by liji HP News | Jul 11, 2022 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കീഴാറ്റിങ്ങൽ വൈ എൽ എം യു പി സ്കൂളിൽ ലോകജനസംഖ്യ ദിനാചരണവും സാമൂഹ്യശാസ്ത്ര ക്ലബ് ഉദ്ഘാടനവും സ്കൂൾ എച്ച്. എം ബിനു ഷെറിന ദീപം കൊളുത്തി നിർവഹിച്ചു. ജനസംഖ്യയ്ക്ക് ഒപ്പം ദാരിദ്ര്യവും കുറയ്ക്കണമെന്ന് തിരിച്ചറിവിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ദിനം എന്ന് ബിനു ഷെറിന കുട്ടികളെ ഓർമ്മപ്പെടുത്തുകയും ചെയ്തു.

കുട്ടികൾ തയ്യാറാക്കിയ ജനസംഖ്യാ ദിന മാഗസിൻ സീനിയർ അധ്യാപകനായ രഘുനാഥ ശർമ പ്രകാശനം ചെയ്തു. എസ്.എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജനസംഖ്യ ദിന പ്രസംഗം, ജനസംഖ്യാ ദിന അവലോകനം, ജനസംഖ്യാ ദിന ഗാനം എന്നിവ ഉൾപ്പെടുത്തി പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. കൂടാതെ ചരിത്ര പുസ്തകങ്ങളുടെ ശേഖരണ പദ്ധതി, വളരുന്ന സാമൂഹ്യ ശാസ്ത്ര ആൽബം എന്നീ പദ്ധതികൾക്ക് തുടക്കം കുറിച്ചു. ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് റസീന ബീഗം, ജമീൽ, പ്രീത, അഞ്ജലി, ശാരിക എന്നിവർ പങ്കെടുത്തു.
by liji HP News | Jul 11, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി ∙ രാജ്യം തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് അവസാനഘട്ട സമുദ്ര പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി. ഈ മാസം അവസാനം വിക്രാന്ത് നാവിക സേനയ്ക്കു കൈമാറും. അടുത്ത മാസം പ്രധാനമന്ത്രി നരേന്ദ്രമോദി കപ്പൽ രാജ്യത്തിനു സമർപ്പിക്കും.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണു വിക്രാന്ത് ആദ്യ സമുദ്ര യാത്ര നടത്തിയത്. ഇതിനു പിന്നാലെ ഒക്ടോബറിലും ഈ വർഷം ജനുവരിയിലും രണ്ടും മൂന്നും ഘട്ട സമുദ്ര പരീക്ഷണങ്ങൾ കൂടി പൂർത്തിയാക്കി. കപ്പലിലെ ഉപകരണങ്ങളുടെയും മറ്റു സംവിധാനങ്ങളുടെയും ക്ഷമത വിലയിരുത്തുകയാണ് ഈ പരീക്ഷണ യാത്രകളുടെ ഉദ്ദേശ്യം. ജൂലൈ രണ്ടിനാണ് അവസാന ഘട്ട പരീക്ഷണങ്ങൾക്കായി കപ്പൽ സമുദ്ര യാത്ര പുറപ്പെട്ടത്. ഏവിയേഷൻ ഫെസിലിറ്റീസ് കോംപ്ലക്സിലെ ഉപകരണങ്ങളുടെ പ്രവർത്തനങ്ങളുൾപ്പെടെ നാലാം ഘട്ടത്തിൽ വിലയിരുത്തി.
ചെറു വിമാനങ്ങളും ഹെലികോപ്റ്ററുകളും കപ്പലിൽ ഇറക്കിയുള്ള പരീക്ഷണങ്ങളും വിജയകരമായി പൂർത്തിയാക്കി. കപ്പലിൽ ഘടിപ്പിച്ച തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ, ദിശാനിർണയ ഉപകരണങ്ങൾ, ഗതി നിയന്ത്രണ സംവിധാനങ്ങൾ, സെൻസറുകൾ, ആശയവിനിമയ സംവിധാനങ്ങൾ, റഡാറുകൾ, ശീതീകരണ ഉപകരണങ്ങൾ തുടങ്ങിയവയുടെ ക്ഷമതയും പരിശോധിച്ചു.

