സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് ഒരു വിദ്യാർത്ഥി മരിച്ചു

സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് ഒരു വിദ്യാർത്ഥി മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട തൂമ്പാക്കുളത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വിദ്യാർത്ഥി മരിച്ചു. കരുമാൻതോട് ശ്രീനാരായണ സ്കൂൾ വിദ്യാർത്ഥിയായ എട്ട് വയസുകാരി ആദിലക്ഷ്മിയാണ് മരിച്ചത്. അപകടത്തിൽ ഡ്രൈവർക്ക് ​ഗുരുതരപരിക്കേറ്റു. പാമ്പിനെ കണ്ട് വെട്ടിച്ചതിനെ തുടർന്ന് ഓട്ടോറി​ക്ഷ തോട്ടിലേക്ക് മറിയുകയായിരുന്നു.

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും യുപിഐ; അറിയാം പുതിയ ഫീച്ചര്‍

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും യുപിഐ; അറിയാം പുതിയ ഫീച്ചര്‍

ഡല്‍ഹി: ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഇനി യുപിഐ ഇടപാട് നടത്താം. ഇതിന്റെ ഭാഗമായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ എന്‍പിസിഐ ഭീം സര്‍വീസസ് ലിമിറ്റഡ് ഭീം പേയ്മെന്റ് ആപ്പില്‍ യുപിഐ സര്‍ക്കിള്‍ ഫുള്‍ ഡെലിഗേഷന്‍ അവതരിപ്പിച്ചു. ഈ പുതിയ ഫീച്ചര്‍ അനുസരിച്ച് മുന്‍കൂട്ടി നിശ്ചയിച്ച പ്രതിമാസ ചെലവ് പരിധിക്കുള്ളില്‍ അവരുടെ അക്കൗണ്ടില്‍ നിന്ന് യുപിഐ പേയ്മെന്റുകള്‍ നടത്താന്‍ മറ്റുള്ളവരെ അധികാരപ്പെടുത്താന്‍ സാധിക്കും.

യുപിഐ ഇടപാട് നടത്താന്‍ പരിചയക്കുറവുള്ള മുതിര്‍ന്നവര്‍ക്ക് ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഇതിനായി ചുമതലപ്പെടുത്താന്‍ കഴിയുന്ന തരത്തിലാണ് ഫീച്ചര്‍. കുട്ടികളുടെ ദൈനംദിന ആവശ്യങ്ങള്‍ക്കും വിദ്യാഭ്യാസ ചെലവുകള്‍ക്കുമായി ചെറിയ തുക നല്‍കാന്‍ മാതാപിതാക്കള്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കും.ഇടപാട് പരിധി പ്രതിമാസം 15,000 രൂപയാണ്. അഞ്ച് വര്‍ഷംവരെ കാലാവധിയും നിശ്ചയിക്കാം. പ്രതിമാസ പരിധി നിശ്ചയിച്ചിട്ടുള്ളതിനാല്‍ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും കഴിയുന്നു.

മുതിര്‍ന്ന പൗരന്മാര്‍, ചെറുകിട വ്യാപരമേഖലയിലുള്ളവര്‍, ഡിജിറ്റല്‍ ഇടപാടുകളില്‍ പരിചയക്കുറവുള്ളവര്‍ എന്നിവരെ ശാക്തീകരിക്കുകയാണ് ലക്ഷ്യം. യുപിഐ സര്‍ക്കിള്‍ ഫുള്‍ ഡെലിഗേഷന്‍ ഉപയോഗിച്ച്, ഒരു ഉപയോക്താവിന് അവരുടെ അക്കൗണ്ടില്‍ നിന്ന് നേരിട്ട് യുപിഐ ഇടപാടുകള്‍ നടത്താന്‍ മറ്റൊരാളെ അധികാരപ്പെടുത്താന്‍ കഴിയും. സാമ്പത്തിക സുരക്ഷയുടെ ഭാഗമായാണ് പ്രതിമാസ പരിധി 15,000 രൂപയായി നിശ്ചയിച്ചിരിക്കുന്നത്. ഇതിന് മുകളില്‍ ഇടപാട് നടത്താന്‍ രണ്ടാമത്തെയാള്‍ക്ക് സാധിക്കില്ല.

