by liji HP News | Jul 6, 2024 | Latest News, കേരളം
നീറ്റ് യുജി കൗൺസിലിംഗ് മാറ്റിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവയ്ക്കുന്നതായാണ് അറിയിച്ചത്. കോടതിയുടെ തീരുമാനമനുസരിച്ചായിരിക്കും പുതിയ തീയതി തീരുമാനിക്കുക. എന്തുകൊണ്ടാണ് മാറ്റിവച്ചതെന്ന വിശദീകരണം സർക്കാർ ഇതുവരെ നൽകിയിട്ടില്ല. ഇന്നുമുതലാണ് കൗൺസലിങ് ആരംഭിക്കാനിരുന്നത്.
സുപ്രീംകോടതിയിൽ നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് നിരവധി ഹർജികൾ വന്നിരുന്നു. ഇതിൽ നീറ്റ് യുജി കൗൺസലിങ് മാറ്റിവയ്ക്കണമെന്ന ആവശ്യം ഉണ്ടായിരുന്നു. എന്നാൽ വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്ത് ഇത് മാറ്റിവയ്ക്കാനാകില്ലെന്നായിരുന്നു സുപ്രീംകോടതി അറിയിച്ചത്.
എന്നാൽ വീണ്ടും ഇതുസംബന്ധിച്ച് ഹർജികൾ വന്നു. ഇത് കോടതി പരിഗണിക്കാനിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് നീറ്റ് യുജി കൗൺസലിങ് മാറ്റിവയ്ക്കാൻ എൻടിഎ തീരുമാനമെടുത്തത്. പുതിയ തീയതി പിന്നീട് അറിയിക്കും.
അതേസമയം നീറ്റ് യുജി കൗൺസിലിംഗ് മാറ്റിവച്ച നടപടിയിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. നീറ്റ് യുജി വിഷയം സർക്കാർ നാൾക്കുനാൾ വഷളാക്കുകയാണെന്നും രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി ഈ സർക്കാറിന്റെ കൈയിൽ സുരക്ഷിതമല്ലെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. പ്രധാനമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും കഴിവില്ലായ്മയും വിവേകമില്ലായ്മയും പിന്നെയും വ്യക്തമായെന്നും ജയറാം രമേശ് ആരോപിച്ചു.
by liji HP News | Jul 6, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പാലോട് പേരയം ചെല്ലഞ്ചിയില്‍ അമ്മയേയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. ചെല്ലഞ്ചി ഗീതാലയത്തില്‍ സുപ്രഭ (88), ഗീത (59) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലോട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഇന്നു രാവിലെ എട്ടരയോടെ ഗീതയുടെ മൃതദേഹം വീടിന്റെ ഹാളിലും സുപ്രഭയുടെ മൃതദേഹം മുറിക്ക് ഉള്ളിലുമാണ് കണ്ടെത്തിയത്. അമിതമായി ഗുളിക കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇരുവരും ജീവനൊടുക്കുകയായിരുന്നുവെന്നാണു ബന്ധുക്കള്‍ പറയുന്നത്. 12 സെന്റ് വസ്തുവുമായി ബന്ധപ്പെട്ട് സിവില്‍ കേസില്‍ മൂന്നു ദിവസം മുന്‍പ് വന്ന വിധി ഇവര്‍ക്ക് പ്രതികൂലമായിരുന്നു. തുടര്‍ന്ന് ഇവര്‍ മാനസികമായി തളര്‍ന്നിരുന്നു. സംഭവം നടക്കുമ്പോള്‍ ഗീതയുടെ ഭര്‍ത്താവ് വത്സലന്‍ വീട്ടില്‍ ഉണ്ടായിരുന്നു.
by liji HP News | Jul 6, 2024 | Latest News, കേരളം
മലപ്പുറം: വനം വകുപ്പിന് കീഴിലുള്ള ഇക്കോടൂറിസം കേന്ദ്രങ്ങളിലും ഇക്കോ ഷോപ്പുകളിലും ഇനി ഇടപാടുകൾ ഓൺലൈനായി മാത്രം. ഇത് സംബന്ധിച്ച് എല്ലാ കേന്ദ്രങ്ങളിലേക്കും ഉത്തരവയച്ചതായി അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ജെ. ജസ്റ്റിൻ മോഹൻ അറിയിച്ചു.
