പൂനെയിൽ ഹെലികോപ്റ്റർ അപകടത്തിൽ 3 മരണം; മരിച്ചവരിൽ  മലയാളിയും

പൂനെയിൽ ഹെലികോപ്റ്റർ അപകടത്തിൽ 3 മരണം; മരിച്ചവരിൽ മലയാളിയും

പൂനെ: പൂനെയിലെ ബവ്ധാനിൽ ഹെലികോപ്റ്റർ തകർന്ന് ഒരു മലയാളിയടക്കം മൂന്നു പേർ മരിച്ചു. രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനീയറുമാണ് മരിച്ചത്. കൊല്ലം കുണ്ടറ സ്വദേശിയായ ഗിരീഷ് കുമാര്‍ പിള്ളയാണ് മരിച്ച മലയാളി. വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചതാണ് ​ഗിരീഷ് പിള്ള.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെറിറ്റേജ് ഏവിയേഷൻ്റെ ഹെലികോപ്ടറാണ് തകർന്നത്. രാവിലെ 7.30ന് ഓക്‌സ്‌ഫോർഡ് ഗോൾഫ് ക്ലബിൻ്റെ ഹെലിപാഡില്‍ നിന്നും പറന്നുയർന്ന ഹെലികോപ്റ്റർ മിനിറ്റുകൾക്കകം തകർന്നു വീഴുകയായിരുന്നു. മുംബൈയിലെ ജുഹുവിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.മൂടൽമഞ്ഞാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിമഗനം. മൃതദേഹങ്ങൾ പൂനെയിലെ ആശുപത്രിയിലാണ് ഉള്ളത്. പോസ്റ്റുമോർട്ടം അടക്കമുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രി എന്തുകൊണ്ട് രാജ്ഭവനെ അറിയിച്ചില്ല?, റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണർ

സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രി എന്തുകൊണ്ട് രാജ്ഭവനെ അറിയിച്ചില്ല?, റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണർ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് പണം ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചു എന്നത് ഗൗരവകരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി എന്തുകൊണ്ട് ഈ വിവരം രാജ്ഭവനെ അറിയിച്ചില്ല?. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനോട് റിപ്പോര്‍ട്ട് തേടുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഈ വിവരം അറിഞ്ഞിട്ടും അക്കാര്യം അറിയിക്കാതെ മുഖ്യമന്ത്രി രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തി. എന്നാല്‍ ഇക്കാര്യം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സെപ്റ്റംബര്‍ 21ന് മുഖ്യമന്ത്രി പറഞ്ഞ കാര്യമാണ് ദ ഹിന്ദു ദിനപത്രത്തിലും വന്നത്. റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.ഫോണ്‍ ചോര്‍ത്തലില്‍ മുഖ്യമന്ത്രിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടിട്ടുണ്ട്. എന്നാല്‍ ഒരാഴ്ചയായിട്ടും റിപ്പോര്‍ട്ട് കിട്ടിയില്ല. കുറച്ചുകൂടി കാത്ത് നില്‍ക്കും. കിട്ടിയില്ലെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാൻ വ്യക്തമാക്കി.

ശിവ പാർവതീ പ്രണയം പകർത്തി മൂന്ന് തലമുറ

ശിവ പാർവതീ പ്രണയം പകർത്തി മൂന്ന് തലമുറ

1937 ൽ വക്കം ആങ്ങാവിളയിൽ കച്ചവടം ഉപജീവനമാക്കിയ ഒരു സാധാരണ കുടുംബത്തിൽ ആയിരുന്നു കെ ഭാർഗ്ഗവിയുടെ ജനനം. കുഞ്ഞുന്നാൾ മുതൽ കൈമുതലായി ഉണ്ടായിരുന്നത് അമ്മ ലക്ഷ്മിയിൽ നിന്ന് പകർന്നു കിട്ടിയ നിശ്ചയ ദാർഢ്യം. പഠിയ്ക്കുമ്പോൾ തന്നെ വീട്ടിലെ ചുവരുകളിലും, പുസ്തകത്തിലും ഒക്കെ കോറി വരയ്ക്കുമായിരുന്ന ആ രണ്ടാം ക്ലാസുകാരിയെ, അമ്മ ലക്ഷ്മിയാണ് അടുത്തുള്ള ചിത്രകലാധ്യാപകനായ സഹദേവന്റെ അടുത്ത് ചിത്രരചന പഠിപ്പിയ്ക്കാനാക്കിയത്.

