by liji HP News | Jul 10, 2024 | Latest News, Uncategorized, കേരളം
കൊച്ചി: കുണ്ടന്നൂരില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു. വിദ്യാര്‍ഥികളെ കയറ്റാന്‍ പോകുന്നതിനിടെ, തേവര എസ്എച്ച് സ്‌കൂളിലെ ബസാണ് കത്തിയത്. വാഹനത്തില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്.
ഇന്ന് രാവിലെയാണ് സംഭവം. കുണ്ടന്നൂരില്‍ നിന്ന് തേവര ഭാഗത്തേയ്ക്ക് തിരിയുന്ന ഭാഗത്ത് വച്ചാണ് ബസിന് തീപിടിച്ചത്. തീ ഉയരുന്നത് കണ്ട് ഉടന്‍ തന്നെ വാഹനം നിര്‍ത്തുകയായിരുന്നു. വഴിയേപോയ കുടിവെള്ള ടാങ്കറിലെ വെള്ളം ഉപയോഗിച്ച് തീ കെടുത്താന്‍ നാട്ടുകാര്‍ ശ്രമിച്ചു. അഗ്നിശമന സേന എത്തി തീ പൂര്‍ണമായി അണച്ചു. ബസിന്റെ മുന്‍ഭാഗത്ത് നിന്നാണ് തീ ഉയര്‍ന്നത്. ബസ് പൂര്‍ണമായി കത്തിനശിച്ചു. മിനി ബസിന് തീപിടിക്കാനുള്ള കാരണം സംബന്ധിച്ച് ഫയര്‍ഫോഴ്‌സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. വലിയ തിരക്കുള്ള ഭാഗത്ത് വച്ചാണ് ബസിന് തീപിടിച്ചത്.

by liji HP News | Jul 10, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് നാലുദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വെള്ളി, ശനി ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വെള്ളിയാഴ്ചയും ശനിയാഴ്ചയും വടക്കന്‍ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നത്. വെള്ളിയാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.വടക്കന്‍ കേരള തീരം മുതല്‍ മഹാരാഷ്ട്ര തീരംവരെ ന്യുന മര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ വരും ദിവസങ്ങളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
അതിനിടെ, കേരള തീരത്തും തമിഴ്നാട് തീരത്തും വ്യാഴാഴ്ച രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.
ജാഗ്രതാ നിര്‍ദേശങ്ങള്‍:
1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
by liji HP News | Jul 9, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നഗരൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ യൂത്ത് കോൺഗ്രസ് നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം വി.എ.വിനീഷ് ഉത്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എസ്.സുഖിൽ, പ്രസിഡന്റ് നന്ദുരാജ് എന്നിവർ നേതൃത്വം നൽകി.
കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് ജില്ല നേതാവിൻ്റെ നേതൃത്വത്തിലുള്ള സംഘം നഗരൂർ ആലിൻമൂട്ടിലെത്തി ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഡിവൈഎഫ്ഐ മുൻ നഗരൂർ മേഖല പ്രസിഡന്റ് അഫ്സൽ, യൂണിറ്റ് പ്രസിഡന്റ് തേജസ്, യൂണിറ്റ് സെക്രട്ടറി അൽഅമീൻ, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അഫ്സൽ,
അൽത്താഫ്,അഫ്സൽ, ആഷിഖ് എന്നിവരടക്കം എട്ടു പേർക്ക് ഗുരുതര പരിക്കേറ്റു. ഇതിൽ പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തിയത്.
by liji HP News | Jul 9, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി ആരോഗ്യവകുപ്പ്. ഇന്നലെ നാലുപേര്‍ മരിച്ചു. 13,511 പേര്‍ ചികിത്സ തേടിയതായി അരോഗ്യവകുപ്പ് അറിയിച്ചു. 99 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഏഴുപേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. തുടര്‍ച്ചയായി പെയ്ത മഴ ശമിച്ചതോടെയാണ് സംസ്ഥാനത്ത് വീണ്ടും പകര്‍ച്ചവ്യാധികള്‍ വ്യാപകമായത്.
പകർച്ചവ്യാധി നിയന്ത്രണത്തിന് റാപ്പിഡ് റസ്പോൺസ് ടീം ജില്ലകളിൽ രൂപീകരിച്ചു. ഡിഎംഒയുടെ നേതൃത്വത്തിൽ 15 അംഗ സംഘമാണ് ജില്ലകളിൽ രൂപീകരിച്ചത്. പനി ബാധിച്ചുള്ള മരണത്തിൽ ഒന്ന് വെസ്റ്റ് നൈൽ പനി ബാധിച്ചാണെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയാണ് വെസ്റ്റ് നൈൽ പനി ബാധിച്ച് മരിച്ചത്.
