ഓഡിയോ റെക്കോര്‍ഡ് ചെയ്യും; കെഎസ്ഇബി ഓഫീസുകളില്‍ സിസിടിവി സ്ഥാപിക്കാന്‍ തീരുമാനം

ഓഡിയോ റെക്കോര്‍ഡ് ചെയ്യും; കെഎസ്ഇബി ഓഫീസുകളില്‍ സിസിടിവി സ്ഥാപിക്കാന്‍ തീരുമാനം

തിരുവന്തപുരം: സംസ്ഥാനത്തെ കെഎസ്ഇബി ഓഫീസുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനം. ഒാഫിസുകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 24 കെഎസ്ഇബി ഓഫീസുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇത്തരമൊരു സാഹചര്യത്തിലാണ് സംസ്ഥാനത്തെ എല്ലാ കെഎസ്ഇബി ഓഫീസുകളിലും സിസിടിവി സ്ഥാപിക്കാനുളള തീരുമാനം. ക്യാഷ് കൗണ്ടര്‍, പ്രധാന ഉദ്യോഗസ്ഥര്‍ ഇരിക്കുന്ന ഇടങ്ങള്‍, ഓഫീസിന്റെ പ്രധാനഭാഗങ്ങളെല്ലാം ഉള്‍പ്പെടുന്ന രീതിയിലാകും ക്യാമറകള്‍ സ്ഥാപിക്കുക.

ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതിനൊപ്പം ഓഡിയോ കൂടി റെക്കോര്‍ഡ് ചെയ്യുന്ന സംവിധാനവും ഒരുക്കും. ഇത്തരം അക്രമങ്ങളില്‍ പൊലീസ് കേസുകള്‍ വരുമ്പോള്‍, ആവശ്യമായ തെളിവുകള്‍ ഹാജരാക്കാനാവാതെ വരുന്ന സാഹചര്യം ഒഴിവാക്കാനാകുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. കൂടാതെ കെഎസ്ഇബി ഓഫീസുകളിലെ ലാന്‍ഡ് ഫോണുകളിലേക്ക് വരുന്ന കോളുകള്‍ റെക്കോര്‍ഡ് ചെയ്യാനും കെഎസ്ഇബി തീരുമാനിച്ചു.

റെയിൽവേയുടെ ഭാ​ഗം റെയിൽവേ തന്നെ വൃത്തിയാക്കും; ആമയിഴഞ്ചാൻ തോട് ശുചീകരണത്തിന് സ്ഥിരം സമിതി

റെയിൽവേയുടെ ഭാ​ഗം റെയിൽവേ തന്നെ വൃത്തിയാക്കും; ആമയിഴഞ്ചാൻ തോട് ശുചീകരണത്തിന് സ്ഥിരം സമിതി

തിരുവനന്തപുരം: തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോട് ഉടന്‍ ശുചീകരിക്കും. ശുചീകരണത്തിന് സബ് കലക്ടറുടെ നേതൃത്വത്തില്‍ സ്ഥിരം സമിതി രൂപീകരിക്കും. നഗരസഭ, റെയില്‍വേ, ഇറിഗേഷന്‍ വകുപ്പ് പ്രതിനിധികള്‍ സമിതിയില്‍ അംഗങ്ങളാകും. മുഖ്യമന്ത്രി വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.

റെയില്‍വേയുടെ ഭാഗത്തെ തോട് റെയില്‍വേ തന്നെ ശുചീകരിക്കും. റെയില്‍വേയുടെ പക്കലുള്ള ടണല്‍ റെയില്‍വേയും ഇറിഗേഷന്‍ വകുപ്പും സംയുക്തപദ്ധതിയായി ക്ലീന്‍ ചെയ്യും. ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള ഭാഗത്ത് ഇറിഗേഷന്‍ വകുപ്പും കോര്‍പ്പറേഷന്റെ കീഴിലുള്ള സ്ഥലം കോര്‍പ്പറേഷനും ശുചീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിടെ മരിച്ച ജോയിയുടെ കുടുംബത്തിന് ധനസഹായം നല്‍കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്ന് റെയില്‍വേ പ്രതിനിധി അറിയിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താനായി ചീഫ് സെക്രട്ടറി പത്തു ദിവസത്തിനകം യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരം നഗരമധ്യത്തിലൂടെ ഒഴുകുന്ന ഓമയിഴഞ്ചാന്‍ തോട് ആകെ 12 കിലോമീറ്ററാണുള്ളത്. ഇതില്‍ 117 മീറ്ററിലാണ് റെയില്‍വേ ഭൂമിയിലൂടെ കടന്നു പോകുന്നത്. ആമയിഴഞ്ചാന്‍ തോട് ശുചീകരിക്കുന്നതിനിടെ കാണാതായ ജോയി മരിച്ചതോടെയാണ്, തോട് ശുചീകരണം ഊര്‍ജ്ജിതമാക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുത്ത് നഗരസഭ, റെയില്‍വേ, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഉന്നതതലയോഗം വിളിച്ചത്.

