തിരുവനന്തപുരം- കൊച്ചി റൂട്ടില്‍ ഇനി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; സര്‍വീസ് നാളെ മുതല്‍

തിരുവനന്തപുരം- കൊച്ചി റൂട്ടില്‍ ഇനി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; സര്‍വീസ് നാളെ മുതല്‍

തിരുവനന്തപുരം: ആഭ്യന്തര യാത്രക്കാര്‍ക്കായി തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് എയര്‍ ഇന്ത്യയുടെ പുതിയ സര്‍വീസ്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും.

ചൊവ്വ, ശനി ദിവസങ്ങളില്‍ രാവിലെ 7:15 ന് പുറപ്പെടുന്ന വിമാനം 08:05 ന് കൊച്ചിയില്‍ എത്തിച്ചേരും. കൊച്ചിയില്‍ നിന്ന് തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ രാത്രി 11 മണിക്ക് പുറപ്പെട്ട് 11:50ന് വിമാനം തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം-കൊച്ചി റൂട്ടില്‍ ഇന്‍ഡിഗോയുടെ പ്രതിദിന സര്‍വീസിന് പുറമേയാണ് എയര്‍ ഇന്ത്യ എക്പ്രസും സര്‍വീസ് തുടങ്ങുന്നത്.

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, പാലക്കാട,് മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കിയിലും മലപ്പുറത്തും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പും പുറത്തുവന്നിട്ടുണ്ട്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

എല്ലാവര്‍ക്കും ഹസ്തദാനം നല്‍കി കെജരിവാള്‍; ഔദ്യോഗിക വസതി ഒഴിഞ്ഞു

എല്ലാവര്‍ക്കും ഹസ്തദാനം നല്‍കി കെജരിവാള്‍; ഔദ്യോഗിക വസതി ഒഴിഞ്ഞു

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാള്‍ മുഖ്യമന്ത്രിയുടെ വസതി ഒഴിഞ്ഞു. ഫിറോസ്ഷാ റോഡിലുള്ള പഞ്ചാബ് രാജ്യസഭാ എംപി അശോക് മിത്തലിന്റെ ബംഗ്ലാവിലേക്കാണ് താമസം മാറിയത്. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച സാഹചര്യത്തിലാണ് വസതി ഒഴിഞ്ഞത്.

വസതി ഒഴിയുന്നതിന് മുന്‍പായി കെജരിവാള്‍ എല്ലാവര്‍ക്കും ഹസ്തദാനം നല്‍കിയ ശേഷം പിതാവും മാതാവും ഭാര്യയും ഒത്ത് കാറില്‍ മടങ്ങി. നവരാത്രി ഉത്സവ ഉത്സവ വേളയില്‍ ഔദ്യോഗിക വസതി ഒഴിയുമെന്ന് കെജരിവാള്‍ പറഞ്ഞിരുന്നു. ഡല്‍ഹി മദ്യനയക്കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് കെജരിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രമാണ് ഇനിയുള്ളത്. ‘സത്യസന്ധനാണെന്ന് തോന്നുവെങ്കില്‍ എനിക്ക് വോട്ട് ചെയ്യു. തെരഞ്ഞെടുപ്പിന് ശേഷം ഞാന്‍ മുഖ്യമന്ത്രിയാവാം. ഞാന്‍ സത്യസന്ധനല്ലെങ്കില്‍ വോട്ട് ചെയ്യേണ്ട. എന്റെ സത്യസന്ധതയ്ക്ക് നിങ്ങള്‍ തരുന്ന സര്‍ട്ടിഫിക്കറ്റാണ് ഓരോ വോട്ടും’ കെജരിവാള്‍ പറഞ്ഞിരുന്നു.

കെജരിവാള്‍ മണ്ഡലത്തില്‍ താമസിക്കുന്നതു ഗുണം ചെയ്യുമെന്നാണ് ആംആദ്മി പാര്‍ട്ടി കണക്കൂകുട്ടുന്നത്. എഎപി എംഎല്‍എമാരും കൗണ്‍സിലര്‍മാരും തൊഴിലാളികളും സാധാരണക്കാരും ഉള്‍പ്പെടെ നിരവധിപ്പേര്‍ മുന്‍ മുഖ്യമന്ത്രിക്ക് താമസ സൗകര്യം വാഗ്ദാനം രംഗത്തെത്തിയിരുന്നു. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആറുമാസത്തോളം കെജരിവാള്‍ തിഹാര്‍ ജയിലിലായിരുന്നു. ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ച് കെജരിവാളും പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.