അതേസമയം, നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ ഹോമില്‍ കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ സ്ഥലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ആദ്യം ഭക്ഷ്യ വിഷബാധയെന്നാണ് കെയര്‍ ഹോമിലുള്ളവര്‍ സംശയിച്ചത്. രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ പെരുമ്പഴുതൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ സ്ഥലത്തെത്തി വേണ്ട ക്രമീകരണങ്ങള്‍ നടത്തി. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി വെള്ളം ഉള്‍പ്പെടെയുള്ള സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങള്‍ കാണുന്നവരുടെ സാമ്പിളുകള്‍ വേഗം പരിശോധനയ്ക്കയയ്ക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
കൂടുതല്‍ രോഗികള്‍ എത്തുന്നുണ്ടെങ്കില്‍ ഐരാണിമുട്ടത്തെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച് വിദഗ്ധ പരിചരണം ഉറപ്പാക്കും. കെയര്‍ ഹോമിലുള്ള ചിലര്‍ വീടുകളില്‍ പോയതിനാല്‍ അവരെ കണ്ടെത്തി നിരീക്ഷിക്കും. അവര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ സാമ്പിളുകള്‍ പരിശോധിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യും. സ്ഥാപനത്തിന്റെ തന്നെ സ്‌കൂളിലെ ചില കുട്ടികള്‍ക്ക് കോളറ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ അവര്‍ക്കും വിദഗ്ധ പരിചരണം ഉറപ്പാക്കി. സ്‌കൂളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ശക്തമായ വയറിളക്കമോ ഛര്‍ദിലോ നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ അടിയന്തരമായി ചികിത്സ തേടണം. കോളറ രോഗത്തിനെതിരെ വളരെ ഫലപ്രദമായ ആന്റിബയോട്ടിക് മരുന്നുകളുണ്ട്.
കോളറ വളരെ ശ്രദ്ധിക്കണം
വിബ്രിയോ കോളറ എന്നയിനം ബാക്ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്ക രോഗമാണ് കോളറ. ശ്രദ്ധിച്ചില്ലെങ്കില്‍ ഈ രോഗം പെട്ടെന്ന് പടരും. രോഗ ലക്ഷണങ്ങള്‍ മാറിയാലും ഏതാനും ദിവസങ്ങള്‍ കൂടി രോഗിയില്‍ നിന്ന് രോഗം പകരാനുള്ള സാധ്യതയുണ്ട്.
രോഗപകര്‍ച്ച
സാധാരണയായി മലിനമായ വെള്ളവും ഭക്ഷണവും വഴിയാണ് കോളറ പടരുന്നത്. രോഗാണുക്കള്‍ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകള്‍ മുതല്‍ 5 ദിവസത്തിനുള്ളില്‍ രോഗം വരാവുന്നതാണ്.
രോഗ ലക്ഷണങ്ങള്‍
പെട്ടെന്നുള്ള കഠിനമായതും, വയറു വേദനയില്ലാത്തതും, വെള്ളം പോലെയുള്ള (പലപ്പോഴും കഞ്ഞിവെള്ളം പോലെയുള്ള) വയറിളക്കമാണ് കോളറയുടെ ലക്ഷണം. മിക്കപ്പോഴും ഛര്‍ദ്ദിയുമുണ്ടായിരിക്കും. ഇതേതുടര്‍ന്ന് രോഗി പെട്ടെന്ന് തന്നെ നിര്‍ജ്ജലീകരണത്തിലേക്കും തളര്‍ന്ന് കുഴഞ്ഞ അവസ്ഥയിലേക്കും എത്താം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ പെട്ടെന്ന് രോഗം ഗുരുതരമാകും.
ശ്രദ്ധിക്കുക
രോഗം ഗുരുതരവും മരണ കാരണവുമാകുന്നത് നിര്‍ജ്ജലീകരണം കൊണ്ടാണ്. ആയതിനാല്‍ അടിസ്ഥാനപരമായി മറ്റേതൊരു വയറിളക്ക രോഗ ചികിത്സയെയും പോലെ തന്നെയാണ് കോളറാ ചികിത്സയും. ആരംഭം മുതല്‍ ഒ.ആര്‍.എസ്. ലായനി ഉപയോഗിച്ചുളള പാനീയ ചികിത്സയിലൂടെ ഗുരുതരാവസ്ഥ കുറയ്ക്കാനും മരണം ഒഴിവാക്കാനും സാധിക്കും.