കടയ്ക്കാവൂരിലെ പ്രശസ്ത ചിത്രകലാ അധ്യാപകനായ സഹദേവന്റെ ശിക്ഷണത്തിൽ ആയിരുന്നു ഭാർഗ്ഗവി ചിത്രകലാ പഠനം നടത്തിയത്. കുഞ്ഞുന്നാൾ മുതൽ തന്നെ തൻ്റെ
കുടുംബ ക്ഷേത്രത്തിലെ നാഗരൂട്ടും , കളമെഴുത്തും , വിഗ്രങ്ങളും ഒക്കെ കണ്ടു വളർന്ന ഭാർഗ്ഗവിയ്ക്ക് ദൈവീക ഭാവം തുളുമ്പുന്ന ചിത്രങ്ങൾ വരയ്ക്കാനായിരുന്നു കൂടുതൽ താത്പര്യം.

പത്ത് സഹോദരങ്ങൾക്കിടയിൽ വിശപ്പും ദാരിദ്ര്യവും ആവോളം രുചിച്ചത് കൊണ്ടാവാം ഒരു ഗവൺമെൻ്റ് ജോലി അവർ അതിയായി ആഗ്രഹിച്ചു. തനിയ്ക്ക് ജന്മസിദ്ധമായി ലഭിച്ച കലയുടെ സാധ്യതകളെ തൻ്റെ ആഗ്രഹവുമായി കൂട്ടി കെട്ടിയപ്പോഴാണ് അവർ ഒരു ചിത്രകലാധ്യാപികയായി മാറിയത്. ഗവൺമെൻ്റ് ജോലി കിട്ടിയ ശേഷമേ വിവാഹം കഴ്ക്കു എന്ന വാശിയ്ക്ക് ഒടുവിൽ പ എസ്സ് സി നിയമനം കണ്ണൂരും തിരുവനന്തപുരത്തും ഡ്രോയിംഗ് അധ്യാപികയായി നിയമന ഉത്തരവ് വന്നു. ആദ്യം ലഭിച്ചത് കണ്ണൂര് നിന്നായത് കൊണ്ട് അവിടെ ജോയിൻ ചെയ്തു. കണ്ണൂർ കാഞ്ഞങ്ങാട്ട് നിന്ന് അധ്യാപന ജീവിതം ആരംഭിയ്ക്കുന്നു. പിന്നീട് തിരുവനന്തപുരം നന്ദിയോടും ഇലകമൺ യുപിഎസ്സിലും ചിറയിൻകീഴ് യു പി എസി ലാം ആനത്തലവട്ടം യു പി എസിലും അധ്യാപികയായി ജോലി നോക്കി.

ഇതിനിടയിൽ മെഡിക്കൽ കോളേജിൽ ഉദ്യോഗസ്ഥനായ ഗോപിനാഥനുമായി വിവാഹം. 3 മക്കൾ. ജയശ്രീ , ജയൻ, ജയലത. നീണ്ട 21 വർഷക്കാലം നിലയ്ക്കാമുക്ക് സ്കൂളിലെ ഡ്രോയിംഗ് ടീച്ചറായിരുന്നു ഭാർഗ്ഗവി. കുടുംബ ജീവിതത്തിലെയും ഔദ്യോഗിക ജീവിതത്തിലേയും തിരക്കുകളിൽ പലപ്പോഴും കലാസൃഷ്ടിയ്ക്കുള്ള സമയവും സാവകാശവും അവർക്ക് ലഭിച്ചിരുന്നില്ല.