കാര്യവട്ടം കാമ്പസിനു പിന്നിൽ മരം കടപുഴകി വീണു; ഗതാഗതം തടസ്സപ്പെട്ടു

കാര്യവട്ടം കാമ്പസിനു പിന്നിൽ മരം കടപുഴകി വീണു; ഗതാഗതം തടസ്സപ്പെട്ടു

കാര്യവട്ടം കാമ്പസിനു പിന്നിൽ മരം കടപുഴകി വീണു. ടെക്നോപാർക്ക് ബാക്ക്ഗേറ്റ് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു

വൈദ്യശാസ്ത്ര ലോകത്തിന് കേരളം നല്‍കിയ മഹത്തായ സംഭാവന; ഡോ. വല്യത്താന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

വൈദ്യശാസ്ത്ര ലോകത്തിന് കേരളം നല്‍കിയ മഹത്തായ സംഭാവന; ഡോ. വല്യത്താന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ ഡോ. എം എസ് വല്യത്താന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വീണാ ജോര്‍ജും അനുശോചിച്ചു. വൈദ്യശാസ്ത്ര ലോകത്തിന് കേരളം നല്‍കിയ മഹത്തായ സംഭാവനയാണ് ഡോ. എം എസ് വല്യത്താന്‍ എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. ഡോ. വല്യത്താന്റെ നിര്യാണം നമ്മുടെ സമൂഹത്തിന്, വിശിഷ്യാ ആരോഗ്യ മേഖലയ്ക്ക് തീരാനഷ്ടമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭിപ്രായപ്പെട്ടു.

പരമ്പരാഗതവും ആധുനികവുമായ വൈദ്യശാസ്ത്ര ചികിത്സാ സമ്പ്രദായങ്ങളെ സമന്വയിപ്പിച്ച് മുന്നോട്ടുപോയ ജനകീയ ഭിഷഗ്വരനായിരുന്നു ഡോ. വല്യത്താനെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. ആധുനിക വൈദ്യശാസ്ത്രത്തില്‍ അവഗാഹം ഉണ്ടായിരിക്കെത്തന്നെ ആയുര്‍വേദ വൈദ്യശാസ്ത്രം പഠിക്കാനും അതില്‍കൂടി ഗവേഷണം നടത്താനും ഡോ. എം എസ് വല്യത്താന്‍ നടത്തിയ ശ്രമങ്ങള്‍ സമൂഹത്തിന്റെ പൊതുവായ ആരോഗ്യ പരിരക്ഷാരംഗത്തിന്റെ സാധ്യതകളെല്ലാം വിനിയോഗിക്കേണ്ടതുണ്ട് എന്ന നിശ്ചയത്തിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നു.

നേതൃപദവിയില്‍ ഇരുന്ന് ശ്രീചിത്തിര തിരുനാള്‍ ആശുപത്രിയെ ഉത്തരോത്തരം വളര്‍ത്തിയ വ്യക്തിയായിരുന്നു. ഹൃദയ സംബന്ധമായ ചികിത്സയ്ക്കാവശ്യമായ നൂതന സാങ്കേതികവിദ്യകളും ഉപകരണങ്ങളും വികസിപ്പിച്ചു. ഡിസ്‌പോസിബിള്‍ ബ്ലഡ് ബാഗ്, തദ്ദേശീയമായി കുറഞ്ഞ ചെലവില്‍ ഹൃദയവാള്‍വ് എന്നിവ വികസിപ്പിക്കുന്നതിലും അദ്ദേഹത്തിന് നേതൃപരമായ പങ്കുണ്ടായിരുന്നു.

ലഗസി ഓഫ് ചരക, ലഗസി ഓഫ് സുശ്രുത, ലഗസി ഓഫ് വാഗ്ഭട എന്നിങ്ങനെ വിശിഷ്ടങ്ങളായ മൂന്നു കൃതികള്‍ ആയുര്‍വേദ ശാസ്ത്രവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റേതായുണ്ട്. ആയുര്‍വേദത്തിന്റെ സാധ്യതകള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകണം എന്ന ഉദ്ദേശ്യത്തോടെ എഴുതപ്പെട്ടതാണ് ഈ കൃതികള്‍.