കോളറ പ്രതിരോധം
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്
ഭക്ഷ്യവസ്തുക്കള്‍ നന്നായി വേവിച്ച് മാത്രം കഴിക്കുക
പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ നന്നായി കഴുകി മാത്രം ഉപയോഗിക്കുക
മലമൂത്ര വിസര്‍ജനത്തിന് ശേഷവും ആഹാരം കഴിക്കുന്നതിന് മുമ്പും സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുക
വയറിളക്കമോ ഛര്‍ദിലോ ഉണ്ടായാല്‍ ധാരാളം പാനീയം കുടിയ്ക്കുക
ഒആര്‍എസ് പാനീയം ഏറെ നല്ലത്
എത്രയും വേഗം ചികിത്സ തേടുക.
by liji HP News | Jul 9, 2024 | Latest News, കേരളം
തിരുവനന്തപുരം: പിഎസ്‌സി അംഗത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പരാതികളെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു തരത്തിലുള്ള വഴിവിട്ട നടപടികളും അംഗീകരിക്കുകയോ വകവെച്ചു കൊടുക്കുകയോ ചെയ്യില്ല. ഇതാണ് സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള നിലപാട്. ഒരാശങ്കയും അക്കാര്യത്തില്‍ ഉണ്ടാകേണ്ടതില്ല. തട്ടിപ്പുകള്‍ നാട്ടില്‍ പല തരത്തിലും നടത്താറുണ്ട്. പലരും തട്ടിപ്പുകള്‍ നടത്താന്‍ തയ്യാറാകാറുമുണ്ട്. ആ തട്ടിപ്പുകള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുന്നുണ്ടോ എന്നതാണ് പ്രശ്‌നം. ആ നടപടിക്ക് സര്‍ക്കാര്‍ തയ്യാറാണ്. കടുത്ത നടപടിക്കു തന്നെ തയ്യാറാണ്. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവുകയില്ല. ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയെ ഇതിന്റെ ഭാഗമായി കരിവാരി തേയ്ക്കാന്‍ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. 1956 നു ശേഷം പ്രവര്‍ത്തിക്കുന്ന പിഎസ്‌സിയില്‍ 1982 ല്‍ 9 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. അത് 1983 ല്‍ 13 ഉം 1984 ല്‍ 15 ഉം ആയി. പിന്നീട് മാറ്റം വരുന്നത് 2005ലാണ്, അത് 18 ആയി. 2013 ആയപ്പോള്‍ വീണ്ടും മാറ്റംവന്ന് 21 ആയി. ഈ പറഞ്ഞ വര്‍ഷങ്ങളെല്ലാം യുഡിഎഫ് ഭരണകാലത്താണ്. ഇതേവരെ എല്‍ഡിഎഫ് സര്‍ക്കാര്‍ അംഗത്വത്തില്‍ വര്‍ദ്ധനവ് വരുത്തിയിട്ടില്ല. 2016 ല്‍ ഞങ്ങള്‍ അധികാരത്തില്‍ വന്നപ്പോള്‍ 21 അംഗങ്ങള്‍ വേണ്ടതുണ്ടോ എന്ന പരിശോധന നടന്നിരുന്നു. ധാരാളം റിക്രൂട്ട്‌മെന്റുകളും മറ്റും ഉണ്ടെന്ന വാദഗതി വന്നപ്പോള്‍ ഞങ്ങള്‍ അത് അംഗീകരിച്ചു കൊടുക്കുന്ന നിലയാണുണ്ടായത്. ഞങ്ങള്‍ ഒരു എണ്ണവും വര്‍ദ്ധിപ്പിച്ചിട്ടില്ല – മുഖ്യമന്ത്രി പറഞ്ഞു.