by liji HP News | Jul 11, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തൃശൂർ ∙ 1958ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ വിജയികൾ അവതരിപ്പിച്ച കച്ചേരിയിൽ യേശുദാസിന്റെ പാട്ടിനു പി.ജയചന്ദ്രനൊപ്പം പിന്നണി ചേർന്ന തൃശൂർ പി.ഗോവിന്ദൻകുട്ടി (80) ഓർമയായി. വായ്പാട്ടിൽ അന്നു യേശുദാസിന് ഒന്നാം സ്ഥാനവും ഗോവിന്ദൻ കുട്ടിക്കു രണ്ടാം സ്ഥാനവുമായിരുന്നു. യേശുദാസിനെ കച്ചേരി അവതരിപ്പിക്കാൻ ക്ഷണിച്ചപ്പോൾ അന്നു മൃദംഗത്തിൽ ഒന്നാം സ്ഥാനം നേടിയ, ഇന്നത്തെ ഭാവഗായകൻ ജയചന്ദ്രൻ മൃദംഗം വായിച്ചു. ഹാർമോണിയത്തിൽ ശ്രുതി ചേർന്നത് ഗോവിന്ദൻകുട്ടി.
പാറമേക്കാവ് ഭഗവതിയുടെ ദീപാരാധനയ്ക്കു നാഗസ്വരം വായിക്കുന്ന ഗോവിന്ദൻകുട്ടി ജികെ പൂത്തോൾ എന്ന തൂലികാ നാമത്തിൽ എഴുപതുകളിലെ നാടകവേദിയിൽ തിരക്കുള്ള സംഗീത സംവിധായകനായിരുന്നു. നാഗസ്വര വിദഗ്ധനായി തമിഴ്നാട്ടിലും ശ്രദ്ധേയനായി.
2018ൽ സ്കൂൾ കലോത്സവത്തിനു തൃശൂർ വേദിയായപ്പോഴാണ് യേശുദാസിനും ജയചന്ദ്രനുമൊപ്പം ചിത്രത്തിലുള്ള മൂന്നാമനെ കണ്ടെത്താൻ ‘മനോരമ’ അന്വേഷണം തുടങ്ങിയത്. അത്രയും കാലത്തെ രഹസ്യം നീക്കി ഗോവിന്ദൻകുട്ടി ചരിത്രത്തിന്റെ ഭാഗമായി രംഗപ്രവേശം ചെയ്തു. തൃശൂർ എസ്ആർവി സ്കൂളിൽ സംഗീത അധ്യാപകനായി ആയിരുന്നു ജീവിതം. സംസ്കാരം ഇന്നു 11.30നു പാറമേക്കാവ് ശാന്തിഘട്ടിൽ.
ഭാര്യ: രാധ. മക്കൾ: സുധിൻ ശങ്കർ (പാറമേക്കാവ് ക്ഷേത്രം നാഗസ്വരം അടിയന്തരക്കാരൻ) സുമന, സുനിത, സുജേഷ് ശങ്കർ (എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ തകിൽ അടിയന്തരക്കാരൻ). മരുമക്കൾ: മനീഷ്, അനിൽകുമാർ, മണി, ശുഭ.

by liji HP News | Jul 11, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പാലക്കാട് ∙ മഹിളാമോർച്ച നേതാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സിഎൻ പുരം നടുവക്കാട്ടുപാളയത്ത് രമേഷിന്റെ ഭാര്യ ശരണ്യ രമേഷാണു (27) മരിച്ചത്. രാജൻ–തങ്കം ദമ്പതികളുടെ മകളാണ്.
മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷററാണ്. ഇന്നലെ വൈകിട്ടു 4നു മാട്ടുമന്തയിലെ വാടക വീടിനുള്ളിലാണു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് നോർത്ത് പൊലീസ് കേസെടുത്തു. ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ശേഷമാകും കൂടുതൽ നടപടിയെന്നും പൊലീസ് അറിയിച്ചു. മക്കൾ: രാംചരൺ, റിയശ്രീ. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

by liji HP News | Jul 11, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ചെങ്ങന്നൂർ ∙ എംസി റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സൈനികൻ മരിച്ചു. ഇടനാട് കൈതക്കാട്ടിൽ ശ്രീകുമാറിന്റെ (അയ്യപ്പൻ) മകൻ ശ്രീനുവാണു (25) മരിച്ചത്. ഇന്നലെ രാത്രി 8.15ന് എംസി റോഡിൽ പ്രാവിൻകൂട് മഴുക്കീർ പെട്രോൾ പമ്പിനു സമീപമായിരുന്നു അപകടം.
പ്രാവിൻകൂട് ഭാഗത്തുനിന്ന് കല്ലിശേരിയിലേക്ക് പിതൃസഹോദരപുത്രി സോനുവിനൊപ്പം യാത്ര ചെയ്യുകയായിരുന്നു ശ്രീനു. ഇവർ സഞ്ചരിച്ച ബൈക്ക് പെട്രോൾ പമ്പിൽ നിന്ന് എംസി റോഡിലേക്കിറങ്ങിയ തിരുവൻവണ്ടൂർ സ്വദേശി മനു സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിച്ചു, തുടർന്ന് തിരുവല്ല ഭാഗത്തേക്കു പോയ കാറിനു മുന്നിലേക്കു വീഴുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ശ്രീനുവിനെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സോനുവിനും പരുക്കുണ്ട്.
ജമ്മുവിലായിരുന്ന ശ്രീനു എട്ടിനു പുലർച്ചെയാണ് അവധിക്കു നാട്ടിലെത്തിയത്.
അമ്മ: പുഷ്പലത. സഹോദരി: ശ്രുതി.

Recent Comments