by liji HP News | Jul 26, 2024 | Latest News, കേരളം
തിരുവനന്തപുരം: മന്ത്രിമാരായ മുഹമ്മദ് റിയാസും എകെ ശശീന്ദ്രനും കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി തിരച്ചിൽ നടക്കുന്ന അങ്കോലയിലേക്ക് പോകും. ഉച്ചയോടെ മന്ത്രിമാർ സംഭവസ്ഥലത്തെത്തും. സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി നിർദേശിച്ചതു പ്രകാരമാണ് മന്ത്രിമാർ ഷിരൂരിലെത്തുന്നത്.
അർജുന് വേണ്ടിയുള്ള തിരച്ചിലിൽ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അതേസമയം അർജുന്റെ കുടുംബത്തിന് നേരെ ഉണ്ടായ സൈബർ ആക്രമണം ഗൗരവമുള്ളതാണെന്ന് മന്ത്രി പറഞ്ഞു. മനുഷ്യപ്പറ്റ് ഇല്ലാത്ത ഇത്തരം നടപടിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാലാവസ്ഥ പ്രതികൂലമായതിനാൽ അർജുന്റെ ട്രക്കിന്റെ സ്ഥാനം കണ്ടെത്തിയെങ്കിലും അത് പുറത്തേക്ക് എടുക്കാൻ ദൗത്യസംഘത്തിന് കഴിഞ്ഞിട്ടില്ല. കാലാവസ്ഥ അനുകൂലമായാൽ മാത്രമേ സ്കൂബ ഡൈവർമാർക്ക് നദിയിൽ ഇറങ്ങാൻ കഴിയൂ. പുഴയിലെ അടിയൊഴുക്ക് തിരച്ചിലിന് കനത്ത വെല്ലുവിളിയാണ്. ഷിരൂരിൽ രാവിലെ മുതൽ കനത്ത മഴയാണ്. ഉത്തര കന്നഡ ജില്ലയിൽ ഇന്ന് മുതല്‍ മൂന്നു ദിവസം ഓറഞ്ച് അലർട്ടാണ്.
by liji HP News | Jul 26, 2024 | Latest News, കേരളം
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങള്‍ക്ക് പിറകില്‍ ഇരുന്ന്, ഓടിക്കുന്ന ആളോട് സംസാരിക്കുന്നത് തടയാനുള്ള നിര്‍ദേശം പ്രായോഗികമല്ലെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. ചില ഉദ്യോഗസ്ഥരുടെ ബുദ്ധിയിലിറങ്ങുന്ന സര്‍ക്കുലറുകളാണിത്. മന്ത്രിയെന്ന നിലയില്‍ താന്‍ അറിഞ്ഞതല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ഇതൊന്നും പ്രായോഗികമല്ല, ഹെല്‍മറ്റ് ധരിച്ച് ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്ന പിറകിലെ യാത്രക്കാരന്‍ സംസാരിക്കുന്നത് ഓടിക്കുന്നയാളുടെ ശ്രദ്ധമാറ്റുമെന്നും അപകടത്തിന് സാധ്യതയുണ്ടെന്നും ഇതിനെതിനെതിരെ നടപടിയെടുക്കണമെന്നുമായിരുന്നു മോട്ടോര്‍ വാഹനവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍.
by liji HP News | Jul 26, 2024 | Latest News, കേരളം
അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ പതിനൊന്നാം ദിവസമായ ഇന്നും തുടരും. ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്കാണ് തിരച്ചിലിന് കനത്ത വെല്ലുവിളിയാകുന്നത്. അനുകൂല കാലാവസ്ഥയാണെങ്കിൽ മാത്രമാകും നേവിയുടെ സ്കൂബ ഡൈവർമാർ പുഴയിലിറങ്ങുക.
പുഴയിൽ അടിയൊഴുക്ക് ഇന്നലെ 6 നോട്സായിരുന്നു. മൂന്നു നോട്സിൽ താഴെയാണെങ്കിൽ മാത്രമേ സ്കൂബ ഡൈവർമാർക്ക് പുഴയിൽ ഇറങ്ങി തിരച്ചിൽ നടത്താനാകൂ. അതിശക്തമായ ഒഴുക്ക് തിരച്ചിലിന് തടസ്സമാകുന്നതായി നേവി അറിയിച്ചു. ഷിരൂരിൽ രാവിലെ മുതൽ കനത്ത മഴയാണ്. ഉത്തര കന്നഡ ജില്ലയിൽ ഇന്ന് മുതല്‍ മൂന്നു ദിവസം ഓറഞ്ച് അലർട്ടാണ്.പ്രതികൂല കാലാവസ്ഥയെത്തുടർന്ന് നിർത്തിവെച്ച ഡ്രോൺ പരിശോധന പുനരാരംഭിച്ചിട്ടില്ല. അതേസമയം മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ ലക്ഷ്മൺ നായിക്കിന്റെ കടയുടെ അവശിഷ്ടങ്ങൾ മണ്ണിനടിയിൽ കണ്ടെത്തിയതായി എകെഎം അഷറഫ് എംഎൽഎ അറിയിച്ചു. സമീപമുണ്ടായിരുന്ന ആൽമരത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയതായി അദ്ദേഹം വ്യക്തമാക്കി.
