by liji HP News | Oct 3, 2024 | Latest News, കേരളം
തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ ഡിജിപി അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും. പി വി അന്‍വര്‍ എംഎല്‍എയുടെ പരാതിയിലും ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലുമാണ് ഡിജിപി അന്വേഷ റിപ്പോര്‍ട്ട് കൈമാറുക.
മാമി തിരോധാന കേസ് ഉള്‍പ്പെടെ എഡിജിപി അട്ടിമറിക്കാന്‍ ശ്രമിച്ചതായി അന്‍വര്‍ ഉന്നയിച്ച നാലു കേസുകള്‍, പൂരം അട്ടിമറി, എസ്പി ഓഫീസിലെ മരംമുറി, കടത്തിയ സ്വര്‍ണം പിടികൂടി പങ്കിട്ടെടുക്കല്‍, മന്ത്രിമാരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തല്‍, അനധികൃത സ്വത്തു സമ്പാദനം തുടങ്ങിയ ആരോപണങ്ങളിലായിരുന്നു അന്വേഷണം. ഇതില്‍ മാമി തിരോധാനക്കേസ് ക്രൈം ബ്രാഞ്ചിനും അനധികൃത സ്വത്തുസമ്പാദനം വിജിലന്‍സിനും നല്കിയതിനാല് അവയില്‍ റിപ്പോര്‍ട്ട് ഉണ്ടായേക്കില്ല. ബാക്കി പരാതികളില്‍ റിപ്പോര്‍ട്ട് നല്‍കും.
അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പരിശോധിച്ച ശേഷം അജിത് കുമാറിനെ നീക്കുന്നതില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും.ഇന്ന് അന്വേഷണത്തിന്റെ സമയപരിധി അവസാനിക്കുന്നതിനാലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. നാളെ നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അജിത് കുമാറിനെതിരെ നടപടിയെടുക്കുന്നതില്‍ വേഗത്തില്‍ തീരുമാനമുണ്ടായേക്കും.
by liji HP News | Oct 3, 2024 | Latest News, കേരളം
കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍. കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ സര്‍ക്കാര്‍ കോടതിയെ അറിയിക്കും. ആരോപണവിധേയര്‍ക്കെതിരെ ക്രിമിനല്‍നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജികള്‍ കോടതി പരിഗണിക്കും.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പ്രത്യേക അന്വേഷണസംഘത്തിലെ വനിത ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു. കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്കിയ നടിമാരെയും ചലച്ചിത്ര പ്രവര്‍ത്തകരെയും ബന്ധപ്പെട്ടിരുന്നു. എന്നാല്‍ മൊഴി നല്കിയവരില് കൂടുതല്‍ പേരും കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്നാണ് അറിയിച്ചതെന്നാണ് സൂചന.
by liji HP News | Oct 3, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കേരളതീരത്ത് ഉയര്‍ന്ന തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശം നല്കി. തമിഴ്നാട് തീരത്ത് (കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെല്‍വേലി) ഇന്ന് രാത്രി 11.30 വരെ 0.9 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
ലക്ഷദ്വീപ് തീരങ്ങളിലും ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.
by liji HP News | Oct 2, 2024 | Latest News, കേരളം
തിരുവനന്തപുരം: എഡിജിപി എം ആര് അജിത് കുമാരിനെതിരായ ആരോപണങ്ങളില്‍ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘത്തിന്റെ അന്വേഷണം അന്തിമഘട്ടത്തില്‍. അന്വേഷണ റിപ്പോര്‍ട്ട് ശനിയാഴ്ച ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറിയേക്കുമെന്നാണ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പി വി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളെത്തുടര്‍ന്ന് 30 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നത്.
മുഖ്യമന്ത്രി നല്കിയ സമയപരിധി വ്യാഴാഴ്ച അവസാനിക്കുകയാണ്. ബന്ധപ്പെട്ട ആളുകളുടെ മൊഴി രേഖപ്പെടുത്തുന്നതുള്‍പ്പെടെയുള്ള അവസാനഘട്ട ജോലികളിലാണ് അന്വേഷണ സംഘം ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. എഡിജിപിയുടെ ദേശീയ നേതാക്കളെ കണ്ടപ്പോള്‍ ഒപ്പമുണ്ടായിരുന്ന ആര്‍എസ്എസ് നേതാക്കളുടെ മൊഴി അന്വേഷണ സംഘം ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍, വിവാദ യോഗങ്ങളെപ്പറ്റി റിപ്പോര്‍ട്ടിലുണ്ടാകും.
എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവിയില്‍ നിന്ന് മാറ്റണമെന്ന മുറവിളികള്‍ക്കിടയില്‍ ഇതേപ്പറ്റി ആഭ്യന്തര വകുപ്പ് ആലോചനകള്‍ ശക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. എഡിജിപിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ആഭ്യന്തര വകുപ്പിന്റെ പ്രതിച്ഛായയ്ക്ക് ഹാനികരമാകുമെന്ന ആശങ്ക പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് മുഖ്യമന്ത്രിക്ക് മുന്നില്‍ ഉന്നയിച്ചതായിട്ടാണ് സൂചന. അജിത് കുമാറിനെ തല്‍സ്ഥാനത്തു നിന്നും മാറ്റണമെന്ന് സിപിഐയും ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.
by liji HP News | Oct 2, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ രണ്ടു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പ്രവചിച്ചിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ക്ക് പുറമേ തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി, ജില്ലകള്‍ക്ക് പുറമേ കോട്ടയത്തും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്.
വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലിനുള്ള സാധ്യതയുള്ളത് കൊണ്ട് ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.9 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Recent Comments