ചാക്കില്‍ പൊതിഞ്ഞനിലയില്‍; കൂത്തുപറമ്പില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

ചാക്കില്‍ പൊതിഞ്ഞനിലയില്‍; കൂത്തുപറമ്പില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

കണ്ണൂര്‍: എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന്‍ മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ വിട്ടുമാറുംമുന്‍പ് കണ്ണൂര്‍ കൂത്തുപറമ്പില്‍ നിന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്.

കിണറ്റിന്റവിടയിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് രണ്ട് സ്റ്റീല്‍ ബോംബുകളാണ് കണ്ടെത്തിയത്. എരഞ്ഞോളി സംഭവത്തിന് ശേഷം ജില്ലയില്‍ വ്യാപകമായി പൊലീസ് പരിശോധന നടത്തിവരികയാണ്. അതിനിടെ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. ചാക്കില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിലുന്നു സ്റ്റീല്‍ ബോംബുകള്‍. ഇവ നിര്‍വീര്യമാക്കാന്‍ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.പ്രധാനമായി ആളൊഴിഞ്ഞ പറമ്പ്, വീടുകള്‍ കേന്ദ്രീകരിച്ചാണ് ജില്ലയില്‍ ഉടനീളം പൊലീസ് പരിശോധന നടത്തിവരുന്നത്. പ്രത്യേകിച്ച് മുന്‍പ് സംഘര്‍ഷം ഉണ്ടായിട്ടുള്ള തലശേരി, ന്യൂമാഹി, പാനൂര്‍, കൂത്തുപറമ്പ് തുടങ്ങിയ മേഖലകളിലാണ് പരിശോധന വ്യാപകമായി നടക്കുന്നത്.

മലപ്പുറത്ത് റെഡ് അലര്‍ട്ട്; ഏഴ് ഇടത്ത് ഓറഞ്ച്; ഒരാഴ്ച മഴ കനക്കും

മലപ്പുറത്ത് റെഡ് അലര്‍ട്ട്; ഏഴ് ഇടത്ത് ഓറഞ്ച്; ഒരാഴ്ച മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മലപ്പുറം ജില്ലയില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഏഴ് ജില്ലകളില്‍ തീവ്രമഴകണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്.

കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശനിയാഴ്ച ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അതിതീവ്രമഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കാസര്‍കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടുമാണ്. തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം ഒഴികെയുളള മറ്റ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് യെല്ലാ അലര്‍ട്ട് പ്രഖ്യപിച്ചു.

ചൊവ്വാഴ്ച കാഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, കോട്ടയം, എറണാകുളം,ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. ബുധനാഴ്ച കണ്ണൂര്‍ ജില്ലയില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

കെട്ടിടത്തിനു മുകളിൽ അപകടകരമായി തൂങ്ങിക്കിടന്ന് റീൽസ്; 23കാരിയും സുഹൃത്തും അറസ്റ്റിൽ

കെട്ടിടത്തിനു മുകളിൽ അപകടകരമായി തൂങ്ങിക്കിടന്ന് റീൽസ്; 23കാരിയും സുഹൃത്തും അറസ്റ്റിൽ

ഡൽഹി: ജീവൻ പണയപ്പെടുത്തി ബഹുനില കെട്ടിടത്തിൽ താഴേക്ക് തൂങ്ങിക്കിടന്നു റീൽസെടുത്ത യുവതിയേയും സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തു. പുനെയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പുനെ സ്വദേശികളായ മിഹിർ ഗാന്ധി (27), മീനാക്ഷി സലുൻഖെ (23) എന്നിവരെ ഭാരതി വിദ്യാപീഠ് പൊലീസാണ് പിടികൂടിയത്. വീഡിയോ ചിത്രീകരിച്ച രണ്ട് പേര്‍ ഒളിവിലാണ്. നാല് പേര്‍ക്കെതിരെയാണ് കേസ്.