മക്കളിൽ ജന്മവാസനയായി ചിത്രകല കിട്ടിയത് മൂത്ത മകൾ ജയശ്രീയ്ക്കും.ജയശ്രിയുടെ കഴിവിനെ കണ്ടെത്തിയതും അമ്മ തന്നെ ആയിരുന്നു. സ്കൂൾ കലോത്സവങ്ങളിൽ ഉൾപ്പെടെ പങ്കെടുപ്പിയ്ക്കാനും പ്രോത്സാഹനം നൽകുവാനും ആ അമ്മ സമയം കണ്ടെത്തിയിരുന്നു.

ഡ്രോയിംഗ് അധ്യാപിക ആകാനായിരുന്നു ജയശ്രീയ്ക്കും താത്പര്യം. ഡ്രോയിംഗിൽ ഡിപ്ലോമാ പൂർത്തിയാക്കിയ ജയശ്രീ ഇന്ന് ആറ്റിങ്ങൽ സി എസ്സ് ഐ സ്കൂളിലെ ഡ്രോയിംഗ് ടീച്ചർ ആണ്. ജയശ്രീയും സഹദേവന്റെ ശിക്ഷണത്തിൽ ആണ് ചിത്രകലാ പഠനം പൂർത്തിയാക്കിയത്. ജയശ്രീയുടെ ഇളയ മകൻ ഗോകുലിനും ചിത്രകലാവാസന ഉണ്ട്. KSIDC യിൽ ജോലി ചെയ്യുന്ന ഗോകുലിൻ്റെ ആശയമാണ് മൂന്ന് തലമുറകളുടെ ചിത്രങ്ങൾക്ക് ശിവ പാർവതീപ്രണയം വിഷയമാക്കാൻ ആധാരം.

87-ാം വയസിലെ അവശതകളിലാണ് ഭാർഗ്ഗവി ടീച്ചറുടെ അസാമാന്യ കളർകോമ്പിനേഷനിലുള്ള അർദ്ധനാരീശ്വര രൂപം വ്യത്യസ്ഥമാകുന്നത്. കാളീ – ശിവ സങ്കൽപം പകർത്തി മകൾ ജയശ്രീയും ശിവ പാർവതീപ്രണയം പകർത്തി ഗോകുലും ഈ ദൃശ്യചാരുതയ്ക്ക് മിഴിവേകുന്നു. കൊച്ചു മകനായ ഗോകുലാണ് ശിവ പാർവതീ പ്രണയത്തിൻ്റെ ചിന്ത തലമുറകളിലേയ്ക്ക് സന്നിവേശിപ്പിച്ചത്. ഭർഗ്ഗവിയുടെ മകൻ ജയൻ്റെ മക്കളായ മഹിൻ, മഹിമ എന്നിവരും ചിത്രകലാവാസന ഉള്ളവരാണ്. ജയശ്രീയുടെ മൂത്ത മകനായ രാഹുൽ, ജയലതയുടെ മകളായ തപ്തിയുമാണ് ചെറുമക്കൾ. രാഹുൽ പി പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ ഗണിത വിഭാഗം അധ്യാപകനാണ്. തൻ്റെ മുന്നിൽ വരുന്ന കുഞ്ഞുമക്കൾക്ക് ഇപ്പോഴും ആ 87 വയസുകാരി ചിത്രകലയുടെ പാഠങ്ങൾ പകർന്നു നൽകുന്നുണ്ട്.

വിവാദങ്ങൾ കത്തി നിൽക്കെ പുതിയ പാർട്ടി പ്രഖ്യാപനവുമായി പി വി അൻവർ

വിവാദങ്ങൾ കത്തി നിൽക്കെ പുതിയ പാർട്ടി പ്രഖ്യാപനവുമായി പി വി അൻവർ

മലപ്പുറം: എല്‍ഡിഎഫുമായി അകന്ന നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കാന്‍ പോകുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടി വേണമെന്നും വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരളം മുഴുവന്‍ മത്സരിക്കുമെന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിക്ക് ലക്ഷക്കണക്കിന് യുവാക്കളുടെ പിന്തുണ ഉണ്ടാവും.യുവാക്കള്‍ അടക്കം പുതിയ ടീം വരും.എല്ലാ പഞ്ചായത്തുകളിലും പാര്‍ട്ടിക്ക് സ്ഥാനാര്‍ഥികളുണ്ടാകും. മഞ്ചേരിയില്‍ ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ച് പൊതുയോഗം സംഘടിപ്പിക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു.