ഇത് വലിയ തുക നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നു. എല്ലാ ഇടപാടുകളുടെയും വ്യക്തമായ മേല്‍നോട്ടം നിലനിര്‍ത്തിക്കൊണ്ട് കുടുംബങ്ങള്‍, ആശ്രിതര്‍ അല്ലെങ്കില്‍ ജീവനക്കാര്‍ക്കിടയില്‍ സുഗമമായ ദൈനംദിന ഡിജിറ്റല്‍ പേയ്മെന്റുകള്‍ ഇത് പ്രാപ്തമാക്കുന്നു. പൂര്‍ണ്ണ ഡെലിഗേഷനോടുകൂടിയ യുപിഐ സര്‍ക്കിള്‍ വഴി രണ്ടാമത്തെയാള്‍ക്ക് സ്വന്തം ബാങ്ക്-ലിങ്ക്ഡ് യുപിഐ ഐഡിയോ ബാങ്ക് അക്കൗണ്ടോ ആവശ്യമില്ലാതെ തന്നെ ഡിജിറ്റല്‍ പേയ്മെന്റുകള്‍ നടത്താന്‍ സാധിക്കും.

സെറ്റ് അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി

സെറ്റ് അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി

ഹയർ സെക്കൻഡറി, നോൺ–വൊക്കേഷണൽ അധ്യാപക നിയമനത്തിനായുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (State Eligibility Test – SET) ന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. ഡിസംബർ 10 വൈകിട്ട് 5 മണി വരെ അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കാം. നവംബർ 28 വരെയായിരുന്ന സമയ പരിധിയാണ് നീട്ടി നൽകിയത്.

ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം അപേക്ഷയിലെ വിവരങ്ങളിൽ ഏതെങ്കിലും തിരുത്തൽ ആവശ്യമുണ്ടെങ്കിൽ ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ 11, 12, 13 തീയതികളിൽ വിവരങ്ങൾ പരിഷ്‌കരിക്കാനുള്ള സൗകര്യമുണ്ട്. വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ വിവരങ്ങൾ, ഫോട്ടോ, ഒപ്പ് അപ്‌ലോഡുകൾ എന്നിവയിൽ ഇപ്രകാരം മാറ്റങ്ങൾ വരുത്താം.

നോൺ ക്രീമിലെയർ വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ അസൽ ( 2024 ഒക്ടോബർ 30നും 2025 ഡിസംബർ 13നും ഇടയിൽ ലഭിച്ചതായിരിക്കണം) സെറ്റ് പരീക്ഷ പാസാകുന്ന പക്ഷം ഹാജരാക്കണം. ഈ യോഗ്യതാ പരീക്ഷ അടുത്ത അധ്യാപക നിയമനങ്ങളിൽ നിർണായകമായതിനാൽ ഉദ്യോഗാർത്ഥികൾ ആവശ്യമായ എല്ലാ രേഖകളും നിശ്ചിത സമയത്തിനകം തയ്യാറാക്കണമെന്ന് അധികൃതർ അറിയിച്ചു.

കോഴി കൃഷിയിടത്തിൽ കയറിയെന്ന് ആരോപിച്ച് വയോധിക ദമ്പതികൾക്ക് ക്രൂരമർദനം

കോഴി കൃഷിയിടത്തിൽ കയറിയെന്ന് ആരോപിച്ച് വയോധിക ദമ്പതികൾക്ക് ക്രൂരമർദനം

വയനാട്: കണിയാമ്പറ്റയിൽ വൃദ്ധദമ്പതികളുടെ കൈ തല്ലിയൊടിച്ച് അയൽവാസി. കോഴി കൃഷിയിടത്തിൽ കയറിയെന്ന് ആരോപിച്ചാണ് ദമ്പതികൾക്ക് നേരെ ആക്രമണം നടത്തിയത്. കണിയാമ്പറ്റ സ്വദേശികളായ ലാൻസി തോമസ്, അമ്മിണി എന്നിവർക്കാണ് പരിക്കേറ്റിരിക്കുന്നത്. ലാൻസിയുടെ ഇരുകൈകളും അമ്മിണിയുടെ വലത് കൈയും ഒടിഞ്ഞു. ഇരുമ്പ് വടികൊണ്ട് ആക്രമിച്ചതിന് അയൽക്കാരൻ തോമസ് വൈദ്യർക്കെതിരെ പൊലീസ് കേസ് എടുത്തു.

ഇരുമ്പ് വടിയുമായി വീട്ടിലേക്ക് അതിക്രമിച്ചു കയറി ഇരുവര്‍ക്കും നേരെ ആക്രമണം നടത്തുകയായിരുന്നു. ആദ്യം ലാൻസിയെ ആണ് ആക്രമിച്ചത്. അടി കൈകൊണ്ട് തടഞ്ഞപ്പോഴാണ് കൈയൊടിഞ്ഞത്. അമ്മിണിയെ ആക്രമിക്കുന്നത് തടഞ്ഞപ്പോള്‍ ലാൻസിയുടെ രണ്ടാമത്തെ കയ്യും ഒടിഞ്ഞു. അമ്മിണിയുടെ തലയ്ക്കും കൈയ്ക്കും കാലിനും പരിക്കറ്റിട്ടുണ്ട്.

പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. തോമസ് വൈദ്യനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇയാള്‍ക്ക് മറ്റെന്തെങ്കിലും ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. പരിക്കേറ്റ അമ്മിണിയെയും ലാൻസിയെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

‘ചാംപ്യന്‍സ് ട്രോഫി ജയിച്ചപ്പോഴും ഞാനായിരുന്നില്ലേ കോച്ച്? തോല്‍വിയില്‍ ഉത്തരവാദിത്തം എല്ലാവര്‍ക്കും’

‘ചാംപ്യന്‍സ് ട്രോഫി ജയിച്ചപ്പോഴും ഞാനായിരുന്നില്ലേ കോച്ച്? തോല്‍വിയില്‍ ഉത്തരവാദിത്തം എല്ലാവര്‍ക്കും’

ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്ക് പിന്നാലെ പ്രതികരിച്ച് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. താന്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരാന്‍ അര്‍ഹനാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് ബിസിസിഐ ആണെന്നു ഗംഭീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തന്റെ പരിശീലക കാലയളവില്‍ ടീം നേടിയ വിജയം ചൂണ്ടിക്കാട്ടിയ ഗംഭീര്‍ ഇനി ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐയാണെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു.

‘എന്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐയാണ്. പക്ഷേ ഇംഗ്ലണ്ടില്‍ നിങ്ങള്‍ക്ക് മികച്ച ഫലം നല്‍കിയതും ചാംപ്യന്‍സ് ട്രോഫി ജയിച്ചപ്പോള്‍ പരിശീലകനായിരുന്നതും ഞാന്‍ തന്നെയാണ്,’ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ കിരീട നേട്ടത്തെയും ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ടിനെതിരെ അവരുടെ സ്വന്തം മൈതാനത്ത് നേടിയ 2-2 സമനിലയും ചൂണ്ടിക്കാട്ടി ഗംഭീര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

‘കുറ്റം എല്ലാവരിലും ഉണ്ട്, അത് എന്നില്‍ നിന്നാണ് ആരംഭിക്കുന്നത്,’ തോല്‍വിക്ക് ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ അദ്ദേഹം സമ്മതിച്ചു. നമ്മള്‍ നന്നായി കളിക്കേണ്ടതുണ്ട്. 95/1 എന്ന നിലയില്‍ നിന്ന് 122/7 വരെ എത്തിയത് ഒട്ടും അംഗീകരിക്കാന്‍ കഴിയാത്തതാണ്. ഒരു വ്യക്തിയെയോ, ഏതെങ്കിലും പ്രത്യേക ഷോട്ടിനെയോ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. വീഴചകള്‍ എല്ലാവര്‍ക്കും സംഭവിച്ചിട്ടുണ്ട്.’ ഗംഭീര്‍ പറഞ്ഞു.

ഗംഭീറിന് കീഴില്‍, ഇന്ത്യ 18 ടെസ്റ്റുകള്‍ കളിച്ചപ്പോള്‍ 10 എണ്ണത്തിലും തോറ്റു, കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരെയും ഇപ്പോള്‍ ഇന്ത്യയില്‍ രണ്ട് മത്സരങ്ങളിലും തോറ്റു. ഗുവാഹത്തിയില്‍ ഇന്നത്തെ തോല്‍വി. റണ്‍സിന്റെ അടിസ്ഥാനനത്തിലുള്ള ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയാണ്.

‘ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ഏറ്റവും മികച്ചതും കഴിവുള്ളതുമായ കളിക്കാരുടെ ആവശ്യമില്ല. നമുക്ക് വേണ്ടത് പരിമിതമായ കഴിവുകളുള്ള എന്നാല്‍ നന്നായി കളിക്കുന്ന ടെസ്റ്റ് താരങ്ങളെയാണ് ആവശ്യം’ ഗംഭീര്‍ പറഞ്ഞു. ടീമില്‍ ഇടയ്ക്കിടെയുള്ള മാറ്റങ്ങള്‍ക്കും പരമ്പരാഗത ഫോര്‍മാറ്റിലെ സ്‌പെഷ്യലിസ്റ്റുകളേക്കാള്‍ ഓള്‍റൗണ്ടര്‍മാരില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഗംഭീര്‍ തീരുമാനം ഏറെ വിമര്‍ശനങ്ങള്‍ക്കിയാക്കിയിരുന്നു.