അർജുന്റെ ട്രക്ക് ഇപ്പോൾ റോഡിൽ നിന്നും 50 മീറ്റർ അകലെയാണുള്ളത്. ട്രക്കിന്റെ മുകൾഭാഗം 5 മീറ്റർ താഴെയും ലോറിയുള്ളത് 10 മീറ്റർ ആഴത്തിലുമാണ്. അവസാനം നടത്തിയ തെർമൽ ഇമേജിങ് പരിശോധനയിലും മനുഷ്യ സാന്നിധ്യം കണ്ടെത്താനായില്ല. ലോറിയുടെ ഡ്രൈവിങ് കാബിൻ തകർന്നിട്ടില്ലെന്ന് ഇന്നലെ ഡ്രോൺ പരിശോധനയിൽ വ്യക്തമായി. കാബിനും പിൻവശവും വേർപെട്ട നിലയിലാണോയെന്ന് വ്യക്തമല്ല.
by liji HP News | Jul 25, 2024 | Latest News, ജില്ലാ വാർത്ത
അഡ്വ.സി. മോഹനചന്ദ്രൻ കൾച്ചറൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ സി.മോഹനചന്ദ്രൻ അനുസ്‌മരണ പരിപാടികൾ സംഘടിപ്പിക്കുന്നു. അനുസ്‌മരണ പരിപാടികൾ ജൂലൈ 30 ചൊവ്വാഴ്‌ച പ്രസിഡൻ്റ് എ.നൗഷക്കദിൻ്റെ അദ്ധ്യക്ഷതയിൽ അദ്ദേഹത്തിൻ്റെ ജന്മനാടായ മുരുക്കുംപുഴ ജംഗ്ഷനിൽ വച്ച് വിപുലമായി ആചരിക്കുവാൻ സംഘാടക സമിതി തീരുമാനിച്ചിരിക്കുകയാണ്. രാവിലെ 9 മണിയ്ക്ക് സി. മോഹനചന്ദ്രൻ സ്മൃതി ദിനത്തിൽ അദ്ദേഹത്തിൻ്റെ ഛായാചിത്രത്തിൽ പുഷ്‌പാർച്ചനയോടെ അനുസ്മരണ പരിപാടികൾ ആരംഭിക്കും.
അനുസ്‌മരണ സമ്മേളനം കെ പി സി സി പ്രസിഡൻ്റ് എം. എം ഹസ്സൻ ഉദ്ഘാടനം ചെയ്യും. 2024 ലെ സി. മോഹനചന്ദ്രൻ സ്‌മാരക പുരസ്‌കാരം എം.വിൻസെൻ്റ് എം എൽ എയ്ക്ക് എം എം ഹസ്സൻ (യു.ഡി.എഫ്. കൺവീനർ) പുരസ്‌കാര സമർപ്പണം നടത്തും. കേരളത്തിലും, യു എ ഇയിലും വ്യവസായ സംരംഭങ്ങൾ നടത്തുകയും, നാട്ടിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന അൽഫാസ് സി.എം.ഡി ഷിബു അബൂബക്കറിന് പ്രത്യേക ആദരവും പുരസ്‌കാര സമർപ്പണവും, എ. പീതാംബരകുറുപ്പ് (മുൻ എം എൽ എ) നിർവ്വഹിക്കും.
മുരുക്കുംപുഴ വച്ച് നടക്കുന്ന പരിപാടിയിൽ വിദ്യാഭ്യാസരംഗത്ത് സമഗ്ര സംഭാവനകൾ നൽകിയ തോന്നയ്ക്കൽ ബ്ലൂമൗണ്ട് പബ്ലിക് സ്‌കൂൾ ചെയർമാൻ അഡ്വ. വിജയന് പ്രത്യേക ആദരവും, പുരസ്‌കാര സമർപ്പണവും പാലോട് രവി(മുൻ എം എൽ എ) നിർവ്വഹിക്കും.
ആരോഗ്യരംഗത്ത് നിസ്സീമമായി സംഭാവനകൾക്കുള്ള ആദരവും പുരസ്‌കാര സമർപ്പണവും, മുരുക്കുംപുഴ ഗായത്രി ആശുപത്രി സ്ഥാപകനായ ഡോ. വിജയന് വി.എസ്.ശിവകുമാർ (മുൻ ആരോഗ്യവകുപ്പ് മന്ത്രി) നൽകും. ജില്ലാ കോൺഗ്രസ് കമ്മിറ്റിയംഗവും, സി. മോഹനചന്ദ്രൻ കൾച്ചറൽ ഫോറം പ്രസിഡൻ്റുമായ എ.നൗഷാദിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന മഹത് സമ്മേളനത്തിൽ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്ത് സംസാരിക്കും.
by liji HP News | Jul 25, 2024 | Latest News, കേരളം
സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും കാറ്റോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യല്ലോ അലർട്ട്.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഉയർന്ന തിരമാലകൾക്കും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 1.7 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.
Recent Comments