പുനെ സ്വാമിനാരായണ ക്ഷേത്രത്തിന് സമീപം നിർമാണം പൂർത്തിയാകാത്ത പഴയൊരു കെട്ടിടത്തിന്റെ ടെറസിൽ കയറിയായിരുന്നു സാഹസിക റീൽസ് ചിത്രീകരണം. ടെറസിൽ നിന്ന് യുവാവിന്റെ ഒറ്റകൈയിൽ തൂങ്ങി താഴേക്ക് കിടന്നാണ് യുവതി റീൽസ് ചിത്രീകരിച്ചത്. ഇതിൻറെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

പൊതുപരീക്ഷയില്‍ ക്രമക്കേട് നടത്തിയാല്‍ ഒരു കോടി രൂപ പിഴയും 10 വർഷം തടവും; നിയമം വിജ്ഞാപനം ചെയ്തു

പൊതുപരീക്ഷയില്‍ ക്രമക്കേട് നടത്തിയാല്‍ ഒരു കോടി രൂപ പിഴയും 10 വർഷം തടവും; നിയമം വിജ്ഞാപനം ചെയ്തു

പൊതു പരീക്ഷ ക്രമക്കേടുകൾ തടയൽ നിയമം കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു. പൊതു പരീക്ഷകളിലും പൊതു പ്രവേശന പരീക്ഷകളിലും ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയും തടയുകയാണ് ലക്ഷ്യം. നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടുകൾക്കിടെയാണ് നിയമം വിജ്ഞാപനം ചെയ്തത്. നിയമ ലംഘകർക്ക് പത്ത് വർഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കും. ഇന്നലെ രാത്രിയോടാണ് നിയമം വിജ്ഞാപനം ചെയ്ത് പുറത്തിറങ്ങിയത്.

അവന്തികയ്ക്ക് മന്ത്രി സമ്മാനിച്ച സൈക്കിളും കള്ളൻ അടിച്ചോണ്ടു പോയി

അവന്തികയ്ക്ക് മന്ത്രി സമ്മാനിച്ച സൈക്കിളും കള്ളൻ അടിച്ചോണ്ടു പോയി

കൊച്ചി: മോഷണം പോയ സൈക്കിളിന് പകരമായി മന്ത്രി വി ശിവന്‍കുട്ടി അവന്തികയ്ക്ക് സമ്മാനിച്ച പുത്തന്‍ സൈക്കിളും മോഷണം പോയതായി പരാതി. ആദ്യമായി വാങ്ങിയ സൈക്കിള്‍ മോഷണം പോയെന്നും സഹായിക്കണമെന്നും അഭ്യര്‍ഥിച്ച് ഇ-മെയില്‍ അയച്ച പാലാരിവട്ടം സ്വദേശിനി അവന്തികയ്ക്ക് ഈ മാസം രണ്ടിനാണ് സ്കൂൾ പ്രവേശനോത്സവ പരിപാടിക്കിടെ മന്ത്രി സര്‍പ്രൈസ് ആയി സൈക്കിള്‍ സമ്മാനിച്ചത്. എന്നാല്‍ ആ സന്തോഷം അധിക നാള്‍ നീണ്ടുനിന്നില്ല. വെള്ളിയാഴ്ച പുലര്‍ച്ചെ 4.30നായിരുന്നു മോഷണം. സമീപത്തെ വീട്ടില്‍ നിന്ന് ലഭിച്ച സിസിടിവിയില്‍ കള്ളന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. റെയിന്‍കോട്ട് ധരിച്ചെത്തിയ കള്ളന്റെ ചിത്രം പക്ഷെ വ്യക്തമല്ല. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് മോഷണ വിവരം അറിയുന്നതെന്ന് അവന്തിക പറയുന്നു.

താമസം ഒന്നാം നിലയിലായതിനാല്‍ താഴെ കാര്‍ പോര്‍ച്ചിലായിരുന്നു സൈക്കിള്‍ സൂക്ഷിച്ചിരുന്നത്. ലോക്ക് ചെയ്ത് വെച്ചിരുന്ന സൈക്കിളിനൊപ്പം മൂന്ന് സ്‌കൂട്ടറുകളുമുണ്ടായിരുന്നു എന്നാല്‍ കള്ളന്‍ സൈക്കിള്‍ മാത്രമാണ് കൊണ്ടു പോയത്. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.