പിഎസ്‌സി അംഗങ്ങളായി നിയമിക്കപ്പെടുന്നവരെക്കുറിച്ച് പൊതുവില്‍ വലിയ ആക്ഷേപങ്ങളൊന്നും ഉയര്‍ന്നുവന്നിട്ടില്ല എന്നതാണ് വസ്തുത. എന്നാല്‍ നാം ഓര്‍ക്കേണ്ട കാര്യം, 2004 ല്‍ ഇതുമായി ബന്ധപ്പെട്ട് വലിയ വിവാദം ഉയര്‍ന്നുവന്നിരുന്നു. അതില്‍ അന്തരിച്ചു പോയ കെ കരുണാകരന്‍, ഉമ്മന്‍ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, വക്കം പുരുഷോത്തമന്‍ എന്നിവരുടെയെല്ലാം പേരുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ആ ഘട്ടത്തില്‍ ഉയര്‍ന്നുവന്നിരുന്നു. ഇവിടെ നിയതമായ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് പിഎസ്‌സി അംഗങ്ങളെ നിയമിക്കുന്നത്. സര്‍വ്വഥാ യോഗ്യരായ ഇത്തരമൊരു ഭരണഘടനാ സ്ഥാപനത്തിലിരിക്കാന്‍ അര്‍ഹതയുള്ള ആളുകളെ മാത്രം നിശ്ചയിക്കുക എന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. അതിനകത്ത് ഏതെങ്കിലും തരത്തിലുള്ള തെറ്റായ രീതികളോ ദു:സ്വാധീനങ്ങളോ ഉണ്ടാകുന്നില്ല എന്നത് ഉറപ്പിച്ചു തന്നെ പറയാനാകും. അതുകൊണ്ടുതന്നെ ഇതേവരെയുള്ള പി.എസ്.സിയുടെ പ്രവര്‍ത്തനമെടുത്ത് പരിശോധിച്ചാല്‍ നിയമിക്കപ്പെട്ട പിഎസ്‌സി അംഗങ്ങളെക്കുറിച്ച് എന്തെങ്കിലും ആക്ഷേപമോ പിഎസ്‌സി അംഗങ്ങളുടെ നിയമനത്തെക്കുറിച്ച് മറ്റേതെങ്കിലും തരത്തിലുള്ള ആക്ഷേപമോ ഉയര്‍ന്നുവന്നിട്ടില്ല. ഭരണഘടന ഉറപ്പു നല്‍കുന്ന തരത്തിലുള്ള കൃത്യമായ ചുമതല ഇവര്‍ നിറവേറ്റുന്നുവെന്നാണ് നമുക്കു കാണാന്‍ കഴിയുന്ന വസ്തുത.
പ്രതിപക്ഷ നേതാവ് ഈ പ്രശ്‌നം ഇവിടെ ഉന്നയിക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉപോല്‍ബലകമായി വസ്തുത എന്തെങ്കിലും വേണമെന്നതിനാല്‍, ഇന്നു കാലത്ത് 8.21 ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇത്തരമൊരു ആക്ഷേപം ഉന്നയിച്ചുകൊണ്ട് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എന്നുപറഞ്ഞു ഒരു ഇ-മെയില്‍ അയച്ചിട്ടുണ്ട്. അതാണ് ആദ്യമായി കിട്ടിയ ഒരു പരാതി. പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോള്‍ പരാതിവേണമല്ലോ എന്ന കൃത്യമായ ധാരണയോടെ തയ്യാറാക്കിയതാണ് അതെന്ന് ആര്‍ക്കും മനസ്സിലാകും.

രാജ്യത്ത് തന്നെ ഏറ്റവും മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്ന റിക്രൂട്ടിംഗ് ഏജന്‍സിയാണ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍. സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇതുവരെ യാതൊരു തരത്തിലുള്ള ബാഹ്യഇടപെടലും ഉണ്ടായിട്ടില്ല എന്നത് അംഗീകരിക്കപ്പെട്ടതാണ്.
ഭരണഘടനാ സ്ഥാപനമായ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷനിലെ അംഗങ്ങളുടെയും ചെയര്‍മാന്റെയും നിയമനം 1957 ലെ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (കോമ്പോസിഷന്‍ & കണ്ടീഷന്‍സ് ഓഫ് സര്‍വ്വീസ് ഓഫ് മെമ്പേഴ്സ് & സ്റ്റാഫ്) റഗുലേഷന്‍സ് പ്രകാരമാണ്. അംഗങ്ങളുടെയും ചെയര്‍മാന്റെയും കാര്യത്തില്‍ മന്ത്രിസഭ പരിഗണിച്ച് നല്‍കുന്ന ശുപാര്‍ശകളില്‍ ബഹു. ഗവര്‍ണ്ണറുടെ അംഗീകാരത്തോടെയാണ് നിയമനം നടത്തുക.
കുറ്റമറ്റതും സുതാര്യവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് പബ്ലിക് സര്‍വ്വീസുകളിലേക്കുള്ള നിയമനങ്ങള്‍ കമ്മീഷന്‍ നടത്തുന്നത്. ഭരണഘടന അനുശാസിക്കുന്ന പ്രകാരം കമ്മീഷന്‍ അതിന്റെ കര്‍ത്തവ്യങ്ങള്‍ കാര്യക്ഷമതയോടെ നിര്‍വ്വഹിച്ചുവരികയാണ്. അത്തരമൊരു ഭരണഘടനാ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ആരോപണങ്ങള്‍ നിര്‍ഭാഗ്യകരമാണ്. പിഎസ്‌സി അംഗങ്ങളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള മാധ്യമ വാര്‍ത്തകളല്ലാതെ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ ഉണ്ടായതായി ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Recent Comments