ജൂലായ് ഒന്നുമുതൽ ഇതു പ്രാവർത്തികമാക്കി. ഗൂഗിൾപേ, ഫോൺപേ പോലുള്ള യു.പി.ഐ. മാർഗങ്ങളിലൂടെയാണ് പണം സ്വീകരിക്കുക. ഇതിനായി ക്യു.ആർ കോഡുകളും ക്രമീകരിച്ചിട്ടുണ്ട്. ഓൺലൈനായും പണമടയ്ക്കാം. കാർഡുകൾ വഴി പണം സ്വീകരിക്കുന്ന പോയിന്റ് ഓഫ് സെയിൽ മെഷീനും സ്ഥാപിച്ചിട്ടുണ്ട്.സംസ്ഥാനത്ത് 71 ഇക്കോടൂറിസം കേന്ദ്രങ്ങളാണുള്ളത്. മുൻപ്, പലകേന്ദ്രങ്ങളിലും ഇന്റർനെറ്റ് സംവിധാനം ലഭ്യമാകാതിരുന്നത് സഞ്ചാരികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇത്തരം ഇടങ്ങളിൽ ബി.എസ്.എൻ.എൽ. മുഖേന ഇന്റർനെറ്റ് സംവിധാനമൊരുക്കാനും നിർദേശം നൽകിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാകേന്ദ്രങ്ങളിലും പുതിയ സംവിധാനം കാര്യക്ഷമമാകും.
സഞ്ചാരികളുടെയും ജീവനക്കാരുടെയും സൗകര്യം കണക്കിലെടുത്തും ഇക്കോടൂറിസം കേന്ദ്രങ്ങളിലെ ഇടപാടുകൾ സുതാര്യമാക്കുന്നതിനുമാണ് പുതിയ സംവിധാനം. സന്ദർശകരടയ്ക്കുന്ന തുക നേരിട്ട് സംസ്ഥാന വനവികസന ഏജൻസിയുടെ അക്കൗണ്ടിലേക്കാണെത്തുക.സംസ്ഥാനതലത്തിൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്ററും ജില്ലകളിൽ ഡി.എഫ്.ഒ.മാരും പ്രവർത്തനം ഏകോപിപ്പിക്കും. സഞ്ചാരികൾക്ക് മുൻകൂർ ബുക്കിങ്ങിനായി https://keralaforestecotourism.com എന്ന വെബ്‌സൈറ്റുമുണ്ട്. മൊബൈൽ ആപ്പ് വഴിയും പണമടയ്ക്കാം. ഇക്കോഷോപ്പുകളിൽനിന്നുള്ള വനവിഭവങ്ങളും കരകൗശലവസ്തുക്കളും മറ്റും വാങ്ങുമ്പോഴും പണം നൽകേണ്ടത് പുതിയ സംവിധാനത്തിലൂടെയാണ്.
by liji HP News | Jul 6, 2024 | Latest News, കായികം
ഹരാരെ: ഇന്ത്യയുടെ യുവനിര അണിനിരക്കുന്ന സിംബാബ്‌വെ ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യന്‍ സമയം വൈകിട്ട് 4.30ന് ഹരാരെയിലാണ് മത്സരം ആരംഭിക്കുന്നത്. ട്വന്റി 20 ലോകകപ്പില്‍ കപ്പുയര്‍ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ സിംബാബ്‌വെയ്‌ക്കെതിരെ ഇറങ്ങുക.
ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീമില്‍ ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങളടങ്ങുന്ന നിരയാണ് അണിനിരക്കുന്നത്. ലോകകപ്പ് ടീമിലുള്ള ആരും പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ പങ്കെടുക്കില്ല. മലയാളി താരം സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്‌വാള്‍, ശിവം ദുബെ എന്നിവര്‍ മൂന്നാം മത്സരം മുതലായിരിക്കും കളത്തിലിറങ്ങുക.നായകനായി അരങ്ങേറുന്ന ശുഭ്മാന്‍ ഗില്ലിന് നിര്‍ണായകമാണ് ഈ പരമ്പര. ആദ്യ ട്വന്റി 20യ്ക്ക് മുമ്പായി ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ് സഖ്യത്തെ പ്രഖ്യാപിച്ച് ക്യാപ്റ്റന്‍ ഗില്‍ രംഗത്തെത്തിയിരുന്നു. അഭിഷേക് ശര്‍മ്മ തനിക്കൊപ്പം ഓപ്പണറായി എത്തുമെന്നായിരുന്നു ഗില്ലിന്റെ പ്രഖ്യാപനം. റുതുരാജ് ഗെയ്ക്ക്വാദ് മൂന്നാം നമ്പറില്‍ ക്രീസിലെത്തുമെന്നും ഗില്‍ സ്ഥിരീകരിച്ചു.
ട്വന്റി 20 ലോകകപ്പില്‍ നിന്ന് വ്യത്യസ്തമായി യുവനിരയുടെ ടീമാണ് സിംബാബ്‌വെ പരമ്പരയ്ക്ക് ഒരുങ്ങുന്നത്. താനുള്‍പ്പടെ ഒരുപാട് യുവതാരങ്ങള്‍ ഈ ടീമിലുണ്ട്. ചിലര്‍ കുറച്ച് മത്സരങ്ങള്‍ കളിച്ചു. മറ്റുചിലര്‍ ആദ്യ മത്സരത്തിന് ഇറങ്ങാന്‍ പോകുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് എങ്ങനെയാണെന്ന് പുതിയ താരങ്ങള്‍ക്ക് പറഞ്ഞുകൊടുക്കുകയാണ് ഇന്ത്യന്‍ ടീമിന്റെയും തന്റെയും ലക്ഷ്യമെന്നും ശുഭ്മന്‍ ഗില്‍ വ്യക്തമാക്കി.
അഞ്ച് മത്സരങ്ങളിലായാണ് പരമ്പര. ജൂലൈ 7, 10, 13, 14 തീയതികളിലാണ് പരമ്പരയിലെ മറ്റുമത്സരങ്ങള്‍. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗ്രൗണ്ടിലാണ് എല്ലാ മത്സരങ്ങളും നടക്കുക.
by liji HP News | Jul 6, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ കുന്നുവാരം യു പി. സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ ദിനം വിപുലമായി ആഘോഷിച്ചു. എൽ.പി.വിഭാഗം കുട്ടികൾ ഇമ്മിണി ബല്യ ഒന്ന് എന്ന കൃതിയെ ആസ്പദമാക്കി അവതരിപ്പിച്ച നാടകം, അതുപോലെ യു.പി.വിഭാഗത്തിലെ കുട്ടികൾ മതിലുകൾ എന്ന കൃതിയെ ആസ്പദമാക്കിയും, ൻ്റെ ഉപ്പാപ്പയ്ക്ക് ഒരു ആന ഉണ്ടായിരുന്നു എന്ന കൃതിയെ ആസ്പദമാക്കി നടത്തിയ നാടകങ്ങളും കാണികളെ ആകർഷിച്ചു.
കൂടാതെ കുട്ടികളെ ഫ്രണ്ട്‌സ് അസോസിയേഷൻ ലൈബ്രറി കൊണ്ട് പോയി കാണിക്കുകയും അവിടെ വച്ച് പ്രശ്സ്ത കവിയും സാംസ്കാരിക പ്രവർത്തകനുമായ മണമ്പൂർ രാജൻബാബു ബഷീറിൻ്റെ കൃതികളെ സംബന്ധിച്ച് കവിത ചൊല്ലിയും കൂട്ടമായി ആലപിച്ചും കുട്ടികളുമായി സംവദിച്ചു. ചടങ്ങിൽ മധു.ജി. ആർ, ശശിധരൻ നായർ, ആറ്റിങ്ങൽ മോഹൻലാൽ, നന്ദകുമാർ, രാമചന്ദ്രൻ നായർ, വേണു ഗോപാൽ, അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
Recent Comments