻ ജോയ് ആണ് മരിച്ചത്.

ഷെയ്ക്ക് ദര്‍വേസ് സാഹിബ് പൊലീസ് മേധാവി; ഡോ, വി വേണു ചീഫ് സെക്രട്ടറി

ഷെയ്ക്ക് ദര്‍വേസ് സാഹിബ് പൊലീസ് മേധാവി; ഡോ, വി വേണു ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയായി ഡോ. വി വേണുവിനെയും പൊലീസ് മേധാവിയായി ഷെയ്ക്ക് ദര്‍വേസ് സാഹിബിനെയും നിയമിക്കാന്‍ മന്ത്രിസഭാ യോഗതീരുമാനം. നിലവില്‍ ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയാണ് വേണു. വേണുവിനേക്കാള്‍ സീനിയറായ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ കേന്ദ്ര സര്‍വീസില്‍ നിന്നു മടങ്ങി വരില്ലെന്ന് അറിയിച്ചിരുന്നു.

അതിനാല്‍ വേണുവായിരിക്കും പുതിയ ചീഫ് സെക്രട്ടറി എന്നകാര്യത്തില്‍ ഏറെക്കുറെ ഉറപ്പായിരുന്നു. വിരമിക്കുന്ന വി പി ജോയിയുടെ ഒഴിവിലേക്കാണ് നിയമനം. 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ വേണു 2024 ഓഗസ്റ്റ് വരെ സ്ഥാനത്ത് തുടരും.

നിലവില്‍ ഫയര്‍ഫോഴ്‌സിന്റെ മേധാവിയായ ഷെയ്ക്ക് ദര്‍വേസ് സാഹിബ് ആന്ധ്രാ സ്വദേശിയാണ്. വിവാദങ്ങളില്ലാത്ത ക്ലീന്‍ ട്രാക്ക് റെക്കോര്‍ഡാണ് ദര്‍വേസ് സാഹിബിനെ പൊലീസിന്റെ തലപ്പത്ത്് നിയമിക്കുന്നതില്‍ നിര്‍ണായകമായത് എന്നാണ് റിപ്പോര്‍ട്ട്. ജയില്‍ മേധാവിയായ കെ പത്മകുമാറാണ് ഈ സ്ഥാനത്തേയ്ക്ക് പരിഗണിച്ച മറ്റൊരു പേര്. 2024 ജൂലൈ വരെ ദര്‍വേസ് സാഹിബിന് സര്‍വീസുണ്ട്. ഒന്നാം പിണറായി സര്‍ക്കാറിന്റെ തുടക്കം മുതല്‍ പ്രധാനപ്പെട്ട പദവികള്‍ വഹിച്ചുവരികയാണ്. ഫയര്‍ഫോഴ്‌സ് മേധാവിക്ക് പുറമേ വിജിലന്‍സ് ഡയറക്ടര്‍, ക്രൈംബ്രാഞ്ച് മേധാവി, ജയില്‍ മേധാവി തുടങ്ങിയ പദവികളാണ് വഹിച്ചത്.

നിഖില്‍ തോമസിന് വ്യാജ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയത് കൊച്ചിയിലെ ഏജന്‍സി വഴി; കുറ്റം സമ്മതിച്ച് അബിന്‍ സി രാജ്

നിഖില്‍ തോമസിന് വ്യാജ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയത് കൊച്ചിയിലെ ഏജന്‍സി വഴി; കുറ്റം സമ്മതിച്ച് അബിന്‍ സി രാജ്

ആലപ്പുഴ: എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസില്‍ പിടിയിലായ അബിൻ രാജ് കുറ്റം സമ്മതിച്ചു. സർട്ടിഫിക്കറ്റ് തരപ്പെടുത്തിയത് എറണാകുളത്തെ ഏജൻസിയിൽ നിന്ന് തന്നെയെന്ന് അബിൻ രാജ് പൊലീസിനോട് സമ്മതിച്ചു. എസ്എഫ്ഐ മുൻ നേതാവായ അബിൻ രാജിനെ മാലിദ്വീപിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയപ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അബിനെ കായംകുളം പൊലീസ് ചോദ്യം ചെയ്ത് കൊണ്ടിരിക്കുകയാണ്.

നിഖിൽ തോമസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയത് അബിനായിരുന്നു. എസ്എഫ്ഐ മുൻ ഏരിയ പ്രസിഡൻ്റും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമാണ് അബിൻ. അബിനാണ് വ്യാജ ഡിഗ്രി ഉണ്ടാക്കാൻ സഹായിച്ചതെന്ന് നിഖിൽ തോമസ് നേരത്തെ മൊഴി നൽകിയിരുന്നു. ഇതോടെ മാലിദ്വീപിൽ ജോലി ചെയ്യുകയായിരുന്ന അബിനെ കേരള പൊലീസ് സമ്മർദ്ദം ചെലുത്തി നാട്ടിലെത്തിക്കുകയായിരുന്നു.

കുടുംബം ഇടപെട്ട് അബിനെ നാട്ടിലെത്തിക്കാമെന്ന് പൊലീസിനെ അറിയിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് അബിൻ മാലിദ്വീപിൽ നിന്ന് വിമാനം കയറിയത്. ചെന്നൈയിൽ ഇറങ്ങിയ ശേഷം കൊച്ചിയിലക്ക് വരികയായിരുന്നു. ഇന്നലെ രാത്രി 11.30 ന് നെടുമ്പാശേരിയിലെത്തിയ അബിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തീപിടുത്തം; അട്ടിമറി സംശയിക്കുന്നതായി പാലക്കാട് നഗരസഭ

തീപിടുത്തം; അട്ടിമറി സംശയിക്കുന്നതായി പാലക്കാട് നഗരസഭ

പാലക്കാട്: പാലക്കാട് നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാൻ്റിലുണ്ടായ തീപിടുത്തത്തിൽ അട്ടിമറി സംശയിക്കുന്നതായി പാലക്കാട് നഗരസഭ. ഒരാഴ്ചയായി മഴയുണ്ടായിരുന്നു. ആരെങ്കിലും തീവച്ചതാണോ എന്ന് സംശയിക്കുന്നതായും നഗരസഭാ അധികൃതർ പറഞ്ഞു. തീ ഫയർഫോഴ്സ് എത്തി അണക്കുകയായിരുന്നു.

പാലക്കാട് നഗരസഭയിലെ മാലിന്യ സംസ്ക്കരണ പ്ലാൻ്റിൽ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് തീപിടുത്തമുണ്ടായത്. കൂട്ടുപാതയിലുളള മാലിന്യ സംസ്ക്കരണ പ്ലാൻ്റിലാണ് തീപിടുത്തം. സംഭവത്തെ തുടർന്ന് പാലക്കാട്, കഞ്ചിക്കോട് എന്നിവിടങ്ങളിൽ നിന്നും അഗ്നിശമന സേനയുടെ എട്ട് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണക്കുകയായിരുന്നു. സാമൂഹ്യ വിരുദ്ധരാകാം സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പ്ലാൻ്റിൽ ഗോഡൗണിന് സമീപം സംസ്ക്കരണത്തിനായി തരം തിരിച്ച് മാറ്റി വെച്ച മാലിന്യങ്ങൾക്കാണ് തീപിടിച്ചത്. എട്ടേക്കർ വിസ്തൃതിയാണ് മാലിന്യ സംസ്കരണ പ്ലാൻ്റിനുള്ളത്.