അതിനിടെ, ഹിന്ദു ദിനപത്രത്തില്‍ വന്ന മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമര്‍ശം തെറ്റാണെങ്കില്‍ തിരുത്താന്‍ എന്തിനാണ് 32 മണിക്കൂര്‍ കാത്തിരുന്നതെന്ന് പി വി അന്‍വര്‍ ചോദിച്ചു. ആ തിരുത്ത് ഒട്ടും ആത്മാര്‍ത്ഥത ഉള്ളതല്ല. മുഖ്യമന്ത്രി നേരത്തെ തന്നെ പറഞ്ഞ കാര്യങ്ങളാണ് അഭിമുഖത്തിലുള്ളത്. അത് വിവാദമായതോടെ പത്രമിറങ്ങി രണ്ടാം ദിവസം 32 മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് തിരുത്തല്‍ നാടകം കളിച്ചത്. ഇതൊക്കെ നാടകമാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അന്‍വര്‍ പറഞ്ഞു.

തിരുത്തല്‍ ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ പത്രം രാവിലെ കേരളത്തില്‍ ഇറങ്ങിയ ഉടന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് വാര്‍ത്താക്കുറിപ്പ് ഇറക്കണമായിരുന്നു. അതുണ്ടായില്ല. ഒരു രക്ഷയുമില്ലാതായപ്പോഴാണ് ഈ പറയുന്ന നാടകം ഉണ്ടായത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടിക്കുന്നതെന്നും കള്ളക്കടത്ത് നടക്കുന്നതെന്നും മുഖ്യമന്ത്രി ഇതിനുമുമ്പും പറഞ്ഞിട്ടുണ്ട്. ഈ പണം ദേശദ്രോഹപ്രവര്‍ത്തനത്തിന് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ഈയിടെയായി മലപ്പുറം ജില്ലയെ കുറിച്ച് അദ്ദേഹത്തിന്റെ സ്ഥിരമായി അഭിപ്രായമാണിത്. മുസ്ലീം ഭൂരിപക്ഷ ജില്ലയായ മലപ്പുറം ദേശദ്രോഹികളുടെ താവളമാണെന്ന് ഇന്ത്യയെ മൊത്തം അറിയിക്കാനാണ് ഇംഗ്ലീഷ് ദിനപത്രമായ ഹിന്ദുവിന് ഡല്‍ഹിയില്‍ വെച്ച് ഇന്റര്‍വ്യൂ കൊടുത്തത്. ബിജെപി ഓഫീസിലും ആര്‍എസ്എസ് കേന്ദ്രത്തിലും അത് ചര്‍ച്ചയാവണമെന്ന ഉദ്ദേശത്തിലാണ് ആ അഭിമുഖം. മുഖ്യമന്ത്രിയുടെ അഭിമുഖത്തിന്റെ റെക്കോര്‍ഡ് പുറത്ത് വിടാന്‍ പി വി അന്‍വര്‍ വെല്ലുവിളിച്ചു.

‘ഇടതുപക്ഷത്തെ തകര്‍ക്കാന്‍ തലയ്ക്ക് അടിക്കുന്നു, ആ തല പിണറായി വിജയനാണ്’

‘ഇടതുപക്ഷത്തെ തകര്‍ക്കാന്‍ തലയ്ക്ക് അടിക്കുന്നു, ആ തല പിണറായി വിജയനാണ്’

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് അഭിമുഖം നല്‍കാന്‍ പി ആര്‍ ഏജന്‍സിയുടെ ആവശ്യമില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഒരു അഭിമുഖം നല്‍കാന്‍ ഏതെങ്കിലും പി ആര്‍ ഏജന്‍സിയുടെ ആവശ്യമുണ്ടോയെന്ന് മാധ്യമങ്ങള്‍ക്ക് തന്നെ ആലോചിക്കാവുന്ന കാര്യമല്ലേ?. കേരളത്തിലെ ദേശീയമാധ്യമങ്ങളായാലും മറ്റ് മാധ്യമങ്ങളായാലും മുഖ്യമന്ത്രിയുടെ അഭിമുഖം താല്‍പ്പര്യത്തോടെ സ്വീകരിക്കുന്നവരാണ്.