ഒടുവിൽ പിടികൂടി ; തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ മൂന്നാമത്തെ ഹനുമാൻ കുരങ്ങനെയും പിടികൂടി

ഒടുവിൽ പിടികൂടി ; തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ മൂന്നാമത്തെ ഹനുമാൻ കുരങ്ങനെയും പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടി പോയ മൂന്നാമത്തെ ഹനുമാൻ കുരങ്ങും പിടിയിലായി. തിങ്കളാഴ്ച്ചയാണ് മൃഗശാലയിലെ മൂന്ന് ഹനുമാൻ കുരങ്ങുകൾ പുറത്തു ചാടിയത്. ഇതിൽ രണ്ട് കുരങ്ങുകൾ ഭക്ഷണം എടുക്കാൻ ശ്രമിക്കവേ ഇന്നലെ പിടിയിലായിരുന്നു. ഒടുവിൽ കെഎസ്ഇബിയുടെ ബക്കറ്റ് ക്രെയ്ൻ സംവിധാനത്തിലൂടെ ആണ് മൂന്നാമത്തെ കുരങ്ങനെയും പിടിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് 3 പെൺ ഹനുമാൻ കുരങ്ങുകൾ മൃ​ഗശാലയിലെ കൂട്ടിൽ നിന്ന് പുറത്തുചാടി മൃ​ഗശാലക്കകത്തുള്ള മരത്തിൽ തന്നെ നിലയുറപ്പിച്ചിരുന്നത്. ഏറെ പണിപ്പെട്ടെങ്കിലും ഈ 3 കുരങ്ങുകളും താഴേക്കിറങ്ങി വരാൻ തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസം ഭക്ഷണമെടുക്കാൻ താഴെയിറങ്ങി വന്ന സമയത്താണ് ഇതിൽ രണ്ടെണ്ണത്തിനെ പിടികൂടിയത്. അപ്പോഴും പിടിതരാതെയിരിക്കുകയായിരുന്നു മൂന്നാമത്തെ പെൺകുരങ്ങ്. ഇപ്പോൾ മൂന്ന് ഹനുമാൻ കുരങ്ങുകളെയും കൂട്ടിലേക്ക് മാറ്റിയിട്ടുണ്ട്.

വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റ സംഭവം; അഞ്ചു പ്രതികളെയും പോലീസ് പിടികൂടി

വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റ സംഭവം; അഞ്ചു പ്രതികളെയും പോലീസ് പിടികൂടി

വർക്കലയിൽ ഇക്കഴിഞ്ഞ ദിവസം മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റ സംഭവത്തിൽ അഞ്ചുപ്രതികളെയും പോലീസ് പിടികൂടി.

വർക്കല താഴെവെട്ടൂർ സ്വദേശി യൂസഫ് (40), സഹോദരൻ ജവാദ് (34), ആശാൻ മുക്ക് സ്വദേശി നിസാമുദ്ദീൻ (48), ജഹാംഗീർ (28), നൈസാം എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 6.30 ഓടെ താഴെ വെട്ടൂർ ജംഗ്ഷനിലാണ് സംഭവം.

വെട്ടൂർ സ്വദേശികളായ നൗഷാദ് (45), അൽ അമീൻ (31), ഷംനാദ് (49) എന്നിവർക്കാണ് തലയ്ക്ക് വെട്ടേറ്റത്. കടൽ തീരത്ത് നിന്നും താഴെ വെട്ടൂർ ജംഗ്ഷനിൽ എത്തിയ ഇവരെ പ്രദേശവാസികളായ 5 പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. ജംഗ്ഷനിൽ ഉണ്ടായിരുന്ന വെട്ടൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ നാസിമുദ്ധീൻ ഇവരെ തടയാൻ ശ്രമിച്ചു. പിടിച്ച് മാറ്റുന്നതിനിടയിൽ നാസിമുദ്ധീന് മുഖത്തു പരിക്കെറ്റു. നിലത്തു വീണ മൂന്ന് പേരെയും സംഘം വാൾ ഉപയോഗിച്ച് വെട്ടിയും മർദിച്ചും അപായപ്പെടുത്താൻ ശ്രമിച്ചു. നാട്ടുകാർ ഓടി കൂടിയപ്പോഴേയ്ക്കും സംഘം ഓടി രക്ഷപ്പെട്ടു. മൂന്നാം പ്രതിയായ നൈസാമിനെ തമിഴ്നാട്ടിൽ നിന്നും മറ്റ് പ്രതികളെ പരിസരപ്രദേശങ്ങളിൽ നിന്നും പോലീസ് പിടികൂടി.

രാവിലെ മുതൽ ഇവർ എട്ടു പേരും തമ്മിൽ നിസ്സാര കാര്യങ്ങളെ ചൊല്ലി വാക്ക് തർക്കമുണ്ടാവുകയും തുടർന്ന് അസഭ്യം വിളിക്കുകയും ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു. വെട്ടേറ്റ മൂന്ന് പേരെയും വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.