പത്മഭൂഷണ്‍, പത്മശ്രീ തുടങ്ങിയവ മുതല്‍ അമേരിക്കയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നുമടക്കമുള്ള അംഗീകാരങ്ങള്‍ വരെ അദ്ദേഹത്തെ തേടിയെത്തി. മണിപ്പാലിലടക്കം ഡോ. എം എസ് വല്യത്താന്‍ നടത്തിയ സേവനങ്ങള്‍ ശ്രദ്ധേയമായിരുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ജലനിരപ്പ് അപകടകരമായി ഉയരുന്നു; അഞ്ച് നദികളില്‍ യെല്ലോ അലര്‍ട്ട്

ജലനിരപ്പ് അപകടകരമായി ഉയരുന്നു; അഞ്ച് നദികളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അഞ്ച് നദികളില്‍ കേന്ദ്ര ജല കമ്മീഷന്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ടയിലെ മണിമലയാറ്റിലും ഇടുക്കിയിലെ തൊടുപുഴയാറ്റിലും തൃശൂരിലെ കരുവന്നൂര്‍, ഗായത്രി പുഴകളിലും, കോഴിക്കോട് കുറ്റ്യാടി പുഴയിലുമാണ് യെല്ലോ അലര്‍ട്ട്. തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിതീവ്ര മഴ കണക്കിലെടുത്ത് ഇന്ന് വയനാട്ടിലും കണ്ണൂരിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എട്ടു ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പുമുണ്ട്. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് തുടരുന്ന ദുരിതപ്പെയ്ത്തില്‍ വ്യാപക നാശനഷ്ടം ഉണ്ടായി. വടക്കന്‍ കേരളത്തില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. മഞ്ചേരിയിലെ ക്വാറിയില്‍ കാണാതായ അതിഥിത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഒഡീഷക്കാരന്‍ ദിഷക് മണ്ഡിക (21)യാണ് മരിച്ചത്. എറണാകുളം പൂയംകുട്ടി കുട്ടമ്പുഴയാറില്‍ കാട്ടാന ഒഴുകിപ്പോയി. പൂയംകുട്ടിയില്‍ നിന്നും ബ്ലാവന ഭാഗത്തേക്കാണ് ആന ഒഴുകിപ്പോയത്.

ശക്തമായ മഴയെത്തുടര്‍ന്ന് മലപ്പുറം തിരുരങ്ങാടിയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. പനമ്പുഴ റോഡിലെ 35 ഓളം വീടുകളിലാണ് വെള്ളം കയറിയത്. ഇതേത്തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ബന്ധുവീടുകളിലേക്ക് താമസം മാറി. നൂറോളം കുടുംബങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കണ്ണൂര്‍ മട്ടന്നൂര്‍ കൊട്ടാരം പെരിയാത്ത് റോഡ് വെള്ളം കയറി. കാര്‍ വെള്ളക്കെട്ടില്‍ മുങ്ങി. കര്‍ണാടക സ്വദേശികളുടെ കാറാണ് മുങ്ങിയത്. യാത്രക്കാരെ രക്ഷപ്പെടുത്തി.

ശക്തമായ മഴയില്‍ കോഴിക്കോട് കല്ലാച്ചിയില്‍ വീട് തകര്‍ന്നു. കക്കുഴി പറമ്പത്ത് നാണുവിന്റെ വീടാണ് ഇന്നലെ അര്‍ധരാത്രി നിലംപതിച്ചത്. വീട് തകരുന്ന ശബ്ദം കേട്ട് ആളുകള്‍ പുറത്തേക്ക് ഇറങ്ങിയതിനാല്‍ അപകടം ഒഴിവായി. കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലേക്ക് മതിലിടിഞ്ഞു വീണു. കുട്ടികള്‍ ഓടിമാറിയതിനാല്‍ വന്‍ അപകടം ഒഴിവായി. റോഡില്‍ വാഹനങ്ങള്‍ വരാതിരുന്നതും അപകടം ഒഴിവാക്കി. മഴ മൂലം കുവൈത്ത്- കണ്ണൂര്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വഴിതിരിച്ചു വിട്ടു.

മലങ്കര തുറന്നു, കക്കയത്ത് ബ്ലൂ അലര്‍ട്ട്

മലങ്കര ഡാമിലെ എല്ലാ ഷട്ടറുകളും 50 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി. മൂവാറ്റുപുഴയാറിനും തൊടുപുഴയാറിനും തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിച്ചു. കൂരാച്ചുണ്ട് കക്കയം ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 755.50 മീറ്ററില്‍ എത്തി. ആളുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. മഴ തുടര്‍ന്നാല്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കേണ്ടി വരുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.