പലമാധ്യമങ്ങളും താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടും മുഖ്യമന്ത്രി സമയക്കുറവ് മൂലം കൊടുക്കാത്ത എണ്ണം ഏറെയാണ്. അങ്ങനെയുള്ള മുഖ്യമന്ത്രിക്ക് ഒരു അഭിമുഖം നല്‍കാന്‍ ഒരു പി ആര്‍ ഏജന്‍സിയുടെ ആവശ്യം ഇല്ല എന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. ഇതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

മുഖ്യമന്ത്രി മലപ്പുറം ജില്ലയെ അപമാനിച്ചു എന്നതായിരുന്നു ഇന്നലത്തെ ചര്‍ച്ചകള്‍. ഇതെല്ലാം ഒരു പ്രത്യേക കേന്ദ്രത്തില്‍ നിന്ന് വരുന്നതാണ്. യുഡിഎഫിന്റെ സ്ലീപ്പിങ് പാര്‍ട്ട്ണറെപ്പോലെ ജമാ അത്തെ ഇസ്ലാമി പ്രവര്‍ത്തിക്കുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി ഇത്തരം വിഷയങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ്. അതിന്റെ ഭാഗമായി ബിജെപി, ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്നും പിണറായി വിജയന് നേര്‍ക്ക് വലിയ ആക്രമണമാണ് നേരിട്ടിട്ടുള്ളത്. പിണറായിയുടെ തലയ്ക്ക് വരെ ഇനാം പ്രഖ്യാപിച്ചതാണ്. അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ ദിനപ്പത്രത്തില്‍ കൊടുത്തുവെന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പറയാത്ത കാര്യങ്ങളാണെന്ന് മുഖ്യമന്ത്രി തന്നെ പൊതുസമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

സത്യം തെളിഞ്ഞപ്പോള്‍ ഏതെങ്കിലും മാധ്യമങ്ങള്‍ തിരുത്തി വാര്‍ത്ത നല്‍കിയോ. ഏതെങ്കിലും മാധ്യമം ഖേദം പ്രകടിപ്പിച്ചോ? പ്രതിപക്ഷത്തിന്റെയും ജമാ അത്തെ ഇസ്ലാമി പോലുള്ള സംഘടനകളുടേയും വളരെ അപകടകരമായ രാഷ്ട്രീയ പ്രയോഗത്തെ തുറന്നു കാണിക്കാന്‍ എത്ര മാധ്യമങ്ങള്‍ തയ്യാറായിട്ടുണ്ട് എന്നും മന്ത്രി മുഹമ്മദ് റിയാസ് ചോദിച്ചു. മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനു പിന്നില്‍ രാഷ്ട്രീയമുണ്ട്.

2021 ല്‍ ഇടതുപക്ഷത്തിന്റെ തുടര്‍ഭരണം വരുന്നതിന് പല കാരണങ്ങളുണ്ട്. അതിലൊന്ന് കേരളത്തിലെ ജനങ്ങള്‍ പിണറായി വിജയനോടുള്ള വിശ്വാസവും താല്‍പ്പര്യവും, അദ്ദേഹത്തിന് നല്‍കിയ പിന്തുണയുമാണ്. അതുകൊണ്ടു തന്നെ ഇടതുപക്ഷത്തെ ആക്രമിക്കാന്‍ അതിന്റെ തലക്ക് അടിക്കുകയാണ്. ആ തല ഇപ്പോള്‍ പിണറായി വിജയന്‍ ആണ്. നാളെ മറ്റൊരാള്‍ വന്നാലും ആ തലയെയും അടിക്കും. കേരളത്തിന്റെ മുഖ്യമന്ത്രിയെ ആക്രമിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെയും ഇടതുപക്ഷത്തെയും തകര്‍ക്കുകയെന്ന ബോധപൂര്‍വമായ ഗൂഢാലോചനയാണ് നടക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.